Image

പൂഞ്ഞാറിലെ ബി.ജെ.പിയുടെ നാലരക്കോടി കണക്ക് പി.സി ജോര്‍ജ് തെറ്റിദ്ധരിച്ച കഥ (എ.എസ് ശ്രീകുമാര്‍)

Published on 17 August, 2026
പൂഞ്ഞാറിലെ ബി.ജെ.പിയുടെ നാലരക്കോടി കണക്ക് പി.സി ജോര്‍ജ് തെറ്റിദ്ധരിച്ച കഥ (എ.എസ് ശ്രീകുമാര്‍)

രാഷ്ട്രീയത്തില്‍ ചില കണക്കുകള്‍ക്ക് പ്രത്യേകതയുണ്ട്. കൂട്ടിയാല്‍ കുറയുന്ന കണക്ക്, കുറച്ചാല്‍ കൂടുന്ന കണക്ക്, ചോദിച്ചാല്‍ അറിയില്ലെന്ന് പറയുന്ന കണക്ക്, ഒടുവില്‍ കണക്ക് ചോദിച്ചവന്‍ തന്നെ തെറ്റിദ്ധരിച്ചതായി മാറുന്ന മറ്റൊരു മറിമായക്കണക്ക്. പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ഇതിന്റെ ഏറ്റവും പുതിയ രാഷ്ട്രീയ പതിപ്പാണ്.

കഥ തുടങ്ങുന്നത് നാലരക്കോടിയില്‍ നിന്നാണ്. പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവഴിച്ചുവെന്ന് ആദ്യം പറഞ്ഞത് ഇക്കുറി അവിടെ ബി.ജെ.പിയുടെ കാവിക്കൊടി പറത്തി മല്‍സരിച്ച പി.സി ജോര്‍ജാണ്.പണം എവിടെ പോയി എന്ന ചോദ്യവും ഉയര്‍ന്നു. ബൂത്തിന് നല്‍കേണ്ട 31,000 രൂപ പോലും ചില സ്ഥലങ്ങളില്‍ എത്തിയില്ലെന്ന ആരോപണവും വന്നു. പണം കിട്ടിയില്ലെന്ന് ചിലര്‍ പറഞ്ഞു. പണം കൊടുക്കാന്‍ മറന്നുപോയെന്ന് മറ്റൊരാള്‍ പറഞ്ഞതായും ആരോപണം.

അങ്ങനെ നോക്കുമ്പോള്‍ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ടിന് ഒരു പ്രത്യേക യാത്രയുണ്ടായിരുന്നു  പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറപ്പെട്ടു, ബൂത്തിലേക്ക് പോകേണ്ടതായിരുന്നു, പക്ഷേ വഴിയില്‍ എവിടെയോ വെച്ച് 'കാണാതായി'. അതിലും രസകരമായത് കാറുകളുടെ കാര്യമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചിലര്‍ പുതിയ കാറുകള്‍ വാങ്ങിയെന്ന് പി.സി തുറന്നടിച്ചു. രാഷ്ട്രീയം പഴയതായാലും കാര്‍ പുതിയത് തന്നെ. ജനാധിപത്യത്തില്‍ വോട്ട് ചോദിക്കാന്‍ പോകുന്നവര്‍ക്ക് വാഹന സൗകര്യം വേണമല്ലോ. പക്ഷേ കാറിന്റെ പണം എവിടെ നിന്നാണെന്ന ചോദ്യം വന്നാല്‍, കാറിനേക്കാള്‍ വേഗത്തില്‍ മറുപടി മാറും.

പി.സി ജോര്‍ജിന്റെ പ്രസംഗം പുറത്തുവന്നതോടെ ബി.ജെ.പിയുടെ കണക്കുപുസ്തകം പെട്ടെന്ന് കേരളത്തിലെ ഏറ്റവും ജനപ്രിയമായ 'ത്രില്ലര്‍' ആയി. പണം ആരെടുത്തു..? എത്രെടുത്തു..? ആര്‍ക്കു കൊടുത്തു..? കൊടുത്തില്ലെങ്കില്‍ എന്തുകൊണ്ട്..? കൊടുക്കാന്‍ മറന്നെങ്കില്‍ ആ പണം ഇപ്പോള്‍ എവിടെ..? ഇതൊക്കെ അന്വേഷിച്ചാല്‍ എത്തുന്നത്  ''തെറ്റിദ്ധാരണയായിരുന്നു...'' എന്ന ഒരേയൊരു ഉത്തരത്തിലേക്കാണ്. രാഷ്ട്രീയത്തിലെ ഏറ്റവും സുരക്ഷിതമായ വാക്കാണ് 'തെറ്റിദ്ധാരണ'. ആരോപണം വന്നാല്‍ തെറ്റിദ്ധാരണ. കണക്ക് പൊരുത്തപ്പെടുന്നില്ലെങ്കില്‍ തെറ്റിദ്ധാരണ. പണം കാണുന്നില്ലെങ്കില്‍ തെറ്റിദ്ധാരണ. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റേണ്ടി വന്നാലും തെറ്റിദ്ധാരണ. ഇത്രയും സൗകര്യമുള്ള ഒരു വാക്ക് മലയാള നിഘണ്ടുവില്‍ വേറെയുണ്ടോ എന്ന് പോലും സംശയമാണ്.

''നാലരക്കോടി രൂപ പാര്‍ട്ടി ചെലവഴിച്ചിട്ടുണ്ട്. നിങ്ങളില്‍ ആരൊക്കെ അതില്‍ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല, നിങ്ങള്‍ സ്വയം ചിന്തിക്കണം. ഞാനതില്‍ തൊട്ടിട്ടില്ല, ആ രൂപ മുഴുവന്‍ സജി കുരിക്കാടിനെയാണ് ഏല്‍പ്പിച്ചത്. സാമ്പത്തിക കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സജിയോട് ഞാന്‍ കണക്ക് ചോദിച്ചു, മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കണക്കുമായി വന്നു. 4.45 കോടി രൂപ ചെലവായതിന്റെ കണക്കാണ് കൊണ്ടുവന്നത്. ആ കണക്ക് ഞാന്‍ ആരെയും കാണിക്കാന്‍ പോയില്ല. അതു കാണിച്ചാല്‍ നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ നാണക്കേടാകും...'' എന്നാണ് പി.സി കഴിഞ്ഞ മാസം എരുമേലിയില്‍ നടന്ന യോഗത്തില്‍ പറഞ്ഞത്.

പലരേയും ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവരാരും അറിഞ്ഞിട്ടില്ല. മിണ്ടാതിരിക്കുക എന്നത് മാത്രമാണ് മാര്‍ഗം. ഇപ്പോഴും മുണ്ടാന്‍ തയ്യാറല്ല, പക്ഷെ നിങ്ങളില്‍ ആരെങ്കിലും എടുത്തോ എന്ന് മനസ്സില്‍ ചോദിച്ചാല്‍ മതി. ഒരു ബൂത്തില്‍ 31,000 രൂപ കൊടുക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു. എത്ര പേര്‍ക്ക് കൊടുത്തു. ആ പണം എവിടെ പോയി. ഞാന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ മൂവായിരം വോട്ട് ലീഡ് നേടിയിരുന്ന ഒരു പഞ്ചായത്തില്‍ ഞാന്‍ രണ്ടാം സ്ഥാനത്ത് പോയി. വോട്ടിന്റെ ലിസ്റ്റ് നോക്കിയപ്പോള്‍ ബൂത്തില്‍ 50-ല്‍ താഴെ വോട്ട് മാത്രം. അവിടുത്തെ ബൂത്ത് പ്രസിഡന്റിനെ വിളിച്ച് വരുത്തി 31000 രൂപ എന്ത് ചെയ്തുവെന്ന് ചോദിച്ചു. എനിക്ക് കിട്ടിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. കൊടുക്കാന്‍ ചുമതലപ്പെടുത്തിയ ആളെ വിളിച്ച് വരുത്തിയപ്പോള്‍ മറന്ന് പോയെന്നാണ് പറഞ്ഞത്.

അവിടെവച്ച് അയാളോട് പണം വാങ്ങിയാണ് തിരികെവിട്ടത്. അവനോട് മാത്രമാണ് ഞാന്‍ വാങ്ങിയത്. അത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. വേറെ ആരോടും പണം തിരികെ വാങ്ങിയില്ല. അത്ര വൃത്തിക്കെട്ടവന്‍മാരാണ് നമ്മുടെ പാര്‍ട്ടിയിലുള്ളത്. ഇങ്ങനാണോ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാര്‍ എടുത്താല്‍ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. പ്രാകുന്നത് ഞാനാണ്... കലിപ്പടങ്ങാതെ പി.സി ജോര്‍ജ് പറഞ്ഞു.

പക്ഷേ പിന്നീട് പാര്‍ട്ടി നേതൃത്വം കണക്കുകള്‍ കാണിച്ചു ബോധ്യപ്പെടുത്തിയതോടെ കഥയുടെ ക്ലൈമാക്‌സ് മാറി. 'മോഷണം' എന്ന അധ്യായം അടച്ച് 'തെറ്റിദ്ധാരണ' എന്ന അധ്യായം തുറന്നു. പി.സി മലക്കം മറിഞ്ഞു...ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ നാലരക്കോടി രൂപ ലഭിച്ചെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പൂഞ്ഞാറില്‍ ഇലക്ഷന്‍ ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു. ചെലവഴിച്ച പണത്തിന്റെ കൃത്യമായ കണക്ക് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്ന അവഥയിലേയ്‌ക്കെത്തി കാര്യങ്ങള്‍.

ഇവിടെ അരിയാഹാരം മാത്രം കഴിക്കുന്ന സാധാരണക്കാരന് ഒരു ചെറിയ സംശയം മാത്രം. കണക്ക് ആദ്യം കണ്ടപ്പോള്‍ 4.45 കോടി ശരിയായിരുന്നു. പിന്നീട് അതേ കണക്ക് വിശദീകരിച്ചപ്പോള്‍ തെറ്റിദ്ധാരണയായി മാറിയെങ്കില്‍, കണക്കിന്റെ തെറ്റ് എവിടെയായിരുന്നു  അക്കത്തിലോ, ഓര്‍മ്മയിലോ..? ഇനി 31,000 രൂപയുടെ കഥയാണ് ഏറ്റവും കൗതുകകരം. ഒരു ബൂത്തിന് 31,000 രൂപ കൊടുക്കണമെന്ന് നിര്‍ദേശം. ബൂത്ത് പ്രസിഡന്റിനോട് ചോദിച്ചപ്പോള്‍ പണം കിട്ടിയില്ലെന്ന് മറുപടി. പണം കൊടുക്കേണ്ടയാളെ വിളിച്ചപ്പോള്‍ കൊടുക്കാന്‍ മറന്നുപോയെന്ന് മറുപടി.

രാഷ്ട്രീയ ചരിത്രത്തില്‍ 'പണം കൊടുക്കാന്‍ മറന്നുപോയി' എന്നത് ഒരുപക്ഷേ പുതിയ സാമ്പത്തിക സിദ്ധാന്തമായിരിക്കും. പരീക്ഷയ്ക്ക് പോകാന്‍ മറക്കാം. മീറ്റിംഗിന് പോകാന്‍ മറക്കാം. വിവാഹവാര്‍ഷികം മറക്കാം. പക്ഷേ 31,000 രൂപ കൊടുക്കാന്‍ മറക്കുക  അതിന് പ്രത്യേക പരിശീലനം വേണം! ഇതൊക്കെ നടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് പരിധിയും ചര്‍ച്ചയാകുന്നത്. നിയമപരമായ ചെലവ് പരിധിയും പാര്‍ട്ടി പറയുന്ന ചെലവും തമ്മില്‍ നാലരക്കോടിയുടെ അകലം. അതുകൊണ്ട് ഇനി തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് ഒരു പുതിയ ഉപകരണം ആവശ്യമാണ് വോട്ടിംഗ് മെഷീനിനൊപ്പം ഒരു 'കണക്ക് മെഷീന്‍'.
 

Join WhatsApp News
Abraham Thomas 2026-08-18 00:18:41
Ethra boothukal undayirunnu ennenkilum PC parayumallo. Atho athum marannu poyo?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക