
ഡാലസ് : 2016 നു ശേഷം നടത്തുന്ന തങ്ങളുടെ ഏറ്റവും വലിയ കൺവെൻഷൻ ഡാലസിൽ സെപ്റ്റംബർ 9, 10 തീയതികളിൽ അരങ്ങേറുമെന്നു റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി വക്താവ് സാക് ക്രാഫ്റ്റ് അറിയിച്ചു. ഡാളസിലെ അമേരിക്കൻ എയർലൈൻസ് സെന്ററിൽ വെച്ചായിരിക്കും കൺവെൻഷൻ നടക്കുക. കൺവെൻഷൻ തീയതികളും മറ്റു വിവരങ്ങളും യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രാമ്പാണ് ആദ്യം നൽകിയത്. ട്രംപ് തന്നെ ആയിരിക്കും മുഖ്യാതിഥി.
1984 ൽ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് നോമിനികളായി യഥാക്രമം റൊണാൾഡ് റീഗനെയും ജോർജ് എച് ഡബ്ലിയു ബുഷിനേയും ഈ സമ്മേളനത്തിൽ വച്ചാണ് പ്രഖ്യാപിച്ചത്. പിന്നീടുള്ള വർഷങ്ങളാണ് ഡാലസിന്റെയും നോർത്ത് ടെക്സസിന്റെയും വളരെ വേഗത്തിലുള്ള വളർച്ച കണ്ടതും ഡാലസിന് ചുറ്റും പല പുതിയ നഗരങ്ങളും വളരുന്നതും കണ്ടത്. ഏതാണ്ട് രണ്ട് ഡിസണിലധികം നഗരങ്ങളിൽ മനുഷ്യ വാസത്തിനു ആവശ്യമായ ഏതാണ്ട് എല്ലാം എത്തിയപ്പോൾ ജനസംഖ്യ വളരെ വേഗം വർധിച്ചു. ഡാളസ് നഗരത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കാര്യമായ വളർച്ച ഉണ്ടാക്കുവാൻ കഴിഞ്ഞില്ലെങ്കിലും ചുറ്റു പാടും ജി ഓ പി പടർന്നു കയറി. എന്നാൽ നാല് പതിറ്റാണ്ടിനിടയിൽ എതിരാളി ഡെമോക്രറ്റിക് പാർട്ടിക്ക് നോർത്ത് ടെക്‌സാസിൽ മുന്നേറ്റം നടത്തുവാൻ കഴിഞ്ഞിട്ടില്ലെന്ന് തുടർന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളും സെനറ്റ്, കോൺഗ്രസ് മത്സരങ്ങളും തെളിയിച്ചു. ടെക്‌സാസിൽ ഓരോ തിരഞ്ഞെടുപ്പു നടക്കുമ്പോഴും ഡെമോക്രറ്റിക് പാർട്ടി അടിയൊഴുക്കുകളിലൂടെ മുന്നിലെത്തും എന്ന് വലിയ പ്രചാരണവും അവകാശവാദങ്ങളും നടത്താറുണ്ടെങ്കിലും ഫലങ്ങൾ നേരെ വിപരീതമായാണ് കണ്ടത്. ഇത്തവണയും ഡെമോക്രറ്റിക് പാർട്ടി വലിയ പ്രതീക്ഷയിലാണ്. സെനറ്റിലേക്കു മത്സരിക്കുന്ന അവരുടെ സ്ഥാനാർഥി ജെയിംസ് തലറിക്കൊ ധന ശേഖരണത്തിൽ നടത്തിയ വലിയ മുന്നേറ്റം അവരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ്.
യു എസ് പ്രസിഡണ്ട് ട്രംപിന് പ്രത്യേക താല്പര്യം ഈ കൺവെൻഷനിൽ ഉണ്ടെന്നു വ്യക്തമാണ്. എന്നാൽ സെനറ്റിലും കോൺഗ്രസിലും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള അപ്രമാദിത്വം ഈ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന ചിന്ത പാർട്ടി പ്രവർത്തകക്കിടയിൽ ആശങ്ക ഉയർത്തുന്നു.
രണ്ടു വർഷം മുൻപ് മിൽവാക്കിയിൽ നടന്ന കൺവെൻഷനേക്കാൾ വലുതായിരിക്കും ഈ കൺവെൻഷൻ എന്ന് ക്രാഫ്റ്റ് പറഞ്ഞു. 'കൺവെൻഷന്റെ നടത്തിപ്പിനെ കുറിച്ച് പാർട്ടിയുടെ താഴെക്കിടയിൽ മുതൽ ഞങ്ങൾ കാണുന്ന താത്പര്യം ഞങ്ങൾക്ക് നൽകുന്ന ആത്മ വിശ്വാസം ഇതാണ് പറയുന്നത്', എന്നും തുടർന്ന് പറഞ്ഞു.
നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽവലിയ ഭീഷണികൾ റിപ്പബ്ലിക്കൻ പാർട്ടി നേരിടുന്നു. എലക്ഷനു എൺപതു ദിവസം മാത്രം ശേഷിക്കെ പാർട്ടിയുടെ സെനറ്റ്, കോൺഗ്രസ് ഭൂരിപക്ഷം വലിയ വെല്ലു വിളി നേരിടുന്നു. ടെക്സസിൽ സ്റ്റേറ്റ് കോൺഗ്രസ്- മാൻ ജെയിംസ് തലറിക്കോ അറ്റോർണി ജനറൽ കെൻ പാക്സ്റ്റന് നേരെ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. എതിരാളിയെ കാൾ പല ഇരട്ടി ധനശേഖരണം നടത്തുവാൻ തലറിക്കോക്ക് കഴിഞ്ഞു. പാക്സ്റ്റണിന്റെ പേര് ടെക്‌സാസ്‌കർക്കു സുപരിചിതമാണ്. എങ്കിലും മത്സരം പ്രവചനാതീതമാണ്. ഡാലസ് ഡൗൺടൗണിൽ ആരംഭിച്ച വ്യവസായ പ്രമുഖരുടെ ശക്തി ഇന്ന് നഗര പ്രാന്തങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ടെക്‌സാസിലെ വ്യവസായ പ്രമുഖർ ആരെ പിന്തുണക്കും, ഈ പിന്തുണ വോട്ടാക്കി മാറ്റുവാൻ ആർക്കു കഴിയും എന്ന് പ്രവചിക്കുവാനാകില്ല.
മറ്റൊരു ഘടകം ന്യൂന പക്ഷ സമൂഹങ്ങൾ ആർക്കു വോട്ടു ചെയ്യും എന്നതാണ്. പരമ്പരാഗതമായി ഡെമോക്രറ്റിക് പാർട്ടിക്ക് വോട്ടു ചെയ്തിരുന്ന രണ്ടാമത്തെ പ്രധാന ന്യൂനപക്ഷം (18%) ആയ കറുത്ത വർഗക്കാർ ഇപ്രാവശ്യവും മറിച്ചു ചിന്തിക്കുവാൻ സാധ്യത ഇല്ല. പ്രധാന ന്യൂന പക്ഷമായ ഹിസ്പാനിക് വർഗക്കാരിൽ (22%) ഭൂരിപക്ഷവും കഴിഞ്ഞ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ മാറി ചിന്തിച്ചു ട്രംപിന് വോട്ടു ചെയ്തു എന്നാണ് കരുതുന്നത്. ഇത്തവണയും അവരിൽ നല്ലൊരു ശതമാനം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുമെന്ന് കരുതുന്നു. 2 % മുതൽ 4 % വരെ വോട്ട് ഉള്ള ഇന്ത്യൻ വംശജർ ഏറെ വർഷങ്ങളായി ഡെമോക്രറ്റിക് പാർട്ടിക്കാണ് വോട്ടു ചെയ്തിരുന്നത്. ഇവർ പ്രത്യക്ഷമായി സജീവമല്ലാത്തതിനാൽ ഇത് വരെ പ്രധാന രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഇവരെ കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇവരിൽ ഏറെ പേർ ട്രംപിന് വോട്ടു ചെയ്തതായി കരുതുന്നു . അന്ന് ഇന്ത്യൻ (കേരള വംശജൻ ) ജോർജ് എബ്രഹാം ആയിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ. ഇപ്പോൾ ഡി രിണ്ട രണ്ടാൽ ആണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സസിന്റെ ചെയർമാൻ (വുമൺ ). ഹിസ്പാനിക്, കറുത്ത, ഇന്ത്യൻ വംശജരുടെ പിന്തുണ ജി ഓ പിക്ക് നില നിൽക്കുന്നുണ്ടോ എന്നറിയാൻ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വരെ കാക്കണം.

(ഏബ്രഹാം തോമസ്)