
മനസ്സിൽ എന്നും വിസ്മയമായി നില്‍ക്കുന്ന 10 ചലച്ചിത്ര പ്രവർത്തകര്‍ . സ്വന്തം പരിശ്രമത്തിലൂടെ വന്‍ വിജയം നേടിയ മികവിന്‍റെ മഹാശിഖരങ്ങള്‍.അടുത്തിടപഴകിയ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍.എന്താണ് നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമായ ഒരു വ്യക്തിയെ അവരിലേക്ക് ആകര്‍ഷിച്ചത്?. . മലയാള സിനിമകൾ കാണുകയും തെന്നിന്ത്യൻ സിനിമയുടെ ഗർഭഗൃഹമായ കോടമ്പാക്കത്തെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള പ്രമുഖ പത്രപ്രവർത്തകൻ അതിനു മറുപടി നല്‍കുന്നു
ഒരു സിനിമ ആരും ഒരേ രീതിയിൽ കാണുന്നില്ല . അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കലാസൃഷ്ടികൾ നാം ആസ്വദിക്കുക. നോവലായാലും കഥയായാലും സിനിമയായാലും നമ്മുടെ അനുഭവത്തിൻെറ മാനദണ്ഡങ്ങൾ പലതായിരിക്കും. ഒരു സൃഷ്ടി ഒരാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരാൾക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. സിനിമ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്ഥിതിയും ഇതുതന്നെ. ചിലപ്പോൾ ഒരു സിനിമയെ അല്ലെങ്കിൽ ഒരു ചലച്ചിത്ര പ്രതിഭയെ നാം ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതായിരിക്കും. അത്തരത്തിലൊരു ഇഷ്ടത്തെ ചിലർക്ക് അംഗീകരിക്കാൻ കഴിഞ്ഞെന്നും വരില്ല.
നമ്മുടെ സാംസ്കാരിക പശ്ചാത്തലവും കലയും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുകയാണല്ലോ. ഒവി വിജയനേയും മുട്ടത്തു വർക്കിയേയൂം ഒരേ ത്രാസിൽവച്ചു തൂക്കിയെടുക്കാൻ വായനക്കാരന് സാധ്യമല്ല. അതേപോലെയാണ് സിനിമയുടെ കാര്യവും. അത് നമ്മുടെ ദൃശ്യസംസ്കാരവുമായി അസാധാരണമായ രീതിയിൽ കെട്ടിപ്പിടിഞ്ഞ് കിടക്കുകയാണ്. മികച്ചൊരു സിനിമ നമ്മുടെ മനസ്സിനെ കീഴ്മേൽ മറിച്ചെന്നു വരാം. വിഷയം, അഭിനയം, സംഗീതം തുടങ്ങിയ ഘടകങ്ങൾ ഒരു പ്രേക്ഷകനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനമാണ്.
ഈ സന്ദർഭത്തിലാണ് ഇ- മലയാളി ചോദിക്കുന്നത് “മലയാള ചലച്ചിത്ര രംഗത്തെ പല കാലങ്ങളിൽ പ്രവർത്തിച്ചവരെക്കുറിച്ച് എന്തുകൊണ്ട് എഴുതിക്കൂടാ?” മലയാളസിനിമകൾ കാണുകയും തെന്നിന്ത്യൻ സിനിമയുടെ ഗർഭഗൃഹമായ കോടമ്പാക്കത്തെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ആ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കാരണം മലയാളസിനിമയുടെ നാൽപതോളം വർഷങ്ങൾ എൻെറ കൺമുന്നിലൂടെയാണ് ഒഴുകിയൊഴുകി സഞ്ചരിച്ചത്. എന്നാൽ പുതിയ സിനിമ ഞാൻ കാണാറുണ്ടെങ്കിലും പുത്തൻ സിനിമക്കാരെക്കുറിച്ചോ അവരുടെ വളർച്ചയുടെ വികാസ പരിണാമങ്ങളെക്കുറിച്ചോ പഠിക്കാൻ ശ്രമിച്ചിട്ടില്ല. കാരണം അത്തരം ചിത്രങ്ങളൊക്കെ കഴിഞ്ഞ ഇരുപതോളം വർഷമായി പൂർണമായി കേരളത്തിൻെറ അന്തരീക്ഷത്തിലാണ് പിറവിയെടുക്കുന്നത്. അവയിൽ ഏതെങ്കിലും ഒരു ചിത്രം ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ ഉടൻ ന്യൂജെൻ തലമുറയിൽ നിന്ന് ഒരു കമൻെറ് വരും: പുതിയ സിനിമ മനസ്സിലാക്കാൻ കഴിയാത്ത ഒരു പഴഞ്ചൻ! വാഴ 2 എന്ന ചിത്രം കാണാൻ തിയേറ്ററിൽ കയറിയ എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ് അത്തരത്തിലുള്ളതായിരുന്നു. “ആശാനേ, ചെമ്മീൻ ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ആദ്യദിവസം തന്നെ തീയേറ്റർ കാലിയാകും. നിർമ്മാതാവ് കട്ടയും പടവും മടക്കി വനവാസത്തിന് പോകേണ്ടിവരും. വാഴ രണ്ട് ആഴ്ചകൾ കഴിഞ്ഞിട്ടും തീയേറ്റർ ഫുൾ ആണ്”
ശരിയാണ്. സംവേദനക്ഷമത എന്ന് പറയുന്നത് ലുലുമാളിൽ നിന്നും വാങ്ങിക്കൂട്ടാൻ പറ്റുന്ന സാധനമല്ലല്ലോ. അതറിയുമ്പോൾ നാം സ്വന്തം വിശ്വാസങ്ങളുടെ വൽമീകങ്ങളിലേക്ക് ചുരുങ്ങാൻ നിർബന്ധിതരാകുന്നു. അപ്പോഴാണ് വീണ്ടും ചോദ്യം : “താങ്കളുടെ മനസ്സിൽ കയറിപ്പോയ 10 ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് എന്തുകൊണ്ട് എഴുതിക്കൂടാ? സ്വന്തം പരിശ്രമത്തിലൂടെ ഉന്നതങ്ങൾ കീഴടക്കിയ എത്ര പേരുണ്ട് താങ്കളുടെ ചിന്തയിൽ?” നാം നേരിട്ട് കണ്ടിട്ടില്ലാത്ത ചിലർ പോലും നമ്മുടെ അനുവാചക മനസ്സിനെ തലകീഴ് മറിക്കുമ്പോഴാണ് യഥാർത്ഥ സിനിമയും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തിൻെറ ആഴമറിയുന്നത്. അടുത്തിടെ ഒരു യാത്രയ്ക്കിടയിൽ ഇന്ദ്രൻസ് അഭിനയിച്ച ചിന്നൈ ചെന്നൈ ആസൈ കണ്ടപ്പോൾ നമ്മുടെ സിനിമയിൽ വല്ലപ്പോഴും വീണുകിട്ടുന്ന ആശ്വാസനിമിഷങ്ങളെക്കുറിച്ചാണ് ചിന്തിച്ചത്.
തെന്നിന്ത്യൻ സിനിമയുടെ ഗർഭഗൃഹമായ കോടമ്പാക്കത്തെ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ കാലങ്ങളായി പാടിപ്പതിഞ്ഞ ഒരു ചൊല്ലുണ്ട്. സിനിമയിൽ കഴിവ് മാത്രം പോരാ ഭാഗ്യംകൂടി വേണം. സിനിമയെന്ന മയക്കുമരുന്നിന് അടിമപ്പെട്ട് ഈ സ്വപ്നഭൂമിയിൽ വന്നവരിൽ പലരും തങ്ങളുടെ തട്ടകം കണ്ടെത്തുമ്പോൾ ഭാഗ്യം പ്രധാനമായിരുന്നു എന്ന ചിന്തിക്കുന്നു. സിനിമയുടെ വർണപ്രപഞ്ചത്തിൽ ഇടംതേടിയെത്തിയവരിൽ ഭൂരിഭാഗവും അവർ പോലും സ്വപ്നം കാണാത്ത മേഖലകളിലേക്ക് കയറിപ്പോയിട്ടുണ്ടെങ്കിൽ അത് ഭാഗ്യം കൊണ്ടല്ലാതെ മറ്റെന്താണ്.!

സിദ്ധിയും സാധനയും
ഒരു നിയോഗംപോലെ ചലച്ചിത്രരംഗത്ത് കടന്നുവന്ന സംവിധായകന്‍
കെഎസ് സേതുമാധവൻ
എഴുത്തെന്ന് പറയുന്നപോലെതന്നെ ഒരു വികാരമാണ് സിനിമ എന്ന കലയും. അതിന് ഉപാസനയുടെ വർണപ്രഭയുണ്ട്. ആയിരക്കണക്കിന് വ്യക്തികളെയാണ് സിനിമ എന്ന മായികപ്രപഞ്ചം കൈവെള്ളയിൽ ഒതുക്കിയത്. അതിൽ രക്ഷപ്പെട്ടതാകട്ടെ ചുരുക്കം ചിലരും. അത്തരത്തിൽ സിനിമയെ താലോലിച്ചു നടന്ന വ്യക്തികളിൽ ഒരാളായി എൻെറ മനസ്സിൽ കുടിയിരുന്ന ആദ്യവ്യക്തിയാണ് സംവിധായകൻ കെഎസ് സേതുമാധവൻ. സാധാരണ സിനിമാരംഗത്തേക്ക് വരുന്ന യുവതീയുവാക്കളിൽ കറകളഞ്ഞ സിനിമാമോഹം വച്ചുപുലർത്തുന്നവർ വിരളമാണ്. മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദമെടുത്ത് പുറത്തുവന്നപ്പോൾ സിനിമയെന്ന മോഹം അദ്ദേഹത്തെ പിടികൂടിയിരുന്നില്ല. വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് സ്വന്തം കുടുംബത്തിൽ മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തിൻെറ ചിന്ത സിനിമയിൽ എങ്ങനെ കയറിപ്പറ്റാമെന്നായിരുന്നു. കലയോടുള്ള ഇച്ഛാശക്തി പടർന്നു പിടിക്കുന്നതിൻെറ മികച്ച ഉദാഹരണമാണ് സേതുമാധവൻെറ തുടർന്നുള്ള പ്രവർത്തനങ്ങൾ. അധാർമികമായ വഴിയിലൂടെ സഞ്ചരിച്ച് സിനിമയിലെത്തിയ നിരവധിപേരെ ഞാൻ മദ്രാസ് നഗരത്തിലെ സിനിമാലോകത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ അതിലൊന്നും തീണ്ടാതെ ഏകനായി സഞ്ചരിച്ച് സിനിമയിൽ തൻെറ വ്യക്തിമുദ്ര പതിപ്പിച്ച സേതുമാധവൻ എനിക്ക് എന്നും അത്ഭുതമായിരുന്നു.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ചു സേതുമാധവൻ ചിത്രങ്ങൾ. സാഹിത്യത്തെ സിനിമയുടെ ചിമിഴിലൊതുക്കി മുത്തുകളാക്കിമാറ്റാൻ ശ്രമിച്ച ചുരുക്കം ചില സംവിധായകരിൽ മുൻനിരയിലായിരുന്നു അദ്ദേഹം. സാഹിത്യരംഗത്ത് അറിയപ്പെടുന്ന പലരുടെയും സൃഷ്ടികൾ ചലച്ചിത്രമാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച സേതുമാധവൻ വായിക്കാൻ വേണ്ടി മലയാളം സ്വയംപഠിച്ച വ്യക്തിയായിരുന്നു. അരനാഴികനേരം, പണിതീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ, ഓടയിൽ നിന്ന്, നാടൻ പെണ്ണ്, കടൽപ്പാലം, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ നിരവധി സൃഷ്ടികൾക്ക് അദ്ദേഹം സിനിമയെന്ന മാധ്യമത്തിലൂടെ പുതിയ അനുഭവതലങ്ങൾ മെനഞ്ഞു. ഒരുപക്ഷേ മികച്ച സാഹിത്യസൃഷ്ടികളും സിനിമയും തമ്മിലുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചത് ഈ സംവിധായകനായിരുന്നിരിക്കണം. സിനിമയിൽ അച്ചടക്കത്തിൻെറ ആദ്യപാഠം എഴുതിച്ചേർത്ത സംവിധായകനും അദ്ദേഹമാണ്. വിഷയസ്വീകരണം മുതൽ ചിത്രത്തിൻെറ ഫൈനൽ കോപ്പിവരെയുള്ള സുപ്രധാന ഘട്ടങ്ങളിൽ അദ്ദേഹം വച്ചുപുലർത്തിയ നിഷ്കർഷത മലയാളസിനിമയുടെ സംസ്കാരത്തെ ഒട്ടല്ല മാറ്റിമറിച്ചതും സ്വാധീനിച്ചതും.
മലയാളസാഹിത്യത്തിൻെറ അസ്തിവാരത്തിലാണ് സേതുമാധവൻ തൻെറ ചലച്ചിത്രഗോപുരങ്ങൾ പണിതുയർത്തിയിരിക്കുന്നത്.ഒരിക്കല്‍ ഒരു സംഭാഷണത്തിനിടയിൽ സംവിധായകൻ സേതുമാധവൻ പറഞ്ഞു:
“നോവലിന് ഒരു ഫോമുണ്ട്. അതിനാൽ സിനിമയ്ക്കത് സൗകര്യമാണ്. അതിൻെറ ഫോമിൽനിന്ന് വർക്ക് ചെയ്താൽ മതിയാകും. പണിതീരാത്ത വീട്ടിൽ എൻെറ ജീവിതത്തിലെ ഒരു അംശമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിലെ ജോസ് എന്ന കഥാപാത്രം ഏകനാണ്. ചില കാര്യങ്ങളിൽ ഞാനുമായി സാദൃശ്യവുമുണ്ട്. അതാകട്ടെ ആ ചിത്രത്തിന് മെച്ചപ്പെട്ട ഒരു അവസ്ഥയിലെത്തിക്കുകയും ചെയ്തു.”
നിലവിലുള്ള സിനിമാസങ്കൽപ്പങ്ങളിൽനിന്ന് വേറിട്ടു സഞ്ചരിച്ചുകൊണ്ട് അദ്ദേഹം സിനിമയുടെ ഭാവുകത്വം നിർണയിച്ചു. അറുപതുകളിലും എഴുപതുകളിലും പുറത്തുവന്ന മികച്ച ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൻെറ പകുതിയിലധികവും സേതുമാധവൻെറ ചിത്രങ്ങളായിരിക്കും. അവയാകട്ടെ ഒരു കാലഘട്ടത്തിൻെറ സിനിമാസങ്കൽപ്പത്തിനും അവബോധത്തിനും പുതിയ നിർവചനങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിൻെറ ചിത്രങ്ങളെക്കുറിച്ച് ഒന്നും ഇവിടെ പറയുന്നില്ല. 1960ൽ പുറത്തുവന്ന വീരവിജയ എന്ന സിംഹള ചിത്രം മുതൽ 1995ൽ പുറത്തുവന്ന സ്ത്രീയെന്ന തെലുഗു ചിത്രം വരെ 67 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഒമ്പതോളം ദേശീയ അവാർഡുകളും അഞ്ചോളം സംസ്ഥാന അവാർഡുകളും ലഭിച്ചു. ഫാൽക്കേ അവാർഡിനുള്ള സാധ്യത ഇല്ലാതാക്കിയത് മെമ്പറായ ഒരു മലയാള സംവിധായകനായിരുന്നു എന്ന് അദ്ദേഹം ഒരിക്കൽ ഭംഗ്യന്തരേണേ പറഞ്ഞുവച്ചു. തനിക്ക് ഇഷ്ടപ്പെട്ട തൊഴിൽ പഠിച്ച് ആത്മാർത്ഥതയോടെ മുന്നേറിയതിനാലാണ് സേതുമാധവൻ എന്ന സംവിധായകന് വിജയിക്കാൻ കഴിഞ്ഞത്. അത്തരത്തിലുള്ള തൊഴിൽപരമായ അച്ചടക്കം ലഭിച്ചവർ മലയാളത്തിൽ വളരെ കുറവായിരിക്കും. ഒരു നിയോഗംപോലെ ചലച്ചിത്രരംഗത്ത് കടന്നുവന്നവർ എത്ര പേരുണ്ടാകും? സേതുമാധവൻ തൻെറ രംഗത്ത് പുലർത്തിയ അച്ചടക്കവും സുതാര്യതയും മലയാള സിനിമയുടെ മഹത്തായ നേട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സിനിമാഭ്രാന്തന്‍ !
കേരളരാഷ്ട്രീയത്തെ പ്രേക്ഷകൻെറ മനസ്സിൽ ചൂഴ്ന്നുകയറുന്ന ആയുധമാക്കിയ നടന്‍ ,തിരക്കഥാകൃത്ത് .
ശ്രീനിവാസൻ
എൺപതുകളുടെ തുടക്കംമുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു സിനിമാഭ്രാന്തനാണ് ശ്രീനിവാസൻ. മദ്രാസിൽ ഫിലിംചേംബറിലെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പൂർത്തിയാക്കിയശേഷം അവസരങ്ങൾതേടി നടക്കുന്ന കാലത്താണ് ഞാൻ ശ്രീനിവാസിനെ പരിചയപ്പെടുന്നത്. ശോഭനാപരമേശ്വരൻ നായരുടെ ഡ്രൈവറും പിന്നീട് നിർമ്മാതാവും ആയിത്തീർന്ന ഡേവിഡ് കാച്ചപ്പള്ളിയുടെ ഓഫീസിൽ വച്ചാണ് ആദ്യത്തെ കൂടിക്കാഴ്ച. പിന്നീട് ബക്കറിൻെറ പൂനാഹോമിൽ വച്ചും. കെജി ജോർജ്ജും എം ആസാദും രാമചന്ദ്രബാബുവും രാമൻനായരും ജോൺഎബ്രഹാമുമൊക്കെ ഈ സംഘത്തിലുണ്ടായിരുന്നു. എന്നാൽ സിനിമ എന്ന തൻെറ ലക്ഷ്യത്തിൻെറ അർത്ഥവ്യാപ്തി തിരിച്ചറിഞ്ഞ ആളായിരുന്നു ശ്രീനിവാസൻ. തൻെറ രൂപം അഭിനയത്തിന് അനുയോജ്യമാണോ അല്ലയോ എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ താമസിയാതെ നടൻ എന്നതിനേക്കാൾ മികച്ച ഒരു തിരക്കഥാകൃത്ത് എന്ന മേലങ്കിയെടുത്തണിയാൻ ശ്രീനിവാസന് കഴിഞ്ഞു. സിനിമയിലേക്ക് കയറിവന്ന പുതുമുഖക്കാരനായ സത്യൻ അന്തിക്കാട് പ്രിയദർശൻ തുടങ്ങിയവരുടെയൊക്കെ സംവിധാനശേഷി തിരിച്ചറിഞ്ഞ് കഥകൾ മെനഞ്ഞെടുക്കുമ്പോൾ ശ്രീനിവാസൻ അന്നത്തെ കേരളത്തിൻെറ രാഷ്ട്രീയവും സാംസ്കാരികവുമായ ചുറ്റുവട്ടങ്ങളെയാണ് കേന്ദ്രമാക്കിയത്. മലയാളിയുടെ സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തിൽ ഊന്നിയ നിരവധി തിരക്കഥകൾ ശ്രീനിവാസൻ പലർക്കും സമ്മാനിച്ചു. മണിമുഴക്കം, സംഘഗാനം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിൻെറ പുതിയ തലങ്ങൾ അന്വേഷിച്ചശേഷം തൻെറ തട്ടകമായ തിരക്കഥാരചനയിൽ എത്തിച്ചേരുകയായിരുന്നു.
കേരളരാഷ്ട്രീയത്തെ പ്രേക്ഷകൻെറ മനസ്സിൽ ചൂഴ്ന്നുകയറുന്ന ആയുധമാക്കാൻ ശ്രീനിവാസന് കഴിഞ്ഞു. സത്യൻ അന്തിക്കാടിൻെറ പല ചിത്രങ്ങളും ചാട്ടുളിപോലെ കേരളസമൂഹത്തിൽ ഇറങ്ങിയത് തൂലികയുടെ മികവാണ്. വെള്ളാനകളുടെ നാട്, വരവേൽപ്പ്, സന്ദേശം, നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ ആക്ഷേപഹാസ്യ ചിത്രങ്ങൾ ഇന്നും ഏറ്റവും മികച്ച ഉദാഹരണങ്ങളായി നിൽക്കുന്നു. മലയാളിയുടെ രക്തത്തിൽ മാത്രം അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയാണ് ശ്രീനിവാസൻ തൻെറ തൂലികയിലൂടെ വരച്ചുകാണിച്ചത്. ഒരുപക്ഷേ മലയാളിയുടെ രാഷ്ട്രീയ- സാമൂഹ്യ ബോധത്തെ സിനിമയിലൂടെ പിടിച്ചുകുലുക്കുന്ന ഒരു ഫോർമുലയായിരുന്നു ശ്രീനിവാസൻെറ തുറുപ്പുചീട്ട്. “മലയാളിയുടെ സ്വരൂപം പലപ്പോഴും എൻെറ മികച്ച തിരക്കഥകൾക്ക് കാരണമായിട്ടുണ്ട്. അവൻെറ പൊങ്ങച്ചമാണ് പല ചിത്രങ്ങളുടെയും സാമൂഹ്യമായ ഉള്ളടക്കത്തിന് എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. ഞാൻ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളും മലയാളിയുടെ മനസ്സിനെ പിച്ചിയെടുത്തു പുറത്തുകൊണ്ടു വരുന്നവയായിരുന്നു.”

പാട്ടുകളുടെ വിസ്മയസ്വരൂപം
നമ്മുടെ ജീവിതത്തെ സംഗീതസാന്ദ്രവും ഭാവസമ്പന്നവുമാക്കിയ ഗായിക
എസ് ജാനകി
സിനിമയിലെ വിജയം ഒറ്റനാൾകൊണ്ട് ഉണ്ടാകുന്നതല്ല. നിതാന്ത ജാഗ്രതയും ആത്മാർപ്പണവും ഉള്ളവർക്കു മാത്രമേ വിജയിക്കാനാവൂ എന്നതിൻെറ മികച്ച ഉദാഹരണമാണ് ഗായിക ജാനകിയുടേത്. അന്യഭാഷക്കാരിയാണെങ്കിലും സ്വന്തം ശബ്ദത്തിലൂടെ മലയാളിയായിത്തീർന്ന ജാനകി നമുക്കിടയിൽ ഒരു മഹാത്ഭുതമായി വളർന്നു പന്തലിച്ചു നിൽക്കുകയാണ്. യേശുദാസിനെ നാം നെഞ്ചിലേറ്റി ആദരിക്കുന്നതുപോലെ ജാനകിയേയും നാം മനസ്സിലേറ്റാൻ കാരണം അവർ പാടിയ പാട്ടുകളുടെ വിസ്മയസ്വരൂപം തന്നെയാണ്. പതിനെട്ട് ഭാഷകളിലായി 48000 അവിസ്മരണീയ ഗാനങ്ങൾ ആലപിച്ച ജാനകി മലയാളിയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സംഗീതത്തിന് ഭാഷയില്ല എന്ന കേവലമായ സത്യം നാം ജാനകിയുടെ ജീവിതത്തിലൂടെ തിരിച്ചറിഞ്ഞു. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു, അടുത്ത ജന്മത്തിൽ ജാനകിയമ്മക്ക് ഒരു മലയാളിയായി ജനിക്കണമെന്ന് ആഗ്രഹമുണ്ടോ? ഞാൻ പറഞ്ഞു ഞാൻ ഇപ്പോൾതന്നെ ഒരു മലയാളിയായി മാറിയിരിക്കുന്നു. പിന്നെന്തിനാ അടുത്ത ജന്മത്തിലേക്ക് ഒരു ആഗ്രഹം വളർത്തിയെടുക്കണം? ",അവര്‍ പറയുന്നു . സ്വയം വളരുകയും മറ്റുള്ളവരെ ഒപ്പം വളരാൻ അനുവദിക്കുകയും ചെയ്യുക എന്നത് മഹത്തായ കർമ്മമാണ്. അതാകട്ടെ അവർ ജീവിതത്തിലുള്ളനീളം അനുവർത്തിക്കുകയും ചെയ്തു.

ഗൃഹാതുരത്വം സൃഷ്ടിച്ച ആയിരക്കണക്കിന് പാട്ടുകളാണ് അവർ മലയാളികളുടെ മനസ്സിലെ ഓർമ്മച്ചെപ്പുകളിൽ വാരിയിട്ടത്. പുതിയ ജനറേഷനുപോലും അവരെ മാറ്റിനിർത്താൻ കഴിഞ്ഞില്ല. 2024 ലെ മഞ്ഞുമ്മൽ ബോയ്സും 2025 ലെ ലോകയും അതിന് തെളിവുകളാണ്. ഒരു തലമുറയുടെ ഒപ്പം സഞ്ചരിച്ചു അവരുടെ ജീവിതത്തെ സംഗീതസാന്ദ്രവും ഭാവസമ്പന്നവുമാക്കിയ ഒരു ഗായികയാണ് അവർ. പി ഭാസ്കരനും വയലാറും ഒഎൻവിയുമൊക്കെ അവരുടെ സംഗീതയാത്രകളെ അനശ്വരമാക്കിയത് ജാനകിയുടെ ശബ്ദത്തിലൂടെയായിരുന്നു. ജാനകിയില്ലാത്ത ഒരു ചലച്ചിത്രഗാനലോകത്തെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാൻപോലും കഴിയില്ല. സ്വന്തം രംഗത്തോടുള്ള ആഭിമുഖ്യവും കടപ്പാടുമാണ് അവരെ ഉന്നതിയിൽ എത്തിച്ചത്.

സിനിമയുടെ നെറുകയിൽ
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഭ്രമയുഗം എന്ന ചിത്രത്തിന് ലഭിക്കുമ്പോൾ ഒരു നടൻെറ സമർപ്പണമനസ്സാണ് നമ്മുടെ മുന്നിൽ
മമ്മൂട്ടി
സമർപ്പണമനോഭാവമാണ് പല നടീനടന്മാരുടെയും മുതൽക്കൂട്ട്. ഇക്കാലത്ത് അത്തരത്തിൽ ഒരു സമർപ്പണ ചിന്താഗതി വേണ്ടുവോളം മനസ്സിൽ താലോലിച്ച നടനാണ് മമ്മൂട്ടി. ഇന്ന് സിനിമയുടെ നെറുകയിൽ നിൽക്കാൻ ഈ നടനെ പ്രാപ്തനാക്കിയത് കലയോടുള്ള അഭിനിവേശമാണ്. നമ്മുടെ നടീനടന്മാരിൽ പലർക്കും ഇല്ലാത്തതും ഈ അഭിനിവേശമാണ്. ഈ വർഷത്തെ ദേശീയ അവാർഡിൽ മികച്ച നടനുള്ള സ്ഥാനം ഭ്രമയുഗം എന്ന ചിത്രത്തിന് ലഭിക്കുമ്പോൾ ഒരു നടൻെറ സമർപ്പണമനസ്സാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു വരുന്നത്. അഭിനയം തീവ്രമായ അഭിലാഷമാണെന്ന് മമ്മൂട്ടി തൻെറ ജീവിതസപര്യയിലൂടെ തെളിയിച്ചിരിക്കുന്നു. “മികച്ച തിരക്കഥ ഉണ്ടായിട്ട് കാര്യമില്ല. അത് ക്യാമറയിൽ പകർത്താൻ പോരുന്ന കഴിവുള്ള യുവാക്കൾ രംഗത്ത് വരണം. എൻെറ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും വിജയത്തിന് കാരണം സർഗ്ഗശേഷിയുള്ള സംവിധായകരും അതിൻെറ പിന്നിലെ അണിയറ പ്രവർത്തകരുമാണ്.”,മമ്മൂട്ടി പറയുന്നു .

എൺപതുകളുടെ തുടക്കത്തിൽ മമ്മൂട്ടി സിനിമയിലേക്ക് കടന്നുവരുമ്പോൾ പറയാവുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. മമ്മൂട്ടിക്ക് വേണ്ടി ആരും കഥയെഴുതിയില്ല. കിട്ടിയ കഥാപാത്രങ്ങൾ കഴിവ് പ്രകടിപ്പിക്കാൻ പോരുന്നവയുമായിരുന്നില്ല. കാര്യമായ ജീവിതാനുഭവങ്ങൾ ഇല്ലാത്ത കുറെ സംവിധായകർ കാട്ടിക്കൂട്ടിയ വിക്രിയകളിൽകൂടി മമ്മൂട്ടി സഞ്ചരിക്കേണ്ടി വന്നു. എന്നാൽ 1989 പുറത്തുവന്ന മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നിവ മമ്മൂട്ടിയിലെ നടൻെറ മാസ്മരപ്രഭാപൂരം പുറത്തുവന്നു. ദേശീയ അവാർഡ് വാങ്ങിയ നാല് ചിത്രങ്ങളും ആ നടൻെറ കരുത്തുറ്റ അഭിനയത്തിൻെറ മകുടോദാഹരണങ്ങളായി മാറി. പൊന്തൻമാട, വിധേയൻ, ഡോക്ടർ ബാബാസാഹേബ് അംബേദ്കർ, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങൾ ഈ നടൻെറ ആത്മാർത്ഥതയെയാണ് തേച്ചുമിനുക്കി കൊണ്ടുവരുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രം സ്വന്തം ഇമേജിൽ തളച്ചിടാതെ കെട്ടി ഉയർത്തിയ ഒന്നായിരുന്നു. കരുണയും പകയും കുടിലതയും വന്യതയും കാപട്യവും എല്ലാം മാറി മാറി ആ മുഖത്ത് പ്രകടമാകുന്നത് നാം കണ്ടതാണ്. തൻെറ അഭിനയത്തികവിലെ ചാതുര്യം വ്യക്തമാക്കാൻ വേണ്ടിയാണ് മമ്മൂട്ടികമ്പനി എന്ന നിർമ്മാണ സ്ഥാപനം ആരംഭിച്ചതും. ഓരോ ചുവടും കണ്ടറിഞ്ഞ് മുന്നോട്ടുവച്ചാണ് മമ്മൂട്ടി കഥാപാത്രങ്ങളെ സ്വീകരിച്ചതും. 480ൽ അധികം ചിത്രങ്ങൾ ഒരു നടനെ സംബന്ധിച്ച് വലിയ നേട്ടമാണ്. പക്ഷേ അവയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഏതാനും ചിത്രങ്ങൾ ഉണ്ടായിരിക്കാം. അതുതന്നെയാണ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച നേട്ടങ്ങളായി ചലച്ചിത്ര ആസ്വാദകർ എണ്ണുന്നതും.

അഭിനയത്തോടുള്ള കമ്പം
ഓര്‍മ്മിക്കപ്പെടുന്ന മലയാളി കഥാപാത്രങ്ങള്‍
ശാരദ
അന്യഭാഷയിൽനിന്ന് മലയാളത്തിലെത്തി ആത്മാർഥത കൊണ്ട് കരുത്താർജ്ജിച്ച മറ്റൊരു നടിയാണ് ശാരദ. മാദകനടിമാരുടെ കാലത്ത് മലയാളസിനിമയിലെ ചില കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ച ശാരദ മലയാളത്തിൻെറ ദത്തുപുത്രിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നായകന്മാർക്ക് മാത്രം പ്രാധാന്യമുള്ള ചിത്രങ്ങൾ ഇറങ്ങിയ കാലത്ത് ശാരദ അവർക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെ മികച്ച സ്ഥാനത്ത് ഇരുപ്പുറപ്പിച്ചു. മൂന്നു തവണ ദേശീയ പുരസ്കാരം ലഭിച്ചതിൽ രണ്ടും മലയാളത്തിൽ നിന്നായിരുന്നു. തുലാഭാരം സ്വയംവരം എന്നീ ചിത്രങ്ങൾ ശാരദ എന്ന നടിയുടെ അഭിനയശോഭ സമ്പൂർണ്ണമാക്കി. നിമ്മജ്ജനം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് അവർക്ക് മറ്റൊരു ദേശീയ അവാർഡ് ലഭിക്കുന്നത്. അവരുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ അടങ്ങിയ നിരവധി ചിത്രങ്ങൾ നമ്മുടെ ഓർമ്മയിൽ എത്താറുണ്ട്.

ഒരു മിന്നാമിനുങ്ങിൻെറ നുറുങ്ങുവെട്ടം,സ്വയംവരം , എലിപ്പത്തായം, മുറപ്പെണ്ണ്, ആഭിജാത്യം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എന്നെന്നും ഓർക്കാവുന്നതാണ്. വിവിധ ഭാഷകളിലായി ഏകദേശം നാലായിരത്തോളം ചിത്രങ്ങളിൽ അവർ വേഷമിട്ടു. എങ്കിലും മലയാളത്തിലാണ് അർഹമായ സ്ഥാനം ലഭിച്ചതെന്ന് അവർ പറയാറുണ്ട്. “ഞാൻ തെന്നാലിക്കാരിയാണെങ്കിലും കേരളത്തിൽ എത്തുമ്പോൾ ഒരു മലയാളിയായി രൂപാന്തരപ്പെടാറുണ്ട്. സാധാരണ മലയാളി സ്ത്രീയുടെ പരിവേഷമാണ് എൻെറ കഥാപാത്രങ്ങൾക്കുള്ളത്. സ്വയംവരത്തിലും തുലാഭാരത്തിലും മിന്നാമിനുങ്ങിൻെറ നുറങ്ങ് വെട്ടത്തിലുമൊക്കെ എനിക്ക് ലഭിച്ചിട്ടുള്ളത്. സമൂഹത്തിലെ ഇടത്തരക്കാരായ കഥാപാത്രങ്ങളെയാണ് ഒട്ടുമിക്ക ചിത്രങ്ങളിലും അവതരിപ്പിച്ചിട്ടുള്ളത്. അതുതന്നെയാണ് എൻെറ വിജയത്തിന് കാരണവും.”ശാരദ പറയുന്നു ആത്മാർത്ഥതയും അഭിനയത്തോടുള്ള കമ്പവുമാണ് ശാരദയെ രംഗം വിട്ടിട്ടും ഇന്നും മലയാളികൾ ഓർക്കുന്നത്. പുതിയ തലമുറയ്ക്ക് ഈ നടിയുടെ അഭിനയ ഈ ജീവിതത്തിൽ നിന്ന് പലതും പഠിക്കാനുണ്ട്. സമർപ്പണബോധമായിരുന്നു അവരെ വലിയൊരു വിജയത്തിൽ കൊണ്ടെത്തിച്ചത്.

ചലച്ചിത്ര സംഗീതത്തിൽ മുഖമുദ്ര
സിനിമാസംഗീതത്തിൽ പുതിയൊരു പാത വെട്ടിത്തുറന്ന സംഗീത സംവിധായകന്‍
രവീന്ദ്രൻ
ചലച്ചിത്ര സംഗീതത്തിൽ മുഖമുദ്ര സ്ഥാപിച്ച ഒരു കലാകാരനായിരുന്നു രവീന്ദ്രൻ. കഷ്ടപ്പാടുകളിലൂടെ നടന്നുകയറിയിട്ടും തൻെറ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മികവിൻെറ വശ്യത സ്ഥാപിച്ചെടുക്കാൻ രവീന്ദ്രൻ ശ്രമിച്ചു. സംഗീതകോളേജിൽ നിന്ന് സംഗീതം പഠിച്ചശേഷം സിനിമയുടെ ഭാഗ്യപരീക്ഷണങ്ങൾ തേടിയാണ് രവീന്ദ്രൻ എന്ന കുളത്തുപ്പുഴ രവി മദ്രാസിൽ എത്തുന്നത്. ജീവിക്കാൻ പല വേഷങ്ങൾ കെട്ടിയപ്പോഴും മനസ്സ് നിറയെ സംഗീതം എന്ന മാസ്മരപ്രഭാപൂരം സൂക്ഷിക്കുക
യായിരുന്നു രവീന്ദ്രൻ. എൻറെ ജീവിതത്തിൽ ദുരിതങ്ങളായിരുന്നു അധികവും. ഒരുപക്ഷേ അതായിരിക്കാം എൻെറ സംഗീതജീവിതത്തെ മെച്ചപ്പെടുത്തിയത്. ഒരു ഗാനത്തിൻെറ പിന്നാലെ ഞാൻ ദിവസങ്ങളോളം സഞ്ചരിക്കും.

ഒരുതരം ഉന്മാതാവസ്ഥ. ചില ഗാനങ്ങളുടെ റെക്കോർഡിങ് കഴിയുന്നതുവരെ എൻെറ മനസ്സിൻെറ പിരിമുറുക്കം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.”,രവീന്ദ്രൻ: പറയുന്നു സംഗീതത്തോടുള്ള തൻെറ കടപ്പാടും ആത്മാർത്ഥതയും സ്ഥാപിച്ചെടുക്കാൻ പല തലങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. രംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്ന തന്നെ വീണ്ടും മടക്കിക്കൊണ്ടു വന്നതിൻെറ ക്രെഡിറ്റ് രവീന്ദ്രനാണെന്ന് യേശുദാസ് ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.
ദേവരാജനും ബാബുരാജും എംബി ശ്രീനിവാസനും അർജുനനും ദക്ഷിണാമൂർത്തിയും ഒക്കെ തീർത്തുവച്ച സംഗീതശില്പങ്ങളിൽനിന്ന് വേറിട്ടു സഞ്ചരിച്ച രവീന്ദ്രൻ മലയാളിയുടെ സിനിമാസംഗീതത്തിൽ പുതിയൊരു പാത വെട്ടിത്തുറന്നു. പ്രമദവനം വീണ്ടും, ദേവസഭാതലം (ഹിസ് ഹൈനസ് അബ്ദുള്ള) ഹരിമുരളീരവം (ആറാം തമ്പുരാൻ) എന്തിനു വെറുതെ (മഴയെത്തും മുമ്പ്) പാതിരാവായില്ല, (വെങ്കലം) ആരൂഢം, മൗലിയിൽ മയിൽപ്പീലി (നന്ദനം) തുടങ്ങിയ ഗാനങ്ങൾ നമ്മുടെ ചലച്ചിത്ര സംഗീതസംസ്കാരത്തെ തൊട്ടുണർത്തി. സംഗീതത്തോടുള്ള അഭിനിവേശമാണ് മലയാളചലച്ചിത്ര സംഗീതലോകത്ത് രവീന്ദ്രനെ ഉന്നതമായ ഒരു സ്ഥാനം നൽകി ആദരിച്ചത്. ഇന്നത്തെ സിനിമ സംഗീതത്തിന് സംഭവിച്ചിരിക്കുന്ന ഗുരുതരമായ തകർച്ചയുടെ കാഠിന്യം നമ്മെ ബോധ്യപ്പെടുത്തുന്നതാണ് രവീന്ദ്രൻ സൃഷ്ടിച്ച ലോകം. സിനിമയിൽ നിന്ന് കലാദർശനം 80 ശതമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രവീന്ദ്രൻെറ സംഗീതം നമ്മെ കൂടുതൽ ആവേശോജ്ജ്വലമാക്കുമെന്ന് ഉറപ്പാണ്.

സാധാരണക്കാരനായ മലയാളിയുടെ പ്രതിരൂപം
സാമൂഹിക പ്രസക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ മുന്നിൽ
മോഹൻലാൽ
ഒരു ചരിത്രകാരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് എന്നത് വലിയൊരു മേജിക്കാണ്. തെരഞ്ഞെടുപ്പിൽ സംഭവിക്കുന്ന പാളിച്ച് പലപ്പോഴും ആ കലാകാരൻെറ ദുരന്തമായി കലാശിക്കാറുണ്ട്. മോഹൻലാൽ എന്ന നടനെ സംബന്ധിച്ച് തിരഞ്ഞെടുപ്പിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നത് സത്യമാണ്. സാമൂഹിക പ്രസക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ മുന്നിൽ നിന്നിട്ടുള്ളതും ലാലാണ്. സത്യൻ അന്തിക്കാടും ശ്രീനിവാസനും പ്രിയദർശനമൊക്കെ ഒരുക്കിയ ചിത്രങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശരാശരി മലയാളിയുടെ മനസ്സിൽ എന്നും ഓർമ്മച്ചെപ്പുകൾ തുറക്കുന്നുണ്ട്. അഭിനയം എന്ന മോഹവുമായി നടക്കുമ്പോഴാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ സന്ദർഭം കിട്ടുന്നതും തുടർന്ന് പല ചിത്രങ്ങളിലും ഭാവപ്പകർച്ചകൾ മാറ്റാനും ഈ നടന് കഴിഞ്ഞിട്ടുണ്ട്.

ആർക്കും നായകൻെറ /നായികയുടെ പരിവേഷത്തിലെത്താൻ തുടക്കത്തിൽ കഴിഞ്ഞെന്നുവരില്ല. കാലക്രമത്തിൽ സ്വയം കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. അനൂഭവമാണ് അതിന് ഉൾക്കരുത്ത് നൽകുന്നതും. ചില പ്രത്യേകവിഷയങ്ങൾ സ്വീകരിച്ച് ചെയ്തിട്ടുള്ള ലാലിൻെറ കഥാപാത്രങ്ങൾ ഇന്നും ആ നടൻെറ നടനചാതുരിയെ വെളിപ്പെടുത്തുന്നു. കിരീടം, തൂവാനത്തുമ്പികൾ, നാടോടിക്കാറ്റ്, ചിത്രം, ദേവാസുരം, മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ നിരവധി ചിത്രങ്ങൾ ഈ നടൻെറ അഭിനയത്തിൻെറ മാറ്റുകൂട്ടുന്നു. “ചില കഥാപാത്രങ്ങൾ തുടക്കത്തിൽ എന്നെ സംശയത്തിലെത്തിക്കാറുണ്ട്. അത് വിജയിക്കുമോ എന്ന സംശയം സാധാരണ ഉണ്ടാകാറുണ്ട്. എന്നാൽ അതിലേക്ക് കയറിച്ചെല്ലുമ്പോൾ എൻെറ കഴിവുമാത്രമല്ല ആത്മവിശ്വാസവും അതിനെ ധന്യ മുഹൂർത്തിൽ എത്തിക്കാറുണ്ട്. അതായിരിക്കാം പല ചിത്രങ്ങളുടെയും വിജയത്തിന് കാരണം.”, മോഹന്‍ ലാല്‍ പറയുന്നു അതേസമയം ബിഗ് ബജറ്റ് എന്ന മേമ്പൊടി ചേർത്റതിക്കിയ ചില ചിത്രങ്ങൾ വമ്പൻ പരാജയമായി തീരുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം നാം കാണേണ്ടത്. പലപ്പോഴും മുൻവിധിയില്ലാതെയുള്ള തെരഞ്ഞെടുപ്പുകൾ മോഹൻലാലിൻെറ പതനത്തിന് കാരണമാക്കിയിട്ടുണ്ട്. പുലിമുരുകനും ലൂസിഫറും ഒക്കെ അത്തരത്തിലുള്ള വീഴ്ചയ്ക്ക് ഉദാഹരണങ്ങളാണ്. പക്ഷേ ആദ്യകാലത്തെ പല ചിത്രങ്ങളും ലാലിൻെറ കഴിവിനെ വിളിച്ചറിയിക്കുന്നതാണ്. എങ്കിലും മോഹൻലാൽ എന്ന നടൻെറ വികാസ പരിണാമങ്ങൾ മലയാള സിനിമയുടെ മാറ്റുരുക്കുന്നവയാണ്. സാധാരണക്കാരനായ മലയാളിയുടെ ഗുണവും ദോഷവും ആവിഷ്ക്കരിക്കുന്നതില്‍ പ്രകടിപ്പിച്ച ആത്മാർത്ഥതയാണ് ലാലിനെ ഈ പട്ടികയിൽ ചേർക്കാൻ കാരണമായത്.

അഭിനയചരിത്രത്തിലെ അത്ഭുതം ഏത് വേഷവും ഉന്നതിയിൽ എത്തിക്കുന്ന നടന്‍
ഇന്ദ്രൻസ്
സിനിമയിലെ ഒരു കോസ്റ്റ്യൂമറിൻെറ റോളിൽ നിന്ന് വേറിട്ട അഭിനയ ശൈലി സ്വീകരിച്ച ഒരു കൊച്ചു മനുഷ്യനായ ഇന്ദ്രൻസ് നമ്മുടെ അഭിനയചരിത്രത്തിന് അത്ഭുതങ്ങൾ വിളമ്പി മുന്നേറുകയാണ്. ഈ നടൻ അഭിനയിച്ച വേഷങ്ങളൊക്കെ തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്. തന്നെ ഏൽപ്പിക്കുന്ന ഏത് വേഷവും സ്വന്തം പരിമിതികളിൽ നിന്നുകൊണ്ട് ഉന്നതിയിൽ എത്തിക്കാൻ കഴിയുമെന്ന്. അടുത്തിടെ പുറത്തുവന്ന ചിന്നൈ ചിന്നൈ ആസൈ എന്ന ചിത്രം ഈ വസ്തുതയെ ഒന്നുകൂടി മിനുക്കിയെടുക്കുന്നു. ശരീരഭാഷയല്ല കലയുടെ മാനദണ്ഡം എന്ന മഹത്തായ യാഥാർത്ഥ്യം തൻെറ പല കഥാപാത്രങ്ങളിലൂടെയും ഈ നടൻ തെളിയിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രമായാണ് തുടക്കമെങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്ദ്രൻസിന് പിന്നീട് അവസരങ്ങൾ കിട്ടി.

ഹോം, അപ്പോത്തിക്കരി, ആളൊരുക്കം, വെയിൽമരങ്ങൾ, ഉടൽ തുടങ്ങിയ ചിത്രങ്ങൾ ഈ നടനെ അവാർഡിൻെറ വിസ്മയത്തിലും കൊണ്ടെത്തിച്ചു. വാരണസിയിൽ ഒരു ദിവസത്തെ സംഭവങ്ങളാണ് ചിന്നൈ ചെന്നൈ ആസൈയിലെ വിഷയം. മധുബാല എന്ന നടിയോടൊപ്പം അതൊക്കെ തന്മയത്വമായി അവതരിപ്പിക്കാൻ ഇന്ദ്രൻസിൻെറ മധുമാസ്റ്റർ എന്ന കഥാപാത്രത്തിന് കഴിഞ്ഞിരിക്കുന്നു. എളിയ നിലയിൽ നിന്ന് കയറി വരികയും മികച്ച സ്ഥാനത്തിരിക്കുകയും ചെയ്ത ഇന്ദ്രൻസിനെ ഇനിയും മലയാളസിനിമയ്ക്ക് ആവശ്യമുണ്ട്.

പുതിയ ആവിഷ്കാര ശൈലി
ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകൾ ആയ സിനിമകളുടെ സംവിധായകന്‍
ഹരിഹരൻ
കോഴിക്കോട് ഹൈസ്കൂളിലെ ചിത്രകല അധ്യാപകനായ ഹരിഹരൻ എന്ന യുവാവ് 1965 മദ്രാസിൽ എത്തുമ്പോൾ ഏത് മേഖല തെരഞ്ഞെടുക്കണമെന്ന് കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒട്ടേറെ പരിചയസമ്പന്നരായ വ്യക്തികളിലൂടെയാണ് താൻ വളർന്നത് എന്ന് ഹരിഹരൻ പറയുമ്പോൾ ആത്മവിശ്വാസത്തിൻെറ തിരകളാണ് അടിച്ചുയരുന്നത്. മലയാളത്തിൽ മുഴുനീള ഹാസ്യചിത്രമായ ലേഡീസ് ഹോസ്റ്റൽ (1973) പുറത്തുവന്നതോടെ സിനിമയിൽ പല മാറ്റങ്ങളും സംഭവിച്ചു. എംടിയുമായുള്ള അടുപ്പമാണ് ഹരിഹരൻെറ ചലച്ചിത്ര ജീവിതത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ചത്. അതുവരെ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു എം.ടിയുടെ തിരക്കഥകൾ അടിസ്ഥാനമാക്കി ഹരിഹരൻ ചെയ്ത് ചിത്രങ്ങൾ. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന ആദ്യത്തെ എംടി ചിത്രം തന്നെ അതുവരെയുള്ള ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ പുതിയൊരു ആവിഷ്കാര ശൈലി സ്വീകരിച്ചു. എം ടി എഴുതിയ 13 ചിത്രങ്ങൾ ഹരിഹരന്‍ സംവിധാനം ചെയ്തു അവയെല്ലാം മലയാള സിനിമയുടെ സാംസ്കാരിക ഭൂപടത്തിൽ തിളങ്ങി നിൽക്കുകയും ചെയ്യുന്നു. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, സർഗ്ഗം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളത്തിൻെറ ചലച്ചിത്ര സംസ്കൃതിയുടെ അടിത്തറയിൽ നിത്യവിസ്മയങ്ങളായി നിലകൊള്ളുന്നു. മലയാളസിനിമയിലെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകൾ ആയ സിനിമകൾ സമ്മാനിക്കുകയും ചെയ്ത സംവിധായകനാണ് ഹരിഹരൻ. ഏതാണ്ട് അര നൂറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രസപര്യയെ മലയാളികൾക്ക് വിസ്മരിക്കാനാവില്ല. സിനിമയോടുള്ള ഒടുങ്ങാത്ത മോഹമാണ് ഹരിഹരനെ ഇത്രത്തോളം ഉയരത്തിൽ കൊണ്ടെത്തിച്ചത്. “സിനിമയിൽ അവസരംതേടി വീട്ടിൽവരുന്നവരെ സ്വീകരിച്ചിരുത്തി നല്ല വാക്കുകൾ പറഞ്ഞുവിടാറുണ്ട്. അവസരങ്ങൾ വരുമ്പോൾ എന്തെങ്കിലും ചാൻസ് കൊടുക്കാറുമുണ്ട്. കാരണം ഒരുകാലത്ത് ഞാനും അത്തരത്തിൽ അവസരങ്ങൾ പ്രതീക്ഷിച്ചു ചുറ്റിത്തിരിഞ്ഞ വ്യക്തിയാണ്. പിൽക്കാലത്ത് പ്രഗൽഭരായ എല്ലാ കലാകാരന്മാരുടെയും അനുഭവം അതുതന്നെ ആയിരുന്നിരിക്കും. അതിനിടയിൽ പലതരത്തിലുള്ള അവഗണനകളും അപമാനങ്ങളുമൊക്കെ ഉണ്ടായെന്നും വരാം. പലപ്പോഴും അനുഭവങ്ങൾ അനുഗ്രഹങ്ങളായി മാറുകയാണ് ചെയ്യുന്നത്.”- ഹരിഹരൻ പറയുന്നു

മലയാളികൾ ഒരിക്കലും മറക്കാത്ത വികാരം
യേശുദാസിൻെറ വളർച്ചയും ശബ്ദവിന്യാസവും നാം ഇന്നും എന്നും നേരിൽ കാണുന്നു
യേശുദാസ്.
സിനിമ എന്ന കലയെ നെഞ്ചോട് ചേർത്ത് നിർത്തിയ മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വികാരമാണ് യേശുദാസ്. ആറു പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൻെറ ചുറ്റുപാടുകളിൽ ഭാവുകത്വം വിതറിക്കൊണ്ട് നിൽക്കുന്ന മറ്റൊരു ഗായകനെ കണ്ടെത്താനാവില്ല. 1961ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിനുവേണ്ടി നാരായണഗുരുവിൻെറ ഒരു ശ്ലോകം ആലപിച്ചുകൊണ്ടു രംഗത്തുവന്ന യേശുദാസിൻെറ വളർച്ചയും ശബ്ദവിന്യാസവും നാം ഇന്നും എന്നും നേരിൽ കാണുന്നു. അദ്ദേഹം പാടിയ ഗാനങ്ങൾ എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ വിഷമമാണെങ്കിലും 60000 അധികം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു തലമുറയുടെ ഗൃഹാതുരത്വമുണർത്തുന്ന പ്രണയ ഗാനങ്ങൾ മലയാളിയുടെ മനസ്സിൻെറ ആകാശത്ത് അലയടിച്ചുയരുന്നു. പ്രണയവും ഭക്തിയും പ്രാർത്ഥനകളുമൊക്കെ നമ്മുടെ മുന്നിലെത്തിയത് യേശുദാസിൻെറ ശബ്ദത്തിലൂടെ ആയിരുന്നല്ലോ. മലയാളികളൊക്കെ ഭാവഗായകന്മാരായി മാറിയത് ഒരുപക്ഷേ യേശുദാസ് എന്ന മഹാഗായകൻ കാരണമായിരിക്കണം. യേശുദാസിൻെറ പ്രണയഗാനങ്ങളൊക്കെ നമ്മുടെ മനസ്സിനെ കീഴടക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തുകൊണ്ട് സഞ്ചരിക്കുകയാണ്. അയ്യപ്പകീർത്തനം ആയാലും ഗുരുവായൂർ മഹാത്മ്യമൂറുന്ന ഭക്തിഗാനമായാലും ശ്രീനാരായണഗുരുവിൻെറ കീർത്തനങ്ങളായാലും നമ്മെ വിട്ടുപിരിയാതെ നിൽക്കുകയാണ്. യേശുദാസിൻെറ ഗാനസാമ്രാജ്യം മഹത്തായ ഒരു ഉപാസനയുടെ ലഹരിയിലാണ് ആഴ്ന്നിറങ്ങുന്നത്. അത് നൂറ്റാണ്ടുകൾ കഴിഞ്ഞാലും നമ്മുടെ വരുംതലമുറയെ ആവേശം കൊള്ളിക്കുമെന്നതിൽ സംശയമില്ല.

അനുബന്ധം: എം ആസാദ്
ഭാഗ്യം ലഭിക്കാതെപോയ കലാകാരന്‍
ഈ ലേഖനത്തിൻെറ ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയും കഠിനപ്രയത്നവും മാത്രംപോരാ സിനിമാരംഗത്ത് വിജയിക്കുവാൻ. അതിന് ഭാഗ്യം എന്ന ഘടകംകൂടി വേണം. കഴിവുണ്ടായിട്ടും ഭാഗ്യം ലഭിക്കാതെപോയ ആയിരക്കണക്കിന് കലാകാരന്മാരാണ് സിനിമാനഗരിയായ കോടമ്പാക്കത്ത് വന്നടിഞ്ഞിട്ടുള്ളത്. പൂനാ ഫിലിം ഇൻസ്റ്റ്യൂട്ടിൽനിന്ന് തിരക്കഥാരചനയിൽ ഒന്നാം റാങ്കോടെ പുറത്തുവന്ന എം ആസാദ് എന്ന സംവിധായകൻ അത്തരത്തിൽ ഭാഗ്യത്തിൻെറ കടാക്ഷം ഉണ്ടാകാതെ പോയ കലാകാരനാണ്. രണ്ടുമൂന്ന് ചിത്രങ്ങൾ സംവിധായകനും ചെയ്തെങ്കിലും അതൊന്നും അദ്ദേഹത്തിൻെറ പ്രതിഭയെ അളക്കാൻ പോരുന്നതായിരുന്നില്ല. എംടി വാസുദേവൻ നായരുടെ നിർമാല്യത്തിൻെറ വിജയത്തിന് പ്രധാന കാരണം ആസാദിൻെറ പിന്തുണയായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. ഭാഗ്യവാൻ ആയതുകൊണ്ട് എംടി രക്ഷപ്പെട്ടു. ഭാഗ്യഹീനനായ ആസാദ് ആത്മഹത്യയിലേക്ക് നടന്നു കയറി. കഴിവിനല്ല സ്ഥാനമെന്നു അവസാനകാലത്ത് ആസാദ് തിരിച്ചറിഞ്ഞു. ഒരിക്കൽ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നവരൊക്കെ അദ്ദേഹത്തെ ഏകാന്തതയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.