Image

ഒരിക്കൽ ഒരു സന്ധ്യയ്ക്ക് (ഓണക്കവിതകള്‍: സോമന്‍ കടലൂര്‍)

Published on 18 August, 2026
ഒരിക്കൽ ഒരു സന്ധ്യയ്ക്ക് (ഓണക്കവിതകള്‍: സോമന്‍ കടലൂര്‍)

ഒരിക്കൽ ഒരു സന്ധ്യയ്ക്ക് ഗ്രാമത്തിലെ എൻ്റെ വീട്ടിൽ

ഒരു കുറുക്കൻ വിരുന്നുവന്നു.

പരന്ന പാത്രത്തിൽ ആട്ടിൻചോരയും പുളിക്കാത്ത മുന്തിരിയും നൽകി ഞാനവനെ സൽക്കരിച്ചു.

നിലാവുദിച്ചപ്പോൾ അവൻ ഓരിയിട്ടു.

അയൽപക്കത്തെ അമ്മിണിയേടത്തിയുടെ കോഴിയെ മോഷ്ടിച്ചു. അവറാച്ചന്റെ കോലായിൽ കാഷ്ഠിച്ചു. പുലർച്ചയ്ക്കുമുമ്പേ അവൻ ഗ്രാമം വിട്ടു.

കുറുക്കൻ്റെ തലേന്നത്തെ പരാക്രമത്തെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല.

നഷ്ടപ്പെട്ട കോഴിയെപ്പറ്റി അമ്മിണിയേടത്തിയോ പൂമുഖം വൃത്തികേടാക്കിയതിനെപ്പറ്റി

അവറാച്ചനോ മിണ്ടിയില്ല.

നേരം വെളുത്തിട്ടും എല്ലാവരും അവരവരുടെ മാളങ്ങളിൽ ഉറക്കമായിരുന്നു.

രണ്ട്

തോട്ടിലിറങ്ങി ഞണ്ട് തപ്പിയിട്ടുണ്ട്.

നാട്ടിലിറങ്ങി കോഴിയെപ്പിടിച്ചിട്ടുണ്ട്.

മഴ പെയ്ത ഉച്ചനേരങ്ങളിൽ കുറുക്കത്തിയെ കൂട്ടി നടന്നിട്ടുണ്ട്.

കുറ്റിക്കാട്ടിലിരുന്ന്

നിലാവ് കണ്ടിട്ടുണ്ട്. പാറപ്പുറത്തുകയറി കൂവിയാർത്തിട്ടുണ്ട്. മാളത്തിൽ മതികെട്ടു ഉറങ്ങിയിട്ടുണ്ട്.

ഒക്കെ സമ്മതിക്കുന്നു.

ഇതിനിടയിൽ എപ്പോഴാണാവോ

എനിക്ക് വേണ്ടാത്ത

മുന്തിരിക്ക് ചാടിയതെന്ന് മാത്രം

മനസ്സിലാകുന്നില്ല!

മൂന്ന്

സിംഹ സമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ കുറുക്കൻ.

കടുവയുടെ പേരിലുള്ള പുരസ്ക‌ാരം കുറുക്കന്.

പുലികളുടെ പ്രസ്ഥാനത്തിൽ

പുതിയ പ്രസിഡന്റായി പുള്ളി തിരഞ്ഞെടുക്കപ്പെട്ടു.

ആനയോടൊപ്പമുള്ള അവന്റെ ആഘോഷവും കോഴിയോടൊപ്പമുള്ള സെൽഫിയും വൈറലാകുന്നു.

കിട്ടാത്ത മുന്തിരിയും മുട്ടനാടിൻ്റെ ചോരയും നീലച്ചായവും നിലാക്കരച്ചിലും പഴങ്കഥകൾ.

തഞ്ചത്തിൽ താളത്തിൽ തന്ത്രം മെനഞ്ഞ് ഞാനിൻമേൽക്കളിക്കുന്ന കുറുക്കനാണ് താരം!

നാല്

വഴക്കുണ്ടാക്കുന്ന സിംഹം വേണ്ട,

വഴങ്ങുന്ന കുറുക്കൻ മതി എന്ന വാശിയിൽ രാജഗുരു പണി തുടങ്ങി.

പാത്രം വരുത്തി,

നീലം കലക്കി,

ചായത്തിൽ മുക്കി ഉപായത്തിൽ വീണ്ടും കുറുക്കനെ രാജാവാക്കി. എന്തതിശയം!

നിലാവുദിക്കാത്ത കാട്ടിൽ കള്ളകുറുക്കൻമാർ ഇപ്പോഴും രാജാവായി വിലസുന്നു.

അഞ്ച്

പരന്ന പാത്രത്തിൽ സൂപ്പ് തന്ന് പറ്റിച്ച കുറുക്കനെ കൊറ്റി വീണ്ടും വിരുന്നിന് വിളിച്ചു.

കഴുത്തുനീണ്ട പാത്രം കുറുക്കനെ കുഴക്കുമെന്ന് കൊറ്റി കിനാക്കണ്ടു.

കുറുക്കൻ പക്ഷേ കൊറ്റിയെത്തന്നെ പിടികൂടി, കഴുത്തുപൊട്ടിച്ച് അടിയോളം മോന്തി ചോരമണമുള്ള മുന്തിരിച്ചാറ് !

................................................................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക