
കോട്ടയം: FCRA (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ അതിന്റെ പേരില്‍ ഏറ്റവും അധികം പ്രതിസന്ധിയിലാകുന്നത് സദ്ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും സന്നദ്ധ സംഘടനകളും . വിദേശത്തുള്ള സുമനസ്സുകള്‍ മാസംതോറും അയച്ചുനല്‍കുന്ന ചെറിയ സംഭാവന കൊണ്ട് വീടുകളുടെ നിര്‍മ്മാണവും വിദ്യാഭ്യാസവും ചികിത്സയും എന്തിനേറെ രണ്ട് നേരം ഭക്ഷണം കഴിക്കുന്നതുമായ കോടിക്കണക്കിന് ആളുകളാണ് ഈ രാജ്യത്തുള്ളത്. അവരുടെ എല്ലാം പാത്രത്തില്‍ മണ്ണ് വീഴുന്ന ഇരുട്ടടിയാണ് എഫ്സിആര്‍എയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍തുകയില്‍ നിയന്ത്രണം വരുന്നതില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോള്‍, അന്നംമുടങ്ങുന്ന പട്ടിണിപ്പാവങ്ങളുടെ അവസ്ഥ ആരും വെളിച്ചത്തുകൊണ്ടുവരുന്നില്ല. അല്ലെങ്കില്‍ നേതാക്കള്‍ക്ക് അതിനുള്ള താല്‍പര്യം ഇല്ല എന്നതാണ് വാസ്തവം.
നിയമ ഭേദഗതി ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ ബാങ്ക് ഇടപാടുകളില്‍ അത് പ്രതിഫലിച്ചുകഴിഞ്ഞുവെന്ന സൂചനയാണ് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. എല്ലാ നിയമങ്ങളും പാലിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഇതിനകം തന്നെ ബുദ്ധിമുട്ട് നേരിടുകയാണ്. വിദേശ പാസ്പോര്‍ട്ട് ഉള്ള ഒരു വ്യക്തിക്ക് പതിനായിരം രൂപ പോലും ഈ സംഘടനകളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതില്‍ ഇപ്പോള്‍ നിയന്ത്രണമാണ്.
പ്രതിപക്ഷ പാര്‍ട്ടികളും മതനേതാക്കളും FCRA വിഷയത്തില്‍ എതിര്‍ക്കുന്ന പ്രധാന കാര്യം ഒന്നുതന്നെയാണ്. വിദേശ സംഭാവന സ്വീകരിക്കുന്ന ട്രസ്റ്റുകളോ സ്ഥാപനങ്ങളോ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ആ പണം വിനിയോഗിച്ചാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആസ്തികളും സമ്പത്തും പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് ലഭിക്കുന്ന അധികാരമാണ് അവരെ ഭയപ്പെടുത്തുന്നത്. അതായത്, ചാരിറ്റിയുടെയും വിശ്വാസത്തിന്റെയും പേരില്‍ വിദേശത്തുനിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് സൃഷ്ടിക്കുന്ന ആസ്തിയും സമ്പത്തുമാണ് എല്ലാവരുടെയും പ്രധാന ആശങ്ക.
എന്നാല്‍ അതേസമയം, സമൂഹത്തിന്റെ താഴെത്തട്ടില്‍ നടക്കുന്ന യഥാര്‍ത്ഥ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് FCRA വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരും വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല. ഒരുപക്ഷേ, അവിടെ ആസ്തിയും സമ്പത്തും ഇല്ലാത്തതുകൊണ്ടാവാം
കേരളത്തിലെ അനേകം ചെറുകിട ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും NPO-കളുടെയും പ്രവര്‍ത്തനങ്ങളുടെ പ്രധാന ആശ്രയം പ്രവാസി മലയാളികളുടെ ചെറിയ സംഭാവനകളാണ്. ഭവനരഹിതര്‍ക്ക് കൈത്താങ്ങാകുന്ന ചെറിയ വീടുകള്‍ നിര്‍മ്മിക്കുക, വിദ്യാഭ്യാസ സഹായം നല്‍കുക, ചികിത്സാ സഹായം നല്‍കുക, വയോജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ അടിസ്ഥാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സംഭാവനകളിലൂടെയാണ് മുന്നോട്ടുപോകുന്നത്.
എന്നാല്‍ അടുത്തകാലത്ത് പ്രവാസികള്‍ അവരുടെ NRE/NRO അക്കൗണ്ടുകളില്‍നിന്ന് NPO-കളിലേക്ക് അയക്കുന്ന ചെറിയ സംഭാവനകള്‍ പോലും ബാങ്കുകളുടെ compliance സംവിധാനങ്ങളില്‍ red flag ചെയ്യപ്പെടുകയും, പണം credit ചെയ്യുന്നതില്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. അതിന് കാരണമായി പറയുന്നത്, NRE/NRO അക്കൗണ്ടുകളിലെ പണം പ്രവാസികള്‍ വിദേശത്തു സമ്പാദിക്കുന്നതിനാല്‍ അത് FCRA-യുടെ പരിധിയില്‍പെടുന്ന Foreign Contribution ആകുമെന്നാണ്.
എന്നാല്‍ FCRA നിയമപ്രകാരം, പ്രവാസിയായ ഇന്ത്യന്‍ പൗരന്‍ (Indian Passport Holder) തന്റെ NRE/NRO അക്കൗണ്ടില്‍നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന സ്വന്തം പണം Foreign Contribution ആയി കണക്കാക്കപ്പെടുന്നില്ല. അങ്ങനെയെങ്കില്‍, ഇത്തരം ഇടപാടുകള്‍ എന്തുകൊണ്ടാണ് ചില NPO അക്കൗണ്ടുകളില്‍ ബാങ്കുകളുടെ compliance സംവിധാനങ്ങള്‍ red flag ചെയ്യുന്നത്? ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ചെറിയ സംഭാവനകള്‍ക്ക് പോലും പിടിവീണു കഴിഞ്ഞു. ഇതില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഇത്തരക്കാരുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനോ ആരുമില്ല എന്നതുതന്നെയാണ് ഇവിടെ പ്രധാന പ്രശ്നം.
ഇതിന്റെ ഫലമായി, നിയമാനുസൃതമായ ഒരു ചെറിയ സംഭാവന പോലും ലഭ്യമാക്കാന്‍ NPO-കള്‍ ബാങ്കുകളില്‍ വിശദീകരണങ്ങളും donor declaration-നുകളും പാസ്‌പോര്‍ട്ട് രേഖകളും മറ്റ് supporting documents-കളും സമര്‍പ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.
മറുവശത്ത്, OCI Card Holders, PIOs, Foreign Passport Holders തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികളില്‍നിന്നുള്ള സംഭാവനകള്‍ FCRA-യുടെ പരിധിയില്‍ പെടുന്നു. അതിനാല്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ NPO-കള്‍ക്ക് FCRA registration ഉള്‍പ്പെടെ കൂടുതല്‍ compliance ആവശ്യമായി വരുന്നു.
അതേസമയം, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവാസികളില്‍നിന്നുള്ള ഒരുവിധം എല്ലാ ചെറിയ remittance-കള്‍ക്കും മേല്‍പ്പറഞ്ഞ restrictions ഒന്നും ഇല്ലതാനും! ഒരു വ്യക്തിക്ക് സ്വന്തം നാട്ടിലെ ഒരാളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പണം അയക്കുന്നത് നിയമാനുസൃതമാണെങ്കില്‍, അതേ വ്യക്തിക്ക് സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ NPO വഴി കൂടുതല്‍ വിശ്വാസ്യതയോടെയും ഉത്തരവാദിത്വത്തോടെയും അതേ സഹായം ചെയ്യുന്നതിന് എന്തുകൊണ്ട് അനാവശ്യമായ തടസ്സങ്ങള്‍ ഉണ്ടാകണം?
ശതകോടികളുടെ ഇടപാടുകളും ദുരുപയോഗവും നടത്തുന്ന വന്‍കിട NPO-കളെയും, രാജ്യസുരക്ഷയ്ക്കും സാമ്പത്തിക സുതാര്യതയ്ക്കും ഭീഷണിയാകാവുന്ന സംഘടനകളെയും, ദുരുപയോഗ സാധ്യതയുള്ള സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിന് ശക്തമായ FCRA നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്.
അതേ അളവുകോല്‍ ഉപയോഗിച്ച്, സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട NPO-കളെയും (ഉദാ: ഒരു കുടുംബത്തിന് ഒരു വീട്, ഒരു കുട്ടിക്ക് വിദ്യാഭ്യാസം, ഒരു രോഗിക്ക് ചികിത്സ, ഒരു വയോധികന് സംരക്ഷണം എന്നിങ്ങനെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍) കാണുന്നത് നീതിയുക്തമാണോ എന്ന ചോദ്യമാണ് പ്രസക്തം. FCRA നിയന്ത്രണങ്ങള്‍ വേണമോ വേണ്ടയോ എന്നതല്ല, നിയന്ത്രണം എവിടെ അവസാനിക്കണം, മനുഷ്യസേവനം എവിടെ തുടങ്ങണം എന്നതാണ് യഥാര്‍ത്ഥ ചോദ്യം.
പ്രവാസിയായ ഒരു ഇന്ത്യന്‍ പൗരന്‍ സ്വന്തം നാട്ടിലെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെറിയൊരു തുക നല്‍കുമ്പോള്‍, ആ സംഭാവന നിയമപരമായി സ്വീകരിക്കാനും ഉപയോഗിക്കാനും കഴിയുന്ന വ്യക്തവും ലളിതവുമായ സംവിധാനമാണ് വേണ്ടത്.അനാവശ്യമായ നിയമഭീതിയും ബാങ്കിംഗ് തടസ്സങ്ങളും അല്ല പ്രയോഗികം. ചെറിയ സംഭാവനകളെയും വലിയ സാമ്പത്തിക ഇടപാടുകളെയും ഒരേ കണ്ണിലൂടെ കാണരുത്.
സുതാര്യമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക NPO-കള്‍ക്ക് risk-based, proportionate compliance സംവിധാനമാണ് വേണ്ടത്. ഒരു വലിയ സ്ഥാപനം നിയമം ലംഘിച്ചാല്‍ പിടിച്ചെടുക്കാന്‍ ആസ്തിയുണ്ടാകും. എന്നാല്‍, ഒരു ചെറിയ ചാരിറ്റി തടസ്സപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് ഒരു മനുഷ്യന്റെ ചികിത്സയും, ഒരു കുടുംബത്തിന്റെ വീടും, ഒരു കുട്ടിയുടെ പഠനവുമാകാം.
അതുകൊണ്ട് പ്രാദേശികമായി സുതാര്യതയോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ചാരിറ്റബിള്‍ ട്രസ്റ്റുകളെ അനുഭാവപൂര്‍വ്വം കാണുവാന്‍ ഭരണകൂടത്തിനു കഴിയണം.
വ്യക്തിഗത അക്കൗണ്ട് ഉടമയ്ക്ക് 10 ലക്ഷം രൂപ വരെ വിദേശഫണ്ട് സ്വീകരിക്കാന്‍ കഴിയുമെന്നിരിക്കേയാണ് ചെറുകിട സന്നദ്ധ സംഘടനകളോട് ഈ അനീതി. വ്യക്തികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സമാനമായി, നിയമപരമായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, NRI, OCI, PIO, Foreign Passport Holders തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികളില്‍നിന്നുള്ള ചെറിയ സംഭാവനകള്‍ സ്വീകരിക്കുന്നതിന് ചെറുകിട NPO-കള്‍ക്ക് വ്യക്തമായതും ലളിതവുമായ compliance സംവിധാനം ഒരുക്കണം.
FCRA-യുടെ ലക്ഷ്യം സാമ്പത്തിക ദുരുപയോഗം തടയുന്നതായിരിക്കണം. അല്ലാതെ, ജീവകാരുണ്യത്തെ തടയുന്നതല്ല. മനുഷ്യസ്‌നേഹത്തെ ഹനിക്കുന്നതല്ല. അടിസ്ഥാന ആവശ്യങ്ങളെ നിഷേധിക്കുന്നതല്ല. ഇപ്പോഴത്തെ വ്യവസ്ഥകള്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് സമാനമാണ്. തുരപ്പന്‍മാര്‍ അതിന് ഭക്ഷണം കിട്ടുന്ന വേറെ ഇടം തേടി പോകും. എന്നാല്‍, സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ജീവകാരുണ്യ സംഘടനകളായിരിക്കും കത്തിയമരാന്‍ പോകുന്നത്.
ബീന സെബാസ്റ്റിയന്‍