
“ഇൻ ദി മാറ്റർ ഓഫ് ജോസഫ് ഏലിയാസ് - പെറ്റീഷനർ
Vs. ഡോക്ടർ ഗായത്രി ജോസഫ് - റെസ്പോൻഡന്റ്
(റെപ്രസെന്റഡ് ബൈ ഗാർഡിയൻ അഡ് ലിറ്റം, മെഡിക്കൽ സൂപ്രണ്ട്, ഗവർമെന്റു സൈക്യട്രിക് കെയർ സെൻറർ” )
വിധിന്യായത്തിലെയും ഹരജിയിലെയും മങ്ങിയ അക്ഷരങ്ങളിലൂടെ സാവധാനം വിരലോടിച്ചുനോക്കി. ഓർമ്മയിൽനിന്നും ഇറങ്ങിപ്പോയ ഇരുപതുവർഷങ്ങളിൽ ചിലതൊക്കെ പൊടിപിടിച്ച അക്ഷരങ്ങളിൽ പുതഞ്ഞു കുടുങ്ങിക്കിടന്നിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും രണ്ടുപതിറ്റാണ്ടുകൾ നഷ്ട്ടപ്പെട്ടുപോയ റിപ് വാൻ വിങ്കിളിൻറെ കഥയൊരുപക്ഷെ സത്യമായിരുന്നിരിക്കണം. ഒരാളുടെ ഓർമ്മകളെന്നത് അയാൾ ജീവിച്ചിരുന്നുവെന്നതിൻ്റെ അടയാളപ്പെടുത്തലുകളാണ് അതാണിപ്പോൾ എങ്ങോ മറഞ്ഞുപോയത്. സത്യമോ മിഥ്യയോ എന്നിഴപിരിച്ചു വേർപെടുത്താനാവാത്തവിധം ജീവിതത്തിൽനിന്നും ഇരുപതുവർഷങ്ങൾ എങ്ങോ മാഞ്ഞുപോയിരിക്കുന്നു. മരണമെന്നത് അതുവരെക്കും സ്വായത്തമാക്കിയ എല്ലാ അറിവുകളുടെയും സൌന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നമുക്കറിയാവുന്ന എല്ലാത്തിന്റെയും നാശമാണ്. അതുതന്നെയായിരുന്നു എന്നിലും സംഭവിച്ചത്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ മൃതയായിരുന്നു.
മിണ്ടാതെ നീണ്ട മുപ്പതുവർഷങ്ങൾക്കു മുൻപ് മെഡിക്കൽ കോളേജിൽനിന്നും പഠിച്ചിറങ്ങിയനാളും ലേബർറൂമിൽവച്ചു ആദ്യമായി കയ്യിലെടുത്ത കുഞ്ഞിൻറെ മുഖവും ഇപ്പോഴും ഓർമ്മിക്കുന്നു. അമ്മയുടെ ഉദരത്തിൽനിന്നും ലോകത്തിലേക്ക് ഇറങ്ങിവന്ന അവൻറെ പൊക്കിൾക്കൊടിമുറിച്ചു കെട്ടിയപ്പോഴും അവനൊന്നു കണ്ണടച്ചുറങ്ങുകയായിരുന്നു. തെല്ലൊരു പരിഭ്രാന്തിയോടെ അവനെ കയ്യിലെടുത്തുയർത്തിയപ്പോൾ അവൻ ഞെട്ടിയുണർന്നു ഉറക്കെ കരഞ്ഞു. ആദ്യമായൊരു പിറവിക്കു കാവലായ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
കഴിഞ്ഞ ഇരുപതുവർഷങ്ങളെ പൂർണ്ണമായും മറന്നുവെന്നു പറയാനാവില്ല സദാ വേട്ടയാടിയിരുന്ന ഭീതിയുടെ ചിന്തകളും കാഴ്ചകളും ഓർമ്മയിലുണ്ട്.

വര :ദിനേഷ് പി ജി
അപായപ്പെടുത്തുവാനായി ആരോ പിന്നാലെയുണ്ടെന്നു തോന്നിയിരുന്നു. ഒരു അജ്ഞാതശത്രുവിനെ സദാഭയന്നുകൊണ്ടിരുന്നു. എല്ലാവരും ദ്രോഹിക്കാൻ ശ്രമിക്കുകയണെന്ന വിചാരമായിരുന്നു. മരുന്നു നൽകാൻ വരുന്ന നേഴ്സിനൊപ്പം വരാറുള്ള ഗാർഡുമാരെ കാണുന്നതുതന്നെ ഭയമായിരുന്നു. മരുന്നു കഴിക്കാൻ മടിക്കുന്നവരെ അവർ ബലമായി മരുന്നുകഴിപ്പിക്കുന്നതിലുള്ള ഭയംകാരണം മരുന്നുകൾ മടിയില്ലാതെ കഴിച്ചിരുന്നു.
കാലവും ഋതുഭേദങ്ങളും ജനലിനപ്പുറമുള്ള നിഴലുകൾ മാത്രമായിരുന്നു. മഴയും വേനലും രാത്രിയും പകലും എപ്പഴോ വരുകയും പോവുകയും ചെയ്യുന്നു അതൊന്നും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു പുറത്ത് പക്ഷികൾ പാടിയിരുന്നോ പൂക്കൾ വിരിഞ്ഞിരുന്നോ?
ആരൊക്കയോ നിഴലുകൾപോലെ വരികയും പോവുകയും ചെയ്തിരുന്നു. സന്ദർശകർക്കൊന്നും മുഖമില്ലായിരുന്നു മൂടൽമഞ്ഞിന്റെറെ കുപ്പായമിട്ടാണ് അവരെല്ലാം വന്നിരുന്നത്. അതോ അങ്ങിനെയാരെങ്കിലും യഥാർത്ഥത്തിൽ വന്നിരുന്നോ? ചിലപ്പോൾ അതെല്ലാം മനസ്സിൻറെ മായയോ തോന്നലോ ആയിരിക്കാം.
രണ്ടുപതിറ്റാണ്ടുകൾ മറവിയിലെറിഞ്ഞു വീട്ടിൽ തിരികെയെത്തിയപ്പോൾ മാറ്റമില്ലാതിരുന്നത് എൻറെ മുറിക്കു മാത്രമായിരുന്നു. ഒരുപക്ഷെ എന്നെങ്കിലും തിരികെ വരുമ്പോൾ ഓർമ്മകളെ തിരികെപ്പിടിക്കാൻ സഹായിക്കാനായി പഴയപടി നിലനിർത്തിയതായിരിക്കാം. ഭൂതകാലത്തിലേക്ക് ഒരു സേതുബന്ധനം. ചുവരുകളിൽ അങ്ങിങ്ങായി കറുത്തടേപ്പുകൾ ഒട്ടിച്ചുവച്ചിരിക്കുന്നു. എന്തിനായിരിക്കണം അതങ്ങനെ വച്ചിരിക്കുന്നത്. മകളോട് അതൊക്കെ ചോദിക്കണമെന്നുണ്ട് എന്നാൽ ആരോടും ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാൻ ആരാണെന്നു എനിക്കുതന്നെ തിരിച്ചറിയാനാവാത്തത് വലിയൊരു സ്വത്വപ്രതിസന്ധിയായി മാറിയിരിക്കുന്നു. ഇരുപതുവർഷങ്ങളായി ആത്മാവിറങ്ങിപ്പോയ ജഡമായിരുന്ന എൻറെ നഷ്ട്ടപ്പെട്ട നാളുകളെ കണ്ടെത്തി ജീവിതത്തിലേക്ക് തുന്നിപ്പിടിപ്പിക്കാനാവുമോ?

വര :ദിനേഷ് പി ജി
ഓർമ്മയിൽനിന്നും മാഞ്ഞുപോകാത്ത ഒരാളെ മാത്രം വീട്ടിൽ കണ്ടില്ല. കൽക്കട്ട മെഡിക്കൽ കോളേജിൻറെ കാൻ്റീനിൽവച്ചു ആദ്യമായി കണ്ടുമുട്ടിയ സുമുഖനായ മെഡിക്കൽ റെപ്രസെന്റെറ്റീവ് ജോ, കോഴിക്കോട്ടുകാരനായ മലയാളിയാണെന്ന് അറിഞ്ഞപ്പോൾ പരിചയപ്പെട്ടതാണ്.
പിന്നെ രബീന്ദ്രസരോവറിലെ പാർക്കിൽ നടക്കുമ്പോഴും ചരിത്രപ്രിസിദ്ധമായ പൌരാണിക ആർമേനിയൻ നസ്രത്ത് പള്ളിയിലെ ചിത്രപണികളും ശവകൂടിരങ്ങളും കണ്ടു നടക്കുമ്പോഴും കോളേജു സ്ട്രീറ്റിലെ ‘ബോയ് പാരാ’യിലെ പുസ്തകങ്ങളുടെ ഇടയിലൂടെ നടക്കുമ്പോഴുമൊക്കെ അവനെ കണ്ടുമുട്ടി. പിന്നീടാണ് മനസ്സിലായത് ആ കണ്ടുമുട്ടലുകളൊന്നും അവിചാരിതമായിരുന്നില്ലെന്ന കാര്യം. ഒടുവിൽ കോളേജു സ്ക്വയറിലെ രെജിസ്ട്രാർ ഓഫീസിൽവച്ചു കൂട്ടുകാരുടെ സാന്നിധ്യത്തിൽ അവൻറെ കൈപിടിച്ചപ്പോൾ നഷ്ട്ടമായത് അതുവരെ കൈപിടിച്ചു നടത്തിയവരുടെ കരങ്ങളായിരുന്നു. എങ്കിലും ഒരിക്കൽപോലും ഒരു നിഴൽപോലെയെങ്കിലും ആശുപത്രിവാർഡിൽ അവനെ കണ്ടതായി ഓർമിക്കുന്നില്ല. അവനെ കാണണമെന്നു ചിലപ്പോഴൊക്കെ ഉള്ളം കൊതിച്ചിരുന്നു. ഓർത്തപ്പോൾ ഉള്ളിൽ ഒരാന്തലുയർന്നു. ദൈവമേ ഇനി അവനെന്തെങ്കിലും പറ്റിയിരിക്കുമോ? എൻറെ മറവിയുടെ തമസ്സിൽ അതെല്ലാം മാഞ്ഞുപോയോ?
ചോദിക്കാതിരിക്കാനായില്ല. ഉള്ളിൽനിന്നുയർന്ന ആന്തലിനൊപ്പം ചോദ്യമുയർന്നു. “മോളെ അഞ്ജലി, നിൻറെ പപ്പായെവിടെ?”
ഒരുപക്ഷെ ഈയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നത് തന്നെയായിരിക്കും. എങ്കിലും എന്തു പറയണമെന്ന അങ്കലാപ്പ് അവളുടെ മുഖത്തു കണ്ടു. കുറച്ചുനേരത്തെക്ക് അവൾ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിന്നു.
“എന്താണെങ്കിലും പറയു. അവനെന്തുപറ്റി?....”
അതുപറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. അപ്രതീക്ഷിതമായ ഒരു വിയോഗവാർത്ത കേട്ടപോലെ ചങ്കു പെടച്ചുകൊണ്ടിരുന്നു.
“പപ്പയിപ്പോൾ കൊൽക്കത്തയിലാണ് താമസം”
ആശ്വാസമായി ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചിട്ടില്ല ഹൃദയം അതിൻറെ പഴയതാളം വീണ്ടെടുത്തു. എങ്കിലും ഉള്ളിൽ അശാന്തി പെരുകിവന്നുകൊണ്ടിരുന്നു. “അതെന്താ കൽക്കട്ടയിൽ ...?”
അവൾ കൂടുതലൊന്നും മിണ്ടാതെ കയ്യും പിടിച്ചുകൊണ്ട് എൻറെ മുറിയിൽകൊണ്ടുപോയി മേശ തുറന്നു ഒരു കെട്ടു പേപ്പറുകൾ പുറത്തെടുത്തു “പപ്പയെ അങ്ങിനെ തീർത്തും കുറ്റംപറയാൻ എനിക്കാവില്ല. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോന്നറിയാതെ എത്രകാലം...? അമ്മ സമാധാനത്തോടെ ഇതൊക്കെ വായിച്ചുനോക്കണം. എന്തായാലും യാദാർത്ഥ്യം നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ”
പേപ്പറുകൾ മറിച്ചുനോക്കി. ഒരുകെട്ടു കോടതി കടലാസുകൾ. ഏറ്റവും മുകളിലായുള്ള പേപ്പറിലെ ഡിക്രീ വായിച്ചു.

വര :ദിനേഷ് പി ജി
“എതിർകക്ഷിയുടെ മനോരോഗം ചികിത്സിച്ചുഭേദമാക്കാൻ കഴിയുമെന്നോ, സുസുഖപ്പെടുമെന്നോ പ്രതീക്ഷിക്കാൻ സാഹചര്യമില്ലാത്തതിൻ്റെ അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അപേക്ഷപ്രകാരം വിവാഹമോചനം അനുവദിച്ചു ഉത്തരവായിരിക്കുന്നു.”
വാക്കുകൾ പലയാവർത്തി വായിച്ചുനോക്കേണ്ടിവന്നു അർത്ഥം മനസ്സിലാക്കിയെടുത്തുക്കാൻ. ഒടുവിൽ അതിൻറെ അർത്ഥവും അനർത്ഥങ്ങളും വായിച്ചെടുത്തപ്പോൾ പേപ്പർമടക്കിവെച്ചു. ഒലിച്ചിറങ്ങുന്നതുപോലെ തോന്നിയപ്പോൾ കവിളിലൂടെ കൈത്തലം കൊണ്ട് തുടച്ചുനോക്കിയെങ്കിലും കയ്യിൽ നനവില്ലായിരുന്നു, അതൊരു തോന്നലായിരുന്നു. ഉള്ളിൽ കരഞ്ഞെങ്കിലും കരയുന്നതെങ്ങിനെയെന്നു കണ്ണുകൾ മറന്നുപോയിരുന്നു.
അഞ്ജലി എൻറെ പ്രതികരണം എന്തെന്നു ഭയന്നിരിക്കുകയായിരുന്നു. മുഖം കള്ളം പറയാൻ മടിച്ചെങ്കിലും ശബ്ദം സ്വഭാവികമാക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു. “ എന്നിട്ടു നീ ചെറിയമ്മയെ കണ്ടോ?”
“അവർ കൽക്കത്തക്കാരിയാണോ”
“അല്ല നമ്മുടെ നാട്ടുകാരിയാണ്”
“ഉം. നീ പൊക്കോ. ഞാനിച്ചിരി നേരം കിടക്കട്ടെ”
കട്ടിലിൽ ചാഞ്ഞിരുന്നുകൊണ്ട് അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞെങ്കിലും മുറിയിൽ എന്നെ തനിച്ചാക്കി പോകാതെ അവൾ മടിച്ചുനിന്നു.
“മോളെ നീ പേടിക്കേണ്ട. അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. നിൻറെ പപ്പയെ ഞാൻ പഴിക്കുന്നില്ല. സുബോധം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഇതിനുമുൻപേ തന്നെ അതൊക്കെ നടന്നിട്ടുണ്ടാകുമായിരുന്നു. അല്ലെങ്കിൽ തന്നെ കഴിഞ്ഞ ഇരുപതു വർഷത്തിലെപ്പഴോ നിൻറെ പപ്പയുടെ മുഖംതന്നെ ഞാൻ മറന്നുപോയിരുന്നു. അതുകൊണ്ടുതന്നെ എനിക്കൊട്ടും വിഷമമില്ല”
ഞാൻ പറഞ്ഞത് നുണയാണെന്ന് അവൾക്കു മനസ്സിലായിക്കാണുമോ?
അവൾ നടന്നുപോകുന്ന ശബ്ദം കാതിൽനിന്നും ഒഴിഞ്ഞപ്പോൾ വിട്ടുപോയ കാലങ്ങളെ പൂരിപ്പിക്കാൻ പറ്റുമോന്നു ശ്രമിച്ചുതുടങ്ങി. നല്ലതോ ചീത്തയോ ആകട്ടെ കഴിഞ്ഞ കാലങ്ങളെക്കൂടി ചേർത്തുവച്ചാലെ എന്നെത്തന്നെ തിരിച്ചറിയാനാവൂ. ഉള്ളിലൊരു തമോഗർത്തവുമായി സ്വയം അന്യനായി ജീവിക്കാനാവില്ല. സമ്പൂർണ്ണമായ ശൂന്യതയെങ്കിൽ അതൊട്ടും കുത്തിനോവിക്കുമായിരുന്നില്ല പക്ഷെ മനസ്സിൽ പലതും അവ്യക്തമായി ചിതറിക്കിടക്കുന്നു. എന്തൊക്കയോ വീണ്ടെടുക്കുവാനും ഓർത്തെടുക്കാനുണ്ടെന്ന ചിന്തയിൽ മുന്നോട്ടു പോകാനാവാതെ മനസ്സുടക്കികിടക്കുന്നു.
എവിടെനിന്നു തുടങ്ങണമെന്ന ആശയക്കുഴപ്പമൊന്നുമില്ല. തുറന്നുനോക്കി. മനസ്സിനെക്കുറിച്ചുള്ള വിജ്ഞാനകോശമാണെന്നമട്ടിൽ മഞ്ഞനിറത്തിലുള്ള ഒരു ഫയലിൽനിന്നും ചികിത്സാരേഖകൾ എത്തിനോക്കുന്നുണ്ട്. തിരച്ചിലിനിടയിൽ മറ്റൊന്നു കൂടി കയ്യിൽതടഞ്ഞു, എന്നോ ഒഴിവാക്കി സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു മൊബൈൽഫോൺ. രണ്ടായി മടക്കാവുന്ന ആ ചെറിയ ഫോണിൻറെ കാമറ കറുത്ത ടേപ്പ്കൊണ്ട് മറച്ചിരിക്കുന്നത് കണ്ടപ്പോൾ ഉറക്കെ ചിരിക്കാൻ തോന്നിയെങ്കിലും പാടുപെട്ട് അടക്കിപ്പിടിച്ചു. ഇപ്പോൾ കൂടുതൽ കരുതൽ വേണം. എൻറെ ചിരി ചിലപ്പോൾ മറ്റുള്ളവരെ ഭയപ്പെടുത്തിയേക്കാം.

വര :ദിനേഷ് പി ജി
ചുവരിലെ ചെറിയ ഷെൽഫിനടുത്തേയ്ക്കു നടന്നു. അടുക്കി വച്ചിരുന്ന മെഡിക്കൽ പുസ്തകങ്ങളിലൂടെ വിരലുകളോടിച്ചു. കുറച്ചു കാവ്യങ്ങളും നോവലുകളും അതിനൊപ്പമിരിപ്പുണ്ട്. കൽക്കട്ട തെരുവിലെ പുസ്തകക്കടയിൽനിന്നും വാങ്ങിയ ‘ഗീതാഞ്ജലി’യും ‘കരുണയും’ എന്നെ തിരിച്ചറിഞ്ഞു പരിചയം കാണിച്ചു. ഗുരുദേവൻ കരുണയോടെ എന്നെനോക്കിയപ്പോൾ ഗീതാഞ്ജലി കയ്യിലെടുത്തു പകുത്ത് നോക്കി. “മരിച്ചുപോകുന്ന പഴയ വാക്കുകൾ ഹൃദയത്തിൽ പുതുഗീതങ്ങളായി മാറും; മാഞ്ഞുപോകുന്ന പഴമ്പാതകൾ നയിക്കും വിസ്മയങ്ങളുടെ പുതുനാട്ടിലേക്ക്”
മനസ്സിലേക്ക് ആശ്വാസത്തിന്റെ പുതുഗീതങ്ങൾ ഓതിവിട്ടുവോ ഗുരുദേവൻ? മേശപ്പുറത്തിരിക്കുന്ന കോടതി കടലാസുകളിലേക്ക് കൈനീണ്ടുചെന്നു. ഒരുപക്ഷെ മെഡിക്കൽ റെക്കോർഡുകളും കോടതി കടലാസുകളും ഒത്തുചേർന്നാൽ അലിഞ്ഞില്ലാതായിപ്പോയ എൻറെ നാളുകളിൽനിന്നും കുറച്ചെങ്കിലും തിരികെ നല്കിയേക്കും. കഴിഞ്ഞകാലങ്ങളിൽ ഞാൻ ജീവിച്ചിരുന്നുവെന്ന് എന്നെ ബോധിപ്പിക്കുന്ന ചരിത്രരേഖകളാണീ കടലാസുകെട്ടുകൾ.
നടപടിക്രമങ്ങളിലെ പഴുതുകൾ അടച്ചുകൊണ്ടാണ് നിയമം സഞ്ചരിക്കുക. നീതിയും ന്യായവുമെന്നത് ധർമ്മാധർമ്മങ്ങളെ തൂക്കിനോക്കുന്ന തുലാസൊന്നുമല്ല, ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും സഞ്ചയമാണത്. സത്യമെന്നത് ചിലപ്പോൾ ഒരു മേമ്പൊടിപോലെ അതിലങ്ങിങ്ങു കണ്ടേക്കാം. മൈനർമാർക്കും മനോനിലതെറ്റിയവർക്കും അവരുടെ വീഴ്ചകൂടാതെ കോടതിയിൽ പറയാൻ ഒരു രക്ഷകർത്താവിനെ കോടതി തന്നെ നിയമിക്കും. ‘ഗാർഡിയൻ അഡ് ലിറ്റേം’ എന്നാണവരെ കോടതി ഭാഷയിൽ പറയുക. അതാണ് നടപടിക്രമം. അതിൽ വീഴ്ചവന്നാൽ വ്യവഹാരം തന്നെ അസാധുവായിപ്പോകും. എൻറെ വ്യവഹാരകാര്യങ്ങൾ നോക്കാനും ഒരു ഗാർഡിയൻ അഡ് ലിറ്റേം ഉണ്ടായിരുന്നു. അക്കാലത്തെ വാസസ്ഥലമായിരുന്ന ആശുപത്രിയുടെ സുപ്രണ്ട് ഗാർഡിയൻ അഡ് ലിറ്റേം ആയി കേസുകൾ നടത്തിയെന്നു കോടതി കടലാസുകൾ പറയുന്നു.
“യുവർ ഓണർ, എതിർകക്ഷി ഡോക്ടർ ഗായത്രി ഭേദമാകാൻ സാധ്യതപോലുമില്ലാത്ത തരത്തിലുള്ള സ്കിസോഫ്രേനിയ എന്ന മനോരോഗത്തിന്റെ പിടിയിലാണെന്നും ഈ രോഗത്തിൻറെ പിടിയിൽനിന്നും വിമുക്തി നേടുകയെന്നത് ഏറെക്കുറെ അസംഭവ്യമാണെന്നു എതിർകക്ഷിയെ വിദഗ്ദപരിശോധ നടത്തിയ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അവസരത്തിൽതന്നെ എതിർകക്ഷിയൊപ്പം ജീവിച്ചുവന്നിരുന്ന ഹർജിക്കാരന്റെ ജീവിതം അതീവദുസ്സഹമായിരുന്നു. തൻറെ പെണ്മക്കളുടെ നഗ്നത അയാൾ പകർത്തുകയും ആയതു തൻറെ ഓഫീസ് കമ്പ്യൂട്ടറിൽ കണ്ടുരസിക്കുകയും ചെയ്യുന്നതു അയാളുടെ പതിവാണെന്നും എതിർകക്ഷി ആളുകളോട് പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരുന്നത് ഹരജിക്കാരന് അതിയായ മനോവിഷമം ഉണ്ടാക്കി, ഇത്തരം പ്രചാരണങ്ങൾ അയൽക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഹരജിക്കാരനെക്കുറിച്ച് അവമതിപ്പുണ്ടാക്കി. എതിർകക്ഷിയെ മനോരോഗ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതിനു ഒരുവർഷം മുൻപേതന്നെ അവർ ഹർജിക്കാരനെ ഫ്ലാറ്റിൽ കയറാൻ അനുവദിക്കാതെ പെരുമാറുക പതിവായിരുന്നു. പലരാത്രിയിലും അയാൾ കാറിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. എന്നിരുന്നാലും കാര്യങ്ങൾ ശരിയായി വരുമെന്ന പ്രതീക്ഷയിലും കുഞ്ഞുങ്ങളുടെ ഭാവിയോർത്തും ഹർജിക്കാരൻ അതെല്ലാം ക്ഷമിക്കുകയും പൊറുക്കുകയും സഹിക്കുകയും ചെയ്തുപോന്നിരുന്നു. എന്നാൽ കാര്യങ്ങൾ ഒട്ടുംതന്നെ ശരിപ്പെടില്ലന്നു കണ്ടതിനാലും എതിർകക്ഷിക്കൊപ്പം തുടർന്നുപോകുന്നത് ജീവനുതന്നെ ആപത്തെന്നു വരികയും ചെയ്തതോടെ ഹർജിക്കാരൻ ഒരു വാടക മുറിയിലേക്ക് താമസം മാറുകയായിരുന്നു........”
ജോയുടെ വക്കീൽ ഫയൽചെയ്ത വാദക്കുറിപ്പുകൾ വായിക്കുകയായിരുന്നു. അങ്ങിനെയൊക്കെ നടന്നിട്ടുണ്ടാകുമോ? നിഷേധിക്കാൻ പറ്റിയ ഓർമ്മകൾ ഒന്നും അവശേഷിക്കുന്നില്ലല്ലോ...
സാക്ഷികളുടെ കൂട്ടത്തിൽ അഞ്ജലിയെയും വിസ്തരിച്ചിരുന്നു.
സാക്ഷിക്കൂട്ടിൽ കയറിനിന്ന അഞ്ജലിയോടു വക്കീൽ ചോദിച്ചു. “കുട്ടിയോട് അമ്മ സ്നേഹത്തോടെയായിരുന്നോ പെരുമാറിയിരുന്നത് ?” “സ്നേഹമായിരുന്നു. എങ്കിലും അമ്മയ്ക്ക് എന്നെ എപ്പോഴും സംശയമായിരുന്നു. വിശ്വസിച്ചിരുന്നില്ല എല്ലായ്പ്പോഴും എന്തെങ്കിലുംമൊക്കെ കുറ്റപ്പെടുത്തി പറയുന്നത് അമ്മയുടെ ശീലമായിരുന്നു”
“അമ്മയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളൊക്കെ കോടതിമുമ്പാകെ ചുരുക്കി പറയാമോ?"
വര :ദിനേഷ് പി ജി
“ഒരുദിവസം എന്നെയും അനുജത്തിയേയും അരികിൽ വിളിച്ചിരുത്തി അമ്മ പറഞ്ഞു 'ഞാൻ വലിയൊരു രഹസ്യം പറയാം. എനിക്കറിയാവുന്ന ഒരാൾ, മെഡിക്കൽ കോളേജിലെ എൻറെ പ്രൊഫസർ എനിക്കൊരു മെസ്സേജയച്ചിട്ടുണ്ട്. എന്നെ ഇവിടെനിന്നും കൽക്കട്ടയിലേക്ക് കൊണ്ടുപോകാമെന്നും അവിടെയുള്ള വലിയ ബംഗ്ലാവിൽ ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞിട്ടുണ്ട്. നിങ്ങളെയും ഞാൻ കൂടെ കൊണ്ടുപോകാം’ അതൊക്കെ പറയുമ്പോൾ അമ്മ വളരെ ആവേശത്തിലായിരുന്നു അതൊക്കെ സംഭവിക്കാൻ പോകുന്നുവെന്ന മട്ടുതന്നെയായിരുന്നു.
“ഇടയ്ക്ക് അമ്മ എൻറെ തലയിൽ പേനുണ്ടോന്നു നോക്കാനെന്നു പറഞ്ഞു ഓരോ മുടിയിഴയും പരിശോധിക്കും എന്നിട്ടു ചോദിക്കും ‘അയാൾ നിൻറെ തലയിൽ രഹസ്യം പിടിക്കാനുള്ള മൈക്രോഫോൺ വച്ചിട്ടുണ്ടോ, എന്നോടെന്തെങ്കിലും പറയുവാൻ നിന്നോടു ആവശ്യപ്പെട്ടിട്ടുണ്ടോ?””
“ഈ അയാൾ എന്നതു ആരാണ്?” വ്യക്തത വരുത്താനായി വക്കീൽ ചോദിച്ചു.
“ശരിക്കും അറിയില്ല. ചിലപ്പോൾ അതു പപ്പയെ ഉദ്ദേശിക്കുന്നുവെന്നു തോന്നുമെന്ന തോന്നും. ചിലപ്പോൾ പറയും പ്രൊഫസറുടെ കൂടെപ്പോയി താമസിക്കാൻ അയാളുടെ കൂട്ടുകാർ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അയാളുടെ ആളുകൾ എൻറെ തലയിൽ മൈക്രോഫോൺ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്നൊക്കെ”
പ്രൊഫസർ അലോക് മിശ്രയുടെ കാര്യമായിരിക്കുമോ ഇവിടെ പറയുന്നത്? ഒരു ശിഷ്യയോടെന്നതിൽ കവിഞ്ഞ ഒരു വികാരത്തിൻ്റെ കനൽ അയാളുടെ കണ്ണുകളിൽ കണ്ടതോടെ, തനിയെ ഒരിക്കലും അയാളുടെ മുൻപിൽപെടാതെ നോക്കിയിരുന്നു.
“എന്താണ് അമ്മയുടെ സ്വഭാവമാറ്റത്തിനു പറയേണ്ട ശരിയായ വാക്കെന്നു അറിയില്ലായിരുന്നു. ഞാനും അനുജത്തിയും ഒരേസമയം, അമ്മയുടെ തോന്നലുകൾ അനുസരിച്ചു ജീവിക്കുവാനും പുറംലോകത്തെ അറിയുവാനും പരിശീലിച്ചു. സ്കൂൾ വിട്ടുവന്നാൽ പിന്നെ വീടിനു പുറത്തിറങ്ങാൻ അമ്മ അനുവദിക്കുകയില്ല. പിന്നെപ്പിന്നെ ജോലിക്ക് പോകാതെ മുഴുവൻ സമയവും അമ്മ ഞങ്ങൾക്ക് കാവൽ പോലെ കാത്തിരുന്നു.
“അമ്മ പറഞ്ഞതെല്ലാം ആദ്യം ഞാൻ വിശ്വസിച്ചു. പക്ഷെ ഞാനൊരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്തതെന്നു അമ്മ ആവർത്തിച്ച് പറയാൻ തുടങ്ങിയതോടെ ഞാൻ അമ്മയെ സംശയിച്ചു തുടങ്ങി. അമ്മയ്ക്ക് എന്തൊക്കയോ കുഴപ്പങ്ങൾ ഉണ്ടെന്ന് തോന്നിയിരുന്നു”
എൻറെ ദൈവമേ എന്തിനായിരുന്നു നീ എൻറെ മക്കളെ വേദനിപ്പിക്കാൻ എന്നെ കാരണമാക്കിയത് ..?
“അമ്മയ്ക്കുള്ള ഭക്ഷണത്തിൽ ഞാൻ വിഷം കലർത്തിയെന്നും താക്കോൽക്കൂട്ടം ഒളിപ്പിച്ചുവെച്ചന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുമായിരുന്നു. എൻറെ മുഖത്തടിച്ച ദിനങ്ങൾ വരെയുണ്ടായിട്ടുണ്ട്. ഞാൻ അതുചെയ്തു ഇതുചെയ്തു എന്നൊക്കെ അമ്മ നിരന്തരമായി പറയാൻ തുടങ്ങിയപ്പോൾ ഞാൻ എൻറെ ഓർമ്മയെ തന്നെ സംശയിക്കാൻ തുടങ്ങി ഇനി ഒരുവേള അതൊക്കെ ഞാൻ ചെയ്തതാണോന്ന് എനിക്കും തോന്നാൻ തുടങ്ങി.
"ഫ്ലാറ്റിലെ ചുവരുകളിൽ അപ്പുറത്തെ താമസക്കാർ വിള്ളലുകൾ ഉണ്ടാക്കി അതിൽ ക്യാമറകൾ വച്ചു നമ്മളെ നിരീക്ഷിക്കുന്നുവെന്നു പറഞ്ഞു ചുവരിൽ അവിടിവിടെ കറുത്ത ടേപ്പുകൾ ഒട്ടിച്ചുവെച്ചു. കുളിമുറിയിലെ ഷവറിൽ ഒളിക്യാമറയുണ്ടാകുമെന്നു പറഞ്ഞു ഷവർ ഹെഡിനെ സോക്സ് കൊണ്ട് പൊതിഞ്ഞു.
ഭ്രാന്തിയെന്ന വിളിപ്പേരു കിട്ടിയാൽപ്പിന്നെ കാഴ്ചക്കാരുടെ മുൻപിൽ സുബോധത്തിനോ യുക്തിക്കോ വേർതിരിവൊന്നുമില്ല എല്ലാം ഭ്രാന്തുകളി മാത്രം. പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ അഴുക്കുകൾ ഉണ്ടെന്നു കരുതിയാവാം താൻ ഷവർഹെഡിൽ അരിപ്പപോലെ സോക്ക്സ് പൊതിഞ്ഞു വച്ചത്. പെൺകുട്ടികളെ വൈകുന്നേരം പുറത്തുവിടാതിരുന്നത് അവരുടെ സുരക്ഷയെ കരുതിയായിരിക്കാം. ഇതൊന്നും ഓർമ്മയിൽ ഇല്ല അല്ലെങ്കിൽ തന്നെ ഇതൊക്കെ ഓർമ്മിച്ചു വയ്ക്കേണ്ട കാര്യങ്ങളാണോ? പക്ഷെ ലോകം ഇതെല്ലം എൻറെ ഭ്രാന്തിൻറെ ചേഷ്ട്ടകളായി അടയാളപ്പെടുത്തി വച്ചിരിക്കുന്നു. ഓർമ്മയുടെ പാളികളിൽ യുക്തിയും ഭ്രാന്തും തമ്മിൽ അതിരില്ലാതെ ചേരുന്നു.
“അമ്മ കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. ടിവിയിൽ വരുന്ന പലഷോകളും പ്രോഗ്രാമുകളും തൻറെ ആശയവും വാക്കുകളും എഴുത്തുമാണെന്നും തന്നെ ആരൊക്കയോ രഹസ്യമായി നിരീക്ഷിച്ചു എല്ലാം മോഷ്ട്ടിക്കുന്നുവെന്നും പറഞ്ഞു അമ്മ ബഹളംവയ്ക്കുമായിരുന്നു. അക്കാര്യത്തിൽ എന്നെയും പപ്പയെയുമായിരുന്നു... ഞാൻ അമ്മയുടെ വാക്കുകളും ആശയവും എഴുത്തുകളും കൈക്കലാക്കി പപ്പയ്ക്ക് നൽകുന്നുവെന്നും പപ്പ അതു മറ്റുള്ളവർക്ക് വിൽക്കുന്നു എന്നൊക്കെയായിരുന്നു പറയുക.”
എഴുത്ത് എന്റെ ഉള്ളിലായിരുന്നു, പക്ഷെ അതിനെ ലോകത്തേക്കു വിടുവിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. വാരികകളിൽ അച്ചടിച്ചു വരണമെന്ന മോഹമുണ്ടായിരുന്നു. പക്ഷെ നിരസിക്കുമോന്ന ശങ്കയായിരുന്നു. നിരസിച്ചാൽ അതുമനസ്സിന് താങ്ങാൻ ആവുമായിരുന്നില്ല. അതോടെ എഴുത്തുതന്നെ വിട്ടുപോകുമെന്ന ആശങ്കയായിരുന്നു.
“അമ്മ പറയുന്ന കാര്യങ്ങളിൽ ചിലതൊക്കെ യദാർത്ഥവും ബാക്കിയെല്ലാം ഇല്ലാത്തതുമായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രൊഫസറുടെ കാര്യം പറയുന്നത്. പപ്പ ആരോടോക്കയോ അന്വേഷിച്ചു പ്രൊഫസറുടെ ഫോൺനമ്പർ സംഘടിപ്പിച്ചു അദ്ദേഹത്തെ വിളിച്ചുസംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വളരെക്കാലമായി അമ്മയുമായി യാതൊരു സമ്പർക്കവുമില്ലെന്നായിരുന്നു. അമ്മയിൽ നടക്കുന്ന കാര്യങ്ങൾ ഗ്രഹിച്ച പ്രൊഫസറാണ് അമ്മയെ ഒരു മനോരോഗ വിദഗ്ദൻറെ അടുക്കൽ എത്തിക്കുവാൻ ഉപദേശിച്ചത്.”
കേസിൻറെ നാൾവഴിയിൽ കോടതി കടലാസുകളിൽ മകൾ രേഖപ്പെടുത്തിയ അമ്മയെക്കുറിച്ച് ഓർത്തുനോക്കി. ഓർമ്മയുടെ വിള്ളലുകളിൽ യാഥാർത്ഥ്യവും മിഥ്യയും തമ്മിൽ വേർപെടുത്താനാവാതെ കിടക്കുന്നു. പക്ഷെ പ്രൊഫസർ... അയാൾ കള്ളം പറയുന്നതാണ് അയാളുടെ സുഹൃത്തുക്കളും എൻറെ സഹപാഠികളിൽ ചിലരും പ്രൊഫസറുടെ കൂടെ ചെന്നു താമസിക്കാൻ എന്നെപ്രേരിപ്പിച്ചുകൊണ്ട് മെസ്സേജുകൾ അയച്ചിരുന്നില്ലേ?
“അമ്മ എന്താണ് ചുവരിൽ നോക്കിയിരിക്കുന്നത്? ഈ മുറി ഇതുവരെ വേറെയാരും ഉപയോഗിച്ചിട്ടില്ല. വല്ലപ്പോഴും അടിച്ചുവാരി വൃത്തിയാക്കുമായിരുന്നു. ചുവരൊന്നും അങ്ങിനെ മുഷിഞ്ഞിട്ടില്ലായിരുന്നു. പണ്ടു അമ്മ ഒട്ടിച്ച കുറച്ചു കറുത്ത ടേപ്പുകൾ ഉണ്ടായിരുന്നു. അതെല്ലാം ഇളക്കിക്കളഞ്ഞു. കഴിഞ്ഞയാഴ്ച പുതിയ പെയിൻറ് അടിപ്പിച്ചതാണ്. അമ്മയ്ക്ക് നിറം ഇഷ്ടമായില്ലേ? വേണമെങ്കിൽ നമുക്ക് അമ്മയ്ക്ക് ഇഷ്ടമുള്ള നിറമടിപ്പിക്കാം.”
അഞ്ജലി മുറിയുടെ വാതിൽക്കൽ വന്നു നിന്നിരുന്നത് ശ്രദ്ദിച്ചില്ലായിരുന്നു. പാവം കുട്ടികൾ. എനിക്കതൊന്നും ഓർമ്മയില്ലെങ്കിലും അവർ ഒരുപാട് സഹിച്ചിട്ടുണ്ട്. അതിൻറെ ആകുലതകൾ ഇപ്പോഴും അവരെ പിന്തുടരുന്നുണ്ട്. അതെല്ലാം മറന്നുപോയിരുന്നു, എന്നാൽ മറക്കാനാവില്ലല്ലോ.
കണ്ണുകൾ ഇറുക്കി അടച്ചു, വീണ്ടു തുറന്നു നോക്കി. മുൻപ് കണ്ട കറുത്ത ടേപ്പുകൾ... അതൊരു തോന്നലായിരുന്നോ? അങ്ങിനെയൊന്നു അവിടെയില്ലെന്നു അഞ്ജലി പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്. ഓർമ്മയുടെ കറുത്ത ടേപ്പുകൾ മാത്രം ഇപ്പോഴും മനസ്സിൽ ഒട്ടിയിരിക്കുന്നു.
ഇവരെ സഹായിച്ചിരുന്നോ? എങ്ങിനെയായിരുന്നു അവർ ജീവിച്ചിരുന്നത്. അമ്മയുടെ ഭ്രാന്തിൻറെ പേരിൽ സ്കൂളിലെ കുട്ടികൾ കളിയാക്കിയിട്ടുണ്ടാകും, രോഗം പാരമ്പര്യമായി കിട്ടുമോന്ന ആശങ്കയാൽ ഒരു ഭ്രാന്തിയുടെ മകളെ വിവാഹം കഴിക്കാൻ ആരും തയ്യാറായിട്ടുണ്ടാകില്ല. എൻറെ ഈശ്വരന്മാരെ, രോഗംമാറി ബോധം പ്രാപിച്ചത് സങ്കടത്തിന്റെ വലിയ കെട്ടഴിച്ചുകൊണ്ടാണല്ലോ. ഇതുവരെ അറിഞ്ഞിരുന്നില്ല. മക്കളെയോർത്തുള്ള വേദന.
“The patient complains of feeling electric transmission through a filling in her tooth."
ഇരുപതുവർഷങ്ങൾക്കുമുൻപു തുടക്കംകുറിച്ച ഒരു medical record-ലെ ആദ്യവാചകം അതായിരുന്നു. അതൊരു ജൂൺമാസത്തിലെ ദിനമായിരുന്നു യാദൃശ്ചികമാകാം അതെൻറെ മുപ്പത്തിമൂന്നാമത്തെ ജന്മദിനമായിരുന്നു. അന്നേദിവസം നല്ല മഴയുണ്ടായിരുന്നിരിക്കണം. ഒരുപക്ഷെ ആ മഴയിൽ നനഞ്ഞു കുളിച്ചായിരിക്കണം ആശുപത്രിയിൽ എത്തിയിരിക്കുക അല്ലെങ്കിൽ ആംബുലൻസിൽ കയറ്റി ബലമായി കൊണ്ടുപോയതായിരിക്കാം.
പരിശോധനകൾ, തലച്ചോറിൻ്റെ സ്കാനിംഗ്, അഭിമുഖങ്ങൾ അങ്ങിനെ നിരവധി അധ്യായങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യപരിശോധനാ വിവരണങ്ങൾ.
"പത്തുവർഷത്തിലധികമായി ക്രോണിക് സ്കിസോഫ്രീനിയയുടെ പിടിയിലായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നു 'ലോങ്ങ് ടേം കെയർ’ സെൻററിലേക്ക് മാറ്റുകയായിരുന്നു.
മുൻപുള്ള ആശുപത്രിയിൽ എത്തുന്നതിനു പത്തുവർഷങ്ങൾ എങ്ങിനെയായിരുന്നിരിക്കണം? എനിക്കുതോന്നുന്നത് ഞാൻ എല്ലാവരെയും പോലെയായിരുന്നുവെന്നാണ്. അക്കാലത്തെ ഒരുപാട് കാര്യങ്ങൾ എനിക്കോർമ്മയുണ്ട് ജോലിക്ക് പോകുന്നതും യാത്രകൾ പോയതും കടകളിൽ പോയതുമൊക്കെ ഓർമ്മയിലുണ്ട് എന്നാൽ ജോയും അഞ്ജലിയും കോടതിയിൽ പറഞ്ഞകാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല. എൻറെ പലദിവസങ്ങളും പ്രകൃതിയുടെ കലണ്ടറിൽനിന്നും കൊഴിഞ്ഞുപോയിരുന്നു. അവസാനമായി ഒരമ്മയുടെ വയറ്റിൽനിന്നും കയ്യിലെടുത്ത കുഞ്ഞ് ഏതായിരിക്കും? എന്നായിരിക്കും അതൊക്കെ നടന്നിരിക്കുക? എല്ലാം മൂടൽമഞ്ഞിൻറെ മറപോലെ, അപ്പുറത്ത് എന്തോ ഉണ്ടെന്നറിയാം പക്ഷെ എന്തെന്നു കൃത്യമായി പറയാനാവില്ല.
“അമ്മയെ അങ്ങിനെയോരിടത്താക്കി പോരേണ്ടിവന്നതിൽ എന്നും ഞാൻ വിഷമിച്ചിരുന്നു. പക്ഷെ എൻറെ മുമ്പിൽ വേറെ വഴിയില്ലായിരുന്നു. അവിടെ മാത്രമാണ് അമ്മ ഏറ്റവും സുരക്ഷിതയായിരിക്കുക അതുകൊണ്ടാണ് അങ്ങിനെ ചെയ്തത്” എന്നറിയാമായിരുന്നു.
“അറിയാം മോളെ, അതു നന്നായി അല്ലെങ്കിലതു നിങ്ങളുടെ ഭാവിയെക്കൂടി തകർക്കുമായിരുന്നു.”
“അമ്മ ജീവിതകാലം മുഴുവൻ അവിടെ ആയിരിക്കുമല്ലോ എന്നോർത്ത് എനിക്കു വല്ലാത്ത കുറ്റബോധമായിരുന്നു. അമ്മ തിരികെ വന്നുവെന്നത് സത്യത്തിൽ ഒരു അത്ഭുതമാണ്”
അത്ഭുതമോ, വൈദ്യശാസ്ത്രത്തിൻറെ പിഴവോ? എന്താണ് സത്യത്തിൽ സംഭവിച്ചത്?
കഴിഞ്ഞ എഴുപത്തിയഞ്ച് വർഷങ്ങളായി, മനോരോഗങ്ങൾക്കുമെന്നപോലെ സ്കിസോഫ്രീനിയയ്ക്കും യാതൊരു മാറ്റവുമില്ലാതെ ഒരേ ചികിത്സാവിധികളാണ് പ്രയോഗിച്ചുവരുന്നത്. ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന പല ഫാർമസ്യൂട്ടിക്കൽ കമ്പനികൾപോലും പൂട്ടിപ്പോയി. നിലവിലുള്ള മരുന്നുകൾ മിഥ്യവിചാരങ്ങളെയും ഭ്രമകാഴ്ചകളെയും കുറച്ചേക്കാം. പക്ഷെ, ഉത്സാഹം നൽകാനും സന്തോഷം അനുഭവിക്കാനുള്ള കഴിവില്ലായ്മയെ പരിഹരിക്കാനും അവയ്ക്ക് കഴിയില്ല. സാധാരണഗതിയിൽ രോഗി ജീവിതാവസാനം വരെ രോഗത്തിൻറെ പിടിയിൽ കഴിയുകയോ, അല്ലെങ്കിൽ സ്വയം ജീവനൊടുക്കി രോഗവിമുക്തനാകുകയോ ചെയ്യും.
കാലത്തിനും ലോകത്തിനും അന്യമായി, ആർക്കും പിടികൊടുക്കാതെ പത്തൊമ്പത് വർഷങ്ങൾ അങ്ങിനെ കഴിഞ്ഞപ്പോഴാണ് ലിംഫോമ എന്ന കാൻസർ എന്നെ പിടികൂടിയത്. ശരീരം വളരെ ക്ഷീണിച്ചു. തളർന്നു നിലത്തുവീണുപോയ അവസ്ഥവരെ എത്തിയപ്പോൾ സൈക്യാട്രിക് മരുന്നുകൾ നിർത്തി. പകരം കീമോതെറാപ്പിയും മറ്റു മരുന്നുകളും തുടങ്ങി.
അപ്പോഴും ഞാൻ കരുതിയത്-എനിക്കു കാൻസർ ഒന്നുമില്ല. എല്ലാവരും ചേർന്ന് എന്നെ ഉപദ്രവിക്കാനുള്ള പദ്ധതിയാണ് കീമോതെറാപ്പിയെന്നത്. അവർക്കെൻറെ ശരീരവും സൌന്ദര്യവും നശിപ്പിക്കണം, എന്നെ അപമാനിക്കണം. എൻറെ മുടികൊഴിച്ചു വിരൂപയാക്കണം. അതിനായി ശത്രുക്കൾക്കൊപ്പം ഡോക്ടർമാരും കൂട്ടുനിൽക്കുന്നു! അത് തന്നെയായിരുന്നു എൻറെ ചിന്തകൾ.
“കീമോ തുടങ്ങിയെങ്കിലും അമ്മ അതൊന്നും അതിജീവിക്കില്ലെന്നാണ് എല്ലാവരും കരുതിയത് അത്രയ്ക്ക് അവശയായിരുന്നു.”
“ആ കാര്യമൊന്നും ഞാനപ്പോൾ അറിഞ്ഞിരുന്നില്ല. ചികിത്സതുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ മുതൽ എനിക്കു ചില മാറ്റങ്ങൾ വന്നതായി തോന്നിത്തുടങ്ങി. മനസു സ്വതന്ത്രമായതുപോലെ തോന്നാൻ തുടങ്ങി. എൻറെ ചെറുപ്പകാലം സ്വപ്നം കാണാൻ തുടങ്ങി. സഹോദരർക്കൊപ്പം കളിക്കുന്നതൊക്കെ സ്വപ്നത്തിൽ കണ്ടു”
“കീമോതെറാപ്പി കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴും, രോഗലക്ഷണങ്ങൾ ഒന്നും തിരികെ വന്നില്ല. അതുകൊണ്ട് സൈക്യാട്രിക് മരുന്നുകൾ വേണ്ടിവന്നില്ല. അമ്മ മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങി. ശാന്തതയും വിനയവും കൈവന്നു. മരുന്ന് നൽകുന്ന നേഴ്‌സിനോട് 'താങ്ക്സ്' പറയുന്നവളായി മാറി. ഇത് കണ്ടവർ പറഞ്ഞു: 'അമ്മയ്ക്ക് മരണം കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചുള്ള വ്യക്തത ലഭിച്ചിരിക്കുന്നു. അതുകൊണ്ടാണ് ശാന്തതയോടെ പറയാൻ തയ്യാറാകുന്നത്.”
ഒരു ദിവസം അഞ്ജലി കാൻസർ വാർഡിലേക്ക് സൈക്യാട്രിസ്ടിനെയും കൂട്ടിക്കൊണ്ടുവന്നു. കുറച്ച് നേരം സംസാരിച്ച ശേഷം ഡോക്ടർ ചോദിച്ചു:
"Why have you called me here? I don't understand-she has no symptoms.”
“Yes doctor, that's exactly why we've called you."
കാൻസർ അതിന്റെ പിടിയയച്ചു. അതിനോടൊപ്പം, സൈക്യാട്രിക് മരുന്നുകൾ കഴിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. എങ്കിലും, മനോരോഗത്തിൻറെ യാതൊരു ലക്ഷണങ്ങളും തിരികെ വന്നില്ല. ഡോക്ടർമാരുടെ നിഗമനം അത്ര സാധാരണമായിരുന്നില്ല:
“Cancer drug has some collateral benefit. In medicine, not all side effects are bad."
കീമോതെറാപ്പിയിൽ ഉപയോഗിച്ച "ഇമ്മ്യൂണോ സപ്രസെന്റ്' മരുന്നുകൾ ശരീരപ്രതിരോധശേഷിയെ കുറച്ചതുകൊണ്ട്, അത് മനസ്സിന്റെ രോഗത്തെയും ഇല്ലാതാക്കുകയായിരുന്നു.
ഒരു ഡോക്ടറായിരുന്ന എന്നെ ഞെട്ടിച്ച വെളിപ്പെടലായിരുന്നത്. തെറ്റായ രോഗനിർണ്ണയം, തെറ്റായ ചികിത്സ, എനിക്ക് നഷ്ടമായത് എന്റെ ജീവിതം, തൊഴിൽ, കുടുംബം-എൻ്റെ സർവ്വസ്വം. എൻ്റെ മക്കൾ കുഞ്ഞുപ്രായത്തിൽ അനുഭവിച്ച മാനസിക പീഡകൾ അവർണ്ണനീയമാണ്. കൂട്ടുകാരുടെ കൈപിടിച്ച് അവരുടെ അമ്മയും അച്ഛനും നടക്കുന്നത് കാണുമ്പോൾ, എൻ്റെ മക്കൾ ഭ്രാന്താശുപത്രിയിലെ സെല്ലിൽ കിടക്കുന്ന അമ്മയെ ഓർത്തു തളർന്നിട്ടുണ്ടാകും. അത് തന്നെയാണ് അവരുടെ അച്ഛൻ അവരിൽ നിന്നും അകന്നുപോയതിന്റെ കാരണം.
എനിക്ക് സത്യത്തിൽ സംഭവിച്ചത് എന്തായിരുന്നു?
തലച്ചോറിനുള്ളിൽ ഓർമ്മയും മനോനിലയും നിയന്ത്രിക്കുന്ന ചില പ്രോട്ടീൻ കണങ്ങളുണ്ട്. എന്റെ ശരീരം അവയെ തെറ്റായി ശത്രുക്കളായി തിരിച്ചറിഞ്ഞു. അവയെ നശിപ്പിക്കാൻ ശരീരം തന്നെ ആന്റിബോഡികൾ ഉണ്ടാക്കി ആക്രമിച്ചു. അതോടെ ഓർമ്മകളും മനോനിലയും താറുമാറായി. ഇതിന്റെ ഫലമായാണ് എനിക്ക് മനോരോഗം വന്നത്—ഇത് ഒരു ‘ഓട്ടോഇമ്മ്യൂൺ’ പ്രശ്നമായിരുന്നു. അതൊരു ചെറിയ അപഭ്രംശം മാത്രമായിരുന്നു. ചികിത്സയിലൂടെ കുറച്ച് മാസങ്ങൾക്കുള്ളിൽ പൂർണ്ണമായും ഭേദമാക്കാവുന്ന രോഗം!
എൻറെ കാര്യത്തിൽ കാൻസർ ബാധിച്ചത് ഭാഗ്യമായിരുന്നു. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ, ഞാൻ മരണംവരെ ഒരു ഭ്രാന്തിയായി ആശുപത്രിക്കിടക്കയിൽ ഒടുങ്ങുമായിരുന്നു. എൻറെ ശരീരം തലച്ചോറിൽ സ്വയം തീർത്ത പ്രതിരോധത്തെ തിരിച്ചറിയാനും, അതിനെ ചികിത്സിക്കാനും, ആരും ശ്രമിച്ചില്ല. എന്നെ ചികിത്സിച്ചവരിൽ ഒരാളെങ്കിലും പതിവ് വഴിമാറി ചിന്തിച്ചിരുന്നെങ്കിൽ?
കഴിഞ്ഞ കാലങ്ങളിൽ എന്നെ വേട്ടയാടിയ ശത്രുക്കൾ യാഥാർത്ഥത്തിൽ ഇല്ലാതിരുന്നതാണ്. അവയെല്ലാം എൻ്റെ മനസ്സിൻ്റെ തോന്നലുകൾ മാത്രമായിരുന്നു. പക്ഷെ, ആ തോന്നലുകൾക്ക് പിന്നിൽ ചിലയാഥാർത്ഥ്യങ്ങളുണ്ടായിരുന്നു-ഒരു തെറ്റായ രോഗനിർണ്ണയം, ഒരു തെറ്റായ ചികിത്സ യാഥാർത്ഥ്യമെന്തെന്നു തിരിച്ചറിയുന്നതിൽ മനുഷ്യൻ പരാജയപ്പെട്ട നാളുകൾ.
ഞാൻ എഴുന്നേറ്റ് ചുവരിലൂടെ കയ്യോടിച്ചു നോക്കി. എവിടെയെങ്കിലും വിള്ളലുകളോ, അതിൽ ഒളിക്യാമറകളോ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ചു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്തപ്പോൾ എനിക്കു ചിരി വന്നു. നിയന്ത്രിക്കാനാവാതെ, ഞാൻ ഉറക്കെ ചിരിച്ചു.
പിന്നെ വിളിച്ചു പറഞ്ഞു: “വീണ്ടും ശാസ്ത്രം ജയിച്ചു. പക്ഷെ മനുഷ്യൻ തോറ്റുകൊണ്ടിരിക്കുന്നു.”
ഞാൻ ഉറക്കെയുറക്കെ ചിരിക്കുന്നതു കണ്ടു, അമ്പരപ്പോടെയും ഭയത്തോടും അഞ്ജലി എന്നെ നോക്കി നിന്നു.
“മോളെ, പേടിക്കേണ്ട. നിൻറെ അമ്മയ്ക്കായിരുന്നില്ല ഭ്രാന്ത്.”