Image

ഗ്വാന്റനാമോയിൽ ഭീകരാക്രമണ കേസ് വിചാരണ തുടങ്ങി

Published on 18 August, 2026
ഗ്വാന്റനാമോയിൽ  ഭീകരാക്രമണ കേസ് വിചാരണ  തുടങ്ങി

ഗ്വാന്റനാമോ ബേ: അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷാ നാവിക താവളവും നിഗൂഢ തടവറയുമായ ഗ്വാന്റനാമോ ബേയിലെ സൈനീക കോടതിയിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകന് പ്രവേശനം. 2000-ലെ യു.എസ്.എസ് കോൾ (USS Cole) ബോംബ് ആക്രമണക്കേസിലെ പ്രതി അബ്ദ് അൽ-റഹീം അൽ-നാഷിരിയുടെ നിർണായക വിചാരണ റിപ്പോർട്ട് ചെയ്യാനാണ്  പ്രമുഖ മലയാള വാർത്താ ചാനലായ '24 ന്യൂസി'ന്റെ അമേരിക്കൻ പ്രതിനിധി മധു കൊട്ടാരക്കരയ്ക്ക് അവസരം ലഭിച്ചത്.

ഇന്ന് രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് കോടതി നടപടികൾ തുടങ്ങിയത്. അതീവ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ പ്രതി അബ്ദ് അൽ-റഹീം അൽ-നാഷിരി നേരിട്ട് കോടതിമുറിയിലെത്തി വാദങ്ങൾ ശ്രവിച്ചു.

കേസിൽ ഒസാമ ബിൻ ലാദന്റെ പങ്ക്‌ സ്ഥാപിക്കുവാനുള്ള പ്രോസിക്യൂഷൻ ശ്രമങ്ങളെ  പ്രതിഭാഗം അറ്റോർണ്ണിമാർ ശക്തമായി എതിർത്തു.

മധു കൊട്ടാരക്കരയെ കൂടാതെ   'ന്യൂയോർക്ക് ടൈംസി'ന്റെ റിപ്പോർട്ടർ കരോളിന് റോസൻബർഗ്ഗ്‌
മാത്രമാണ് വിചാരണ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ജയിൽ അധികൃതർ അനുമതി നൽകിയിട്ടുള്ളത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചത് തന്റെ മാധ്യമ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് മധു കൊട്ടാരക്കര പ്രതികരിച്ചു. അമേരിക്കൻ സൈനിക കോടതിയിലെ ഈ ചരിത്രപ്രാധാന്യമുള്ള നടപടികൾ നിരീക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ നിയമവിദഗ്ധരും എത്തിയിട്ടുണ്ട്.

പതിനേഴ് അമേരിക്കൻ സൈനികരുടെ ജീവനെടുത്ത യു.എസ്.എസ് കോൾ ബോംബ് ആക്രമണക്കേസിലെ വിചാരണ നടപടികൾ ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. അതിഗുരുതരമായ കുറ്റങ്ങളാണ് അബ്ദ് അൽ-റഹീം അൽ-നാഷിരി നേരിടുന്നത്. നിലവിൽ ആരംഭിച്ചിരിക്കുന്ന വിചാരണയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് ഇയാൾ വിധേയനാകേണ്ടി വരും.

അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ളതും, വിദേശ രാജ്യത്ത് സ്ഥിതി ചെയ്യുന്നതുമായ ഏറ്റവും പഴക്കം ചെന്ന നാവിക താവളമാണ് ക്യൂബയിലെ ഗ്വാന്റനാമോ ബേ. ഗ്വാന്റനാമോയുടെ ചരിത്രവും പ്രത്യേകതകളും താഴെ പറയുന്നവയാണ്:

പാട്ടക്കരാർ: 1903-ൽ ക്യൂബയുമായി അമേരിക്ക ഒപ്പുവെച്ച പാട്ടക്കരാറിന്റെ അടിസ്ഥാനത്തിലാണ് നാവിക താവളത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. 1934-ൽ ഈ കരാർ പുതുക്കി.
വാടക: പ്രതിവർഷം വെറും 4000 യു.എസ് ഡോളർ വാടക നൽകിയാണ് അമേരിക്ക ഇന്നും ക്യൂബയിൽ ഈ താവളം നിലനിർത്തുന്നത്.

സമ്പൂർണ്ണ നിയന്ത്രണം: നാവിക താവളത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കരാറിൽ നിന്ന് പിൻവാങ്ങാൻ ക്യൂബ ഒരു ഘട്ടത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും പൂർണ്ണമായി സമ്മതിച്ചാൽ മാത്രമേ കരാർ റദ്ദാക്കാനാകൂ എന്ന വ്യവസ്ഥയുള്ളതിനാൽ ഗ്വാന്റനാമോ ഇന്നും അമേരിക്കയുടെ അതിനിഗൂഢ തടവറയായി തുടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക