
2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കലഹാരി റിസോർട്ട് നാല് ദിവസത്തേക്ക് ഒരു സാധാരണ കൺവെൻഷൻ വേദിയല്ലായിരുന്നു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് മലയാളികൾ, കുടുംബങ്ങൾ, കുട്ടികൾ, യുവാക്കൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എല്ലാവരും ഒരേ കുടക്കീഴിൽ ഒത്തുചേർന്നപ്പോൾ ഫൊക്കാനയുടെ 22-മത് അന്താരാഷ്ട്ര കൺവെൻഷൻ ഒരു സംഘടനയുടെ വാർഷിക സംഗമം എന്ന പരിധി കടന്ന് പ്രവാസി മലയാളിയുടെ ഐക്യത്തിൻ്റെയും സംസ്‌കാരാഭിമാനത്തിൻ്റെയും മഹോത്സവമായി.
കലഹാരി റിസോർട്ടിൻ്റെ ലോബിയിലേക്ക് കയറുന്ന നിമിഷം മുതൽ തന്നെ അന്തരീക്ഷത്തിൽ ഒരു ഉത്സവത്തിൻ്റെ ചൂട് അനുഭവിക്കാമായിരുന്നു. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന പഴയ സുഹൃത്തുക്കളുടെ ആലിംഗനങ്ങൾ, ഫൊക്കാന ബാഡ്‌ജുകൾ ധരിച്ച് ഓടിനടക്കുന്ന കുട്ടികൾ, കുടുംബങ്ങളായി ഫോട്ടോ ബൂത്തുകൾക്ക് മുന്നിൽ നിൽക്കുന്നവർ, "എവിടെ നിന്നാണ് വന്നത്?" എന്നൊരു പരിചയചോദ്യത്തിൽ തുടങ്ങി പഴയ നാട്ടുബന്ധങ്ങളിലേക്ക് എത്തുന്ന സംഭാഷണങ്ങൾ എല്ലാം ചേർന്നപ്പോൾ ആ വിശാലമായ റിസോർട്ട് ഒരു കുടുംബസംഗമത്തിൻ്റെ ജീവന്തമായ രൂപം നേടി.
ഹോട്ടൽ ലോബിയിൽ നിന്ന് കൺവെൻഷൻ ഹാളിലേക്കുള്ള നടപ്പ് പോലും ഒരു അനുഭവമായിരുന്നു. ചുറ്റും കേൾക്കുന്നത് മലയാളം. ചിലിടത്ത് ഇംഗ്ലീഷ് കലർന്ന അമേരിക്കൻ മലയാളി ഭാഷ, മറ്റൊരിടത്ത് നാട്ടിൻപുറത്തിൻ്റെ ശുദ്ധമായ മലയാളം, യുവതലമുറയുടെ മംഗ്ലിഷും ഇവയെല്ലാം ചേർന്ന് തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക ശബ്‌ദഭൂമിക സൃഷ്ടിച്ചു.
ഫൊക്കാനയെ മനസ്സിലാക്കണമെങ്കിൽ പ്രധാനവേദിയിലെ പരിപാടികൾ മാത്രം കണ്ടാൽ മതിയാകില്ലെന്ന് തോന്നി. ലോബിയിലൂടെ നടക്കണം, ഭക്ഷണനിരകളിൽ നിൽക്കണം, കുട്ടികളുടെ ചിരി കേൾക്കണം, വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ സംഭാഷണം ശ്രദ്ധിക്കണം. അപ്പോഴാണ് ഇത് ഒരു സംഘടനയുടെ വാർഷിക സമ്മേളനം മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിൻ്റെ പുനഃസംഗമമാണെന്ന് മനസ്സിലാകുന്നത്.
കലഹാരിയുടെ തിരഞ്ഞെടുപ്പ് തന്നെ ഈ കൺവെൻഷൻ്റെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. വിശാലമായ ഇൻഡോർ വാട്ടർ പാർക്ക് കുട്ടികളുടെ സ്വന്തം ലോകമായപ്പേൾ, മാതാപിതാക്കൾക്ക് സാഹിത്യസമ്മേളനങ്ങൾ, Women's Forum, മീഡിയ സെമിനാറുകൾ, ബിസിനസ് ചർച്ചകൾ, സാമൂഹിക സംവാദങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ കഴിഞ്ഞു. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരേസമയം ആസ്വദിക്കാനാകുന്ന കുടുംബകേന്ദ്രിതമായ അനുഭവം ഫൊക്കാനയുടെ പ്രത്യേകതയായി.
ഭക്ഷണശാലകളും ഈ മഹാസംഗമത്തിൻ്റെ സ്വന്തം കഥകൾ പറഞ്ഞു. അപ്പം, സ്റ്റ്യൂ, ഇടിയപ്പം, സദ്യയുടെ മണവും രുചിയും, വൈകുന്നേരത്തെ ചായയും പലഹാരങ്ങളും അമേരിക്കൻ ജീവിതത്തിന്റെ തിരക്കിനിടയിൽ കേരളത്തിൻ്റെ വീട്ടുവാസന വീണ്ടും അനുഭവിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അവ. എന്നാൽ ഭക്ഷണത്തിൻ്റെ മെനുവിനേക്കാൾ ശ്രദ്ധേയമായത് ഭക്ഷണമേശകളിൽ പിറന്ന ബന്ധങ്ങളായിരുന്നു. ആളുകൾ ഭക്ഷണം കഴിക്കാൻ വന്നു, മണിക്കൂറുകൾ സംസാരിച്ചു, പഴയ സൗഹൃദങ്ങൾ പുതുക്കി, പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു. “ഫൊക്കാനയ്ക്ക് വന്നാൽ വീട്ടിലെത്തിയ അനുഭവമാണ്" എന്ന മനോഭാവം അവിടെ ഏറ്റവും വ്യക്തമായി പ്രകടമായി. സിത്താർ പാലസ് റെസ്റ്റോറൻ്റ് നൽകിയ രുചികരമായ ഭക്ഷണം ഒരു വേറിട്ട അനുഭവം തന്നെ ആയിരുന്നു.
കൺവെൻഷന്റെ ഉദ്ഘാടനവേദിയും അതേപോലെ ഗൗരവപൂർണ്ണമായിരുന്നു. പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ്റെ സാന്നിധ്യം ചടങ്ങിന് പ്രത്യേക സാംസ്‌കാരിക മഹത്വം നൽകി. മലയാള സിനിമയുടെ ചരിത്രത്തിൽ സ്വന്തം ഭാഷ സൃഷ്ടിച്ച ഒരു ചലച്ചിത്രകാരൻ അമേരിക്കൻ മലയാളികളുടെ വേദിയിൽ എത്തി നിൽക്കുമ്പോൾ അത് ഒരു അതിഥിയുടെ വരവിലുപരി, മലയാളത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യത്തിന് നൽകിയ ആദരവായി മാറി.
മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള താളവൈഭവവും ആചാരപരമായ ഘോഷയാത്രയും ചേർന്നപ്പോൾ അമേരിക്കൻ മണ്ണിലെ ഒരു കോൺവെൻഷൻ ഹാൾ ഒരു നിമിഷത്തേക്ക് കേരളത്തിലെ ഉത്സവവേദിയായി മാറിയ അനുഭവം ഉണ്ടായി.
ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, വി.പി. സജീന്ദ്രൻ എം.എൽ.എ, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, പ്രൊഫ. ഗോപിനാഥ് മുതുകാട്, കെ.വി. മോഹൻകുമാർ IAS, ടി.ഡി. രാമകൃഷണൻ, നാദിർഷ, ഐ.എം. വിജയൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ ജോൺ മുണ്ടക്കയം. പിപി ജയിംസ് തുടങ്ങിയവരുടെ സാന്നിധ്യം രാഷ്ട്രീയം, സാഹിത്യം, കല, കായികം, സാമൂഹികപ്രവർത്തനം, പ്രവാസലോകം എന്നിവയെ ഒരേ വേദിയിൽ ബന്ധിപ്പിച്ചു.
ഈ മഹാസംഗമത്തിൻ്റെ വിജയത്തെക്കുറിച്ച് പറയുമ്പോൾ പ്രസിഡൻ്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തെ പ്രത്യേകം പരാമർശിക്കാതെ മുന്നോട്ട് പോകാനാവില്ല. വലിയൊരു കൺവെൻഷൻ നടത്തുക എന്നത് പരിപാടികൾ
ക്രമീകരിക്കുന്നതിലൊതുങ്ങുന്ന കാര്യമല്ല. ഒരു വ്യക്തമായ ദർശനം വേണം, ആളുകളെ ഒരുമിപ്പിക്കണം, വലിയൊരു സ്വപ്‌നം പങ്കുവയ്ക്കണം, പിന്നെ ആ സ്വപ്പ്നത്തെ നൂറുകണക്കിന് പ്രവർത്തകരുടെയും കമ്മിറ്റികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്ത ത്തിലൂടെ യാഥാർഥ്യമാക്കണം.
കലഹാരിയിൽ അത് വ്യക്തമായി കാണാനായി.
കൺവെൻഷൻ്റെ മുഴുവൻ ഘട്ടങ്ങളിലും പ്രകടമായ സംഘടനാപരമായ ആത്മവിശ്വാസത്തിൻ്റെയും ദീർഘവീക്ഷണത്തിൻ്റെയും പിന്നിൽ സജിമോൻ ആൻ്റണിയുടെ നേതൃത്വം ശക്തമായി അനുഭവപ്പെട്ടു. "സ്വപ്‌നം കാണുക മാത്രമല്ല, സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കുക" എന്ന സമീപനം അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിൽ പ്രതിഫലിച്ചു.
ഫൊക്കാനയെ ഒരു പ്രവാസി സംഘടന എന്ന ചുരുങ്ങിയ നിർവചനത്തിൽ നിന്ന് ഉയർത്തി സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും മാനവികവുമായ ഇടപെടലുകൾക്ക് ശേഷിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം ഈ കൺവെൻഷനിൽ ശക്തമായി പ്രകടമായി. ഉദ്ഘാടനവേദിയിലെ അധ്യക്ഷപ്രസംഗം മുതൽ നാല് ദിവസത്തെ പരിപാടികളുടെ വ്യാപ്തിവരെ നോക്കുമ്പോൾ സംഘടനയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ദിശാബോധം കാണാനായി.
അതേപോലെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ്റെ സംഘടനാ മികവും ഈ കൺവെൻഷൻ്റെ നട്ടെല്ലായി പ്രവർത്തിച്ചു. ആയിരക്കണക്കിന് ആളുകൾ, ധാരാളം പരിപാടികൾ, വിവിധ വേദികൾ, കമ്മിറ്റികൾ, വിശിഷ്‌ടാതിഥികൾ, കലാപരിപാടികൾ, മത്സരങ്ങൾ, റെക്കോർഡ് ശ്രമങ്ങൾ ഇത്രയും ഘടകങ്ങളെ ഒരേ സംവിധാനത്തിന്റെ ഭാഗമായി മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ സംഘാടകശേഷി ആവശ്യപ്പെടുന്ന കാര്യമാണ്.
ശ്രീകുമാർ ഉണ്ണിത്താൻ്റെ ഏകോപനശേഷിയും പ്രതിബദ്ധതയും കൺവെൻഷന്റെ ഓരോ ഘട്ടത്തിലും അനുഭവപ്പെട്ടു. ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത മഹാസംഗമമാണിതെന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തൽ കലഹാരിയിലെ ജനപങ്കാളിത്തവും പരിപാടികളുടെ വ്യാപ്‌തിയും നേരിട്ട് അനുഭവിച്ചവർക്ക് അതിശയോക്തിയായി തോന്നിയില്ല.
രണ്ടുവർഷത്തെ തയ്യാറെടുപ്പിൻ്റെ ആത്മാർത്ഥത അദ്ദേഹത്തിൻ്റെ സ്വാഗതപ്രസംഗത്തിൽ തന്നെ പ്രകടമായിരുന്നുവെന്ന അനുഭവവിവരണവും ഈ സംഘാടകപ്രവർത്തനത്തിന്റെ പിന്നാമ്പുറം വ്യക്തമാക്കുന്നു.
സജിമോൻ ആന്റണിയുടെ ദർശനവും ശ്രീകുമാർ ഉണ്ണിത്താൻ്റെ സംഘാടകശേഷിയും പരസ്പ്‌പരം പൂർത്തിയാക്കിയതാണ് ഫൊക്കാന 2026ൻ്റെ വിജയത്തിലെ പ്രധാന ഘടകം. ഒരാൾ വലിയ ദിശ നിർണ്ണയിക്കുമ്പോൾ മറ്റൊരാൾ അതിൻ്റെ അനവധി ചലിക്കുന്ന ഘടകങ്ങളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്ന ശക്തിയായി പ്രവർത്തിച്ചു.
കൺവെൻഷന്റെ മറ്റൊരു വലിയ ശക്തി യുവതലമുറയുടെ പങ്കാളിത്തമായിരുന്നു. FOKANA Got Talent വേദിയിൽ ഉത്തര അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിഭകൾ സംഗീതം, നൃത്തം, വാദ്യകല, അവതരണം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു. അമേരിക്കയിൽ ജനിച്ച് വളർന്ന കുട്ടികൾ പോലും മലയാളിത്തത്തിൻ്റെ സാംസ്കാരിക വേരുകളുമായി എത്ര ശക്തമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിൻ്റെ മനോഹരമായ തെളിവായിരുന്നു ഈ വേദി. ശ്രീമാൻ ശബരിനാഥ് നായരുടെ യും മിത്രാസ് രാജൻ, ഷിറാസ് എന്നിവരുത്തുടെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം വേദിയെ തന്നെ പിടിച്ചു കുലുക്കി.
അതുപോലെ മിസ് ഫൊക്കാന മത്സരവും വെറും ഗ്ലാമർ പരിപാടിയായി ചുരുങ്ങിയില്ല. ആത്മവിശ്വാസം, വ്യക്തിത്വം, ആശയവിനിമയശേഷി, സാംസ്‌കാരികബോധം, സമൂഹബോധം എന്നിവ മുന്നോട്ടുവച്ച ഒരു വേദിയായി അത് മാറി.
Women's Forum ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ നടന്ന പല പരിപാടികളും കൺവെൻഷനിൽ പങ്കെടുത്ത ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവും വേറിട്ടതും ആയി . അമേരിക്കൻ മലയാളി വനിതകൾ വിവിധ മേഖലകളിൽ വഹിക്കുന്ന നേതൃത്വപങ്ക്, പുതിയ തലമുറയുടെ വെല്ലുവിളികൾ, സമൂഹത്തിൽ സ്ത്രീകളുടെ ഉത്തരവാദിത്തവും സംഭാവനകളും തുടങ്ങിയ വിഷയങ്ങൾ അവിടെ ചർച്ചയായി. ഡോ. പ്രമീള ദേവി പോലുള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം ആ ചർച്ചകൾക്ക് കൂടുതൽ ഗൗരവം നൽകി.
ഫൊക്കാന 2026ൻ്റെ സമാപന രാത്രിക്ക് മറ്റൊരു ഊർജ്ജമുണ്ടായിരുന്നു. സിനിമാതാരം നവ്യ നായർ നൃത്തകലാകാരിയായി വേദിയിലെത്തിയപ്പോൾ പ്രേക്ഷകർക്ക് കേരളത്തിലെ ഒരു പ്രമുഖ കലാവേദിയിൽ ഇരിക്കുന്ന അനുഭവമായി. അവരുടെ ക്ലാസിക്കൽ പ്രകടനം ഹാളിനെ ആകർഷിച്ചു.
നാദിർഷയുടെ ഗാനമേള വന്നപ്പോൾ വേദിയും പ്രേക്ഷകരും തമ്മിലുള്ള അകലം തന്നെ ഇല്ലാതായി. പഴയതും പുതിയതുമായ മലയാളഗാനങ്ങൾ മുഴങ്ങുമ്പോൾ പലരും സീറ്റുകളിൽ ഇരുന്നില്ല. കൈകോർത്ത് പാടി, ചിരിച്ചു, ആഘോഷിച്ചു. ആ നിമിഷങ്ങളിൽ ഫൊക്കാന ഒരു ഔപചാരിക പരിപാടിയല്ല, വലിയൊരു കുടുംബസംഗമമായിരുന്നു.
ആദ്യ ദിനം നടന്ന പ്രൊഫസർ ഗോപിനാഥ് മുതുകാടിൻ്റെ ഗ്രാൻഡ് ഇല്യൂഷൻ ഷോ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വിസ്‌മയിപ്പിച്ചു. അദ്ദേഹത്തിന്റെ അവതരണത്തിൽ മാജിക്കിനപ്പുറം സ്വപ്‌നം കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സന്ദേശവും അനുഭവപ്പെട്ടു.
എന്നാൽ ഫൊക്കാന 2026ൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓർക്കപ്പെടുക മോഹിനിയാട്ടവും ചെണ്ടമേളവും ആയിരിക്കും.
ഒരേ താളത്തിലും ഭാവത്തിലും അണിനിരന്ന നർത്തകരുടെ മോഹിനിയാട്ടം ഒരു നൃത്താവതരണമെന്ന പരിധി കടന്നു. അമേരിക്കൻ മണ്ണിൽ കേരളത്തിൻ്റെ ലാസ്യപാരമ്പര്യം വലിയ തോതിൽ ദൃശ്യമായപ്പോൾ അത് പ്രവാസി മലയാളിയുടെ സാംസ്കാരിക പ്രഖ്യാപനമായി മാറി.
അതേ ആവേശത്തിൽ ഉയർന്ന ചെണ്ടമേളത്തിൻ്റെ നാദം കലഹാരി ഹാളിൻ്റെ ചുമരുകളിൽ ഒതുങ്ങിയില്ല. ആയിരക്കണക്കിന് മൈൽ അകലെയുള്ള മാതൃഭൂമിയുടെ ഓർമ്മയും ക്ഷേത്രമുറ്റങ്ങളും ഉത്സവരാവുകളും നാട്ടിൻപുറത്തിൻ്റെ ഹൃദയമിടിപ്പും അതിലൂടെ പലരുടെ മനസ്സിൽ വീണ്ടും ജീവിച്ചു.
ഈ രണ്ട് പരിപാടികൾ ലോകറെക്കോർഡ് നേട്ടങ്ങളുമായി ബന്ധപ്പെട്ടു ചരിത്രത്തിൽ ഇടം പിടിച്ചു. പക്ഷേ ആ റെക്കോർഡുകളുടെ യഥാർത്ഥ വില അതിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ മാത്രമല്ല. ഒരേ ലക്ഷ്യത്തിനായി ആയിരക്കണക്കിന് ആളുകൾ മാസങ്ങളോളം പരിശീലിച്ചു, സംഘടിപ്പിച്ചു, വിശ്വസിച്ചു, ഒടുവിൽ വിജയിച്ചു എന്നതിലാണ് അതിന്റെ മഹത്വം.
അതിനാൽ ഈ ചരിത്രനേട്ടം ഒരു സമൂഹത്തിൻ്റെ കൂട്ടായ വിജയമാണ്.
സാഹിത്യ സാംസ്‌കാരിക സെഷനുകളും സമ്മേളനത്തിന് മറ്റൊരു ആഴം നൽകി. അടൂർ ഗോപാലകൃഷ്ണൻ്റെ സാന്നിധ്യം അതിൻ്റെ കേന്ദ്രബിന്ദുവായിരുന്നു. മലയാളഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചിന്തകൾ പ്രവാസിസമൂഹത്തിനുള്ളിൽ വലിയ പ്രസക്തിയുള്ളവയായി അനുഭവപ്പെട്ടു.
കെ.വി. മോഹൻകുമാർ IAS, ഗോപിനാഥ് മുതുകാട്, അപ്പു ജോൺ ജോസഫ്, തിരുവനന്ത പുരം മേയർ വിവി രാജേഷ് ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം വികസനം, വിദ്യാഭ്യാസം, സംസ്‌കാരം, പ്രവാസി സമൂഹത്തിൻ്റെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളെ കൂടുതൽ വിശാലമായ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാൻ അവസരം ഒരുക്കി.
ഫൊക്കാന പുറത്തിറക്കിയ സുവനീർ അതിൻ്റെ ഡിസൈൻ കൊണ്ടും ഉള്ളടക്കം കൊണ്ടും ഗംഭീരമായി. ജോയ് ഇട്ടൻ ചീഫ് എഡിറ്റർ ആയും, കെ കെ ജോൺസൺ, ലിജോ ജേൺ എന്നിവർ സബ് എഡിറ്റർസ് ആയും പ്രവർത്തിച്ച സുവനീർ ഓർമകൾ കോർത്തിണിക്കിയ ഒരു പുസ്‌തകമായി. സാധാരണ ഒരു കൺവെൻഷൻ സോവനീരിനേക്കാൾ കാര്യ മാത്ര പ്രസക്തമായ കഥകൾ ലേഖനങ്ങൾ ഉൾപ്പെടുത്തിയ ഉള്ളടക്കത്തിൻ്റെ പുതുമ കൊണ്ടും പരസ്യങ്ങളുടെ അതി പ്രസരം ഇല്ലാത്തതും ആയ ഒരു നല്ല സുവനീർ. ഈ കമ്മിറ്റി തികച്ചും അഭിനന്ദനം അർഹിക്കുന്നു.
വലിയ ചരിത്രസംഭവങ്ങൾ പലപ്പോഴും ചെറിയ ദൃശ്യങ്ങളിലാണ് ഏറ്റവും വ്യക്തമായി പ്രകടമാകുന്നത്. ഫൊക്കാന 2026ൽ അത്തരമൊരു ദൃശ്യം ഫോട്ടോ ബൂത്തുകൾക്കു മുന്നിലായിരുന്നു. കേരളത്തിൻ്റെ പശ്ചാത്തലങ്ങൾ ഒരുക്കിയ കോർണറുകളിൽ കുടുംബങ്ങൾ ചിത്രങ്ങൾ പകർത്തി. ഫൊക്കാന ലോഗോയ്ക്കു മുന്നിൽ നിൽക്കുമ്പേൾ അവരുടെ മുഖത്ത് കാണപ്പെട്ട അഭിമാനം ഒരു പരിപാടിയിൽ പങ്കെടുത്തതിൻ്റെ സന്തോഷം മാത്രമല്ലായിരുന്നു; ഒരു സമൂഹത്തിൻ്റെ ഭാഗമാണ് തങ്ങളെന്ന തിരിച്ചറിവായിരുന്നു.
കലഹാരിയിൽ നടന്നത് ജനക്കൂട്ടത്തിൻ്റെ വലിപ്പത്തെക്കുറിച്ചുള്ള കഥ മാത്രമല്ല. അത് മനുഷ്യരുടെ കഥയാണ്. ഭക്ഷണമേശകളിൽ പിറന്ന സൗഹൃദങ്ങളുടെ കഥ. വാട്ടർ പാർക്കിൽ ചിരിച്ച കുട്ടികളുടെ കഥ. വേദിയിൽ കഴിവ് തെളിയിച്ച യുവതലമുറയുടെ കഥ. അനുഭവങ്ങൾ പങ്കുവെച്ച മുതിർന്നവരുടെ കഥ. ആയിരക്കണക്കിന് മൈൽ അകലെ നിന്നിട്ടും സ്വന്തം സംസ്കാരത്തെ ജീവിപ്പിച്ച ഒരു സമൂഹത്തിൻ്റെ കഥ. അതോടൊപ്പം, ഇത്രയും വലിയ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ ഡോ. സജിമോൻ ആൻ്റണിയുടെയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും കൂട്ടായ നേതൃത്വത്തിന്റെ കഥയും കൂടിയാണ് ഫൊക്കാന 2026.
ഈ കൺവെൻഷൻ കഴിഞ്ഞപ്പോൾ മനസ്സിൽ കൂടുതൽ ശക്തമായി പതിഞ്ഞത് മറ്റൊരു തിരിച്ചറിവാണ്. ഫൊക്കാന ഇന്ന് ഒരു വാർഷിക കൺവെൻഷൻ സംഘടിപ്പിക്കുന്ന സംഘടന എന്നതിലുപരി, ഉത്തര അമേരിക്കൻ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാനവിക മുന്നേറ്റത്തിനുള്ള വലിയ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. പദ്‌മ വിഭൂഷൺ അടൂർ ഗോപാല കൃഷ്‌ണൻ്റെ എൺപത്തിയേഴാമത് ജന്മദിനം ഫൊക്കാനയിൽ ആഘോഷിക്കാനായി എന്നത് ഒരുപാട് ആളുകളുടെ മനസ്സിൽ പതിഞ്ഞു.
ഇവിടെ സംസ്കാരം സംരക്ഷിക്കപ്പെടുന്നു. പുതിയ തലമുറയ്ക്ക് വേദി നൽകപ്പെടുന്നു. സ്ത്രീനേതൃത്വത്തിന് സ്ഥലം ലഭിക്കുന്നു. കലയും സാഹിത്യവും ചർച്ച ചെയ്യപ്പെടുന്നു. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് സംവാദം നടക്കുന്നു. അതിലുപരി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് "നമ്മൾ ഇപ്പോഴും ഒരേ കുടുംബമാണ്" എന്ന ബോധം വീണ്ടും നൽകപ്പെടുന്നു.
നാല് ദിവസത്തെ മഹാസംഗമം അവസാനിച്ചപ്പോൾ കലഹാരിയിൽ നിന്ന് എല്ലാവരും വീടുകളിലേക്ക് മടങ്ങി. സ്റ്റേജുകൾ അഴിച്ചുമാറ്റപ്പെട്ടു. ഹാളുകൾ വീണ്ടും നിശ്ശബ്ദമായി. ഫോട്ടോ ബൂത്തുകളുടെ തിരക്ക് അവസാനിച്ചു. സംഗീതത്തിൻ്റെ ശബ്ദം മങ്ങി.
എന്നാൽ ചില യാത്രകൾ ലക്ഷ്യസ്ഥാനത്ത് അവസാനിക്കില്ല.
കലഹാരി യാത്രയും അത്തരത്തിലൊന്നാണ്.
തിരികെ കൊണ്ടുവന്നത് ഒരു സുവനീർ പുസ്‌തകമോ കുറച്ച് ചിത്രങ്ങളോ മാത്രമല്ലായിരുന്നു. ഒരു സമൂഹത്തിൻ്റെ ആത്മവിശ്വാസം, ഒരു തലമുറയുടെ പ്രതീക്ഷ, ഒരു ജനതയുടെ സംസ്കാരാഭിമാനം അവയായിരുന്നു യഥാർത്ഥ ഓർമ്മകൾ.
പ്രവാസി മലയാളി സമൂഹം ഇന്ന് എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന് ഫൊക്കാന 2026 ഒരു ശക്തമായ മറുപടിയാണ്.
അമേരിക്കൻ ജീവിതത്തിൻ്റെ വേഗത്തിനിടയിലും മലയാളം ജീവിക്കുന്നു. നമ്മുടെ സംഗീതം ജീവിക്കുന്നു. നമ്മുടെ നൃത്തം ജീവിക്കുന്നു. നമ്മുടെ സൗഹൃദങ്ങൾ ജീവിക്കുന്നു. നമ്മുടെ കുട്ടികളിൽ കേരളത്തിൻ്റെ ഓർമ്മ മറ്റൊരു രൂപത്തിൽ തുടർന്നു ജീവിക്കുന്നു.
അതുകൊണ്ടാണ് കലഹാരിയിലെ ആ നാല് ദിവസങ്ങളെ ഒരു "കൺവെൻഷൻ" എന്നൊരു വാക്കിൽ ഒതുക്കാനാവാത്തത്.
ഡോ. സജിമോൻ ആൻ്റണിയുടെ ദീർഘവീക്ഷണവും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെ സംഘടനാമികവും, അവർക്കൊപ്പം പ്രവർത്തിച്ച അനവധി പ്രവർത്തകരുടെയും കലാകാരന്മാരുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമവും ചേർന്നാണ് ഫൊക്കാന 2026 ചരിത്രമായി മാറിയത്.
ഈ വിജയത്തിൻ്റെ സാമ്പത്തികവും സംഘാടകവുമായ അടിത്തറ ഉറപ്പാക്കുന്നതിൽ ഫൊക്കാന ട്രഷറർ ജോയ് ചാക്കപ്പൻ വഹിച്ച പങ്കും പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടതാണ്. ഇത്രയും വിപുലമായ ഒരു അന്താരാഷ്ട്ര കൺവെൻഷൻ്റെ പിന്നിൽ വേദികളിലെ തിളക്കത്തേക്കാൾ ഏറെ കാണപ്പെടാത്ത ഉത്തരവാദിത്തങ്ങളും കൃത്യമായ സാമ്പത്തിക ആസൂത്രണവും ആവശ്യമാണ്. പരിപാടികളുടെ വ്യാപ്‌തിയും അതിഥികളുടെ സാന്നിധ്യവും വിവിധ കമ്മിറ്റികളുടെ പ്രവർത്തനവും വിനോദ-സാംസ്‌കാരിക പരിപാടികളും ഒരുമിച്ച് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ശക്തമായ ടീംവർക്ക് അനിവാര്യമായിരുന്നു. പ്രസിഡന്റ് സജിമോൻ ആൻ്റണിയുടെയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും നേതൃത്വത്തോടൊപ്പം ട്രഷറർ ജോയ് ചാക്കപ്പൻ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളുടെ കൂട്ടായ പ്രവർത്തനമാണ് കലഹാരിയിലെ ഈ മഹാസംഗമത്തിന് കരുത്തായത്.
കൺവെൻഷൻ്റെ ആവേശത്തിന് മറ്റൊരു നിറം നൽകിയ സംഭവം റാഫിൾ നറുക്കെടുപ്പിൽ ഒരു ടെസ്ല കാർ സമ്മാനമായി നൽകിയത് ആയിരുന്നു. സാധാരണ സമ്മാനനറുക്കെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഒരു ടെസ് ല കാർ തന്നെ സമ്മാനമായി പ്രഖ്യാപിച്ചത് പങ്കെടുക്കുന്നവരിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു. കൺവെൻഷന്റെ അവസാനഘട്ടങ്ങളിലേക്ക് നീങ്ങുമ്പോൾ ആരാകും ആ ഭാഗ്യശാലി എന്ന ആകാംക്ഷയും ഹാളിൽ നിറഞ്ഞുനിന്നു. ഒരു വലിയ കുടുംബമേളയിൽ പ്രതീക്ഷയും വിനോദവും ഒരുമിച്ചുചേർന്ന ആ നിമിഷം ഫൊക്കാന 2026ൻ്റെ ഓർമ്മകളിൽ വേറിട്ടൊരു സ്ഥാനം നേടി. പരിപാടികളുടെ വലുപ്പത്തിലും അവതരണത്തിലും മാത്രമല്ല, പങ്കെടുത്ത ഓരോ കുടുംബത്തിനും ഓർത്തുവയ്ക്കാവുന്ന അനുഭവങ്ങൾ സമ്മാനിക്കണമെന്ന സംഘാടകരുടെ സമീപനത്തിലും ഈ കൺവെൻഷൻ വേറിട്ടുനിന്നു.
കലഹാരിയിൽ ചരിത്രം രചിച്ചത് ഒരു സംഘടന മാത്രമല്ല.
ഒരു സമൂഹമായിരുന്നു.
ഒരു തലമുറയായിരുന്നു.
ഒരു സംസ്കാരമായിരുന്നു.
ഭൂഖണ്ഡങ്ങൾ കടന്ന് കേരളം വീണ്ടും ജീവിച്ച നാല് അസാധാരണ ദിനങ്ങളായിരുന്നു അത്.