Image

സൈലന്റ്വാലിയില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

Published on 19 August, 2026
 സൈലന്റ്വാലിയില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

 

കൊച്ചി: സൈലന്റ്വാലി വനത്തിലെ കുന്തിപ്പുഴയില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ചേനയും ചേമ്പുമൊക്കെ ഉള്‍പ്പെടുന്ന 'അരീസി' കുടുംബത്തിലുള്‍പ്പെടുന്നതാണ് പുതിയ സസ്യം. തേവര സേക്രഡ്ഹാര്‍ട്ട് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന റിട്ട. പ്രഫസര്‍ ഡോ. വി.ജെ. ഡൊമിനിക്ക് നല്‍കിയിട്ടുള്ള ശാസ്ത്രസംഭാവനകളും പരിസ്ഥിതിസംരക്ഷണ മാതൃകകളും പരിഗണിച്ച് ആദരസൂചകമായി ലാഗനാന്ദ്ര ഡോമിനിസി എന്ന ശാസ്ത്രനാമം സസ്യത്തിനു നല്‍കി.

ഇതുകൂടാതെ കിണര്‍വാഴ, കരിമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസില്‍പ്പെടുന്ന ഒന്പതിനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ എല്ലാംതന്നെ ഔഷധഗുണമുള്ളവയും അലങ്കാരസസ്യമായി ഉപയോഗിക്കാന്‍ കഴിയുന്നവയുമാണ്. പൂങ്കുലയുടെ അഗ്രഭാഗത്തു നീളമുള്ള വാലില്ല എന്നതും കോണാകൃതിയിലുള്ള ഗന്ധവാഹിനികളും ഈ പുതിയ സസ്യത്തെ മറ്റിനങ്ങളില്‍നിന്നു വേറിട്ടതാക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, കല്‍പ്പറ്റയിലെ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടഷനിലെ സലീം പിച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിനു പിന്നില്‍.

സ്പീഷിസ് എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ കണ്ടെത്തല്‍ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടത്തിയ കേരളത്തിലെ കിഴങ്ങുവര്‍ഗ സസ്യങ്ങളുടെ രേഖപ്പെടുത്തല്‍ എന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തല്‍. ജലശുദ്ധീകരണത്തിലും അക്വേറിയം ചിട്ടപ്പെടുത്തുന്നതിലുമടക്കം ലാഗനാന്ദ്ര സസ്യങ്ങളെ ഉപയോഗിക്കാനാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക