Image

ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ (കഥ) ബിജോ ജോസ് ചെമ്മാന്ത്ര (പുസ്തക പരിചയം - 24:ബാജി ഓടംവേലി, ഡാലസ്)

Published on 19 August, 2026
ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ (കഥ) ബിജോ ജോസ് ചെമ്മാന്ത്ര (പുസ്തക പരിചയം - 24:ബാജി ഓടംവേലി, ഡാലസ്)

ഓരോ ജീവിതവും ഒരു കാലത്തിനപ്പുറത്തേക്ക് വെറും കഥകൾ മാത്രമാണ്. പുഞ്ചിരിയും തേങ്ങലും മൗനവും വിസ്മയവുമൊക്കെ കൂടിച്ചേരുന്ന വിചിത്രമായ കഥകൾ. നമ്മുടെ ജീവിതവും ഒട്ടും വ്യത്യസ്ഥമല്ല, അതിനാൽ കാമ്പുള്ള കഥകളാകാൻ ഇന്നേ ശ്രമിക്കുക.  

നാടും നാട്ടുകാരും മാത്രമല്ല, പ്രകൃതിയും ജീവജാലങ്ങളും ഒക്കെ അടങ്ങുന്നതാണ് ബിജോയുടെ കഥാലോകം. പ്രകൃതിയുമായുള്ള ആത്മസംവാദങ്ങൾ രചനയ്‌ക്ക് മിഴിവേകുന്നു. കഥകളൊക്കെ സമകാലിക മലയാളകഥയുടെ നവീനഭാവുകത്വം അണിഞ്ഞവയാണ്. 

'മഞ്ഞൊഴിയാത്ത വീട്' എന്ന കഥ ദുരൂഹതയേയും അപസർപ്പകതയേയും ഓർമ്മപ്പെടുത്തുന്നതാണ്. 'മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു' എന്നു തുടങ്ങുന്ന കഥയുടെ ആദ്യവാചകം മുതൽ അവസാന വാചകംവരെ കഥയിലുടനീളം മഞ്ഞുകൊണ്ട് നിറഞ്ഞിരിക്കുന്നു. ആഖ്യാനത്തിലുടനീളം ഇത്രയധികം മഞ്ഞുപയോഗിച്ചിട്ടുള്ള മറ്റൊരു കഥയുണ്ടോ എന്ന് സംശയമാണ്. ആകാംഷയോടെ വായിച്ചു മുന്നേറുന്ന ഈ കഥ മഞ്ഞും മഞ്ഞിൻ്റെ പര്യായങ്ങളും വകഭേദങ്ങളും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. 
ന്യുയോർക്കിൽ നിന്നും ഒരു ചെറിയ ടൗണിലേക്ക് താമസം മാറിയ ഇന്ത്യക്കാരായ കഥാനായകനും നായികയും മാത്രമുള്ള ഒരു വീട്ടിലേക്ക് പാട്രിക്ക് എന്ന അറുപത്തിയഞ്ചുകാരൻ വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ആ വെള്ളക്കാരൻ മുൻപ് ആ വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു എന്ന് അവകാശപ്പെടുന്നുണ്ട്. അയാളുടെ അഭിപ്രായത്തിൽ മനോനില നഷ്ടപ്പെട്ട പങ്കാളിയുടെ കൂടെയുള്ള ജീവിതമാണ് എറ്റവും ദുസ്സഹമായ ജീവിതം. വന്നതും നിന്നതുമായ കഥാപാത്രങ്ങളൊക്കെ മനോനിലയുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നത് ആകാംഷയോടെയെ വായിക്കാനാവൂ. 
'ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ' എന്ന കഥയുടെ സന്ദർഭം 1932 മുതൽ 1972 വരെ അമേരിക്കയിലെ അലബാമയിൽ മനുഷ്യരുടെമേൽ അവരറിയാതെ നടത്തിയ പരീക്ഷണങ്ങളാണ്. അധാർമ്മികത വിളിച്ചോതുന്ന ക്രൂരമായ ജനവഞ്ചനയായിരുന്നു ടസ്‌കീജി സിഫിലസ് എന്ന ഈ പഠനങ്ങൾ. സിഫിലസ് രോഗമുള്ള ആഫ്രോ-അമേരിക്കക്കാരായ പാവപ്പെട്ട 399 കർഷകരെ, രോഗത്തിന് ഫലപ്രദമായ മരുന്നായ പെൻസിലിൻ കണ്ടുപിടിച്ചിട്ടും അത് നൽകാതെ, രോഗം ശരീരത്തിൽ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് രഹസ്യമായി നിരീക്ഷിക്കുകയാണ് അധികൃതർ ചെയ്തത്. ഈ കൊടിയ അപരാധം ചരിത്രത്തിൽ എന്നുമൊരു മായിക്കാനാവാത്ത കറുത്ത പാടാണ്. സമസൃഷ്ടങ്ങളെ വെറും ഗിനിപ്പന്നികളാക്കി ഹോമിച്ച ഈ പരീക്ഷണത്തിൻ്റെ സർഗ്ഗാത്മക ആവിഷ്‌കാരമാണ് ഈ കഥ. 
വിവാഹേതര ലൈഗികതയ്‌ക്കായുള്ള ആൺ/പെൺ ആകർഷണം എത്രയോ കഥകളുടെ തന്തുവായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നവീനത പകർത്തുന്ന ആഖ്യാനരീതിയിലൂടെ 'പാപം ചെയ്യാത്തവർ' എന്ന കഥ നവ്യാനുഭൂതി സൃഷ്ടിക്കുന്നു. ഓരോ കഥാകൃത്തും ഇത്തരം കഥാ സന്ദർഭങ്ങളിൽ സ്വന്തം വ്യക്തിത്വം കൂടി കലർത്തി നവീനത സൃഷ്ടിക്കുമ്പോഴാണ് വ്യത്യസ്ഥമായ ഭാവുകത്വം ഉരുത്തിരിയുന്നത്. ആഗ്രഹപൂർത്തീകരണത്തിനായ് വന്ന യുവാവ് ആരാണെന്ന് അറിയുമ്പോഴുണ്ടാകുന്ന ഞെട്ടൽ വായന കഴിഞ്ഞാലും നമ്മെ പിന്തുടരും. 

മനുഷ്യനും മൃഗവുമായുള്ള സമാനതകളിലേക്കാണ് 'വേട്ടയ്‌ക്കിറങ്ങിയ മാനുകൾ' നീങ്ങുന്നത്. മൃഗങ്ങൾ മനുഷ്യരിൽ നിന്നും എത്രത്തോളം അകന്നു പോകുന്നുവെന്ന ചിന്ത ഒരു ഭാഗത്തും മൃഗവുമായി ആത്മീകരിക്കാനുള്ള മനുഷ്യവാസന മറ്റൊരുഭാഗത്തും കാണുന്നു. ഇവയ്‌ക്ക് ഇടയിലൂടെയുള്ള ആഖ്യാനം സങ്കീർണ്ണവും വശ്യവുമാണ്. 

'തിമിരക്കണ്ണിലെ ദൂരക്കാഴ്ചകൾ' എന്ന കഥ മുപ്പത്തിനാല് വർഷം കൂടെത്താമസിച്ച ഭാര്യയെ കാണാതാവുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. സാഹചര്യത്തെളിവുകളിൽ നിന്നും അവളെകാണാതായതല്ല അവൾ ഉറങ്ങിപ്പോയതാണെന്ന് മനസ്സിലാക്കാം. പൂച്ചകളുടെ നീക്കങ്ങൾ സൂക്ഷ്മമായി പിന്തുടരുന്ന കഥാപാത്രങ്ങളാണ് കഥയിലുള്ളത്. 'പൂച്ചകൾ ഉടമസ്ഥരെ അല്ല അത് ജീവിച്ചിരുന്ന സ്ഥലത്തെയാണ് സ്നേഹിക്കുക' എന്ന ഓർമ്മപ്പെടുത്തൽ കഥയിലുണ്ട്. കഥ മുന്നേറുമ്പോൾ പ്രധാന റോളിലേക്ക് പുച്ച വളരുന്നത് നമുക്ക് കാണാനാവും.

ഹാസ്യാത്മക സാമൂഹ്യവിമർശനം ഉൾക്കൊള്ളിച്ചു സറ്റയർ സമ്പ്രദായത്തിലെഴുതിയ 'വൈകിയെത്തിയ മഴ' ഇന്നത്തെ ജനാധിപത്യ സംവിധാനങ്ങളിൽ പടർന്നു കയറിയിരിക്കുന്ന മൂല്യച്യുതിയുടെ സാർവ്വദേശീയത വിളിച്ചറിയിക്കുന്നു. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുന്നു, പാർട്ടിയിൽ വേതനമില്ലാതെ ആത്മാർത്ഥമായി അകമഴിഞ്ഞ് ജോലി ചെയ്തിരുന്ന ഒരു കാലം ഓർമ്മയായതിൻ്റെ ഇരയാണ് കഥയിലെ കുമാരൻ എന്ന കഥാപാത്രം. രാഷ്ട്രീയ ജീർണ്ണതയിൽ നിന്ന് സ്വതന്ത്ര മനുഷ്യനായി കുമാരൻ മാറുന്നതിൻ്റെ കഥയാണിത്.

ചിത്രമെഴുത്തുകാരൻ്റെ ആത്മഹർഷങ്ങളെയും അന്തഃസംഘർഷങ്ങളേയും അനുരാഗങ്ങളിലൂടെ ചായം പൂശുന്ന കഥയാണ് 'പ്രണയവർണ്ണങ്ങൾ'. പ്രണയത്തിൻ്റെ നിറഭേദങ്ങളെ അയാൾക്ക് തിരിച്ചറിയാനാകുന്നില്ല. പ്രണയത്തിൻ്റെ ആഴങ്ങൾ തേടിയുള്ള പാലായനമാണ് അയാൾ ചിത്ര രചനയിലൂടെ തേടുന്നത്.

വഴിമാറിയ നിഴലുകൾ, കൊലുസ്സിട്ട പെൺകുട്ടി, കടത്ത്, തിരുശേഷിപ്പുകൾ, ഇലപൊഴിക്കാത്ത മരങ്ങൾ, തുടങ്ങിയ മറ്റു കഥകളും മനോഹരങ്ങളാണ്.

മഞ്ഞും മഴയും കാടും ഇലകളും മരങ്ങളും നിഴലുകളുമൊക്കെ ഇടകലരുന്ന ആഖ്യാനവൈവിധ്യം കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മഞ്ഞും മഴയും നിഴലുമൊക്കെ കഥാപാത്രങ്ങൾക്ക് സമാന്തരമായി സഞ്ചരിക്കുന്നു. കുതിരയും പശുവും മാനുകളും ഗിനിപ്പന്നികളും സാരമേയങ്ങളും (നായ) പൂച്ചകളും പറവകളും കഥയിലെ രൂപകങ്ങളാകുന്നു. അവകളിലൂടെ ഭൂമിയുടെ അവകാശികളെ വാർത്തെടുക്കുകയാണ്. 

ഈ കഥകൾ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണ്. തൻ്റെ കഥകളിൽ മനുഷ്യത്വത്തിൻ്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്‌ക്കുന്നു. ഈ കഥകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ആഖ്യാനശൈലിയും അതിനു കൊടുക്കുന്ന പരിചരണവും എത്രമനോഹരമാണ്. ഓരോ വാചകത്തിനുള്ളിലും ഓരോ ജീവിത ചിത്രങ്ങൾ ആവിഷ്ക്കരിക്കുന്ന രചനാരീതി തന്നെ വിസ്മയിപ്പിക്കുന്നു എന്നാണ് പെരുമ്പടവം ശ്രീധരൻ ഈ കഥകളേപ്പറ്റി പറഞ്ഞിരിക്കുന്നത്.
സൂക്ഷ്മമായ രചനാശില്പം, രൂപഭാവഭദ്രത, നവീനത ഇവയൊക്കെ കോർത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്‌ക്കരിച്ചപ്പോൾ തൻ്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളാക്കി വാർത്തെടുക്കാൻ കഥാകാരനു കഴിഞ്ഞിരിക്കുന്നു. സമകാലില ജീവിത സമസ്യകളോടുള്ള തൻ്റെ ധൈഷണീകമായ പ്രതികരണങ്ങളാണ് ഇദ്ദേഹത്തിൻ്റെ രചനാതന്ത്രത്തിൻ്റെ ശക്തിയും സൗന്ദര്യവുമെന്ന് ഡോ. എം. വി. പിള്ള ആമുഖക്കുറിപ്പിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ശീതകാലവും വേനൽക്കാലവും ശരത്കാലവും വസന്തകാലവും ആഖ്യാനത്തിൻ്റെ ഇടനാഴികകളിൽ വന്നുപോകുന്നു. പ്രണയവും പരിസ്ഥിതിയും അപസർപ്പണവും ഇടകലരുന്ന രചനകളിലൂടെയാണവ നീങ്ങുന്നത്. കാല്പനികവും ആത്മകഥാപരവുമായി അവയുടെ പുതു വഴിയിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഭ്രമകല്പന, വിഭ്രാന്തി, സന്ത്രാസം, നിരാസം, വിസ്മയം, തുടങ്ങിയ ഭാവകല്പനകൾ ഈ രചനയ്ക്ക് മാറ്റുകൂട്ടുന്നു. എന്ന് ഡോ. പി. എസ്. രാധാകൃഷ്ണൻ അവതാരികയിൽ അഭിപ്രായപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി എഴുതിയ പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശില്പഭദ്രതയും ഭാവുകത്വവും നിറഞ്ഞു തുളുമ്പുന്ന 12 കഥകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗ്രീൻ ബുക്സാണ്. 120 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 170 രൂപയാണ്.

ബിജോ ജോസ് ചെമ്മാന്ത്ര

കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. അമേരിക്കയിലെ മെരിലാൻ്റിൽ താമസിക്കുന്നു. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും കഥയും ലേഖനങ്ങളും എഴുതുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. email :- bijochemmanthara@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക