
ഇന്നലെ വരെ കർക്കടകം രാവിലെ 5.30 നു വിളിച്ചുണർത്തിയിരുന്നു. ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. അടുത്തുള്ള അമ്പലത്തിൽ പോയിരുന്ന് ഒരു മണിക്കൂർ രാമായണം വായിക്കും. അവിടെ ശ്രീരാമന്റെ ചില്ലിട്ട ചിത്രം കൊളുത്തി വെച്ച നിലവിളക്ക് ഒക്കെ കാത്തിരിക്കുന്നുണ്ടാകും. തീരുന്ന ദിവസമാണ് തുടക്കം മുതൽ അന്നേ വരേ വായിക്കാതെ കാത്തു വെച്ചിരുന്ന രാജ്യാഭിഷേകം താളിലേക്ക് കടക്കുക. രാവിലെ ബാലകാണ്ഡത്തിൽ തുടങ്ങി യുദ്ധകാണ്ഡത്തിലേക്ക് ഒരു നിമിഷം പോലും നിർത്താതെ വായനക്കാർ പരസ്പരം കൈമാറി 434 പേജിലേക്ക് ഓടിക്കിതച്ചെത്തുമ്പോൾ അന്ന് വരെ വായിച്ച ഈണമോ താളമോ ഒന്നുമുണ്ടാകില്ല. അതു കൊണ്ട് തന്നെ രാജ്യാഭിഷേകം വായന മൈക്കിന് മുന്നിൽ ഇരിക്കുന്ന ഒരാൾക്കൊപ്പമുള്ള കൂട്ട വായനയിൽ അവസാനിപ്പിച്ചു കൊണ്ട് രാമായണപാരായണം അവസാനിക്കുന്നു. അതിൽ ഒരു അപൂർണ്ണത തോന്നി എങ്കിലും ഇന്നലെ വീട്ടിൽ വന്നു ഒന്ന് കൂടി രാജ്യാഭിഷേകം സാവകാശം വായിച്ചു. മുന്നിൽ " മലയജ പർണ്ണേന വായ്ക്കെട്ടി മൂടിയ സ്വർണ്ണ കലശ ങ്ങൾ നിരന്നു. രത്ന സിംഹാസനത്തിൽ ഒരു വട്ടം കൂടി സീതാസമേതനായ ശ്രീരാമനെക്കണ്ടു. അവിടം വരെ കൊണ്ട് വന്നെത്തിക്കുന്നതിനിടയിൽ നഷ്ടമായ ഇത്തിരി രാഗം തിരികെ വന്നു.. അതൊരു മായികമായ അനുഭൂതിയായി മാറി.
രാമായണം ഒരു ഇതിഹാസം തന്നെയാണ്. അതിലെ തത്വങ്ങൾ, ഭക്തി ഭാവങ്ങൾ ഒക്കെ സാധാരണക്കാരുടെ മനസ്സുകളെ ഉദ്ബുദ്ധമാക്കുന്നു. നാലായിരത്തോളം വർഷമായി ഭാരതീയരുടെ സത്യ ധർമ്മ സങ്കൽപ്പങ്ങൾക്ക് ഈ മഹത് ഗ്രന്ഥം പ്രചോദനം നൽകുന്നു. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ മനോഭാവം മഹാകവി വള്ളത്തോളിന്റെ ഈ നാല് വരികളിൽ ചിത്രീകരിച്ചിരിക്കുന്നു.
"കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ.?"

(ചിത്രത്തിൽ അമ്പലത്തിലെ ബലിക്കൽപുര )