
ആ നനവാർന്ന വഴികളിലെ
പൊഴിഞ്ഞുവീണ പൂവുകൾ
പണ്ടൊരിക്കൽ പ്രണയത്തിന്റെ സാക്ഷികളായിരുന്നു.
ഇരുണ്ട രാത്രിയായ് ഇരച്ചുവന്ന
പകലിലെ മഴവെള്ളത്തുള്ളികളിൽ
നനഞ്ഞൊട്ടി നിന്നതും
ആ തുള്ളികളുടെ അനുഭൂതിയാൽ
പ്രേമത്തിന്റെ ആദ്യ തീക്കനൽ പൊള്ളലേറ്റതും
ആ വഴികളിലായിരുന്നു.
സമയസൂചികളെ താലോലിച്ച്
കാത്തുനിന്നതും
ഇണങ്ങിയതും പിണങ്ങിയതും
കൊഞ്ചിയതും പരിഭവിച്ചതും
നേരംകൊല്ലിയാക്കി
പ്രണയത്തിന്റെ ചില്ലകൾ ഓരോന്നായ്
അടർത്തിയെറിഞ്ഞ് പോയതും
മിന്നലേറ്റ് മിഴിക്കോണുകളിലെ
സ്വപ്നവർണ്ണങ്ങൾ തുന്നിയ മഴവില്ലുടഞ്ഞ്
എൻ മനമിടറിയതും
ആ വഴികളിലായിരുന്നു.
അന്നാ ഭൂവിലേക്ക് അടക്കം ചെയ്ത
കണ്ണീരുകളുടെ കല്ലറകൾ
ഇന്നും ഓരോ മഴ വരുന്ന നേരവും
പ്രണയക്കാലത്തിൻ ഞരമ്പുകളെ
ഉമ്മവയ്ക്കുന്നു.
വീണ്ടും വീണ്ടും പുതിയ പൂവുകൾ
ആ വഴികളിൽ സാക്ഷികളായ്
വിടരുന്നൂ..!