
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ രണ്ടിനകം ഒഡീഷ സെന്റൻസ് റിവ്യൂ ബോർഡ് തീരുമാനമെടുത്തില്ലെങ്കിൽ കോടതി നേരിട്ട് തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 19-നകം ധാരാ സിംഗിന്റെ അകാല മോചനത്തിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയും ജയിൽ ഡയറക്ടറേറ്റ് ജനറലിന്റെ ഒരു കത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിൽ നിന്നും ജയിൽ അധികൃതരിൽ നിന്നും ലഭിക്കാൻ ബാക്കിയുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം.
തീരുമാനമെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയും ഒഴിഞ്ഞുമാറലും കോടതിക്ക് സഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മനോജ് മിശ്ര വാക്കാൽ വ്യക്തമാക്കി. നിങ്ങൾക്ക് എന്താണോ തീരുമാനിക്കേണ്ടത് അത് അടിയന്തരമായി തീരുമാനിക്കുക, അല്ലാത്തപക്ഷം കോടതി തന്നെ തീരുമാനമെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 26 വർഷത്തിലേറെയായി തടവിൽ കഴിയുന്ന വ്യക്തിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് പലതവണ കേസ് മാറ്റിവെച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ധാരാ സിങ് പരോളില്ലാതെ 26 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അവിടെ നല്ല നടപ്പായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ധാരാ സിങ് പ്രതീക്ഷയിലാണെന്ന് കഴിഞ്ഞ വര്‍ഷം മോചിതനായ സഹപ്രതി മഹേന്ദ്ര ഹേംബ്രാം പറഞ്ഞു. ഇയാളും നല്ല നടപ്പിനെത്തുടര്‍ന്നാണ് ജയില്‍ മോചിതനായത്.
മുന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ധാരാ സിങിന് ഇപ്പോള്‍ 62 വയസ്സുണ്ട്. 1999 ജനുവരി 22-ന് കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലെ പള്ളിക്ക് സമീപം സ്റ്റെയിന്‍സിന്റെ സ്റ്റേഷന്‍ വാഗണ്‍ വാഹനത്തിന് തീയിട്ട ജനക്കൂട്ടത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. 58-കാരനായ മിഷനറിയെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഔരയ്യ ജില്ല സ്വദേശിയായ ധാരാ സിങ് നിലവില്‍ ഒഡീഷയിലെ കിയോഞ്ജര്‍ ജയിലിലാണ് കഴിയുന്നത്. 2000ത്തിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഒഡിഷയുടെ 2022-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വധശിക്ഷ ജീവപര്യന്തമായി ചുരുക്കപ്പെട്ട ഏതൊരു തടവുകാരനും 25 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയാല്‍, ബോര്‍ഡിന്റെ ശുപാര്‍ശയ്ക്കും സംസ്ഥാനത്തിന്റെ അംഗീകാരത്തിനും വിധേയമായി ശിക്ഷാ ഇളവിന് അര്‍ഹതയുണ്ട്.
സ്റ്റെയിന്‍സ് കൊലക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 18 പ്രതികളാണുണ്ടായിരുന്നത്. 2003-ല്‍ വിചാരണ കോടതി ധാരാ സിങിനും മറ്റ് 12 പേര്‍ക്കും ശിക്ഷ വിധിച്ചു. ധാരാ സിംങിന് വധശിക്ഷയും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒറീസ്സ ഹൈക്കോടതി ധാരാ സിങിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും, ഹേംബ്രാമിന്റെ ജീവപര്യന്തം ശരിവെക്കുകയും ബാക്കി പ്രതികളെ വെറുതെ വിടുകയും ചെയ്തു. തുടര്‍ന്ന് 2011-ല്‍ സുപ്രീംകോടതി ധാരാ സിങിന്റെയും ഹേംബ്രാമിന്റെയും ജീവപര്യന്തം ശിക്ഷ ശരിവെക്കുകയായിരുന്നു.
താന്‍ 25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവെന്നും തനിക്ക് ശിക്ഷാ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധാരാ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ട തടവുകാര്‍ക്ക് 25 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയാല്‍ ശിക്ഷാ ഇളവ് പരിഗണിക്കാമെന്ന് ഒഡീഷ സര്‍ക്കാരിന്റെ നയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.യുവത്വത്തിലെ രോഷം കൊണ്ടാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്നും ഇപ്പോള്‍ ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കുന്നുവെന്നും ധാരാ സിങ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.