Image

ഫൊക്കാന - ഫോമ: കൺവെൻഷനുകൾ ആർക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 17 August, 2026
ഫൊക്കാന - ഫോമ: കൺവെൻഷനുകൾ ആർക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്രാ)

 " 'ഫൊക്കാന - ഫോമ' തുടങ്ങിയ ദേശീയ സംഘടനകൾ എന്തിനു വേണ്ടി? ഇവരുടെ നാഷണൽ കൺവെൻഷനുകൾ കൊണ്ട് സാധാരണ അമേരിക്കൻ മലയാളികൾക്ക് എന്തു പ്രയോജനം?"

ഈ ചോദ്യം പല കോണുകളിൽ നിന്നും കേൾക്കുവാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. 'ഫൊക്കാന' ഉണ്ടായ കാലം മുതൽ ഇതു കേൾക്കുന്നു. 'ഫോമ' വന്നപ്പോഴും ഇതു ആവർത്തിക്കുന്നു.

ഇനി മറിച്ചൊരു   ചോദ്യം: 'ഈ സംഘടനകൾ കൊണ്ട് നിങ്ങൾ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ?'

സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത്, ഒരു പരിപാടിയിലും പങ്കെടുക്കാത്ത, ഓസിൽ   വായിക്കുവാൻ കിട്ടുന്ന ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കുവാൻ പെണ്ണുമ്പിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശ പൂണ്ടവരാണ്.

ആദ്യകാലത്ത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മകൾ ചെറിയ കേരളസമാജങ്ങളായിരുന്നു. പലരും  സ്വന്തം കൈയിലെ കാശ് മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ കൊണ്ടുവന്ന് ചില പരിപാടികൾ നടത്തി ഫണ്ട് റൈസിംഗ് നടത്തി.

ഇന്നു കാണുന്ന പല വലിയ ചർച്ച് ബിൽഡിംഗുകളും പടുത്തുയർത്തുന്നതിൽ ഇത്തരം ധനശേഖരണം ഒരു വലിയ ഘടകമായിരുന്നു. ആരാധനാലയത്തോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഓഡിറ്റോറിയത്തിൽ വെച്ച് പല പരിപാടികളും നടത്തുന്നു.

"ഈ സംഘടനകളൊക്കെ ചിലർക്ക് ആളു കളിക്കാനാണ്. പ്രശസ്തി നേടാനാണ് - സ്റ്റേജിൽ കയറി തിളങ്ങിനിൽക്കണം. പത്രത്തിൽ പേരും ഫോട്ടോയും വരണം" - ഇതൊക്കെയാണ് മറ്റു ചിലർക്ക് ബോധക്കേടുണ്ടാക്കുന്ന വിഷയങ്ങൾ!

അതിലെന്താണ് തെറ്റ്?
അവർ സമയം ചെലവഴിക്കുന്നു. പണം ചിലവാക്കുന്നു. കുടുംബസമയം ഇതിനുവേണ്ടി മാറ്റിവെയ്ക്കുന്നു. മീറ്റിംഗുകളിൽ പങ്കെടുക്കുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു.

അത്രയുമൊക്കെ ചെയ്ത ശേഷം അയാളുടെ ഒരു പടം പത്രത്തിൽ വന്നാൽ എന്തിനാ കുവേ, വെറുതേ അസൂയപ്പെടുന്നത്? അവർക്ക് പ്രശസ്തി കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ! അതിലവർക്ക് സന്തോഷമുണ്ടെങ്കിൽ സന്തോഷിക്കട്ടെ! ഏതായാലും താങ്കൾക്ക് ഒരു ചില്ലിക്കാശ് പോലും ചിലവില്ലല്ലോ- അവരുടെ പടം ഫ്രെയിം ചെയ്ത് പൂജമുറിയിൽ വെച്ച് പൂവിട്ടു പൂജിക്കാനൊന്നും ആരും പറയുന്നില്ലല്ലോ!

ചെറിയ ചെറിയ പ്രദേശിക മലയാളി അസോസിയേഷനുകൾ കൊണ്ട്, നമ്മുടെ കുറച്ചു കുട്ടികൾക്കെങ്കിലും അവരുടെ സ്കൂളിൽ കിട്ടാത്ത ചില അവസരങ്ങൾ കിട്ടുന്നുണ്ട്. അവരുടെ കലാപരവും, കായികപരവുമായ കഴിവുകൾ, നൃത്തം സംഗീതം, ഓട്ടം, ചാട്ടം - തുടങ്ങിയവ അസോസിയേഷൻ വേദികളിലും പിക്നിക്കുകളിലും പ്രകടിപ്പിക്കാനുള്ള ഒരു അവസരം.

ഫൊക്കാന-ഫോമാ തുടങ്ങിയ സംഘടനകൾ നടത്തുന്ന ദേശീയ കൺവെൻഷനുകൾ, പ്രത്യക്ഷമായും പരോക്ഷമായും അനേകമാളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്.

കൺവെൻഷൻ സെന്ററുകൾക്ക് കിട്ടുന്ന വരുമാനം, ഹോട്ടൽ ജീവനക്കാർക്കു ജോലി, കേറ്ററിംഗ് കമ്പനിക്ക് ബിസിനസ്, ഫോട്ടോഗ്രാഫേഴ്സിനും, വീഡിയോ ടീമുകൾക്കും വരുമാനം, എയർലൈൻസിനും, ടാക്സിക്കാർക്കും കൂടുതൽ ചാർജുകൾ.

'ഓ... പിന്നെ... ഈ കൺവെൻഷനുകൾ കൊണ്ടാണല്ലോ ഈ പ്രസ്ഥാനങ്ങളൊക്കെ നടന്നു പോകുന്നത്?' എന്നൊരു പുച്ഛമായിരിക്കും ഇപ്പോൾ പലരുടേയും മനസ്സിൽ കൂടി കടന്നു പോകുന്നത്. പ്രിയ സുഹൃത്തേ! ഇതു പോലെയുള്ള പല സംരംഭങ്ങൾ പരസ്പരം കൈകോർക്കുന്നത് കൊണ്ടാണ്, നമ്മുടെ കിശയിലും കാശു വീഴുന്നത്.

ഒരാൾക്ക് നല്ല സമ്പത്തുണ്ടെങ്കിൽ, അതിന്റെ സന്തോഷത്തിൽ സ്വർണ്ണാഭരണങ്ങളും, വിലകൂടിയ പളപള  വസ്ത്രങ്ങളും ധരിച്ച്, ലക്ഷ്വറി കാറുകളിൽ നടക്കട്ടെ. അതിലെന്താണ് തെറ്റ്? അത് അവർ സമ്പാദിച്ചതാണ്.  അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ വിജയത്തേയും, സമ്പത്തിനേയും കണ്ടിട്ട്, അവരെ താഴ്ത്തി-ക്കെട്ടുകയോ, 'പ്രാഞ്ചിയേട്ടൻ' എന്ന ലേബലു കൊടുത്ത് പരിഹസിക്കുകയോ ചെയ്യേണ്ട കാര്യമില്ല.

"ഈ കൺവെൻഷനു ധൂർത്തടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിച്ചുകൂടെ?" - ഇതാണ് മറ്റൊരു ചോദ്യം. പാവങ്ങളെ സഹായിക്കുന്നത് ഒരു പുണ്യപ്രവർത്തിയാണ്. ഒരു ചെറിയ സംശയം. നിങ്ങൾ ഈ പറയുന്ന സമ്മേളനങ്ങൾക്കൊന്നും പോകണ്ട. അങ്ങിനെ ലാഭിക്കുന്ന പണം കൊണ്ട് നിങ്ങൾക്ക് നേരിട്ടു പാവങ്ങളെ സഹായിച്ചുകൂടെ?

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം നൽകാം. ദാരിദ്ര്യം അനുഭവിക്കുന്ന സ്വന്തം ബന്ധുക്കളെ സഹായിക്കാം. ഒരു രോഗിയുടെ ചികിത്സക്ക് സഹായിക്കാം.

ഒരു ഫൊക്കാനയോടും, ഫോമായോടും ചോദിക്കേണ്ട കാര്യമില്ല. ഒരു കൺവെൻഷനും നൂറു ശതമാനം കുറ്റമറ്റതാക്കാൻ ആരാലും  സാധ്യമല്ല. ആയിരക്കണക്കിനു ആളുകളെ ഒരുമിച്ചു കൂട്ടി ഒരു പരിപാടി നടത്താൻ ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന സംഘാടകരുണ്ട്. അവരുടെ ചെറിയ പിഴവുകൾ വലുപ്പിച്ചു കാട്ടാതെ, ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുന്നതല്ലേ അഭികാമ്യം? അല്ലാതെ 'കൺവെൻഷൻ പാടെ പൊളിഞ്ഞു പോയി' എന്നു ഒച്ചവെക്കുന്നത് ക്രൂരതയാണ്.

അമേരിക്കയിൽ ഇൻഡ്യാക്കാരുടെ നിരവധി സംഘടനകളുണ്ട്, ഗുജറാത്തികൾക്കും, മറാത്തികൾക്കും, പഞ്ചാബികൾക്കും, തമിഴർക്കും, തെലുങ്കർക്കും തുടങ്ങി നിരവധി സമൂഹങ്ങൾ സ്വന്തം സംഘടനകളും സമ്മേളനങ്ങളും നടത്തുന്നു. പക്ഷേ സ്വന്തം സംഘടനകളെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതിൽ, മലയാളികൾ ഒരു ക്രൂരമായ ആനന്ദം അനുഭവിക്കുന്നു.

'എക്സ്പയറി ഡേറ്റ്' കഴിഞ്ഞിരിക്കുന്ന എന്നെപ്പോലുള്ളവർ കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്, അവശേഷിച്ചിരിക്കുന്ന സുഹൃത്തുക്കളെ ഒന്നുകൂടി കാണുവാനും, യുവതലമുറയിൽ പെട്ട ചിലരെ പരിചയപ്പെടുവാനും ഉള്ള ഒരു അവസരത്തിനു വേണ്ടിയാണ്.

ഇനി ആര്, എപ്പോൾ, എവിടെ, എങ്ങിനെ... ആർക്കറിയാം?

മറ്റുള്ളവരുടെ സന്തോഷം കണ്ട് നിങ്ങൾ വെറുതേ മനഃപ്രയാസപ്പെടേണ്ട. ചരമക്കോളത്തിലല്ലാതെ, ഏതെങ്കിലും നല്ല കാര്യം ചെയ്തു പത്രത്തിൽ ഒരു തവണയെങ്കിലും പടം വരുത്തുവാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒന്നു ശ്രമിക്കൂ.

അതു കൊണ്ടു പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ! വെറുതേ മാളത്തിലൊളിച്ചിരുന്ന്    പ്രതികരിക്കാതെ വെളിച്ചം കാണുവാൻ വേണ്ടി വല്ലപ്പോഴും ഒന്നു പുറത്തിറങ്ങൂ. മരിക്കുന്നതിനു മുൻപ് നാലു പേർ നമ്മളെ അറിയട്ടെ. അഞ്ചു പേർ നമ്മളോടൊപ്പം ചിരിക്കട്ടെ! പത്തു പേർ നമ്മളോടൊപ്പം സന്തോഷിക്കട്ടെ!

ജീവിതം ഒന്നേയുള്ളൂ - ആഘോഷിക്കൂ ഓരോ നിമിഷവും. ഒരു ദിവസം നമ്മൾ ഈ ലോകത്തു നിന്നും വിട പറയുമ്പോൾ, നാട്ടുകാർ തമ്മിൽ ചോദിക്കും -

"ഒരു മലയാളി മരിച്ചെന്നു കേട്ടല്ലോ - ആരാ അത്?"
"ഞാനും കേട്ടു. ആരാണെന്ന് വലിയ പിടില്ല. നമ്മുടെ അന്നാമ്മയുടെ ഭർത്താവ്, ആ വായ്നോക്കി വെള്ളമടി വർക്കിയാണെന്നാ പറേന്നത് - ആർക്കറിയാം?"

അതു പോരല്ലോ വർക്കി. അതുകൊണ്ട് ഇപ്പോഴേ കളത്തിലിറങ്ങി കളിക്കൂ!


(ഫോമ പ്രസിഡന്റ് ജി ബിജു തോണിക്കടവിൽ, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഇവരോടൊപ്പം)

Join WhatsApp News
Ramakrishna Menon 2026-08-17 14:24:57
പതിവ് ശൈലിയിൽ നിന്നും മാറി, മൈലപ്ര സാറിൻ്റെ വളരെ വസ്തുനിഷ്ഠമായ, ചിന്തോദ്ദിപകമായ ഒരു ലേഖനം. എന്തിലും ഏതിലും കുറ്റം മാത്രം കണ്ടുപിടിക്കുവാൻ മാത്രം നടക്കുന്ന ചില സ്ഥിരം ദോഷൈകദൃക്കുകളെ ഇ-മലയാളിയുടെ പ്രതികരണ കോളത്തിൽ കാണാം. അവരെപ്പോലെയുള്ളർ ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല. താരങ്ങളെയും, രാഷ്ട്രീയക്കാരെയും, സാഹിത്യകാരന്മ്മാരെയും കൊണ്ടുവരുന്നത് ചിലർക്ക് സഹിക്കില്ല. പൂരമായാൽ പത്തു ആനയെങ്കിലും വേണ്ടേ സാർ? ഈ പണം കൊണ്ട് നാട്ടിലെ പാവങ്ങളെ സഹായിക്കണം പോൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 'ദാരിദ്ര്യമുക്തകേരളം' എന്ന സ്വപ്നം നടപ്പാക്കിയ കാര്യം ഈ കുശ്മാണ്ടൻമ്മാർ അറിഞ്ഞില്ലേ? സ്വന്തം തന്തക്കും തള്ളക്കും പത്തു പൈസ കൊടുക്കാത്തവൻമ്മാർ ആണ് പ്രതികരണ കോളത്തിൽ വന്നു 'ഗിന്നസ്‌റെക്കോർഡ് സർട്ടിഫിക്കറ്റ് ' മുറിച്ചു ഓരോ കഷ്ണം എല്ലാ മലയാളികൾക്കും കൊടുക്ക് എന്ന് പരിഹസിക്കുന്നത്. ഇതിന്റെ പിന്നിലെ കഷ്ട്ടപ്പാടും, അർപ്പണബോധവും എത്രമാത്രം ആണെന്ന് ആ അലവലാതിക്ക്‌ അറിയാമോ? ആദ്യം പുറത്തിറങ്ങി മലയാളി സമൂഹത്തിൽ എന്തൊക്കെ നടക്കുന്നു എന്ന് ഒന്ന് മനസ്സിലാക്കു. അങ്കിൾബെൻസ് ചോറ്, മോരുകറിയും, കുടംപുളിയിട്ട കിങ്ഫിഷ്‌ കറിയും കൂട്ടി അണ്ണാക്കിലേക്കു തള്ളിക്കയറ്റുന്നതു മാത്രമല്ല ഒരു അമേരിക്കൻ മലയാളിയുടെ ജീവിതം. (ചരമകോളത്തിൽ ഇടുവാൻ പാസ്പോര്ട്ട് മുദ്രയില്ലാത്ത ഒരു പടം കരുതി വെച്ചേക്കണേ!)
തോമസുകുട്ടി . 2026-08-17 14:50:34
ഈ എക്സ്പയറി ഡേറ്റ്' കഴിഞ്ഞിരിക്കുന്ന നിങ്ങളെപോലുള്ളവരുടെ ഫോണിൽ വീഡിയോ കാൾ ചെയ്യാൻ കഴിവുള്ള ആപ്പ്സ് ഒന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ലേ ? അതെടുത്തു ഒന്ന് വിളിച്ചാൽ പോരെ സുഹൃതുകളെ കാണാന് ? ഇയാളെ പോലുള്ളവർ ഇത്രയും വര്ഷം മലയാളികളെ ചിരിപ്പിച്ചിട്ടു എത്ര പേരുടെ ആയുസ്സ് നീട്ടിക്കിട്ടി ? മാളത്തിലൊളിച്ചിരുന്ന് പ്രതികരിക്കണോ അതോ മറ്റു വിധത്തിൽ പ്രതികരിക്കണോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തർക്കും അമേരിക്കൻ ഭരണഘടന നൽകുന്ന അവകാശമാണ്. അല്ലാതെ അത് തീരുമാനിക്കുന്നത് സാഹിത്യ പുംഗവന്മാരും ഫോമാ ഫൊക്കാന നേതാക്കളല്ല . തോമസുകുട്ടി .
Senior Citizen 2026-08-17 15:44:49
തോമസുകുട്ടി വിട്ടുകള... അങ്ങേരു അറിവില്ലായ്മകൊണ്ടു എന്തെങ്കിലും എഴുതിയാൽ തന്നെ, വിവരമില്ലാത്ത നമ്മൾ വേണ്ടേ ക്ഷമിക്കേണ്ടത്? താങ്കൾ ശ്രദ്ധിയ്ച്ചുണ്ടുണ്ടോ എന്നറിയില്ല, എല്ലാ Milk container- ലും അതിൻറെ Expiry date രേഖപ്പെടുത്തിയിട്ടുണ്ട്. കാലൊന്നു തെറ്റിയാൽ, തൊണ്ടയിൽ ഒരു കഷ്ണം ഫുഡ് തടഞ്ഞാൽ expiry date നു മുൻപുതന്നെ തട്ടിപ്പോകും. അകത്തോട്ടു എടുക്കുന്ന ശ്വാസം, പുറത്തോട്ടു വന്നില്ലെങ്കിൽ 'ഡിം'. അടുത്തകാലത്തായി പല ചെറുപ്പക്കാരും ഉറക്കത്തിൽ തട്ടിപ്പോകുന്നതായി വാർത്ത കേൾക്കുന്നുണ്ട്. ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണു. കുരിശു വരച്ചിട്ടേ രാത്രിയിൽ കിടക്കാൻ പോകവേ. ഞങ്ങളെപ്പോലെയുള്ള കിളവന്മ്മാർക്ക ആപ്പും കോപ്പും ഒന്നും ഇൻസ്റ്റാൾ ചെയ്യുവാൻ അറിയില്ല. പിന്നെ ഒരു സംശയം. താങ്കൾ തന്റെ കുഞ്ഞിനെ ഓമനിക്കുന്നതും, ഭാര്യക്ക് ഒരു ആലിംഗനം കൊടുക്കുന്നതും ആ പറഞ്ഞ ആപ് വഴിയാണോ? മാളത്തിൽ ഒളിച്ചിരുന്ന് പ്രതികരിക്കാമെന്ന് അമേരിക്കൻ ഭരണഘടനയുടെ ഏതു വകുപ്പിലാണ് പറഞ്ഞിരിക്കുന്നത്? BP യുള്ള ആളാണല്ലേ? FOKANA/FOMAA ക്കാരോടു കളിക്കാതെ തന്റെ പ്രിയതമയുടെ അടുത്ത് കളി വല്ലതും നടക്കുമോ എന്ന് ആദ്യമൊന്നു നോക്ക്.
John Varghese 2026-08-17 15:59:39
എന്തിനാ തോമസ് ചേട്ടാ ഇത്ര ബേജാറാകുന്നത് , മൈലപ്ര ഒരു സത്യം പറഞ്ഞു , ഒളിഞ്ഞും തെളിഞ്ഞും കമന്റ് എഴുതുക എന്നത് മാത്രമല്ല ജീവിതം, ആരെങ്കിലുമെക്കെ സത്യം പറയേണ്ടേ. എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇറങ്ങുന്നവർക്കു വേണ്ടിയെല്ലേ അങ്ങനെ പറഞ്ഞത് . തോമസ് ചേട്ടന് അത് എന്തിനാണ് കൊണ്ടത് .
തോമസുകുട്ടി 2026-08-17 16:26:43
പാവാടക്ക് വള്ളി ഇല്ലാതിരുന്നെങ്കിൽ ഇവനൊക്കെ ഇപ്പോൾ വല്ല റബർ പാലും കുടിച്ചു അണ്ണാക്കിൽ നടു വിരലും തള്ളി കോട്ടയത്ത് കഴിഞ്ഞേനേ ? മലയാളികളെ ഉദ്ധരിക്കാൻ പോന്ന കുറേ ശുനകന്മാര് . തോമസുകുട്ടി
Josecheripura 2026-08-17 16:40:12
എല്ലാവർക്കും ഒത്തുകൂടാനുള്ള ഒരു വേദി എന്നല്ലാതെ ഒരു സാധാരണ അമേരിക്കൻ മലയാളിക്ക് വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. രാജു സംഘടകരുട ബുദ്ധിമുട്ട്കൾ പരാമർശിച്ചത് നന്നായി.
Chacko Joseph 2026-08-17 17:41:41
"മാളത്തിലൊളിച്ചിരുന്നു പ്രതികരിക്കാനോ അതോ മറ്റു വിധത്തിൽ പ്രതികരിക്കണോ എന്ന് തീരുമാനിക്കുവാൻ ഉള്ള അവകാശം ഓരോരുത്തർക്കും അമേരിക്കൻ ഭരണഘടന നൽകുന്ന അവകാശമാണ്' എന്നുള്ളത് തോമാസ്‌കുട്ടിച്ചയന്റെ തെറ്റിധാരണയാണ്. അതൊക്കെ പണ്ട്. ഇപ്പോൾ എക്സ്പയറി തീയതി കഴിഞ്ഞിരിക്കുന്ന ഒരാളണ് അമേരിക്ക ഭരിക്കുന്നത്. അങ്ങേർക്കു അനിഷ്ടമായതു വലതു പറഞ്ഞാൽ കയ്യും കാലും ചങ്ങലക്കിയിട്ടു കെട്ടി, തൂറാൻ പോലും സമ്മതിക്കാതെ അറബിക്കടലിന്റെ തീരത്തു കൊണ്ട് ഇറക്കി വിടും. അവിടെ ഭരിക്കുന്നതും ഒരു വൃദ്ധനാണ്. കാര്യങ്ങൾ അവിടെയും അത്ര പന്തിയല്ല. തോമാസ്‌കുട്ടി എന്ന പേരുകാർക്കു സ്പെഷ്യൽ പരിഗണയൊന്നും ലഭിക്കില്ല. അതുകൊണ്ടു ഞാൻ ഇഷ്ടമുള്ളത് ഇഷ്ടമുള്ളേടത്തിരുന്നു പ്രതികരിക്കും എന്നൊന്നും വെറുതെ കാച്ചി വിടരുത്. അല്ലെങ്കിൽ തന്നെ തനിക്കു ഈ ഫൊക്കാനക്കാരോടും ഫോമാക്കാരോടും എന്താണിത്ര വെറുപ്പ്. ബേസ്‌മെന്റിൽ ഇരുന്ന ഭാര്യ കാണാതെ വെള്ളമടിക്കുന്നതു മാത്രമല്ല ജീവിതം. പുറത്തു വരൂ തോമാസ്‌കുട്ടി. ... പുറത്തു വരൂ...
ജോസൂട്ടി 2026-08-17 17:42:27
ഇത് കണ്ടില്ലേ, വീണ്ടും FOKANA എയും, FOMA എയും ചാക്കിട്ട് സുഖിപ്പിക്കുന്നത്. രണ്ടിലെയും ജയിച്ചവരുടെ മധ്യത്തിൽ നിന്ന് അവരെ കയ്യിൽ എടുക്കുന്നത്. ഇനിയും പലതും അവരിൽ നിന്നൊക്കെ കിട്ടാൻ വേണ്ടിയാണ് ഈ പഞ്ചാര വാക്കുകള്‍ എഴുതിയിരിക്കുന്നത്. രണ്ടിടത്തും പോയി ചിരിപ്പിക്കാൻ എന്തെങ്കിലും പദ്ധതിയിടും, പക്ഷേ എല്ലായിടത്തും പാളി പോകും കരച്ചിൽ അരങ്ങ് മാത്രം നടത്തും. മുകളിൽ തോമസ് കുട്ടി എഴുതിയതിനോട് ഞാൻ യോജിക്കുന്നു. തോമസ് കുട്ടി വിട്ടു കളയരുത് ഇനിയും എഴുതൂ. ശരിയായ കണക്ക് ഒന്നും അവതരിപ്പിക്കാതെ ഈ സംഘടനക്കാരെ നാട്ടുകാരെയും പറ്റിക്കുന്നുണ്ട് സമൂഹത്തെയും പറ്റിക്കുന്നുണ്ട്. അതുകൊണ്ട് വിമർശനങ്ങൾ എഴുതട്ടെ. വിമർശകർ പറയുന്നത് ശരിയാണോ എന്ന് മാത്രം നോക്കിയാൽ പോരെ?. ചുമ്മാ അവാർഡും വാങ്ങി പൊങ്ങിപ്പൊങ്ങി ചൊറിഞ്ഞു കൊടുത്താൽ മതിയോ?
വേണുഗോപാൽ 2026-08-17 18:54:29
ഈ ലേഖനത്തിനു ഞാൻ ഇടുന്നതു പത്തിൽ നാല് മാർക്കാണ്. ഇനി ,ഓസിൽ വായിക്കുവാൻ കിട്ടുന്ന ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ- ഏതാണ്ട് മലയാളികൾ ചോദിച്ചത് പോലുണ്ട് കാര്യങ്ങൾ . പണം പറ്റി ആര് കൺവെൻഷൻ നടത്തിയാലും നടത്തുന്നവർക്ക് ചില ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതുണ്ട് . പണം തന്നു പങ്കെടുക്കുന്നവരെ ബഹുമാനിക്കുക, പറഞ്ഞ സമയത്തു പരിപാടികൾ നടത്തുക , പറഞ്ഞ സമയത്തു ഭക്ഷണം നൽകുക , അഥിതി ദേവോ ഭവ ! ഇതെല്ലാം സംഘാടകർ ശ്രേധിക്കേണ്ട കാര്യങ്ങളാണ് . ചുമ്മാതല്ലല്ലോ , കാശു തന്നിട്ടല്ലേ ? ഇതൊക്കെ ചെറിയ പിഴവുകളായി ചിത്രീകരിച്ച നിങ്ങളെ നമിക്കുന്നു . വെറുതെയല്ല അമേരിക്കൻ മലയാളികളുടെ ഇരുപതു ശതമാനം പോലും ഇത്തരം കൺവെൻഷനുകളിൽ പങ്കെടുക്കാത്തത് . വേണുഗോപാൽ
David Jackson 2026-08-17 18:58:13
Thank you and congratulations to Sajimon Antony, Sreekumar Unnithan, and Joy Chakkappan for organizing such a wonderful conference. We came all the way from California and had the opportunity to meet and greet many old friends. That itself made our trip worthwhile. Congratulations also to the Emalayalee news team for their good, in-depth news coverage. We enjoyed 'Chiriarangu' led by Raju Mylapra, where the audience were also participants. Actor Nadirsha's presence was an added attraction. I still don't understand why some people who never attend any of these conventions try to put down and ridicule the organizers' efforts. As the author of this article asked, "Specifically, what do you want or expect from these organizations? Will you be happy if they dissolve all the Malayalee/Kerala associations in the U.S.? Don't beat around the bush; give a clear-cut answer; otherwise, stop barking.
Eappachi 2026-08-17 21:33:32
ശ്രീ മൈലപ്ര പറഞ്ഞതിനോട് യോജിക്കുന്നു .. സംഘാടകരുടെ എഫ്ഫര്ട്ടിനെ മാനിക്കുന്നു .. വിലമതിക്കുന്നു .. മെനക്കെട്ടവര് ഷൈൻ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല .. പക്ഷെ ഒരു സംഘടനയുടെ ഇലക്ഷന് ഇത്രയൊക്കെ വീറും വാശിയും ബ്ലൂ ലേബലും ഒക്കെ ആവശ്യമുണ്ടോ .. (വേണമെങ്കിൽ ബ്ലൂ ലേബൽ ആയിക്കോട്ട് ) തികച്ചും സൗഹാര്ദപരമായ ഒരു തിരഞ്ഞെടുപ്പ് പോരെ .. അല്ലാണ്ട് അമേരിക്കൻ എലെക്ഷൻറെ മോഡലില് ആളും അർത്ഥവും ചെലവഴിക്കേണ്ട കാര്യമുണ്ടോ .. ഈ ഫോമാ /ഫൊക്കാന പ്രസിഡന്റ് പദവി എന്ന് പറയുന്നത് അമേരിക്കൻ പ്രേസിടെന്റിന്റെ തൊട്ടു താഴെയുള്ള പദവി ഒന്നും അല്ലല്ലോ .. ഈ അടുത്ത് ഒരു അംഗ സംഘടനയുടെ കഥ കൂടി ഇവിടെ പറഞ്ഞു നിർത്താം .. പ്രസ്തുത സംഘടന മുഴുവൻ സ്ത്രീകൾ മാത്രമുള്ള ഫരണ സമിതിയെ തെരഞ്ഞെടുക്കുന്നു .. (മഹനീയമായ ആശയം), കാലാവധി അവസാനിക്കാൻ വെറും മൂന്നോ നാലോ ആഴ്ച മാത്രം ബാക്കി കിടക്കെ പ്രസിഡന്റിനെ ബാക്കി ഒൻപതു വനിതകളും കൂടി പുറത്താക്കുന്നു .. പ്രസിഡന്റ് കോടതീൽ പോകുന്നു .. രണ്ടു കൂട്ടരും കേസ് നടത്തുന്നു .. വക്കീലന്മാര് നല്ല ഒരു തുക ഈടാക്കുന്നു (മൊത്തം ഒരു ഒന്നന്നര ലക്ഷം ഡോളർ പൊട്ടി എന്നാ കേൾക്കുന്നേ ) എങ്ങുമെത്താതെ അവസാനം കൊമ്പ്രോമിസ് ആയി .. ആർക്കു പോയി . എന്തിനു .. ഏതുക്കെടാ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക