
ജനകീയ ആൽബം ഗാനങ്ങളുമായി മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി എത്തുന്നു. മലയാള ഗാനരംഗത്ത് യാത്രയാരംഭിച്ച് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാകുന്ന വേളയിലാണ് ‘ഓണം വൈബ് 2026’എന്ന പേരിൽ പുതിയ ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് ബാനർ വീണ്ടുമെത്തുന്നത്. വീണ്ടുമൊരു ഓണക്കാലം എത്തുമ്പോൾ മലയാളികളുടെ ആഘോഷങ്ങൾക്ക് നിറം പകരുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ഓണപ്പാട്ട്.
മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
കാലത്തിനൊത്ത് നിരന്തരം പുതുമ തേടുന്ന അദ്ദേഹത്തിന്റെ സമീപനം തന്നെയാണ് ‘ഓണം വൈബ് 2026’ലും പ്രകടമാകുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിർപ്പും സമന്വയിപ്പിച്ച് ജൻ സി തലമുറയ്‌ക്കും പഴയ തലമുറയ്‌ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമ്മേരയും സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ സോഷ്യൽ മീഡിയ താരമായ ശ്രീജിത്തും എത്തുന്നു. യുവഗായകരായ സൂര്യനാരായണനും ദേവനന്ദയുമാണ് ആലാപനം.
ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്.ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ശാന്തി മാസ്റ്റര്‍ ആണ്
ഛായാഗ്രഹണം : എല്‍ദോ ഐസക്, പ്രോജക്റ്റ് ഡിസൈനര്‍ : സജിത്ത് കൃഷ്ണന്‍, എഡിറ്റിംഗ് : മനു ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് : റഹിം കൊടുങ്ങല്ലൂര്‍, ടൈറ്റില്‍ മ്യൂസിക് ആന്‍ഡ് പ്രോഗ്രാമിംഗ് : മധു പോള്‍, മിക്സിംഗ് മാസ്റ്ററിംഗ് : അശ്വിന്‍ കുമാര്‍, ടൈറ്റില്‍ ഗ്രാഫിക്സ് : നിഥിന്‍ റാം നെടുവത്തൂര്‍, കളറിസ്റ്റ് : ലിജു പ്രഭാകര്‍, ഡി.ഐ : രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : സുഭാഷ് ഇളമ്പല്‍, പ്രസാദ് യാദവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് തിലകം, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ : അജി മസ്ക്കറ്റ്, റിജോയ്, എ. ഐ ആര്‍ട്ടിസ്റ്റ് : നസീം വൈ എന്‍, ഓണക്കളി അറേഞ്ച്മെന്റ്സ് : ഭാഗ്യരാജ് പറളി. യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. പിആർഒ: വാഴൂർ ജോസ്.
‘നിനക്കായ് ', ‘ആദ്യമായ് ', ‘ഓർമ്മക്കായ് ', ‘സ്വന്തം’, ‘ഇനിയെന്നും’, ‘എന്നെന്നും’, ‘വീണ്ടും’ - ഇങ്ങനെ മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ആൽബം ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റേതായി പുറത്തിറങ്ങിയിരുന്നു.
ആൽബം ഗാനങ്ങൾക്ക് പുറമെ സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങിയവയിലേക്കും ഈസ്റ്റ് കോസ്റ്റ് ബാനർ കടന്നുചെന്നു.