
ആ ബസിൽ നിറയെ യന്ത്ര മനുഷ്യരായിരുന്നു. ഡ്രൈവർ യന്ത്രവിരലുകളാൽ മുന്നിലെ ബട്ടണുകളിൽ യഥാസമയം അമർത്തുകയും യന്ത്രക്കൈകൾ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഡ്രൈവറുടെ സീറ്റിനു പുറകുവശത്തായി ഇരുമ്പു ഫ്രെയിമിൽ ഒരു ചതുരസ്ക്രീനിലുള്ള യന്ത്രം എല്ലാ മനുഷ്യർക്കും വേണ്ടി ഘടിപ്പിച്ചിരിക്കുന്നു. അതിൽ ചടുലനൃത്തം അവതരിപ്പിച്ചു കൊണ്ട് ആൺ പെൺ നർത്തകർ.അവർ കൈകൾ ചേർത്തു പിടിച്ച് അരക്കെട്ടുകൾ ചേർത്തുവച്ച് കാലുകൾ വലിച്ചു വീശിയും ചാടി മറിഞ്ഞും നൃത്തം ചെയ്യുന്നു.
ബസിലെ യാത്രക്കാരായ യന്ത്രമനുഷ്യർ ആരും തന്നെ അതിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അവർ ഓരോരുത്തരും ഓരോ സവിശേഷ ലോകത്തായിരുന്നു.അവർക്ക് എല്ലാവർക്കും ചേർന്ന് ഒരു ലോകമില്ലായിരുന്നു. അഥവാ അങ്ങനെ എന്തെങ്കിലും ഒരു പൊതു ലോകമുണ്ടെങ്കിൽ അത് ആ യന്ത്ര ബസും ഡ്രൈവറുടെ ഇരിപ്പിടത്തിനു പുറകിലെ ചതുരസ്ക്രീനും മാത്രമായിരുന്നു .
യന്ത്രമനുഷ്യരുടെ പാൻറ്സിന്റെ പോക്കറ്റിൽ നിന്നും യന്ത്രത്തിന്റെ വയറുകൾ ഷർട്ടിനിടയിലൂടെ, കഴുത്തിനു പുറകിലൂടെ ചെവിയിൽ വന്ന് അവസാനിക്കുന്നു. യഥാർത്ഥത്തിൽ അവ അവിടെ അവസാനിക്കുന്നില്ല. അവിടന്നങ്ങോട്ട് തരംഗ സന്ദേശങ്ങളായി കർണപുടം കടന്ന് ചെറിയ ചെറിയ സിരകളിലൂടെ ശരീരത്തിന്റെ നാനാവശങ്ങളിലേയ്ക്കും അവിടുന്ന് എല്ലാം കൂടി മസ്തിഷ്കത്തിലെത്തി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആ കേന്ദ്ര വയർ നാഡീവ്യൂഹവ്യവസ്ഥയാണ് ഓരോ യന്ത്രമനുഷ്യനേയും നിയന്ത്രിക്കുന്നത്.
ചിലരുടെ ചെവി മടക്കിനെ കറുത്ത അട്ടയെപ്പോലെ വയർ ചുറ്റി അതിന്റെ മുനഭാഗം മുഖത്ത് വായയുടെ നേരെ നിൽക്കുന്നു. മറ്റു യന്ത്രമനുഷ്യരുമായി അവർ ബന്ധപ്പെടുന്നത് ആ മുന ഭാഗത്തു കൂടെയാണ്.
ആ കാഴ്ച കണ്ടാൽ ഒരു പുതിയ അവയവം കൂടി വളർന്ന് മനുഷ്യൻ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു രൂപാന്തരം പ്രാപിച്ചതായി തോന്നും.
ചിലരുടെ ശിരസിനു മുകളിലൂടെ ഒരു വളയം. അതിന്റെ ഇരുഭാഗങ്ങളിലും കർണങ്ങളെ മറച്ചു കൊണ്ട് രണ്ടു വലിയ വട്ടങ്ങൾ. ഊർജതരംഗങ്ങൾ അതിലൂടെ കടന്നുപോകുമ്പോഴുള്ള താളാനുസാരിയായി യന്ത്രമനുഷ്യരുടെ ശരീരങ്ങൾ ട്രയാങ്കിൾ, സ്ക്വയർ രീതികളിൽ അപസ്മാര രോഗബാധിതരെപ്പോലെ ചടുലമായി ചലിക്കുന്നു.
അത് ഒരു പുതിയ ബസായിരുന്നു.

വര : പി ആര്‍ രാജന്‍
ബസ് നേരത്തെ തന്നെ ഒരു യന്ത്രമായിരുന്നെങ്കിലും യാത്രക്കാരായ യന്ത്രമനുഷ്യരുടെ രീതികൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിച്ചു പിറന്നു വീണ ഒരു ആധുനിക ബസായിരുന്നു അത്. യന്ത്രശരീരങ്ങൾക്ക് യാതൊരു വിധ കേടും സംഭവിക്കാത്ത തരത്തിൽ ഇരിപ്പിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നു.
യാത്രയ്ക്കിടയിൽ യന്ത്രമനുഷ്യരുടെ ചാർജ് തീരുകയാണെങ്കിൽ ചാർജ് ചെയ്യുന്നതിന് ആവശ്യമായ സംവിധാനം സീറ്റിൽ ഹാൻ്റ് റെസ്റ്റിന്റെ ഭാഗത്ത് ഏർപ്പെടുത്തിയിരിക്കുന്നു. യാത്രക്കാർക്ക് അവരുടെ ഉദരത്തിലോ അരക്കെട്ടിനു പുറകിലോ ബെൽറ്റിനോടു ചേർത്ത് വശത്ത് ഫിറ്റ് ചെയ്തിരിക്കുന്ന ബാറ്ററിയിലേയ്ക്ക് എനർജി സേവ് ചെയ്യാവുന്നതാണ്.
കുറച്ചു നാൾ മുൻപു വരെ ഇങ്ങനെ ഒരു സംവിധാനം ബസിൽ ചെയ്തിരുന്നില്ല. ഒരു യന്ത്രമനുഷ്യന് വാഹനത്തിൽ വച്ച് ബാറ്ററി ചാർജ് തീർന്നതു കാരണം പിച്ചും പേയും പറഞ്ഞ് വീണ് ബോധരാഹിത്യമുണ്ടായി. അത് വലിയ വാർത്തയാവുകയും യാത്രക്കാരായ യന്ത്രമനുഷ്യർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാതെ അവരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണെന്നും മറ്റും തുടങ്ങി വലിയ പ്രക്ഷോഭം തന്നെയുണ്ടായി.
സർക്കാർ അടിയന്തിര യോഗം കൂടി, ചർച്ച ചെയ്തു. ടെൻഡർ വിളിച്ചു.ബസുകളിൽ ചാർജർ ഫിറ്റ് ചെയ്യാൻ ആവശ്യമായ സൗകര്യങ്ങളുള്ള സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചു. ഇലക്ട്രോണിക് എഞ്ചിനീയർമാരുടെ വിദഗ്ധ സംഘമെത്തി, ഇമ പൂട്ടി തുറക്കും വേഗത്തിൽ ബസിൽ എല്ലാ സീറ്റിനോടും ചേർത്ത് ചാർജർ ഉൾപ്പെടെ മറ്റ് സംവിധാനങ്ങൾ ഫിറ്റ് ചെയ്തു.
സ്റ്റോപ്പുകൾ എത്തുമ്പോൾ യാത്രക്കാർ ഹാൻറ് റെസ്റ്റിലെ ബസർ ഒന്ന് അമർത്തുകയേ വേണ്ടൂ, ബസ് സ്വയം നിൽക്കും. സ്വയം നിന്നും യാത്രക്കാർ കയറിയും ഇറങ്ങിയും ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
തിരക്കേറിയ ഒരു സ്റ്റോപ്പിൽ നിന്നും യന്ത്രമനുഷ്യർ തിരക്കിട്ട് കയറുന്നതിനിടയിൽ ഒരു വയസായ സ്ത്രീയും ആ ബസിലേയ്ക്ക് കയറി.തിളക്കമുള്ള കണ്ണുകൾ. പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരി. കൈത്തണ്ടയിൽ പച്ചയും ചുമപ്പും മഞ്ഞയും നിറത്തിൽ ആന്ധ്രാ സിരി ഗുഡി കുപ്പിവളകൾ.ഫ്രില്ലും കപ്പും വച്ച ബ്ലൗസ്. കഴുത്തിൽ രണ്ടു മുത്തുമാല. ഒന്ന് വെള്ളമുത്തുകൾ മാത്രവും ഒന്ന് മഴവില്ലഴകേഴും വാരിക്കോർത്തതും. വലിച്ചു വരിച്ചുറ്റിയ കോട്ടൻസാരി. ഒരു കാറ്റാടി പമ്പരം കൈയ്യിൽ. പിന്നെയൊരു കായ സഞ്ചിയും. അമ്മാൾ തുണൈ എന്ന് കായ സഞ്ചിയിൽ എഴുതിയിരിക്കുന്നു.
യന്ത്രമനുഷ്യരെല്ലാം റിസർവ്വ്ഡ് ക്ലാസ് ആയിരുന്നതിനാൽ അവർക്കു വേണ്ടി ആരും എഴുന്നേറ്റു കൊടുത്തില്ല. ആരും അവരെ കണ്ടിരുന്നില്ല എന്നതാണ് ശരി.
യന്ത്രമനുഷ്യർക്കു കൃത്യമായ ലക്ഷ്യമുണ്ടായിരുന്നതിനാൽ കയറുന്നവരേയും ഇറങ്ങുന്നവരേയും അവർക്ക് ശ്രദ്ധിക്കേണ്ടതുമുണ്ടായിരുന്നില്ല. കണ്ടക്ടർ മനുഷ്യൻ ഒരു യന്ത്രവുമായി അടുത്തുവന്നു ഇറങ്ങേണ്ട സ്ഥലം ചോദിച്ചു.
"മോനേ അമ്മച്ചി കാക്കാത്തിപ്പാറയിലാ താമസം. എന്റെ മോൻ പ്രകാശന്റെ വീട്ടീപ്പോണം. അവനങ്ങ് സിറ്റീലാ താമസം. ഇതാ ഈ സ്വർണ ചെമ്പകം അവനു കൊടുക്കണം."കായ സഞ്ചിയിലെ ചെമ്പകത്തൈ കാട്ടി അവർ കണ്ടക്ടർ മനുഷ്യനോടായി പറഞ്ഞു. കുഞ്ഞു ചെമ്പകം സഞ്ചിയിൽ നിന്നും ഇല പുറത്തിട്ടു ചുറ്റിലും നോക്കി.
"അങ്ങനെ പറഞ്ഞാലെങ്ങനെയാ. കൃത്യമായി സ്ഥലം പറ." കണ്ടക്ടർ മനുഷ്യനും ഒരു യന്ത്രമനുഷ്യനായതിനാൽ വൈകാരിക ശൂന്യതയിൽ അയാൾ ആവശ്യപ്പെട്ടു.
എന്താ പറയുക.വൃദ്ധ വൈഷമ്യപ്പെട്ടു.
"പ്രകാശന്റെ വീട്ടീപോണം മക്കളേ, അതിനുള്ള ഒരു ടിക്കറ്റു താ."

വര : പി ആര്‍ രാജന്‍
തെല്ലുനേരത്തിനകം കണ്ടക്ടറുടെ ഇലക്ട്രോണിക് മസ്തിഷ്കത്തിൽ സൊല്യൂഷൻ പ്രത്യക്ഷമായി. ബസിന്റെ ലാസ്റ്റ് സ്റ്റോപ്പിലേയ്ക്കുള്ള ടിക്കറ്റ് അടിച്ചു. യന്ത്രത്തിൽ നിന്നും ടിക്കറ്റ് പ്രിൻറു ചെയ്തു വരുന്നത് കൗതുകത്തോടെ അവർ നോക്കി നിന്നു.ആ യന്ത്രത്തോട് അമ്മാൾ തുറൈയിലെ ഉൽസവപ്പറമ്പിലെ കളിപ്പാട്ടം കണ്ട കുട്ടിയെപ്പോലെ അവർക്കു കൊതി തോന്നി.
ടിക്കറ്റ് കൈയ്യിൽ വാങ്ങി കായ സഞ്ചി തപ്പി കുറേ ചില്ലറത്തുട്ടുകളെടുത്ത് അവർ കണ്ടക്ടർ മനുഷ്യനു നൽകി. അക്ഷമനായി അയാൾ അത് എണ്ണി നോക്കി ബാക്കി തിരികെ സഞ്ചിയിൽ ഇട്ടു കൊടുത്തു. അഞ്ചാറു തുട്ടുകൾ തെറിച്ച് പ്ലാറ്റ്ഫോമിൽ വീണു. തറയിൽ വീണ കപ്പലണ്ടിയെ എന്ന കൂട്ട് വൃദ്ധ ബദ്ധപ്പെട്ട് അത് നുള്ളിപ്പെറുക്കാൻ തുടങ്ങി.കണ്ടക്ടർ മനുഷ്യൻ കലി തുള്ളി സീറ്റിലേക്കു മടങ്ങി. എന്റെ മോൻ പ്രകാശനും ഇങ്ങനെ തന്നെയാ.ശടേന്ന് ദേഷ്യം വരും.അതു പോലേ ഉള്ളൂ ഇതും. അവർക്കു തോന്നി.
"പ്രകാശന്റെ വീടെത്തുമ്പം പറേണേ മക്കളേ." അവർ കണ്ടക്ടർ മനുഷ്യനോടായി അഭ്യർത്ഥിച്ചു. അയാൾ പ്രതികരിച്ചില്ല.പ്രകാശന്റെ വീടെത്തുമ്പം പറയുമായിരിക്കും. അവർ വിശ്വസിച്ചു.
അതിവേഗതയിലുള്ള ഒരു ഓട്ട മൽസരത്തിൽ പങ്കെടുക്കുന്നതു പോലെയായിരുന്നു ബസിന്റെ സഞ്ചാരം. ഒരു വെടിയുണ്ട കണക്കെ അത് ചീറിപ്പായുകയാണ്.
"എന്തിനാ മക്കളെ ഇത്ര വേഗത. നമ്മക്ക് പത്ക്കെ പാം. ഈ ഭൂമിയിലെ കാഴ്ചകളൊക്കെ കണ്ട്, വ്യാഴങ്ങളൊക്കെ പറഞ്ഞ്...." അവർ ഡ്രൈവർ മനുഷ്യനോടായി ഏന്തി വലിഞ്ഞ് പറഞ്ഞു. അയാൾ ചെവിയിൽ യന്ത്രഭാഗം ഫിറ്റ് ചെയ്തിരുന്നതിനാൽ അവർ പറഞ്ഞതു കേട്ടില്ല.
വൃദ്ധ ബസിന്റെ പ്ലാറ്റ്ഫോമിലിരുന്നു.കായ സഞ്ചിയിൽ നിന്നും ഒരു നാരങ്ങാ മിഠായി എടുത്ത് വായിലിട്ട് പല്ലില്ലാത്ത മോണയാൽ നുണയാൻ തുടങ്ങി. കടിക്കു പിടി കൊടുക്കാതെ മിഠായി വായിൽ ഓടിക്കളിച്ചു. ഒരു മിഠായി പുറകിലിരുന്ന യന്ത്രമനുഷ്യനെ തോണ്ടി വിളിച്ച് വച്ചുനീട്ടി. അയാൾ ഒരു അപരിചിത ലോകത്തിൽ നിന്നും വന്നതു പോലെ കൈയ്യിലെ യന്ത്രസ്കീനിൽനിന്നും കണ്ണെടുക്കാതെ 'നൊ ,തേങ്ക്സ്' എന്നു നിരസിച്ചു. അവർ മിഠായി തിരികെ കായ സഞ്ചിയിലിട്ടു.
ഡ്രൈവറുടെ ശിരസിനു പുറകിൽ ഘടിപ്പിച്ചിരുന്ന ചതുരപ്പെട്ടിയിൽ ട്രയാംഗിൾ നൃത്തം കഴിഞ്ഞ് കുറേ കൂടി വേഗതയുള്ള സ്ക്വയർ നൃത്തം ആരംഭിച്ചു. ഒരു പെണ്ണും കുറേ ആമ്പിള്ളേരും.അവർ കൗതുകത്തോടെ നോക്കി രസിച്ച് കൈയ്യടിച്ചു. നൃത്തം പെൻറഗൺ, ഹെക്സഗൺ രീതികളിലേയ്ക്ക് ചടുലമായപ്പോൾ രസം മൂത്ത് വൃദ്ധ എഴുന്നേറ്റ് നിന്ന് കൈ കൊട്ടാൻ ശ്രമിച്ചു. നിയന്ത്രണം കിട്ടാതെ അടുത്തിരുന്ന യന്ത്രമനുഷ്യന്റെ ദേഹത്തേയ്ക്കു മറിഞ്ഞു വീണു. കായ സഞ്ചി ദൂരേയ്ക്കു തെറിച്ചു.
"വാട്ട് നോൺസൻസ് യു ആർ? " ദേഷ്യം വന്ന യന്ത്രമനുഷ്യൻ യന്ത്ര ഭാഷയിൽ സംസാരിച്ചു.
"മോന് വേദനിച്ചോ? " ഒരു അപരാധിയെപ്പോലെ വൃദ്ധ പരുങ്ങി. യന്ത്രമനുഷ്യന്റെ ചുമലിൽ തലോടി പ്രായശ്ചിത്തം ചെയ്യാൻ ശ്രമിച്ചു. യന്ത്രമനുഷ്യൻ നീരസത്തോടെ കൈ തട്ടിക്കളഞ്ഞു.
കായ സഞ്ചിയിൽ നിന്നും തെറിച്ചുവീണ വസ്തുക്കൾ അവർ പെറുക്കിയെടുത്തു. വർഷങ്ങൾക്കു മുൻപത്തെ ഒന്നാം ക്ലാസ് പാഠ പുസ്തകം.കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ, അഞ്ചാമൻ പഞ്ചാര കുഞ്ചുവാണേ - ആദ്യ പേജിലെ ആദ്യ പാഠം.
"പ്രകാശൻ പഠിച്ച പൊത്തോമാ."അവർ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് പുസ്തകം എടുത്തു കായ സഞ്ചിയിൽ വച്ചു.
പിന്നെയൊരു തടിച്ചട്ടമിട്ട ചെറിയ ഫോട്ടൊ. ചില്ലു മുഴുവൻ പൊട്ടിച്ചിതറി.പ്രകാശന് അഞ്ചു വയസുള്ളപ്പോൾ അമ്മാൾ കോവിലിൽ ഉൽസവത്തിന് കൊടാക്ക് കാമറയുമായി വന്ന തടിച്ച മനുഷ്യനെക്കൊണ്ട് എടുപ്പിച്ചത്. കാലം കൊത്തി പൂതമായി രൂപപ്പെടുത്തിയ, അമ്മ കാത്തുവച്ച നിധികൾ. എല്ലാം പെറുക്കി നിറച്ച് സഞ്ചി മാറോടടക്കി അവർ കുറേ നേരം സീറ്റിന്റെ കമ്പിയിൽ ചാരിയിരുന്നു.പതിയെപ്പതിയെ കടക്കൺ നിറഞ്ഞു. അവർക്ക് ചിരി വന്നു.പ്രകാശനെ ഓർക്കുമ്പോഴെല്ലാം ഇങ്ങനെയാ കണ്ണു നിറയും. ചിരിയും വരും.
മുഖത്തു നിറഞ്ഞ ജാള്യത മറയ്ക്കാൻ അവർ അടുത്തിരുന്ന യന്ത്രമനുഷ്യനോട് ചിരിച്ചു.അപരിചിതരുടെ മുഖത്തു നോക്കേണ്ടതില്ല എന്ന സാമാന്യ പെരുമാറ്റ രീതി അവർക്കറിയില്ലായിരുന്നു. ഒരർത്ഥത്തിൽ അവർക്ക് എല്ലാവരും പരിചയക്കാരായിരുന്നു. നമ്മളെല്ലാം മനുഷ്യരല്ലേ, അപ്പോൾ നമ്മളെല്ലാം പരിചയക്കാരല്ലേ, എന്നതായിരുന്നു അവരുടെ വിശ്വാസം.
അവർ പ്ലാറ്റ്ഫോമിലിരുന്ന് നൃത്തത്തിലേയ്ക്ക് ശ്രദ്ധിച്ചു. മനസ് യൗവ്വനത്തിലേയ്ക്കു ചിറകടിച്ചു. "പൂനിലാവേ,മോളേ " അച്ഛന്റെ വിളി.ഓർമ്മകളിൽ നിന്നും ഒരു ഹിമകണം വന്ന് മനസ്സിൽ വീണു. പക്ഷേ,
ജീവിത കഥ വായിച്ചു തുടങ്ങും മുൻപ് ജീവിതം ഉരുൾപൊട്ടാൻ തുടങ്ങി.പ്രകാശൻ വയറ്റിൽ പിറന്നപ്പോഴേ അവൻ്റപ്പൻ ജയിലിലായി.കഥയെന്ത് ?കാരണമെന്ത്? പൂനിലാവിന് ഒരെത്തും പിടിയും കിട്ടിയില്ല.കല്ലിനു പുറകേ കല്ലുകൾ പോലെ ഓർമ്മകൾ ഉരുണ്ടുവന്നു.
ജയിലിൽ നിന്നും അയാൾ തിരിച്ചു വന്നില്ല. പിന്നീട് ജീവിതത്തിന് തുണയായത് അമ്മാൾ തുറൈയിലെ അമ്മാൾ കോയിൽ പരിസരത്തെ കപ്പലണ്ടി കച്ചവടമായിരുന്നു. മുറത്തിന്റെ നാലു മൂലയിൽ ഓട്ടയുണ്ടാക്കി മഞ്ഞത്തോർത്തിനാൽ മുറത്തെ കഴുത്തിൽ കെട്ടി നെഞ്ചിലേയ്ക്ക് ഞാത്തി തട്ടുവച്ചു.അതിൽ കപ്പലണ്ടി, കൂന പോലെ നിറച്ചു വച്ചു.
പ്രകാശനെ മഞ്ഞത്തോർത്തിൽ കുഞ്ഞു തൊട്ടിലുണ്ടാക്കി മുതുകിലും കെട്ടി ഞാത്തി.അങ്ങനെ ജീവിതഭാരം നെഞ്ചത്തും ജീവിത ലക്ഷ്യം മുതുകിലുമായി ചുമന്നു നടന്നു.
പഠിപ്പിൽ മിടുക്കനായി പ്രകാശൻ വളർന്നു. അമ്മാൾ തുറൈ പള്ളിക്കൂടത്തിലെ ഏറ്റവും മിടുക്കൻ അവൻ തന്നെയായിരുന്നു. അവന്റെ പഠനം ദൂരദേശത്തായപ്പോൾ പൂനിലാവ് കോയിൽ പരിസരത്ത് ഒറ്റയ്ക്കായി. അവന്റെ ഓർമ്മകൾ അവളിലെന്നും ഇളനിലാവായി ഉദിച്ചു നിന്നു. ഒരു മഹാമേരു ഉയർന്നു വരുന്ന താഴ്‌വാരം പോലെ അവൾ മകനെ നോക്കി നിന്നു.
അമ്മേ സ്കോളർഷിപ്പുകിട്ടി. ഇനി യുഎസിലാണ് പഠനം എന്ന് പറഞ്ഞപ്പോൾ എന്തോ വലിയ കാര്യം എന്നു മാത്രം അവൾക്കു മനസിലായി. എല്ലാം കഴിഞ്ഞ് അവൻ തിരികെ വരുന്നതും കാത്ത് മൺകുടിലിൽ പാൽക്കഞ്ഞിയും വച്ച് അവൾ പടിമേലിരുന്നു. അവന് ഏറെ പ്രിയപ്പെട്ട ആഹാരം. തേങ്ങാപ്പാൽ ചേർത്ത കഞ്ഞി.ആവലാതികളില്ലാതെ വയറു നിറയെ കുടിച്ച് തന്റെ മാറിലൊട്ടി അവൻ എന്നും ഉറങ്ങിയിരുന്നു.
പഠനം കഴിഞ്ഞ് ജോലി കിട്ടി ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഒരു പെട്ടി പോലെ ചെറിയൊരു യന്ത്രം അവർക്കു നൽകി.അതിലൂടെ വിളിച്ചാൽ സംസാരിക്കുന്ന വിധവും പറഞ്ഞു കൊടുത്തു. വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമാണോയിത്. അവൾ അത്ഭുതപ്പെട്ടു. പക്ഷേ അവൻ തിരികെ പോയ ശേഷം അവർക്ക് ഉപയോഗിക്കാനറിയാത്ത ഒരു യന്ത്രം മാത്രമായി അതു മാറി.
അവനു മടക്കയാത്രയുമുണ്ടായില്ല.
പ്രകാശൻ പോയിട്ട് പത്തു വർഷമാകുന്നു. സിറ്റിയിൽ ഏതോ വലിയ യന്ത്രമുണ്ടാക്കുന്ന കമ്പനി സ്വന്തമായുണ്ടെന്ന് ഒരിക്കൽ പറഞ്ഞത് അവർക്ക് ഓർമ്മയുണ്ടായിരുന്നു.
കുറച്ചു ദൂരം കടന്നപ്പോൾ എഴുന്നേറ്റ് കണ്ടക്ടർ മനുഷ്യനോടായി ചോദിച്ചു,
"പ്രകാശന്റെ വീടെത്തിയാ മോനേ?"
കണ്ടക്ടർ മനുഷ്യൻ കേട്ടതായി ഭാവിച്ചില്ല.അവർ വീണ്ടും ചോദിച്ചു,
" മക്കളെ പ്രകാശന്റെ വീടെത്തിയാ?"
"നൊ ." കണ്ടക്ടർ ഒരു ചെറിയ കല്ലെടുത്തെറിയുന്ന ഊക്കിൽ പറഞ്ഞു.
അവർ സങ്കോചത്തോടെ തിരികെ പ്ലാറ്റ്ഫോമിലിരുന്നു.കായ സഞ്ചിയിൽ നിന്നും മുറുക്കാൻ പൊതിയെടുത്ത് വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു. അടയ്ക്ക മോണയിലിട്ടു ചവച്ചു.കുറേ നേരം ഓടിക്കളിച്ച അടയ്ക്ക കടിക്കു പിടികൊടുത്തു. പുകയിലയും ചേർത്ത് മുറുക്കി, മുറുക്കാൻ രസത്തിൽ ലയിച്ച് നൃത്തം കണ്ടിരുന്നു.
ഇടയ്ക്ക് അവർക്ക് തുപ്പേണ്ടി വന്നു."മോനേ ഒന്നു തുപ്പണം. വണ്ടി നിർത്താൻ പറയോ?"
കണ്ടക്ടറുടെ പ്രിഫൊൻ്റൽ കോർട്ടക്സ് കലിയുടെ മെസേജ് വിന്യസിച്ചു. ആ കലിയോടെ കണ്ടക്ടർ പറഞ്ഞു,
" ദേ, വഴിയിൽ ഇറക്കി വിടും. ഇതിനകം തുപ്പീം കാട്ടിച്ചും നാശമാക്കിയാലുണ്ടല്ലോ.... ഇത് ഒരു ലോ ക്ലാസ് വണ്ടിയല്ല. ലോ ഫ്ലോർ വാഹനമാ, മനസിലായോ? ബ്ലഡി ബിച്ച് ."
അവസാനം പറഞ്ഞ രണ്ടു വാക്കുകളുടെ അർത്ഥം അവർക്കു മനസ്സിലായില്ല.
കണ്ടക്ടർ മനുഷ്യന്റെ കലി കണ്ടപ്പോൾ അവരുടെ മുറുക്കാൻ സ്വയം ആമാശയത്തിലേയ്ക്ക് വിഴുങ്ങിപ്പോയി.പിന്നീടവർ മുറുക്കിയില്ല.
വെളിയിലേയ്ക്ക് വിഷാദത്തോടെ നോക്കിയിരുന്നു.
വലിയ വലിയ മരങ്ങൾ ശരവേഗത്തിൽ പുറകിലേയ്ക്ക് ഓടി മറയുന്നു. മരങ്ങൾക്കിടയിലൂടെ ആയതിനാലാവാം ബസിൽ അധികം ചൂട് അനുഭവപ്പെട്ടിരുന്നില്ല. പക്ഷികൾ മരങ്ങളിൽ നിന്നും മരങ്ങളിലേയ്ക്ക് പറക്കുന്നു.

വര : പി ആര്‍ രാജന്‍
പ്രകാശനിപ്പോൾ എത്ര വലുതായിട്ടുണ്ടാകും.അവന്റെ വളർച്ച മനസിലാക്കാനുള്ള വലുപ്പമില്ലാത്ത മനസ്സായിരുന്നു പൂനിലാവിൻ്റേത്.പക്ഷേ സന്തോഷമായിരുന്നു. വീട്ടുമുറ്റത്തെ ഉരുളൻ കല്ലുകൾക്കു മീതേ അവൻ കുസൃതിയോടെ ഓടുമ്പോൾ, കാലു വഴുതുമ്പോൾ ഉള്ളിലൊരു ആന്തൽ. കുഞ്ഞു പ്രകാശൻ മനസിലൂടെ ഓടിച്ചാടാൻ തുടങ്ങി.ആയുസിനോടുള്ള കൊതിയെല്ലാം അവനിൽ തുടങ്ങി അവനിൽ അവസാനിച്ചു. ആ ചെറിയ പ്രകാശനാളം മാത്രമായിരുന്നു ജീവിതത്തിന്റെ വെളിച്ചം.വിഷാദങ്ങളെ നട്ട് നനച്ച് കുഞ്ഞു പൂന്തോട്ടമാക്കി പൂനിലാവ് കാത്തിരുന്നു.
കുറേ ദൂരം കൂടി കഴിഞ്ഞപ്പോൾ വീണ്ടും ചോദിച്ചു. "മോനെ പ്രകാശന്റെ വീട്.....?"
കണ്ടക്ടർ മറുപടി പറഞ്ഞില്ല. എത്തിക്കാണില്ലായിരിക്കും. അവർ സ്വയം സമാധാനിച്ചു.
കാലങ്ങൾ ഒഴുകിയകന്നു. വാർദ്ധക്യം വന്നു കെട്ടിപ്പിച്ചു. ഹോസ്പിറ്റലിൽ സൂചി വയ്ക്കവേ മാലാഖയായ പെൺകുട്ടി ചോദിച്ചു. "കൂടെ ആരുമില്ലേ."
പൂനിലാവിന്റെ മുഖം മൗനമായി.
പിന്നീട് പറഞ്ഞു ,
"എന്റെ മോന് വരാൻ കഴിയില്ല മക്കളേ. അങ്ങ് ദൂരത്താ."
"എല്ലാ മക്കളും ഇന്ന് ഇത്രയും ദൂരത്തായതെങ്ങനെയാ അമ്മച്ചി ?" മാലാഖ പെണ്ണ് ചോദിച്ചു. പൂനിലാവ് പുഞ്ചിരിച്ചു.
പ്രകാശന്റെ പെണ്ണിന്റെ മുഖം പൂനിലാവ് അവളിൽ കണ്ടു. കണ്ണുകൾ കൊണ്ട് ചിരിക്കുന്നവൾ.. ഇങ്ങനെ ഒരു പെണ്ണിനെയാണ് പൂനിലാവ് അന്വേഷിക്കുന്നത്. ഓർമ്മകൾ പൂനിലാവിന്റെ മനസിൽ തൊട്ടു കളി നടത്തിക്കൊണ്ടിരുന്നു.
പ്രകാശനോട് മിണ്ടി കൊതി തീർന്നിട്ടില്ല. അവനെ ഒന്നു കണ്ടെങ്കിൽ, തന്നോട് കുറേ സംസാരിച്ചെങ്കിൽ. വേറൊന്നും വേണ്ട. തന്നോട് മിണ്ടാൻ ഒരാൾ .... വഴക്കായി ആയാലും വേണ്ടില്ല. ഇനിയും ആവർത്തിച്ചു തീരാത്ത മോനേ എന്നുള്ള വിളി മനസിന്റെ കായസഞ്ചി നിറയെ മിച്ചമാണ്.
ആ യന്ത്രബസ് ഒരു ശ്മശാനഭൂമി പോലെ നിശബ്ദമായിരുന്നു. ഒരു ശവഘോഷയാത്ര പോലെ സഞ്ചാരവും.
ബസ് പല സ്റ്റേഷനുകളിൽ നിർത്തുകയും യന്ത്രമനുഷ്യർ ഇറങ്ങുകയും കയറുകയും ചെയ്തു.
ഒരു സ്റ്റോപ്പിൽ നിന്നും ഒരു അന്ധഗായകൻ ബസിലേയ്ക്കു കയറി. 'അമ്മായെൻറഴ്‌യാക്കാതെ ഉയിരില്ലയേ, അമ്മാവൈ വണങ്കാതെ ഉയിർവില്ലയേ...' അയാൾ പാടാൻ തുടങ്ങി. പൂനിലാവ് കൗതുകത്തോടെ അയാളെ നോക്കി. ഒരു നാരങ്ങാ മിഠായി അവർ അയാളുടെ കൈയ്യിൽ വച്ചു കൊടുത്തു.കണ്ടക്ടർ മനുഷ്യർ വേഗത്തിൽ ഇടപ്പെട്ട് അയാളെ തള്ളി പുറത്തിറക്കി.
"ഭിക്ഷാടനം നിരോധിച്ച വാഹനമാണ്. ഇറങ്ങിക്കോ വേഗം." കണ്ടക്ടർ മനുഷ്യൻ പറഞ്ഞു. അന്ധഗായകൻ നിലയുറയ്ക്കാത്ത ചുവടുകളുമായി പിന്നാക്കം മലച്ചു. ഒരു വേള നിലത്തു വീണുപോകുമെന്ന ഘട്ടമെത്തിയപ്പോൾ 'അയ്യോ മോനേ' എന്ന് പൂനിലാവ് വിളിച്ചു പോയി.ഇടറിയ ചുവടുകൾ നിലത്തു വച്ച് അയാൾ വീഴ്ചയിൽ നിന്നും രക്ഷപെട്ട് പുറത്തിറങ്ങി.
യന്ത്ര ബസ് കീറിമുറിയ്ക്കുന്ന കാറ്റ് സ്ഫടിക ചീളിന്റെ മൂർച്ചപോലെ ജനലഴികൾ കടന്നു വന്നുകൊണ്ടിരുന്നു.
ഒരു യന്ത്രമനുഷ്യൻ ഇറങ്ങാൻ തുടങ്ങവേ പൂനിലാവിനെ നോക്കി ചിരിച്ചു.പെട്ടന്ന് അവർ കായ സഞ്ചിയിൽ നിന്നും ഒരു കപ്പലണ്ടി മിഠായി എടുത്തു നീട്ടി.
"താങ്ക്സ് . " അതു സ്വീകരിച്ച യന്ത്രമനുഷ്യൻ നന്ദി പറഞ്ഞ് അവരുടെ കവിളത്ത് വാൽസല്യത്തോടെ തൊട്ട് ഇറങ്ങിപ്പോയി. നിറഞ്ഞു തൂവിയ ചിരിയോടെ അവർ യന്ത്ര മനുഷ്യൻ പോയ വഴിയേ നോക്കി നിന്നു.പെട്ടെന്ന് ഹൃദയത്തിൽ സന്തോഷം വന്നു നിറഞ്ഞു. അവർക്ക് പ്രകാശനെ ഓർമ്മ വന്നു. ചപ്പിത്തൂങ്ങിയ മാറിടം ഒന്നു വലിഞ്ഞു.കണ്ണുകൾ നിറഞ്ഞു. ഉള്ളിലൊരു വിഷാദത്തിന്റെ പുഴ ഒഴുകാൻ തുടങ്ങി.കണ്ണുകളിൽ ഒരു കൊതി ഘനീഭവിച്ചു. എത്രയോ നാളുകളായി പെയ്തിറങ്ങാൻ വെമ്പൽ കൊള്ളുന്ന ഒരു കാർമേഘം ഇടനെഞ്ചിൽ കലങ്ങി.
കുറച്ചു കഴിഞ്ഞ് കണ്ടക്ടർ മനുഷ്യനെ ഒന്നു അനുനയിപ്പിക്കുന്നതിനായി അവർ ഒരു നാരങ്ങാ മിഠായി വച്ചുനീട്ടി. പല്ലില്ലാത്ത മോണയിൽ നിർമ്മലമായ ഒരു ചിരിയുടെ അകമ്പടിചേർത്തു. കണ്ടക്ടർ മനുഷ്യന്റെ മനസ് ഒന്നു തണുക്കുന്നതിനും പ്രകാശന്റെ വീട്ടിൽ തന്നെ ഇറക്കുന്നതിനും വേണ്ടിയുള്ള ഒരു അനുനയിപ്പിക്കൽ യത്നമായിരുന്നു ആ തന്ത്രം.
വെറ്റിലക്കറ പിടിച്ച മോണ കണ്ട് കണ്ടക്ടർ മനുഷ്യൻ ഓക്കാനിച്ചു.
അയാൾ പ്ലാറ്റ്ഫോമിൽ ആഞ്ഞു ചവിട്ടി .
പിന്നെ കുറേ ദൂരം അവർ അച്ചടക്കമുള്ള കുട്ടിയെപ്പോലെ മിണ്ടാതിരുന്നു.
പക്ഷേ എത്ര നേരം പക്ഷി ചിലയ്ക്കാതിരിക്കും?
അടുത്ത സീറ്റിലെ യന്ത്രമനുഷ്യരെ നോക്കി ചെറുതായി ചിരിച്ചു.ആരും മറു ചിരി നൽകിയില്ല.മിക്കവാറും എല്ലാവരും റീചാർജ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. റീ ചാർജു ചെയ്തു കൊണ്ടു തന്നെ യന്ത്ര കേളികളിൽ മുഴുകിക്കൊണ്ടിരിക്കുന്നു.
വൃദ്ധ ജനലിന്റെ ഗ്ലാസ് ഡോറിലൂടെ പുറത്തേയ്ക്കു നോക്കി. അതുവരെ കണ്ടതുപോലെ ഓടി മറഞ്ഞു കൊണ്ടിരിക്കുന്ന മരങ്ങളില്ല.ഇടതൂർന്ന കെട്ടിടങ്ങളാണ് ഇപ്പോൾ ഓടി മറയുന്നത്.റോഡിൽ ടയറുകൾ ഉരഞ്ഞതിന്റെ കരിഞ്ഞ മണം. മരങ്ങളേക്കാൾ ഉയരമുള്ള കെട്ടിടങ്ങളിലെ ബാൽക്കണിയിൽ യന്ത്രമനുഷ്യർ തുണി വിരിക്കുന്നു. ഇപ്പുറത്തെ കെട്ടിടത്തിലിരിക്കുന്ന യന്ത്രക്കുട്ടി അപ്പുറത്തെ കെട്ടിടത്തിലിരിക്കുന്ന യന്ത്രക്കുട്ടിയുമായി യന്ത്രക്കളി നടത്തുന്നു.വിജയാരവം മുഴക്കുന്നു. വൃദ്ധ സർക്കസു കാണുന്ന കുട്ടിയുടെ അത്ഭുതാതിരേകത്തോടെ കണ്ണു മിഴിച്ചു.ഇപ്രാവശ്യം ബാലൻസിങ് പഠിച്ചതിനാൽ യന്ത്രമനുഷ്യരെ വീണു ശല്യപ്പെടുത്തിയില്ല.
പെട്ടെന്നോർമ്മകളുണർന്നു.
"യ്യോ.. മോനേ, എന്റെ പ്രകാശന്റെ വീടു കഴിഞ്ഞാ?" - ഒരു ചെറിയ നിലവിളി തന്നെയായിരുന്നു ആ ചോദ്യം. മാർഗേ കണ്ട രസങ്ങളിൽ മുഴുകി ലക്ഷ്യം മറന്നതിൽ, തന്റെ പ്രകാശനെ മറന്നതിൽ നെഞ്ചു പിടഞ്ഞു.
അവിടം മുതൽക്ക് ലക്ഷ്യമെത്താറാകുമ്പോഴുള്ള ഒരു വെപ്രാളം അവരെ പിടിപെട്ടു. ഇടയ്ക്കിടയ്ക്ക് വെപ്രാളത്തോടെ കണ്ടക്ടർ മനുഷ്യനെ നോക്കി. ഇടയ്ക്കിടയ്ക്ക് വെളിയിലേയ്ക്കു നോക്കി.
പുറത്ത് അനേകം വാഹനങ്ങൾ തിരക്കിട്ടോടുന്നു. അവയിലും നിറയെ യന്ത്രമനുഷ്യർ.ഒരു കെട്ടിടക്കാടിനുള്ളിൽ പെട്ടതു പോലെ. വഴിപ്പിശാച് വഴിതെറ്റിക്കുമോ എന്നവർ പേടിച്ചു. പണ്ട് കാട്ടിൽ ചൂട്ടൊടിക്കാൻ പോയി വഴി തെറ്റിയ സന്ദർഭം ഓർമ്മ വന്നു. ഡ്രൈവർ മനുഷ്യനു വഴിതെറ്റുമോ എന്നവർ സംശയിച്ചു.
മുൻവശത്തായിരുന്ന ഒരു യന്ത്ര മനുഷ്യൻ ഡ്രൈവറോടായി പറഞ്ഞു, "ഹലോ. വോൾട്ടേജ് ലോ. പ്ലീസ് ക്യാൻ യു റൈസ് അപ്." ഡ്രൈവർ വേൾട്ടേജ് ഹൈ മോഡിലേയ്ക്ക് തിരിച്ചു.
*ബസിന്റെ എനർജി സപ്ലെയറിൽ നിന്നും ഊർജ തരംഗ കുട്ടികൾ തമ്മിൽ തൊട്ടു കളിച്ചും ഓടിക്കിതച്ചും വയർസിരകളിലൂടെ യന്ത്രമനുഷ്യർക്കു കൂടുതൽ വേഗത്തിൽ ചാർജ് പകരാൻ തുടങ്ങി. ആരാണ് മുന്നിലെത്തുക എന്നറിയാൻ കുറേ ഊർജ കണങ്ങൾ ഒന്നിച്ചോടി. ഒന്നിച്ചോടിയ അവർ ഒന്നിച്ചു തന്നെ വയറുകളിലൂടെ വൃദ്ധയുടെ രണ്ടു സീറ്റുകൾക്കപ്പുറമിരുന്ന യന്ത്രമനുഷ്യന്റെ സിരകളിലേയ്ക്ക് പാഞ്ഞുകയറി. കർണങ്ങളിലൂടെ യന്ത്ര ശരീരത്തിനുള്ളിൽ പ്രവേശിച്ചു.ടപ്പോ ടപ്പോന്ന് കൈയ്യടിച്ച് ലക്ഷ്യത്തിലെത്തിയതിന്റെ വിജയാഹ്ളാദം കുറിച്ചു.
ഒരുമിച്ചോടി വന്ന ഊർജ തരംഗ കുട്ടികളുടെ കൈയ്യടിയിൽ ചെകിടു പിളർന്ന് ആ യന്ത്രമനുഷ്യൻ താഴേയ്ക്കു പതിച്ചു. കൈയ്യിലിരുന്ന യന്ത്രം പൊട്ടിച്ചിതറി.വൃദ്ധ ഓടി അടുത്തുചെന്നു. വൃദ്ധയുടെ നെഞ്ചിലൂടെ മടിയിലൂടെ അയാൾ പ്ലാറ്റ്ഫോമിലേയ്ക്കു മറിഞ്ഞു. അവർ വേഗം യന്ത്രമനുഷ്യനെ താങ്ങിപ്പിടിച്ചു. പക്ഷേ അവർക്കു താങ്ങാനാവുന്നതിനേക്കാൾ ഭാരമുണ്ടായിരുന്നതിനാൽ താഴേയ്ക്കു തന്നെ പതിച്ചു. വൃദ്ധ മടിയിൽ അയാളെ ഏറ്റുവാങ്ങി.പെറ്റു വീണ കുഞ്ഞിനെപ്പോലെ അയാൾ വൃദ്ധയുടെ മടിയിൽ അടർന്നുവീണു.
തന്റെ മടിത്തട്ടിലേയ്ക്ക് ചാഞ്ഞു വീണ യന്ത്രമനുഷ്യന്റെ മുഖം കണ്ട് വൃദ്ധ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ വിളിച്ചു.
"എന്റെ മോനേ പ്രകാശാ....."
..........................
* ഷോർട് സർക്യൂട്ട് .