Image

കല, കാമന, കമ്പോളം (ഓണം സ്പെഷ്യല്‍- സാഹിത്യം /ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവൽ: ഷാജി ജേക്കബ്)

Published on 18 August, 2026
കല, കാമന, കമ്പോളം (ഓണം സ്പെഷ്യല്‍- സാഹിത്യം /ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവൽ: ഷാജി ജേക്കബ്)

പുതിയ ശതകത്തിലെ ആദ്യ കാൽനൂറ്റാണ്ടിൽ മലയാളനോവൽ കൈവരിച്ച നവഭാവുകത്വത്തിന്റെ അനുഭൂതിലോകം .


തിരോഭാവമുണ്ടാക്കിയ പ്രത്യയശാസ്ത്രവിപര്യയം, ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിലാണ് മലയാളനോവൽ മോഡേണിസത്തിൽ നിന്ന് ഭാവുകത്വപരമായി വഴിമാറിയൊഴുകിത്തുടങ്ങുന്നത്. ആധുനികാനന്തര യൂറോ-അമേരിക്കൻ നോവലുകൾ സൃഷ്ടിച്ച ആഖ്യാനമാതൃകകൾ, ആഗോളവൽക്കരണത്തിൻ്റെ നവലോകബോധം, രണ്ടാം ലോകത്തിന്റെ ഇലട്രോണിക്-ഇന്റർനെറ്റ് മാധ്യമങ്ങൾ നിർമ്മിച്ച ലോകക്രമം, സ്വത്വരാഷ്ട്രീയങ്ങൾ ആധുനികതയ്ക്കു മേൽ ചെലുത്തിയ ആഘാതങ്ങൾ എന്നിങ്ങനെ പ്രധാനമായും അഞ്ചു സന്ദർഭങ്ങളാണ് ഈ വഴിമാറ്റത്തെ നിർണായകമായി സ്വാധീനിച്ചത്. 1850കളിൽ ആരംഭിച്ച മലയാളനോവലിന്റെ സാഹിതീയ ജീവിതം 1950കൾ തൊട്ട് മറ്റു മുഴുവൻ സാഹിത്യരൂപങ്ങളെയും മറികടന്ന് സിനിമയ്ക്കൊപ്പം മലയാളിയുടെ സാംസ്കാരികാനുഭവങ്ങളിൽ മേൽക്കൈ നേടിയിരുന്നു. 1990കളാവുമ്പോഴേക്കും ഈ സാംസ്കാരിക മേൽക്കൈ ടെലിവിഷൻ ഏറ്റെടുത്തു. പുതിയ നൂറ്റാണ്ടിലാകട്ടെ മൊബൈൽ ഫോൺ ആ സ്ഥാനം കയ്യടക്കി. എങ്കിലും നോവലും സിനിമയും ടെലിവിഷനും സ്വയം നവീകരിച്ചുകൊണ്ട് നാനാതലങ്ങളിൽ മലയാളിയുടെ ഭാവനാലോകങ്ങളിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നുണ്ട് ഇക്കാലമത്രയും.

ഹരിഷ് 

പ്രസാധനമേഖലയിലും പുസ്തകവിപണിയിലും വായനാമണ്ഡലത്തിലും അഭിരുചിനിർമ്മിതിയിലും ഇതര സാഹിത്യഗണങ്ങളെ നോവൽ ബഹുദൂരം പിന്നിലാക്കിയിട്ട് മുക്കാൽ നൂറ്റാണ്ടു കഴിയുന്നു. പുതിയ ശതകത്തിലെ ആദ്യ കാൽനൂറ്റാണ്ടിൽ മലയാളനോവൽ കൈവരിച്ച നവഭാവുകത്വത്തിന്റെ അനുഭൂതിലോകത്തെ സാമാന്യമായി മാത്രം സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

കെ ആര്‍ മീര

"അപഹരിക്കപ്പെട്ട ദൈവങ്ങൾ' മുതൽ 'കാലാച്ചി' വരെ കഴിഞ്ഞ കാൽനൂറ്റാണ്ടിലെഴുതപ്പെട്ട മലയാളനോവൽ ഏഴ് തലമുറയിൽ പെട്ട എഴുത്തുകാരുടെ സംഭാവനയാണ്. 1960കളിൽ എഴുത്താരംഭിച്ചവരാണ് ആനന്ദും എം. മുകുന്ദനും. '70കളിൽ സാഹിത്യമണ്ഡലത്തിൽ കടന്നുവന്ന സാറാജോസഫും എൻ.എസ്. മാധവനും മറ്റുമാണ് മറ്റൊരു തലമുറ. ’80കളിൽ കഥാസാഹിത്യത്തിൽ ചുവടുറപ്പിച്ച എൻ. പ്രഭാകരനും സി. വി. സുരേന്ദ്രനും അശോകൻ ചരുവിലും അഷ്ടമൂർത്തിയും രാമനുണ്ണിയും പി.എഫ്. മാത്യൂസും ചന്ദ്രമതിയും അംബികാസുതനുൾപ്പെടെയുള്ളവരാണ് മൂന്നാം തലമുറ. 90കളിൽ കഥാരംഗത്തെത്തിയ വി.ജെ. ജയിംസും ഇ. സന്തോഷ് കുമാറും എസ്. ഹരീഷും സുഭാഷ് ചന്ദ്രനും കെ. എ. സെബാസ്റ്റ്യനും ടി.ഡി. രാമകൃഷ്ണനും പി. മോഹനനും കെ.പി. ഉണ്ണിയും കെ.ടി. സതീശനും ഉൾപ്പെടെയുള്ളവർ അടുത്ത തലമുറ. പുതിയ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ എഴുത്താരംഭിച്ച ബന്യാമിനും കെ. ആർ. മീരയും ഇന്ദുമേനോനും ഖദീജാ മുംതാസും കെ. വി. പ്രവീണും രാജു കെ. വാസുവും സി. അഷ്റഫും ടി. പി. രാജീവനുമുൾപ്പെടുന്നു അഞ്ചാം തലമുറയിൽ. 2010നു ശേഷം നോവൽ രംഗത്തേക്കു ചുവടുവച്ച വി. എം. ദേവദാസും വിനോയ് തോമസും പ്രവീൺ ചന്ദ്രനും ലിജി മാത്യുവും ഷീലാടോമിയും നിർമ്മലയും യമയും രാജശ്രീയും സംഗീതാ ശ്രീനിവാസനും എസ്. ആർ. ലാലും ഷിനിലാലും മനോജ് കൂറൂരും ഉൾപ്പെടെയുള്ളവരാണ് ആറാം തലമുറ. 2020ന് ശേഷം മാത്രം നോവലെഴുത്തിലേക്കു കടന്നുവന്ന കെ. എൻ. പ്രശാന്തും വിനോദ് കൃഷ്ണയും പി. വി. ഷാജികുമാറും അഖിൽ പി. ധർമ്മജനും ഉൾപ്പെടുന്നു, ഏഴാം തലമുറയിൽ. ഇക്കാലയളവിൽ ഇവർ എഴുതിയ നൂറുകണക്കായ നോവലുകളിൽ പ്രകടമാകുന്ന ഭാവുകത്വ വ്യതിയാനം പ്രധാനമായും നാല് തലങ്ങളിൽ ചൂണ്ടിക്കാണിക്കാൻ കഴിയും.

ആര്‍ രാജശ്രീ    

ആഖ്യാനകലയിലെ പുതുമകൾ
   സ്ത്രീനോവൽ ഭാവനയുടെ നവലോകം
   ജനപ്രിയനോവലിൻ്റെ പുനരാവിർഭാവം
   മലയാളനോവലിൻ്റെ ലോകസഞ്ചാരം

1. ആഖ്യാനകല
ചരിത്രത്തിന്റെ പാഠരൂപങ്ങളോ കാലഭൂപടങ്ങളോ ആയി രചിക്കപ്പെടുന്നവയാണ് സമകാല മലയാളനോവലിലെ വലിയൊരു വിഭാഗം കൃതികൾ. നോവലും ചരിത്രവും തമ്മിൽ ആദ്യകാലം തൊട്ടേ ബന്ധമുണ്ടെങ്കിലും നോവലിന്റെ ചരിത്രദർശനങ്ങൾ ആഖ്യാനകലയെ സമൂലം പ്രശ്നവൽക്കരിക്കുന്നതു സമീപകാലത്താണ്. റെയ്മണ്ട് വില്യംസും ഉംബർട്ടോ എക്കോയും ഹെയ്ഡൻ വൈറ്റും ലിൻഡാഹച്ചിയണും മിലാൻ കുന്ദേരയും മറ്റും നോവലിനെ ചരിത്രവുമായി സമീകരിച്ചുകൊണ്ടു നടത്തിയ നിരീക്ഷണങ്ങൾ യൂറോ-അമേരിക്കൻ നോവലുകൾക്കെന്നതുപോലെ മലയാളനോവലിനും ബാധകമാണ്. ആനന്ദ്, എൻ.എസ്. മാധവൻ, സാറാജോസഫ്, എൻ. പ്രഭാകരൻ, ടി.ഡി. രാമകൃഷ്ണൻ, കെ.പി. ഉണ്ണി, ടി.പി. രാജീവൻ, ഇ. സന്തോഷ്കുമാർ, എസ്. ഹരീഷ്, കെ.ആർ. മീര, രാജു വാസു തുടങ്ങിയവരുടെ കൃതികൾ ഉദാഹരണമാണ്. ദേശീയ, സവർണ, മുഖ്യധാരാ, വരേണ്യ, പുരുഷചരിത്രരചനാപദ്ധതികൾ അപനിർമ്മിക്കപ്പെടുകയും പ്രാദേശിക, കീഴാള, പാർശ്വധാരാ, ജനകീയ, സ്ത്രീചരിത്ര ഭാവനകൾ നോവലിന്റെ കലയായി രൂപപ്പെടുകയും ചെയ്യുന്നു, ഇവരുടെ കൃതികളിൽ. ജനപ്രിയചരിത്രമാണ് മറ്റൊരു നോവലെഴുത്തു രീതിയായി ഈ ഘട്ടത്തിൽ പ്രചാരം നേടുന്നത്.

ഇ സന്തോഷ് കുമാര്‍ 

സ്ഥലഭാവനയിൽ കൈവന്ന മാറ്റങ്ങളാണ് സമകാല നോവലിന്റെ ആഖ്യാനകലയെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം. മൂന്നു തരം സ്ഥലനിർമ്മിതികളിലേക്കാണ് ഈ കാലത്തെ മലയാളനോവലുകൾ ചുവടുവയ്ക്കുന്നത്. മുൻപൊരിക്കലുമില്ലാത്ത വിധം പ്രശ്നഭരിതവും വൈവിധ്യപൂർണവുമായ വിദേശ ഭൂമിശാസ്ത്രങ്ങളാണ് ഒന്ന്. പി. മോഹനൻ, ബന്യാമിൻ, കെ.വി. പ്രവീൺ, ഖദീജാ മുംതാസ്, ഷീലാടോമി, ജയ് എൻ. കെ, ഹരിത സാവിത്രി, നിർമ്മല, കെ.ആർ. മീര എന്നിങ്ങനെ നിരവധി എഴുത്തുകാർ വിദേശ പശ്ചാത്തലങ്ങളിൽ നോവലുകളെഴുതി.

ചരിത്രസ്ഥലം എന്നു കൃത്യമായി വിളിക്കാവുന്നവിധം വസ്തുനിഷ്ഠവും മൂർത്തവുമായി മാറുന്ന ദേശഭാവനകളാണ് രണ്ടാമത്തേത്. ആനന്ദിന്റെ ധൗളാവീരയും ടി. പി. രാജീവൻ്റെ പാലേരിയും മുകുന്ദന്റെ ദൽഹിയും സുഭാഷ്ചന്ദ്രന്റെ തച്ചനക്കരയും കെ.യു. ജോണിയുടെ വയനാടും സാറാജോസഫിൻ്റെ ഛത്തീസ്ഗഡും മീരയുടെയും സന്തോഷിന്റെയും കൽക്കത്തയും കെ.ടി. സതീശൻ്റെ പൊന്നാനിയും ഷീലാടോമിയുടെ ജറുസലേമും ബന്യാമിന്റെ മാന്തളിരും അശോകന്റെ അന്തിക്കാടും ഇത്തരം ദേശഭാവനകളാണ്.

സാറ ജോസഫ്‌ 

മായികഭാവനയുടെ നോവൽസാധ്യതകൾ രൂപം കൊള്ളുന്ന സ്ഥലഭൂമികകളാണ് മൂന്നാമത്തേത്. ചരിത്രസ്ഥലങ്ങളും രാഷ്ട്രീയസ്ഥലങ്ങളും സാംസ്കാരിക സ്ഥലങ്ങളുമൊക്കെ ഇവിടെ മാജിക്കൽ റിയലിസത്തിന്റെ ചുവപ്പു പരവതാനികൾ പോലെ ചുരുൾനിവരും. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ, അന്ധകാരനഴി, മീശ, പുറ്റ്, രാജാക്കന്മാരുടെ പുസ്തകം, ചില വിശുദ്ധജന്മങ്ങൾ, പൊനം, എരി, നിരീശ്വരൻ, അടിയാളപ്രേതം, മാതംഗി.... എന്നിങ്ങനെ നിരവധി കൃതികൾ ഉദാഹരണം.

ഓർമ്മയെ മറവിക്കെതിരെയുള്ള കലാപങ്ങളാക്കി മാറ്റുന്ന നോവലുകളുടേതാണ് ശ്രദ്ധേയമായ മറ്റൊരു ആഖ്യാനകല. സർവ്വാധിപത്യ ഭരണകൂടങ്ങൾക്കും മതങ്ങൾക്കും അധീശ പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെയുള്ള വിമർശനങ്ങളാണ് ഇവയുടെ രാഷ്ട്രീയം. ചരിത്രാഖ്യാനത്തിന്റെ രീതിശാസ്ത്രമെന്ന നിലയിൽ ഓർമ്മയെ പാഠവൽക്കരിക്കുന്ന നോവലുകൾ നിരവധിയാണ്. മറവിയെ ആയുധമാക്കുന്ന അധികാരത്തിനെതിരെയുള്ള മൂർച്ചയുള്ള ചോദ്യങ്ങളായി ഈ നോവലുകൾ ഓർമ്മയെ മുന്നോട്ടു വയ്ക്കുന്നു. വിഭജനങ്ങൾ, മരക്കാപ്പിലെ തെയ്യങ്ങൾ, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര്, പാലേരിമാണിക്യം, ഒതപ്പ്, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, 9 എം.എം. ബരേറ്റ, ജ്ഞാനഭാരം, തപോമയിയുടെ അച്ഛൻ, ആഗസ്റ്റ് 17, പതമ്പ്, മറതി എന്നിങ്ങനെ എത്രയെങ്കിലും നോവലുകളിൽ ഈ ആഖ്യാനരീതി കാണാം.

ടി ഡി രാമകൃഷ്ണന്‍

ഭരണകൂട ഭീകരതക്കും പുരോഹിതമതങ്ങൾക്കും പ്രത്യയശാസ്ത്ര മൗലികവാദങ്ങൾക്കും വംശീയതക്കും വർഗീയതക്കുമെതിരെ മാത്രമല്ല, ജാതി, വർഗ, ലിംഗ മേൽക്കോയ്മകൾക്കും വിവേചനങ്ങൾക്കും സാമ്രാജ്യത്തത്തിന്റെയും ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെയും വിപണിയുടെയും സാങ്കേതികതയുടെയും കടന്നുകയറ്റങ്ങൾക്ക് എതിരെയും ചെറുത്തുനിൽക്കുന്ന മനുഷ്യർക്കു വേണ്ടിയാണ് മലയാളനോവലിന്റെ വർത്തമാനകാലം ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. വേട്ടക്കാരും ഇരകളും തമ്മിലുള്ള സമരത്തിൽ നിരുപാധികം ഇരകൾക്കൊപ്പം നിൽക്കുക എന്ന രാഷ്ട്രീയമാണ് ഈ നോവലുകളുടെ പ്രത്യയശാസ്ത്രം. "നീതിയെക്കുറിച്ചുള്ള ബോധം തീപോലെ ആവേശിക്കാത്ത സമൂഹങ്ങൾക്ക് കാലം തീർച്ചയായും നഷ്ടപ്പെടും’ എന്ന ആനന്ദിൻ്റെ വാക്കുകൾ ഈ രചനകളിൽ പ്രതിധ്വനിക്കുന്നു. ദളിതർക്കും കീഴാളർക്കും നാടോടികൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും നാവു നൽകി ഈ കൃതികൾ എഴുത്തിൻ്റെ സാമൂഹികതയും മാനവികതയും ചരിത്രത്തിൽ തിരിച്ചുപിടിക്കുന്നു. മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, കറ, ബുധിനി, ജനകഥ, ചാവൊലി, ചോരപ്പരിശം, ഊരാളിക്കുടി, മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ, റാബിയ, ബർസ, ചാവുതുള്ളൽ, പോളപ്പതം, എരി, പതമ്പ് തുടങ്ങിയ നോവലുകൾ ഉദാഹരണം.

ടി പി രാജീവന്‍ 

സ്ത്രീനോവൽ എന്നു തന്നെ വിളിക്കാവുന്ന വിധം നിശിതവും സൂക്ഷ്മവുമായി സ്ത്രീപക്ഷരാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവയാണ് പുതിയ നൂറ്റാണ്ടിലെ ശ്രദ്ധേയമായ ഒരു പറ്റം കൃതികൾ. സാറാജോസഫ്, കെ.ആർ. മീര, ചന്ദ്രമതി, ഖദീജാമുംതാസ്, സഹീറാ തങ്ങൾ, ലിസി, ഗ്രേസി, ഇന്ദുമേനോൻ, സി.എസ്. ചന്ദ്രിക, എച്ച്മുക്കുട്ടി, ലിജി മാത്യു, സംഗീതാ ശ്രീനിവാസൻ, രാജശ്രീ, ഷാഹിന കെ. വി, നിർമ്മല, ജിസാ ജോസ്, ഷീലാടോമി, സന്ധ്യാമേരി, ഹരിതാസാവിത്രി എന്നിങ്ങനെ നിരവധി എഴുത്തുകാരികൾ നോവലിന്റെ കലയിൽ സ്ത്രീയനുഭവങ്ങളുടെയും ജീവിതങ്ങളുടെയും ചരിത്രങ്ങളുടെയും വിമർശനാത്മക സൗന്ദര്യരാഷ്ട്രീയം പിന്തുടരുന്ന രചനകൾ അവതരിപ്പിച്ചത് ഇക്കാലത്താണ്. മലയാളത്തിൽ നോവൽ എന്ന സാഹിത്യരൂപത്തിന് തുടക്കമിട്ട മിസിസ് കൊളിൻസിൻ്റെ 'ഘാതകവധം', അതിസൂക്ഷ്മമായ സ്ത്രീപക്ഷ നിലപാടുകൾ പുലർത്തിയിരുന്നു. പിൽക്കാലത്ത് രാജലക്ഷ്മിയും ലളിതാംബികയും മാധവിക്കുട്ടിയും സാറാതോമസും വത്സലയും മറ്റും സ്വീകരിച്ച കാഴ്ചപ്പാടുകളെ വലിയൊരു ഭാവുകത്വ വ്യതിയാനത്തിനു വിധേയമാക്കിയവരാണ് സമകാല സ്ത്രീനോവലിസ്റ്റുകൾ മിക്കവരും. ഭരണകൂടങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും സാമൂഹ്യമണ്ഡലങ്ങളെയും ചരിത്രവാദങ്ങളെയും സസൂക്ഷ്മമം വിശദീകരിച്ചും മതം, ജാതി, ലിംഗ പ്രത്യയശാസ്ത്രങ്ങളെ സമൂർത്തമായി വിമർശിച്ചും കുടുംബം-ദാമ്പത്യം-സ്ത്രീത്വം എന്ന ഭാവത്രയത്തെ ആഖ്യാനത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചും ലൈംഗികത, ഉന്മാദം, അധികാരം തുടങ്ങിയ കാമനാലോകങ്ങളെ ശരീരത്തിലും ആത്മാവിലും ഒരുപോലെ പ്രത്യക്ഷവൽക്കരിച്ചും ഇവർ നോവലുകൾ രചിച്ചു.

ചന്ദ്രമതി 

ജനപ്രിയനോവൽ ഭാവനയുടെ പുനരാവിർഭാവമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിൻ്റെ ശ്രദ്ധേയമായ മറ്റൊരു മുഖം. 1950-90 കാലത്ത് മലയാളസാഹിത്യത്തിലും നോവലിലും സിനിമയിലും ഏറ്റവും ശ്രദ്ധേയമായിത്തീർന്ന ജനപ്രിയഭാവനയുടെ പുതിയ രീതിയിലുള്ള തിരിച്ചുവരവാണ് ഈ നൂറ്റാണ്ടിലെ നോവലിൽ ദൃശ്യമായത്. ജനപ്രിയവാരികകൾ തിരോഭവിച്ചുവെങ്കിലും നോവലിന്റെ ജനപ്രിയത്വം കുറഞ്ഞിട്ടില്ല. ജനപ്രിയമാകുക എന്നത് ആധുനികതയിൽ ഉത്തമസാഹിത്യത്തിന്റെ മൂല്യത്തകർച്ചയായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിൽ ആധുനികാനന്തരതയിൽ അതൊരു ഗുണാത്മക സാംസ്കാരിക മൂല്യമായി കണക്കാക്കപ്പെട്ടു തുടങ്ങി. സ്വാഭാവികമായും ജനപ്രിയസംസ്കാരത്തിന്റെ ഭിന്ന സമവാക്യങ്ങൾ നോവലിന്റെ കലയെ കീഴടക്കി. എം. മുകുന്ദൻ, ബന്യാമിൻ, മീര, രാമകൃഷ്ണൻ, ജയിംസ് തുടങ്ങിയ എഴുത്തുകാർ തങ്ങളുടെ കൃതികൾ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തിൽ എഴുത്തിനെ ബോധപൂർവം നവീകരിച്ചു തുടങ്ങി. സിനിമയും ടെലിവിഷനും നവമാധ്യമങ്ങളും നോവലിൻ്റെ കലയെയും വിപണിയെയും ഒരുപോലെ നിർണയിച്ചു. അഖിൽ പി. ധർമ്മജന്റെ റാം c/o ആനന്ദി റീലുകളിലൂടെ സൃഷ്ടിച്ച വായനാതരംഗം മലയാളനോവലിനെ വിപുലമായി സ്വാധീനിച്ചു. ജനപ്രിയം-ജനപ്രിയവിരുദ്ധം എന്ന ദ്വന്ദ്വം ഇന്ന് മലയാളത്തിലില്ല. ആടുജീവിതം മുതൽ ആരാച്ചാർ വരെയും ഇട്ടിക്കോര മുതൽ ഏയ്ഞ്ചൽമേരി വരെയും- ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കലാസ്വഭാവങ്ങളിലൊന്ന് ജനപ്രിയവൽക്കരണം തന്നെയാണ്.

എന്‍ എസ് മാധവന്‍  ഫോട്ടോ കണ്ണന്‍ 

മലയാളത്തിലേക്കും മലയാളത്തിൽ നിന്നുമുള്ള നോവൽ വിവർത്തനങ്ങൾ ഈ സാഹിത്യരൂപത്തിന്റെ ഉത്ഭവം തൊട്ടേ പ്രസക്തമാണെങ്കിലും സമീപകാലത്തു കൈവന്നതുപോലെ ശ്രദ്ധേയമായ ഒരു ലോകസഞ്ചാരം വിവർത്തനത്തിലൂടെ മലയാളനോവലിനു മുൻപുണ്ടായിട്ടില്ല. 'ആരാച്ചാർ' വിവർത്തനമാണ് ഈ മാറ്റത്തിനു തുടക്കമിട്ടത്. സാഹിത്യോത്സവങ്ങളിൽ മലയാളനോവലിനും നോവലിസ്റ്റക്കും ലഭിച്ച സ്വീകാര്യത, ദേശീയവിവർത്തന പുരസ്കാരങ്ങൾ കൈവന്നത്, രാജ്യാന്തര പ്രസാധകർ മലയാളനോവലിന്റെ വിവർത്തനത്തിൽ കാണിച്ച അഭൂതപൂർവമായ താൽപര്യം, പുതിയ ഒരു നിര വിവർത്തകർ, വിശേഷിച്ചും സ്ത്രീകൾ, ഈ മേഖലയിൽ ചുവടുറപ്പിച്ചത്, വിവർത്തനത്തിനു കൃതികൾ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ മാറിവന്നത്, കാര്യമായ വായനാസമൂഹമോ സ്വീകാര്യതയോ മലയാളത്തിനു വെളിയിൽ ഇല്ലാതിരുന്നിട്ടും മലയാളനോവലുകൾ നിരന്തരം വിവർത്തനം ചെയ്യപ്പെടുന്നത് എന്നിങ്ങനെ നിരവധി വസ്തുതകൾ ഇക്കാലത്ത് ശ്രദ്ധേയമായ ഒരു നോവൽ പ്രവണതയായി മാറുന്നുണ്ട്. ജെ. ദേവിക, ജയശ്രീ കളത്തിൽ, ഇ.വി. ഫാത്തിമ, മിനിസ്തി, പ്രിയാ കെ. നായർ, സംഗീതാശ്രീനിവാസൻ, ഷഹ്‌നാസ് ഹബീബ് തുടങ്ങിയവരുടെ നോവൽ വിവർത്തനങ്ങൾ ഉദാഹരണം. എൻ. പ്രഭാകരൻ, സാറാജോസഫ്, ബന്യാമിൻ, കെ. ആർ. മീര, എസ്. ഹരീഷ്, ടി. ഡി. രാമകൃഷ്ണൻ, ഇ. സന്തോഷ്കുമാർ, ഷീലാടോമി, വി. ജെ. ജയിംസ് തുടങ്ങിയവരുടെ നിരവധി കൃതികൾ ഇക്കാലയളവിൽ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷെ ഈ നോവൽസംസ്കാരം സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റം ബന്യാമിൻ, മീര എന്നിവർക്കു കൈവന്ന അപൂർവമായ സാഹിത്യപദവിയാണ്. ചന്തുമേനോൻ മുതൽ മാധവിക്കുട്ടിയും ആനന്ദും മുകുന്ദനും വിജയനും വരെയുള്ളവർക്കുപോലും ഒരിക്കലും കൈവരാതിരുന്ന ദേശീയസാഹിത്യ പദവിയിലേക്ക് ഇവർ മാറുന്നത് വിവർത്തനങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും സാഹിത്യോത്സവങ്ങളിലൂടെയുമാണ്. മലയാളനോവലിനെ സമൂലം പുനർനിർവചിക്കാൻ കഴിഞ്ഞു ഇവർക്ക്.

വിപണിജീവിതം

ഒന്നേമുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള മലയാളനോവലിന്, അവസാനത്തെ കാൽ നൂറ്റാണ്ടിൽ സംഭവിച്ച ഭാവുകത്വ സ്വഭാവങ്ങളിൽ ചിലതാണ് മുകളിൽ പറഞ്ഞത്. ഈ കാലയളവിൽ മലയാളത്തിലിറങ്ങിയ നോവലുകളിൽ ഏറ്റവും ശ്രദ്ധേയം എന്ന് എന്റെ വായനയിൽ തോന്നിയ ഇരുപത്തിയഞ്ചു രചനകൾ കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം.

   ആ നദിയോട് പേര് ചോദിക്കരുത് - നിർമ്മല / മഞ്ഞിൽ ഒരുവൾ - ഷീലാടോമി
   ഏറ് - വി.എം. ദേവദാസ് / എരി - പ്രദീപൻ പാമ്പിരികുന്ന്
   ഒഴുകാതെ ഒരു പുഴ - ചന്ദ്രമതി / വിലാപ്പുറങ്ങൾ - ലിസി
   ബറേക്ക - കെ.ടി. സതീശൻ
   ലന്തൻബത്തേരിയിലെ ലുത്തിനിയകൾ - എൻ.എസ്. മാധവൻ
   ചോരശാസ്ത്രം - വി.ജെ. ജയിംസ്
   ആടുജീവിതം -ബന്യാമിന്‍ 
   ആരാച്ചാർ - കെ. ആർ. മീര
   ഭൂമധ്യരേഖയിലെ വീട് - കെ.യു. ജോണി
   അപൂർണതയുടെ ഒരു പുസ്തകം - പ്രവീൺ ചന്ദ്രൻ
   ദൈവാവിഷ്ടർ - ലിജിമാത്യു
   പൊനം - കെ. എൻ. പ്രശാന്ത്
   9 എം. എം. ബരേറ്റ - വിനോദ്കൃഷ്ണ
   ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് - ജോണി മിറാൻഡ
   മരക്കാപ്പിലെ തെയ്യങ്ങൾ - അംബികാസുതൻ മാങ്ങാട്
   ചാവുതുള്ളൽ - രാജു കെ. വാസു
   പുറ്റ് - വിനോയ് തോമസ്
   കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത - രാജശ്രീ ആർ.
   മരിയ വെറും മരിയ - സന്ധ്യാമേരി
   സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി.ഡി. രാമകൃഷ്ണൻ
   മീശ - എസ്. ഹരീഷ്
   ജ്ഞാനഭാരം - ഇ. സന്തോഷ് കുമാര്‍ 
   പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ - ടി.പി. രാജീവൻ
   ബുധിനി – സാറാജോസഫ്
   വിഭജനങ്ങൾ - ആനന്ദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക