
ഭൂപടങ്ങളിൽ
ഒരിക്കലും
നിഴൽ
വീഴുന്നില്ല
മരങ്ങളും
ചെടികളുമില്ല
മലകളും നദികളും
വരകളാകുന്നു
നഗരങ്ങളും ജനവാസമേഖലകളും ഹരിത വനങ്ങളും
പുൽമേടുകളും
മരുഭൂമികളും
കടലുകളും
വർണങ്ങളിലെ
നേരിയ
വ്യത്യാസം
മാത്രമാകുന്നു
ഭൂപടങ്ങളിൽ മഴ പെയ്യുന്നില്ല
വരൾച്ചയും വറുതിയുമില്ല
ഭൂപടങ്ങളിൽ മഞ്ഞുവീഴുന്നില്ല
പ്രളയവും ഉരുൾ പൊട്ടലുമില്ല
ഭൂപടങ്ങളിലെ
നിയന്ത്രണ രേഖകളിൽ ആയുധങ്ങളുടെ
അട്ടഹാസമില്ല
മരിച്ചു വീഴുന്ന മനുഷ്യരുടെ
രോദനമില്ല ഭൂപടങ്ങളിൽ
സന്തോഷങ്ങളും
സങ്കടങ്ങളും
നെടുവീർപ്പുകളും
പ്രതിഷേധങ്ങളുമില്ല
ഭൂപടങ്ങളിൽ
തെരുവുകളിൽ പടർന്ന
രക്തപ്പുഴകളില്ല
സമുദ്രങ്ങളിൽ നിന്ന്
വീശിയെത്തുന്ന
കൊടുങ്കാറ്റുകളില്ല
ഭൂപടങ്ങളിൽ
നിഴൽ
വീഴുന്നില്ല