
ലൊസാഞ്ചലസ് ഒളിംപിക്‌സിനു പുറമെ പാരാലിംപിക്‌സിലേക്കുള്ള അകലവും രണ്ടു വര്‍ഷത്തില്‍ താഴെയായി. 'ഇനി രണ്ടു വര്‍ഷമില്ല' എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒളിംപിക്‌സ് 2028 ജൂലൈ 14 മുതല്‍ 30 വരെയാണ് പാരാലിംപിക്‌സ് ഓഗസ്റ്റ് 15 മുതല്‍ 27 വരെ. മൂന്നാം തവണയാണ് ലൊസാഞ്ചലസ് ഒളിംപിക്‌സ് വേദിയാകുന്നത്. നേരത്തെ 1932ലും 1984 ലും `ഒളിംപിക്‌സ് ഇവിടെ നടന്നു.
സോവിയറ്റ് ചേരിയുടെ ബഹിഷ്‌കരണം മൂലം 1984 ലെ ഒളിംപിക്‌സിന് നിറം മങ്ങിയിരുന്നു. ഇത്തവണ അങ്ങനെയല്ല. റഷ്യയ്‌ക്കെതിരായ ഐ.ഓ.സി. ഉപരോധം നീങ്ങിക്കഴിഞ്ഞു. ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും ഒളിംപിക്‌സില്‍ അരങ്ങേറും. ക്രിക്കറ്റ് ട്വന്റി 20 മാതൃകയില്‍ മടങ്ങിയെത്തും. കാട്ടു തീയും മറ്റും ഉയര്‍ത്തിയ ഭീഷണികളെല്ലാം അതിജീവിച്ച് ഒരുക്കങ്ങള്‍ മുന്നേറുകയാണ്.
ഒളിംപിക്‌സ് ടിക്കറ്റ് നിരക്ക് ലോകകപ്പ് ഫുട്‌ബോള്‍ പോലെ ഉയരെയാണ്. പക്ഷേ ഉദ്ഘാടനം, ബാസ്‌ക്കറ്റ്‌ബോള്‍, ക്‌ളൈബിങ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ഗോള്‍ഫ്, റഗ്ബി സെവന്‍സ്, നീന്തല്‍, ടെന്നിസ് എന്നിവ കാണാനാണ് താല്‍പര്യക്കാര്‍ ഏറെയെന്നാണു സൂചന. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് 15,000 ഡോളര്‍ ആണ് ടിക്കറ്റ്. ഗോള്‍ഫ്(850 ഡോളര്‍), ഫ്‌ളാഗ് ഫുട്‌ബോള്‍(1250 ഡോളര്‍), ബീച്ച് വോളിബോള്‍(625 ഡോളര്‍), ഡൈവിങ്(850 ഡോളര്‍), ക്‌ളൈബിങ്(500), നീന്തല്‍(1050), ഇക്വസ്ടിയന്‍(1750) എന്നിങ്ങനെയാണഅ പ്രാഥമിക റൗണ്ടുകളിലെ ടിക്കറ്റ് നിരക്ക്. ബാസ്‌ക്കറ്റ് ബോള്‍ സെമിയുടെ ടിക്കറ്റ് ചാര്‍ജ് 1950 ഡോളര്‍ ആണ്.
പാരാലിംപിക്‌സ് ടിക്കറ്റ് 2027ലെ വില്‍പനയ്ക്ക് എത്തുകയുള്ളൂ. വോളന്റിയര്‍ ആകാന്‍ അവസരം തുറന്നിട്ടുണ്ട്. ചരിത്രത്തിലേക്കും വലിയ പാരാലിംപിക്‌സ് ആയിരിക്കും ലൊസാഞ്ചലസിലേതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 23 സ്‌പോര്‍ടിസില്‍ 4480 അത്‌ലിറ്റുകള്‍ മത്സരിക്കും. കഴിഞ്ഞ ഏതാനും പതിപ്പുകളിലായി ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും പാരാലിംപിക്‌സിന് വലിയ പ്രാധാന്യം നല്‍കുന്നു. ഗ്രീഷ്മകാല ഒളിംപിക്‌സിലെ പ്രകടനത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യ പാരാലിംപിക്‌സില്‍ കാഴ്ചവയ്ക്കുന്നത്. ടോക്കിയോയിലും പാരിസിലും ഇന്ത്യ വലിയ കുതിപ്പ് നടത്തി. ലൊസാഞ്ചലസില്‍ കുതിപ്പ് തുടരാനാണു സാധ്യത.
പുതിയ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കി, നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വേദികള്‍ സജീകരിക്കുന്നതാണഅ 2028 ലെ ഒളിംപിക്‌സിനായി ലൊസാഞ്ചലസ് സംഘാടക സമിതി കണ്ടെത്തിയ മാര്‍ഗം. 'നോ ബില്‍ഡ് ' എന്നാണ് മുദ്രാവാക്യം. കൂടുതലായി ഒരുക്കേണ്ട വേദികള്‍ താല്‍ക്കാലിക മായിരിക്കും. ചെലവുചുരുക്കി നിര്‍മ്മിച്ച്, ഗെയിംസിനു ശേഷം പൊളിച്ചുമാറ്റും. ഇന്ത്യയൊക്കെ കണ്ടു പഠിക്കേണ്ട മാതൃക. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍ ദേശീയ ഗെയിംസിന് വേദിയൊരുക്കുമ്പോഴും മാതൃകയാക്കാവുന്ന ശൈലി. നടത്തിപ്പ് ചെലവ് വര്‍ധിക്കുന്ന കാലഘട്ടത്തില്‍ ഏവരും ഈ ശൈലിയിലേക്കും മാറേണ്ടിവരും. ലൊസാഞ്ചലസില്‍ അതിനു തുടക്കമാകട്ടെ.