
കംപ്യുട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ദിവാകറിൻറെ മെസേജ് വീണ്ടും വീണ്ടും വായിച്ചു ബീന.
താൻ സംശയിച്ചതുപോലെ തന്നെ. വകവരുത്താൻ തന്നെയായിരുന്നു ശ്രമം. കൂടുതൽ വിശദാംശങ്ങൾ ഷെയർഹോൾഡേഴ്സ് മീറ്റിംഗിൽ പങ്കെടുക്കാൻ എത്തുമ്പോൾ നേരിട്ട് പറയാമെന്ന്.
കുരുവിളയുടെ ഓഫീസിനു മുൻപിലുള്ള, കാറുകൾ നിരനിരയായി പാർക്ക് ചെയ്ത ആ ലോട്ടിലേക്കു ഇറങ്ങുമ്പോഴേ എന്തോ കുഴപ്പമുണ്ടെന്നു തോന്നിയിരുന്നു. ഒരു സിക്‌സ്ത് സെൻസ്. സൂക്ഷിക്കണമെന്ന് മനസിലിരുന്ന് ആരോ പറഞ്ഞു. അന്ന് താൻ ആ ഓഫീസിൽ ചെല്ലുമെന്നു അറിയേണ്ടവർക്കെല്ലാം അറിയാമായിരുന്നല്ലോ. അപ്പോൾ അങ്ങനെ ഒന്ന് പ്ലാൻ ചെയ്യാൻ അവിടം തന്നെ തെരെഞ്ഞെടുക്കുമെന്നു കരുതിയത് തെറ്റിയില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആ തമിഴനെ വീട്ടുവളപ്പിൽ കണ്ട അന്ന് മുതലേ ഇങ്ങനെ ഒരു അപകട സാധ്യത മുന്നിൽ കണ്ടിരുന്നു.
തന്നെ കാത്തു നിന്ന കൊലയാളിയുടെ മുന്നിലേക്കായിരിക്കണം വനജ ചെന്നത്. അവളെ കടന്നു പിടിച്ചു കഴിഞ്ഞാവണം ആള് തെറ്റി എന്ന് ആ കൊലയാളി കൂട്ടത്തിനു മനസിലായത്. അവിടേക്കു ഒരു കാർ പാഞ്ഞു വന്നതും അക്രമിയെ കയറ്റിക്കൊണ്ടുപോയതും അത് കരുതിക്കൂട്ടി തന്നെയുള്ള നീക്കമാണെന്നു ഉറപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് വീട്ടിലെത്തിയ ഉടനെ ദിവാകറിനു മെയിൽ അയച്ചത്.
മനസിലാകാത്തത് സുമചേച്ചിയുടെ പങ്കാണ്. വനജയെ അവിടെവെച്ചു കണ്ടു എന്ന് എല്ലാവരോടും പറഞ്ഞതല്ലാതെ മറ്റൊന്നും ആരോടും പറഞ്ഞില്ല. കറുത്ത ഹുഡി ധരിച്ച ഒരാൾ ഒരു കാറിൽ കയറി പോകുന്നത് കണ്ടതാണ്. വനജ ഭയന്നോടി കാറിൽ കയറി ഓടിച്ചു പോകുന്നതും. എന്തുകൊണ്ടാണ്, അത് ആരോടും പറയേണ്ട എന്ന് സുമചേച്ചി തീരുമാനിച്ചത് എന്ന് ഒട്ടും മനസിലാകുന്നില്ല. മറ്റാരും കാണാത്ത എന്തൊക്കെയോ ആ മനസ്സിൽ ഒളിച്ചിരിപ്പുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സുമചേച്ചിക്ക് വനജയോടും ആ വീട്ടുകാരോടും ഇവിടെ മറ്റുള്ളവർക്കുള്ള സ്നേഹവും സന്തോഷവും ഇല്ലെന്നു മാത്രമല്ല, അവരോടു എന്തോ പക മനസ്സിൽ സൂക്ഷിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്!
ഏതായാലും ദിവാകറിൻറെ അന്വേഷണം ചെന്ന് നിന്നത് നടരാജനിലാണ്. തൻറെ കുടുംബം തകർത്തു കളഞ്ഞ, ഡാഡിയെ തങ്ങളിൽനിന്നും അകറ്റിയ സുലോചനയുടെ സഹോദരൻ. ഒരുകാലത്തു സ്നേഹപൂർവ്വം താൻ അങ്കിൾ എ ന്ന് സംബോധന ചെയ്തിരുന്ന ദുഷ്ടൻ... സങ്കടങ്ങളെ മയക്കികിടത്താൻ, സന്തോഷത്തിൻറെ ചിറകുകളിലേറി മായാലോകത്തേക്കു പറക്കാൻ, മഞ്ഞിൻറെ നേർമയുള്ള മരുന്നുകൾ സിരകളിൽ കുത്തിനിറയ്ക്കാൻ പഠിപ്പിച്ചവൻ.
സ്വത്തുക്കൾ മുഴുവൻ തൻറെ പേരിലാണെന്ന് അറിഞ്ഞപ്പോഴേക്കും എബിയുമായുള്ള തൻറെ വിവാഹം കഴിഞ്ഞിരുന്നു. തൻറെ കലുഷിതമായ ബാല്യം അറിയാത്തവരുടെ നാട്ടിൽ നിന്നും ഒരു വരനെ, അതും ഡാഡിയ്ക്ക് ബോധ്യമാകുന്ന തരത്തിൽ ഒരാളെ കണ്ടെത്തിയതും, അവർ തന്നെ. തന്നെ നാട് കടത്താൻവേണ്ടി ഒരുക്കിയ വിവാഹം.
അല്ലെങ്കിൽ ഒരുപക്ഷെ മലേഷ്യയിൽ വെച്ച് തന്നെ തൻറെ കഥ കഴിച്ചേനെ...
അന്ന് ആ രാത്രി ദിവാകർ മമ്മിയുടെ കുഴിമാടത്തിനു അടുത്തു ബോധമില്ലാതെ കിടന്ന തന്നെ കണ്ടെത്തിയത് അങ്ങനെ ഒരു ശ്രമത്തിൻറെ ഭാഗമല്ലെന്നു ആര് കണ്ടു? ഇന്നും അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തനിക്കറിയില്ല. ദിവാകറിനോട് ചോദിച്ചപ്പോൾ :'ഐ ന്യു വെർ റ്റു ലുക് ഫർ യു', എന്ന ഒഴുക്കൻ മറുപടിയിൽ എല്ലാം ഒതുക്കി. എന്നിട്ടു തൻറെ പിന്നിൽ നിഴൽ പോലെ നീങ്ങുന്ന അംഗരക്ഷകരെ നിയമിച്ചു. എന്ത് പറഞ്ഞാണ് അയാൾ ഡാഡിയെ അതിനു സമ്മതിപ്പിച്ചത് എന്നും അറിയില്ല. ഏതായാലും, അതിനു ശേഷം അരുതാത്തതൊന്നും അവിടെവെച്ചുണ്ടായില്ല.
മലേഷ്യ വിട്ടിട്ടും ദിവാകർ സുഖവിവരങ്ങൾ അന്വേഷിച്ച് ഇ-മെയിലുകൾ അയച്ചു. മറ്റു ജീവനക്കാർ സുലോചനയോടു ചങ്ങാത്തം സ്‌ഥാപിക്കാൻ മത്സരിച്ചപ്പോൾ അയാൾ അതിൽ നിന്നും മാറി നിന്നത് മുൻപേ തന്നെ ശ്രദ്ധിച്ചിരുന്നു. കമ്പനികാര്യങ്ങളിൽ ആരുമല്ലാത്ത തൻറെ ചങ്ങാത്തം കൊണ്ട് ഒന്നും നേടാനില്ല എന്നറിഞ്ഞിട്ടും അയാൾ തൻറെ കാര്യങ്ങൾ ശ്രദ്ധിച്ചു. മമ്മിയുടെ ഓർമ ദിവസങ്ങളിൽ തൻറെ ഒപ്പം ആ കുഴിമാടത്തിൽ വന്നു. ജീവിതത്തിൽ തനിച്ചായി പോയ സഹജീവിയോടുള്ള കരുണ... ആ നല്ല മനസു കാണാൻ കഴിഞ്ഞതുകൊണ്ട് അയാളുടെ ഇ-മെയിലുകൾക്കു മറുപടി അയച്ചു. അത് നന്നായി. ആവശ്യം വന്നപ്പോൾ വിളിക്കാൻ ഒരാളായി.
ദിവാകറിൻറെ മെയിലിൽ നിന്നാണ് ഡാഡിയും സുലോചനയും തമ്മിൽ തെറ്റി എന്ന് അറിഞ്ഞത്... . ദിവാകറിനു പറയാനുണ്ടായിരുന്നത് പക്ഷെ അതിനെക്കുറിച്ചായിരുന്നില്ല. തൻറെ സുരക്ഷയായിരുന്നു അപ്പോഴും അയാൾക്ക് മുഖ്യം.
'അവിടെ നീ സുരക്ഷിത ആയിരിക്കും എന്ന് വിശ്വസിക്കാം. എന്നാലും, ബി കെയർഫുൾ. കൊല്ലാൻ പോലും മടിക്കുന്നവരല്ല എന്ന് അറിയാമല്ലോ. അപരിചിതരെയോ, അസാധാരണം ആയതോ എന്ത് കണ്ടാലും സൂക്ഷിക്കണം. എന്നെ അറിയിക്കണം. ഞാനുണ്ടാകും. എന്ത് സഹായം വേണമെങ്കിലും എന്നെ വിളിക്കണം'
എപ്പോഴാണ് ഡാഡി അറിഞ്ഞത് സുലോചന നീട്ടിയ മധുരം വിഷമാണെന്ന്? ആഗ്രഹിച്ച സ്വത്തും, കമ്പനിയും ഒന്നും ഡാഡിയുടെ സ്വന്തമല്ല എന്ന് അറിഞ്ഞപ്പോൾ എങ്ങനെയായിരുന്നു സുലോചനയുടെ പ്രതികരണം? ഡാഡിയുടെ ജീവിതം ഇപ്പോൾ എങ്ങനെയാണ്? അറിയാതെ ഒരു വിതുമ്പൽ ബീനയുടെ തൊണ്ടയിൽ കുരുങ്ങി.
ഡാഡി ഫോൺ ചെയ്യാറുണ്ട്. സംഭാഷണം ഒന്നോ രണ്ടോ വാചകങ്ങളിൽ ഒതുക്കുകയാണ് തൻറെ പതിവ്. അത് ശരിയല്ല, ദിവാകർ പലപ്പോഴും പറഞ്ഞു. പഴയ കാര്യങ്ങൾ ഓർത്തു ഡാഡി ദുഃഖിക്കുന്നുണ്ട്. താൻ കൂടി ശിക്ഷിക്കരുത്.
ഡാഡി അറിഞ്ഞിട്ടുണ്ടാവണം ഇവിടുത്തെ വിശേഷങ്ങൾ. ദിവാകർ തീർച്ചയായും അറിയിച്ചിട്ടുണ്ടാവണം. ബിസിനസ് കാര്യങ്ങൾ എങ്ങനെയെന്ന് ഒരിക്കലും അന്വേഷിച്ചിട്ടില്ല, കമ്പനിയുടെ റിപോർട്ടുകൾ കൃത്യമായി തനിക്ക് അയച്ചു തരാറുണ്ട്- താൻ ശ്രദ്ധിക്കാറില്ലെങ്കിലും.
പലപ്പോഴും ഫോണിൽ ഡാഡി സൂചിപ്പിച്ചിട്ടുണ്ട്; ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന്, താനും എബിയും അങ്ങോട്ട് ചെല്ലണമെന്ന്. ആ സംഭാഷണങ്ങളിൽ ഒരു തരത്തിലുള്ള താല്പര്യവും ഇതുവരെ കാണിച്ചിട്ടില്ല. ഡാഡി നിർബന്ധിച്ചിട്ടുമില്ല; തൻറെ നിലപാടിനെക്കുറിച്ചുള്ള ആശങ്ക കൊണ്ടാവും. ഡാഡിയോടു സംസാരിക്കണം. ബന്ധങ്ങളിൽ വന്നുപോയ വിള്ളലുകൾ അടെയ്ക്കണം. അനാഥത്വത്തിൻറെ കെടുതികൾ നന്നായി അറിഞ്ഞവളാണ്; ഡാഡിയുടെ വാർധക്യത്തിൽ അദ്ദേഹത്തെ തനിച്ചാക്കരുത്
ഡാഡിയോടു സംസാരിക്കണം, ഒട്ടും താമസിക്കരുത് ബീന നിശ്ചയിച്ചു.
ബീന ഫോൺ എടുത്തു.
'ഐ അം ബീനാ' മലേഷ്യയിൽ, ഫോൺ എടുത്ത ഫിലിപ്പ് അലക്സാണ്ടറിൻറെ സെക്രട്ടറിയോട് ബീന പറഞ്ഞു.
നിമിഷങ്ങൾക്കകം...
'മോളേ...' ഫോണിൻറെ അങ്ങേത്തലക്കൽ ഫിലിപ് അലക്സാണ്ടറുടെ ശബ്ദം പതറി.
ബീനയുടെ കണ്ണ് നിറഞ്ഞു. ആ കണ്ണുനീരിൽ അവളുടെ ഉള്ളിലെ മഞ്ഞുമല ഉരുകി.
'ഡാഡി' ബീന വിളിച്ചു.
Read More: https://www.emalayalee.com/writer/69