
അനൂപ് ഓണം വരുന്നു എന്നറിഞ്ഞത് കലണ്ടറിൽ നിന്നല്ല. അസോസിയേഷനുകളിൽ വാട്‌സാപ്പ് ഗ്രൂപുകളിൽ വന്ന സന്ദേശങ്ങളിലൂടെ ആണ് . ഓണം അടുത്തിരിക്കുന്നു. അമേരിക്കയിലെ ഓണം അങ്ങനെയാണ്. തീയതി വരും.പൂക്കളം വരും. വാട്സാപ്പിൽ പൂക്കളങ്ങളുടെ ചിത്രങ്ങൾ വരും. കേരളത്തിൽ നിന്നുള്ള അമ്മയുടെ വീഡിയോ കോൾ വരും. പക്ഷേ ഓണം മാത്രം വരാറില്ല.ഓണം എവിടെയോ വഴിയിൽ ഇറങ്ങി നിൽക്കും.
അനൂപിന് അമ്പത്തിരണ്ട് വയസ്സായി.മുടിയിൽ കറുപ്പിനേക്കാൾ വെള്ളയാണ് ഇപ്പോൾ. കണ്ണടയുടെ ഫ്രെയിമിനപ്പുറം ലോകത്തെ കാണുന്നതിലും കൂടുതൽ. കഴിഞ്ഞുപോയ കാലത്തെ കാണാൻ തുടങ്ങിയ പ്രായം. ഇരുപത്തിയെട്ട് വർഷമായി അമേരിക്കയിൽ. ആദ്യകാലത്ത് ഇവിടെ വന്നപ്പോൾ, നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു തീയതി ഉണ്ടായിരുന്നു മനസ്സിൽ. "രണ്ടു വർഷം ജോലി ചെയ്യാം. പിന്നെ തിരിച്ചു പോകാം." രണ്ടു വർഷം നാല് ആയി,നാല് പത്ത് ആയി.പത്ത് ഇരുപതായി. ഇപ്പോൾ തിരിച്ചുപോകുക എന്നത് ഒരു യാത്രയല്ല: ഒരു കാലത്തിലേക്കുള്ള യാത്രയാണ്. അത് ഏത് വിമാനത്താവളത്തിലാണ് ഇറങ്ങുന്നത് എന്ന് അനൂപിന് അറിയില്ല.
ഓഫീസിലെ പതിനെട്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങൾക്കിടയിൽ ഒരു ചാരനിറമുള്ള ആകാശം.
മഴയില്ല. മാവില്ല. ചിങ്ങമാസത്തിന്റെ കാറ്റില്ല. എങ്കിലും മനസ്സിന്റെ ഏതോ മുറ്റത്ത്, ഒരിക്കൽ ഉണങ്ങിയ മണ്ണിൽ വീണിരുന്ന മാവേലിക്കാലത്തിന്റെ ഇലകൾ ഇളകുന്ന ശബ്ദം.
അനൂപ് ലാപ്ടോപ്പിൽ നിന്ന് തല ഉയർത്തി.
"Hey Anoop, are you joining the meeting?"
"Yeah... just a second."
അവൻ വീണ്ടും സ്ക്രീനിലേക്ക് നോക്കി.
PowerPoint.Excel. Deadline. Quarterly target. Promotion. Retirement
plan.401(k).Mortgage.College tuition. Insurance.
ജീവിതം എത്ര മനോഹരമായി കണക്കുകളായി മാറിയിരിക്കുന്നു! ഒരിക്കൽ ജീവിതം അളന്നിരുന്നത് ഓണസദ്യയിലെ പായസത്തിന്റെ മധുരത്തിലായിരുന്നു. ഇപ്പോൾ അത് ബാങ്ക് സ്റ്റേറ്റ്‌മെന്റിലെ അക്കങ്ങളിലാണ്.
അനൂപിന്റെ ബാല്യത്തിലെ ഓണം ഒരു ഉത്സവമല്ലായിരുന്നു. അത് ഒരു ലോകമായിരുന്നു. പുലർച്ചെ അമ്മയുടെ ശബ്ദം കേട്ടാണ് ഉണരുന്നത്. "അനൂ... എഴുന്നേൽക്കടാ. പൂക്കൾ പറിക്കാൻ പോണം." അവൻ പുതപ്പിനടിയിൽ മുഖം ഒളിപ്പിക്കും.. "അമ്മേ... കുറച്ചുകൂടി. കുറച്ചുകൂടി എന്നു പറഞ്ഞാൽ സൂര്യൻ അസ്തമിക്കും. "അമ്മ ചിരിക്കും. ആ ചിരിക്ക് ഒരു മണം ഉണ്ടായിരുന്നു.ചെമ്പരത്തിയുടെ മണം. മുറ്റത്തെ നനഞ്ഞ മണ്ണിന്റെ മണം. അടുപ്പിൽ തിളയ്ക്കുന്ന പായസത്തിന്റെ മണം. അച്ഛന്റെ പഴയ സൈക്കിളിന്റെ മണവും അതിൽ കലർന്നിരുന്നു. അന്നത്തെ ഓണം. വീട്ടിൽ മാത്രം ഉണ്ടായിരുന്നില്ല. അത് അയൽവീടിന്റെ മുറ്റത്തുമുണ്ടായിരുന്നു. കുട്ടികളുടെ കയ്യിൽ പൂക്കൾ,വഴിയരികിൽ തുമ്പപ്പൂ. തൊടിയിൽ കാക്കപ്പൂ.ചെറിയ കൈകളിൽ വലിയ പൂക്കളങ്ങൾ. ആരും പഠിപ്പിച്ചിരുന്നില്ല എങ്ങനെ പൂക്കളം ഇടണമെന്ന്. പൂക്കൾ തന്നെയായിരുന്നു പഠിപ്പിച്ചത്.
അന്ന് ഓണത്തിന് ആരും "ഓണം എങ്ങനെ ആഘോഷിക്കണം?" എന്ന് ഗൂഗിളിൽ തിരഞ്ഞിരുന്നില്ല. ആർക്കും "Onam decoration ideas' വേണ്ടിയിരുന്നില്ല. പൂക്കളം Pinterest-ൽ നിന്നല്ല വന്നത്. അയൽവീട്ടിലെ ചേച്ചിയുടെ മുറ്റത്തുനിന്നായിരുന്നു. സദ്യ Youtube recipe ആയിരുന്നില്ല. അമ്മയുടെ കൈകളായിരുന്നു അതിന്റെ recipe book. പായസം അളവുകളിൽ ഉണ്ടായിരുന്നില്ല. "ഒരു പിടി പരിപ്പ്... കുറച്ച് ശർക്കര.. മനസ്സിനിഷ്ടം പോലെ തേങ്ങാപ്പാൽ." അതാണ് അളവ് അതാണ് രുചി.അതാണ് ഓണം.
അമേരിക്കയിൽ ഇപ്പോൾ ഓണം മറ്റൊരു രൂപത്തിലാണ്. കേരള അസോസിയേഷൻ.
ഓണാഘോഷം.ഓണസദ്യ. ചെണ്ടമേളം. തിരുവാതിര.ഫാഷൻ ഷോ. സെൽഫി. "Happy Onam" എന്ന് എഴുതിയ ഡിജിറ്റൽ ബാനർ. മാവേലിയുടെ cut-out കുട്ടികളുടെ മത്സരങ്ങൾ.സ്പോൺസർമാരുടെ ലോഗോകൾ. "Thank you to our platinum sponsor." അനൂപ് ചിലപ്പോൾ ചിരിക്കും. ചിലപ്പോൾ വിഷമിക്കും. ഇവിടെ ഓണം ജീവിക്കാൻ പഠിച്ചിരിക്കുന്നു.പക്ഷേ അതിന് പഴയ ഓണത്തിന്റെ അലസതയില്ല.അന്ന് ഉത്സവത്തിന് ഒരു schedule ഉണ്ടായിരുന്നില്ല.ഇപ്പോൾ ഉത്സവത്തിനും agenda ഉണ്ട്.
"ഡാഡ്. ഇതിന് എന്താണ് പേര്?"
ആ വർഷം അനൂപിന്റെ മകൾ മീര ആദ്യമായി ഓണത്തിന് പൂക്കളം ഇടുകയായിരുന്നു. അനൂപ് ഒരു നിമിഷം മിണ്ടാതിരുന്നു.അവൻ ഒരുപാട് ഉത്തരങ്ങൾ അറിയുന്ന ആളായിരുന്നു. Software architecture. Investment. Tax. College applications. Credit score.
".""Why do we do it?"
പക്ഷേ ഈ ചോദ്യത്തിന്? "മാവേലി വരാൻ. "മീര ചിരിച്ചു. "Seriously?""Who is Mahabali?" അനൂപ് അവളെ നോക്കി. പെട്ടെന്ന് അവന്റെ ഉള്ളിൽ ഒരു വാതിൽ തുറന്നു. അതിനപ്പുറം ഒരു പഴയ കേരളം മണ്ണുകൊണ്ട് പണിത വീട്ടുമുറ്റം. വാഴയില.പച്ചപ്പു.ചിരി. അച്ഛൻ.അമ്മ.അയൽവാസികൾ.മാവേലി. പാതിരാത്രിയിൽ കേട്ടിരുന്ന നായയുടെ കുര. ദൂരെയൊരിടത്ത് ക്ഷേത്രത്തിലെ മണി. അവൻ പതുക്കെ പറഞ്ഞു: "മാവേലി ഒരു രാജാവായിരുന്നു. എല്ലാവരും തുല്യരായിരുന്ന ഒരു കാലത്തിന്റെ രാജാവ്." മിര വീണ്ടും ചോദിച്ചു. "Was everyone happy?" അനൂപ് ചിരിച്ചു. അങ്ങനെ പറയുമായിരുന്നു." "Do you miss it?"അനൂപ് അവളെ നോക്കി.അവൻ ആദ്യമായി മനസ്സിലാക്കി. അവൻ ഓണം മിസ് ചെയുന്നില്ല. അവൻ ഓണമായിരുന്ന കാലത്തെയാണ് മിസ് ചെയുന്നത്.
അന്നിരാത്രി അവൻ അമ്മയെ വിളിച്ചു. കേരളത്തിൽ അപ്പോൾ രാവിലെ.
അമ്മ ഫോൺ എടുത്തു."എന്താടാ?"അമ്മേ.. ഓണം ഓർമ്മയുണ്ടോ?”അമ്മ ചിരിച്ചു. "എനിക്ക് ഓണം മറക്കാൻ പറ്റുമോ?"അനൂപ് ഒന്നും പറഞ്ഞില്ല.
അമ്മ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ ചോദിച്ചു: "നിനക്ക് ഓർമ്മയുണ്ടോ? നീ ചെറുപ്പത്തിൽ പൂക്കളം ഇടാൻ പോയിട്ട് പാമ്പിനെ കണ്ടെന്ന് പറഞ്ഞ് ഓടിവന്നത്?" അനൂപ് ചിരിച്ചു.
"അത് പാമ്പായിരുന്നില്ല അമ്മേ. കയറായിരുന്നു."അതെ. പക്ഷേ നീ അന്ന് അത് പാമ്പാക്കിയല്ലോ. "ചിരി ഇരുവശത്തും പടർന്നു. ആ ചിരിയുടെ ഇടയിൽ ഇരുപത്തിയെട്ട് വർഷം പെട്ടെന്ന് ചെറുതായി.
അവൻ വീണ്ടും ആ മുറ്റത്ത് എത്തി.അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുന്ന കുട്ടി.പുറത്ത് മഴ.അടുക്കളയിൽ പായസം.വീട്ടുമുറ്റത്ത് പൂക്കളം.അച്ഛൻ പ്രത്രം വായിക്കുന്നു.
ജീവിതത്തിന് അന്ന് വലിയ സ്വപ്‌നങ്ങളൊന്നുമില്ലായിരുന്നു.പക്ഷേ അതിന് ഒരു മണം ഉണ്ടായിരുന്നു.
"അമ്മേ.. ഇപ്പോൾ വീട്ടിൽ ഓണം എങ്ങനെയാണ്?"അമ്മയുടെ ശബ്ദം അല്പം മാറി.
"ഇപ്പോൾ ആരുണ്ട് ഇവിടെ?"അച്ഛൻ ഇല്ല."ആ വാക്ക് മുറിയിൽ തങ്ങി. അച്ഛൻ പോയിട്ട് അഞ്ചു വർഷം.. അനൂപ് അമേരിക്കയിൽ നിന്ന് വന്നെത്തിയപ്പോഴേക്കും ചിതയ്ക്ക് തീ കൊളുത്തിയിരുന്നു.ആ യാത്രയിൽ അവൻ മനസ്സിലാക്കിയിരുന്നു. ചില വിമാനങ്ങൾ വൈകിയാൽ നഷ്ടപ്പെടുന്നത് യാത്രയല്ല. ഒരു മനുഷ്യനെയാണ്. ഒരു കാലത്തെയാണ്.
"അമ്മേ, ഇത്തവണ ഞാൻ വരട്ടെ?"അമ്മ ഒന്നും പറഞ്ഞില്ല. "വരൂ."അത്ര മാത്രം.
ആ ഒരു വാക്കിൽ ഒരു വിടുണ്ടായിരുന്നു.ഒരു മുറ്റമുണ്ടായിരുന്നു. ഒരു കസേരയിൽ ഇരുന്ന് കാത്തിരിക്കുന്ന ഒരാളുടെ നിഴലുണ്ടായിരുന്നു.
ഓണത്തിന് രണ്ടു ദിവസം മുമ്പ് അനൂപ് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി. കാറിൽ ഇരുന്ന് ഏറെ നേരം സ്റ്റിയറിംഗിൽ കൈവെച്ച് അവൻ പുറത്തേക്ക് നോക്കി.
അമേരിക്കൻ ഹൈവേ.നീണ്ട റോഡ് കാറുകളുടെ ഒഴുക്ക്.ഓരോരുത്തരും എവിടെയോ എത്താൻ ഓടുന്നു. അവന് തോന്നി.നമ്മളൊക്കെ ജീവിതം മുഴുവൻ ഒരു സ്ഥലത്തേക്ക് പോകുകയാണ്.പക്ഷേ ഒരിക്കൽ പോലും ചോദിക്കുന്നില്ല. "എവിടേക്കാണ്?"
വീട്ടിലെത്തിയപ്പോൾ മീര മുറ്റത്ത് പൂക്കളം ഇടുകയായിരുന്നു. YouTube നോക്കിയാണ്. ഡാഡ്, is this okay?"
അവൻ പൂക്കളത്തിലേക്ക് നോക്കി.പൂക്കൾ ശരിയായിരുന്നില്ല. നിറങ്ങൾ പൊരുത്തപ്പെട്ടിരുന്നില്ല. വൃത്തം അല്പം വളഞ്ഞിരുന്നു.എങ്കിലും അതിൽ എന്തോ ഉണ്ടായിരുന്നു. അവൻ നിലത്ത് ഇരുന്നു. "ഇത് ശരിയല്ല. "മിരയുടെ മുഖം മാറി.അനൂപ് ചിരിച്ചു."ഇത് ശരിയാക്കാം. "അവൻ ഒരു പൂ എടുത്തു. "ഇവിടെ വെക്കണം." "കാരണം പൂക്കളം perfect ആയിരിക്കേണ്ടതില്ല. "മിര അവനെ നോക്കി. "Then?" "എല്ലാവരും ഒരുമിച്ച് ഇരിക്കണം. അതാണ് പ്രധാന്യം. "അവൾ ചിരിച്ചു. അനൂപും.അവൻ പെട്ടെന്ന് മനസ്സിലാക്കി. പൂക്കളം പൂക്കളാൽ മാത്രം ഉണ്ടാകുന്ന ഒന്നല്ല.ഒരുമിച്ച് ഇരുന്ന മനുഷ്യരാലാണ്.
"Why?"
അന്ന് സദ്യയ്ക്ക് വാഴയില കിട്ടിയില്ല.വലിയ പച്ച പ്ലാസ്റ്റിക് പ്ലേറ്റുകളിലായിരുന്നു സദ്യ.പരിപ്പ്.സാമ്പാർ.അവിയൽ. തോരൻ പച്ചടി. കിച്ചടി.പപ്പടം.അച്ചാർ.പായസം.
മിര ആദ്യമായി കൈകൊണ്ട് ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. "Messy!"അനൂപ് ചിരിച്ചു. "That's the point." അവൾ ചോറിൽ പരിപ്പിട്ടിളക്കി.അവൻ നോക്കി നിന്നു. അവന്റെ മുന്നിൽ ഒരു നിമിഷം മകൾ ഉണ്ടായിരുന്നില്ല. തന്റെ ബാല്യത്തിലെ താനായിരുന്നു.അവന്റെ കൈയിൽ വീണ്ടും അമ്മയുടെ കൈ.വാഴയില വീണ്ടും മുന്നിൽ. അടുക്കളയിൽ അച്ഛന്റെ ശബ്ദം. "പായസം കുറച്ചുകൂടി ഇടട്ടെ?" അനൂപിന്റെ കണ്ണുകൾ നിറഞ്ഞു. മീര ചോദിച്ചു: "ഡാഡ്, are you okay?""Yeah."അവൻ ചിരിച്ചു.
"Just happy."
രാത്രിയിൽ എല്ലാവരും ഉറങ്ങിയശേഷം അനൂപ് ഒറ്റയ്ക്ക് പുറത്തിരുന്നു.
ആകാശത്ത് നക്ഷത്രങ്ങൾ. ഫോണിൽ അമ്മയുടെ ചിത്രം.
മുറ്റത്ത് ഉണങ്ങിത്തുടങ്ങിയ പൂക്കളം.അവൻ വിചാരിച്ചു. ഓണം മാറിയിരിക്കുന്നു.കേരളവും മാറിയിരിക്കുന്നു.താനും മാറിയിരിക്കുന്നു.പക്ഷേ മാറാതെ കിടക്കുന്ന ചില കാര്യങ്ങളുണ്ട്. അമ്മയുടെ ശബ്ദം അച്ഛന്റെ കസേര.മുറ്റത്തെ മണ്ണ്. പൂക്കളുടെ മണം. വാഴയിലയിൽ വീഴുന്ന ചോറിന്റെ ചൂട്. കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വിരലുകളിൽ ഒട്ടുന്ന ജീവിതത്തിന്റെ തിരക്കിനടിയിൽ Mortgage-ന്റെ അടിയിൽ Meetings-ന്റെ ഇടയിൽ.Airport security-യുടെ മറുവശത്ത്. അമേരിക്കയുടെ തണുപ്പിൽ.അവൻ തന്നെ മറന്നുപോയ ഒരു കേരളത്തിൽ.
പായസത്തിന്റെ മധുരം. ഇവയൊക്കെ എവിടെയോ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു.
അടുത്ത ദിവസം രാവിലെ അനൂപ് അമ്മയ്ക്ക് ഒരു വിഡിയോ അയച്ചു.
മിര പൂക്കളം ഇടുന്നു.അവൻ സദ്യ വിളമ്പുന്നു.ഭാര്യ അടുക്കളയിൽ തിരക്കിലാണ്.വീട്ടിൽ ചിരി.
അമ്മ വീഡിയോ കണ്ടിട്ട് ഏറെ നേരം ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞു: "നിങ്ങളുടെ വിട്ടിലും ഓണം വന്നല്ലോ."
അനൂപ് ആകാശത്തേക്ക് നോക്കി.അതെ ഓണം വന്നിരുന്നു. കേരളത്തിൽ നിന്ന് വിമാനത്തിൽ കയറി വന്നതല്ല.ഓർമ്മകളുടെ ഇടവഴികളിലൂടെ. ഒരു പഴയ മണം പിടിച്ചുകൊണ്ട്.ഒരു അമ്മയുടെ ശബ്ദം ചുമന്നുകൊണ്ട്. ഒരു അച്ഛന്റെ അഭാവം താങ്ങിക്കൊണ്ട്.ഒരു മകളുടെ കൈയിൽ പൂവ് വെച്ചുകൊണ്ട്. ഓണം വന്നിരുന്നു.മാവേലി വന്നോ എന്നറിയില്ല. പക്ഷേ, ഏറെ വർഷങ്ങൾക്ക് ശേഷം, അനൂപ് തന്റെ ഉള്ളിലെ മാവേലിയെ കണ്ടെത്തിയിരുന്നു.അവിടെ ഇന്നും ഒരു രാജ്യമുണ്ടായിരുന്നു.ആരും അന്യരല്ലാത്ത ഒരു രാജ്യം. ആരും തിരക്കിലല്ലാത്ത ഒരു രാജ്യം.ഒരാൾ മറ്റൊരാളോട് ചോദിക്കുന്ന ഒരു രാജ്യം."ചോറെടുത്തോ?"
അത്ര മാത്രം.അതായിരുന്നു അവന്റെ നഷ്ടപ്പെട്ട കേരളം. അതായിരുന്നു അവന്റെ ഓണം.അവൻ കണ്ണുകളടച്ചു.ദൂരെയൊരിടത്ത്, കാലം മറന്നുപോയ ഒരു മുറ്റത്ത്. തുമ്പപ്പൂക്കൾ വീണ്ടും വിരിയുന്നതുപോലെ തോന്നി.
"മാവേലി നാടുവാണീടും കാലം.."
അവൻ പതുക്കെ ചിരിച്ചു.ചില പാട്ടുകൾ നമ്മൾ പാടുന്നതല്ല.ചില പാട്ടുകൾ നമ്മളെ തന്നെയാണ് പാടുന്നത്.
Audio version
https://youtu.be/T1MLe8fk13s?si=ePB5MlJ3B00d_yNW
Read More: https://www.emalayalee.com/writer/207