
ന്യൂയോർക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ടപൻ സീ പാലം ഇന്ത്യൻ ദേശീയപതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച നിറങ്ങളിൽ പ്രകാശിച്ചു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് അഭിമാനവും സന്തോഷവും പകർന്ന പ്രത്യേക ദൃശ്യമായി പാലത്തിന്റെ ത്രിവർണ പ്രകാശനം മാറി.
ടപൻ സീ പാലം ഇന്ത്യൻ ത്രിവർണത്തിൽ പ്രകാശിപ്പിക്കണമെന്ന അഭ്യർത്ഥന മുന്നോട്ടുവച്ചത് റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററും മലയാളിയുമായ ഡോ.ആനി പോളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം അമേരിക്കൻ മണ്ണിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ ഭാഗമായി നൽകിയ ഈ അഭ്യർത്ഥന കൗണ്ടി ഭരണകൂടം പിന്തുണയ്ക്കുകയായിരുന്നു.
‘ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ടപൻ സീ പാലം ഇന്ത്യൻ ത്രിവർണത്തിൽ പ്രകാശിപ്പിക്കാനുള്ള അഭ്യർത്ഥന നൽകാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളിൽ പാലം മനോഹരമായി പ്രകാശിച്ചപ്പോൾ അത് ഇന്ത്യയ്ക്ക് നൽകിയ അഭിമാനകരമായ ആദരവായി മാറി,’ ആനി പോൾ പറഞ്ഞു.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും അമേരിക്കൻ സമൂഹത്തിന് നൽകിയ സംഭാവനകളും അടയാളപ്പെടുത്തുന്ന മനോഹരമായ പ്രതീകമായിരുന്നു ഈ പ്രകാശനമെന്നും അവർ അഭിപ്രായപ്പെട്ടു.
ഈ പ്രത്യേക അവസരത്തിന് പിന്തുണ നൽകിയ കൗണ്ടി ഭരണകൂടത്തിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സ്വാതന്ത്ര്യവും ആഘോഷിക്കുന്നതോടൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തിന്റെയും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സാന്നിധ്യത്തിന്റെയും പ്രതീകമായി ത്രിവർണത്തിൽ അണിഞ്ഞ ടപൻ സീ പാലം മാറി.