Image

13-കാരി ഒരു കൊലപാതകത്തിന്റെ ആസൂത്രകയോ, അതോ തകര്‍ന്ന ബാല്യത്തിന്റെ ഇരയോ..? (എ.എസ് ശ്രീകുമാര്‍)

Published on 19 August, 2026
13-കാരി ഒരു കൊലപാതകത്തിന്റെ ആസൂത്രകയോ, അതോ തകര്‍ന്ന ബാല്യത്തിന്റെ ഇരയോ..? (എ.എസ് ശ്രീകുമാര്‍)

അന്ന് ആ വീടിന്റെ നിശ്ശബ്ദതയ്ക്കുള്ളില്‍ നടന്നത് ഒരു സാധാരണ മോഷണ ശ്രമമല്ലായിരുന്നു. വീട്ടുടമയുടെ അഭാവം കൃത്യമായി മനസ്സിലാക്കി, പുറത്തുനിന്നെത്തിയ കൗമാരക്കാര്‍ രാത്രി വീട്ടില്‍ കയറി, വയോധികനെ കീഴടക്കി, കൈകാലുകള്‍ ബന്ധിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. പുലര്‍ച്ചെ കൊലപാതകത്തിന്റെ സൂചനകള്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചു. അതിനുശേഷം നഗരത്തിലെ ഒരു തട്ടുകടയില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് ബസില്‍ മടങ്ങുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ നടന്ന ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരാണെന്നതാണ് നമ്മെ കൂടുതല്‍ ഞെട്ടിക്കുന്നത്.  അതിലും ഗുരുതരമായ ചോദ്യം, ഒരു 13 വയസ്സുകാരിയുടെ പ്രേരണയും ആസൂത്രണവും ഈ കൊലപാതകത്തിലേക്ക് എത്തിയോ എന്നതാണ്.

ഹരിപ്പാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ കേരള സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്നത് ഒരു കൊലപാതകത്തിന്റെ മാത്രം ചോദ്യമല്ല. കുട്ടികളുടെ മാനസിക ലോകം, കുടുംബബന്ധങ്ങളുടെ തകര്‍ച്ച, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, സിനിമകളില്‍ നിന്നുള്ള കുറ്റകൃത്യ മാതൃകകളുടെ അനുകരണം, പണത്തോടും ഉപഭോഗ സംസ്‌കാരത്തോടുമുള്ള കടുത്ത ആകര്‍ഷണം, കുട്ടികളുടെ മേല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണം നഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം ഒരുമിച്ച് പരിശോധിക്കേണ്ട സാഹചര്യമാണിത്.

കരുവാറ്റയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന ശിവന്‍കുട്ടി ചെട്ടിയാര്‍ എന്ന 65-കാരന്‍ ഒറ്റയ്ക്കായിരുന്ന സമയമാണ് പ്രതികള്‍ തിരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്. മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യയും ആശുപത്രിയിലായിരുന്നു. ബന്ധുവായ 13 വയസ്സുകാരിയെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും പിന്നീട് കുട്ടി വീട്ടിലെത്തുകയായിരുന്നു. ഈ സാഹചര്യം കുട്ടി ക്രിമിനലുകള്‍ നേരത്തെ തന്നെ  മനസ്സിലാക്കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീട്ടിന്റെ ഘടനയെക്കുറിച്ചും അകത്തേക്കുള്ള വഴികളെക്കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു.

കൃത്യത്തിനായി കൊല്ലം പരവൂരില്‍നിന്ന് എത്തിയ കൗമാരക്കാര്‍ രാത്രി ഹരിപ്പാട്ടെത്തിയത് ട്രെയിനിലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റയിലെത്തി. അവിടെനിന്ന് നടന്ന് ലക്ഷ്യസ്ഥാനത്തേക്ക്. അവര്‍ തിരഞ്ഞെടുത്ത സമയം പോലും യാദൃശ്ചികമായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ ലഭിക്കുന്ന സൂചനകള്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്ന ഏറ്റവും ഞെട്ടിക്കുന്ന വിവരങ്ങളിലൊന്ന് കൊലപാതകത്തിനായി അവര്‍ ആലോചിച്ച രീതിയാണ്.

2017-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സ്‌പൈഡര്‍' ആണ് കൊലപാതകത്തിന് പ്രചോദനമായതെന്നാണ് പ്രതികളുടെ മൊഴി. സിനിമയിലെ ചില രംഗങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുകളില്‍നിന്ന് വലിയ കല്ലിട്ട് ഒരാളെ കൊലപ്പെടുത്താമെന്നായിരുന്നു പദ്ധതി. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് 13 വയസ്സുകാരി ഉറപ്പാക്കിയിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ സിനിമയിലെ രംഗം പോലെ കാര്യങ്ങള്‍ നടന്നില്ല. ഓടിട്ട വീടിന്റെ മച്ചായിരുന്നു ആദ്യ തടസ്സം. രാത്രി വീട്ടിലെത്തിയ കൗമാരക്കാര്‍ പുരപ്പുറത്ത് കയറി പലഭാഗത്തെയും ഓടുകള്‍ നീക്കി നോക്കി. എന്നാല്‍ മച്ചുള്ളതിനാല്‍ മുകളില്‍നിന്ന് കല്ലിട്ട് ആക്രമിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി.

മച്ചില്ലാത്ത ഭാഗത്തുകൂടി വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. അവസാനം അവരുടെ ശ്രദ്ധ ശൗചാലയത്തിലെ വെന്റിലേറ്ററിലേക്ക് തിരിഞ്ഞു. വീടിന്റെ ഘടന അറിയാമായിരുന്നവര്‍ക്ക് മാത്രമേ എളുപ്പത്തില്‍ കണ്ടെത്താനാകൂ എന്ന് അന്വേഷണസംഘം കരുതുന്നു. വെന്റിലേറ്ററിലൂടെ അകത്ത് കടന്ന സംഘം ശിവന്‍കുട്ടിയെ ആക്രമിച്ചു. കൈകാലുകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ ശേഷം ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. വീട്ടിനുള്ളില്‍ മുളകുപൊടി വിതറിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.

കവര്‍ന്ന സ്വര്‍ണവും പണവും ഉപയോഗിച്ച് 13 വയസ്സുകാരിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ കൗമാരക്കാര്‍ക്ക് ബൈക്ക് വാങ്ങാനുമായിരുന്നു പദ്ധതി. ഇത് ശരിയാണെങ്കില്‍, ഈ കൊലപാതകത്തിന്റെ പിന്നിലെ പ്രേരണയെ വെറും 'കുട്ടികളുടെ ക്രൂരത' എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല. വിലകൂടിയ ഒരു മൊബൈല്‍ ഫോണോ ബൈക്കോ സ്വന്തമാക്കാനുള്ള ആഗ്രഹം എത്രത്തോളം അപകടകരമായ തീരുമാനങ്ങളിലേക്ക് കൗമാര മനസ്സിനെ തള്ളിവിടും എന്നതിന്റെ ഗൗരവമുള്ള സാമൂഹിക ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ശിവന്‍കുട്ടി തന്നോട് മോശമായി പെരുമാറിയെന്നും 'ബാഡ് ടച്ച്' നടത്തിയെന്നും പെണ്‍കുട്ടി മുമ്പ് കാമുകനോട് പറഞ്ഞിരുന്നതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഒരു പ്രതികാര ചിന്തയും കൊലപാതകത്തിലേയ്ക്ക് നയിച്ചുവെന്ന് കരുതാം. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യതയും സാഹചര്യങ്ങളും മറ്റ് തെളിവുകളുമായുള്ള പൊരുത്തവും പൊലീസ് പരിശോധിക്കേണ്ടതുണ്ട്. ഒരു കുട്ടി ഗുരുതരമായ ആരോപണം ഉന്നയിച്ചാല്‍ അത് അവഗണിക്കാനും കഴിയില്ല. അതേസമയം, അതിന്റെ അടിസ്ഥാനത്തില്‍ ഒരു കൊലപാതകത്തിന്റെ ഉദ്ദേശ്യം അന്തിമമായി നിശ്ചയിക്കാനും കഴിയില്ല.

പെണ്‍കുട്ടി കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ടിരുന്നുവെന്നതും ക്രിമിനല്‍ സ്വഭാവത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അതേസമയം, കൊലപാതകത്തിനു ശേഷം സംഭവിച്ചത് ഈ കേസിലെ ഏറ്റവും അസ്വസ്ഥമാക്കുന്ന രംഗങ്ങളിലൊന്നാണ്. പുലര്‍ച്ചെയോടെ പ്രതികള്‍ ഹരിപ്പാട് നഗരത്തിലെത്തി. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള ഒരു തട്ടുകടയില്‍ ഭക്ഷണം കഴിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, ആസൂത്രണം ചെയ്തതുപോലെ കൃത്യം പൂര്‍ത്തിയാക്കിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. ഒരു മനുഷ്യന്റെ ജീവന്‍ അപഹരിച്ചശേഷം അതേ രാത്രി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുന്നത്ര കുറ്റബോധമില്ലായ്മ കൗമാര ചിന്തയില്‍ എങ്ങനെ രൂപപ്പെട്ടു എന്നതും വിലയിരുത്തപ്പെടണം.

13-കാരിയുടെ കുടുംബ പശ്ചാത്തലം കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പറയപ്പെടുന്നു. മാതാപിതാക്കള്‍ തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും നിയമപരമായി വേര്‍പിരിഞ്ഞുവെന്നും അമ്മ വിദേശത്താണെന്നും മാതാപിതാക്കളുടെ സ്‌നേഹം തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുട്ടി പറഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്. 'സ്‌പൈഡര്‍' സിനിമയില്‍നിന്ന് കൊലപാതക ആശയം ലഭിച്ചുവെന്ന പൊലീസ് കണ്ടെത്തല്‍ മറ്റൊരു ചര്‍ച്ചയ്ക്കും വഴിതുറക്കുന്നു. ഒരു കൗമാര മനസ്സില്‍ സിനിമയിലെ കുറ്റകൃത്യങ്ങളുടെ രംഗങ്ങള്‍ ''തങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും...'' എന്ന മാനസിക ധൈര്യം സൃഷ്ടിക്കുമോ എന്ന ചോദ്യവും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.

കുട്ടികളുടെ കൈകളിലെത്തുന്ന ഡിജിറ്റല്‍ ലോകം എത്ര വലുതായി മാറിയിരിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. മാതാപിതാക്കളുടെ മേല്‍നോട്ടം നഷ്ടപ്പെടുന്ന ബാല്യങ്ങള്‍, കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍, കൂട്ടുകാരുടെ സ്വാധീനം, ഉപഭോഗ സംസ്‌കാരത്തിന്റെ സമ്മര്‍ദ്ദം, പ്രതികാരചിന്ത, കുറ്റകൃത്യങ്ങളെ വിനോദമായി കാണുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ഇവയെല്ലാം ഒരാളെ, അല്ലെങ്കില്‍ കുട്ടികളെ പോലും കൊടും ക്രിമിനലുകള്‍ ആക്കിമാറ്റുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക