
ചുണ്ടനക്കി പാട്ടുകള്‍ അരങ്ങു തകര്‍ക്കുന്ന കാലം ,ആസ്വാദകനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത ശരിയോ ?
കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ലോകത്തെ മറ്റേതൊരു സംഗീതശാഖയുമായും കിടപിടിക്കുന്നതോ മേൽക്കൈ നേടുന്നതോ ആണെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. ശാസ്ത്രീയ സംഗീതത്തിലായാലും ലളിതസംഗീതത്തിലായാലും മഹത്തായ പാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ട്. ശ്രോതാവിനെ ഏറെ ആകർഷിക്കുന്നതെന്ന നിലയിൽ ലളിതസംഗീതത്തിന് ഒരു പണമിടത്തൂക്കം അധിക പരിഗണന നൽകിയാലും തെറ്റില്ല. ലളിതസംഗീതത്തിന്റെ മുഖ്യ വിഹാരരംഗം ചലച്ചിത്രമേഖലയാണല്ലോ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന നിത്യസുരഭില ഗാനങ്ങളുടെ വൻശേഖരമാണ് നമുക്ക് സ്വന്തമായുള്ളത്.
ഈ പ്രൗഢമായ പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന വിധത്തിൽ ഈ മേഖലയിൽ പുതുതായി കണ്ടുവരുന്ന അധമപ്രവർത്തനങ്ങളും തദ്ഫലമായുള്ള മൂല്യച്യുതിയും അഭിസംബോധന ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആസ്വാദകന്റെ സംഗീത ലഹരി ചൂഷണം ചെയ്ത് സദസ്സിൽ അവനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ സാർവ്വത്രികമായി കണ്ടുവരുന്നത്. നാം ഹൃദയത്തോട് ചേർത്തുവെച്ച ഗാനങ്ങളുടെ റെക്കോർഡിനൊത്ത് വേദിയിൽ അഭിനയിക്കുന്ന സംഗീത കലാകാരന്മാരെയാണ് പലപ്പോഴും നമുക്ക് കാണാനാവുക. ഉത്തമബോധ്യത്തോടെ തന്നെയാണ് ബന്ധപ്പെട്ടവർ ഇത് ചെയ്യുന്നതെന്ന് അറിയുമ്പോഴോ? അത് തികച്ചും വേദനാജനകമാണ്, അനീതിയാണ്. വിശാലമായ വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനത്തിൽ നിരവധി സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ നൃത്തച്ചുവടുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന ഗാനങ്ങൾ സ്റ്റുഡിയോയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്യപ്പെട്ട ട്രാക്കിന്റെ പുനഃപ്രക്ഷേപണമാണെന്ന യാഥാർത്ഥ്യം എത്രപേർ അറിയുന്നു? സംഗീത സംവിധായകന്റെ നിർദ്ദേശാനുസരണം ഗായകരും വാദ്യകലാകാരന്മാരും വേദിയിൽ അഭിനയിക്കുക മാത്രമാണെന്നതാണ് വസ്തുത. ഗായകരോ വാദ്യകലാകാരന്മാരോ കഴിവില്ലാത്തവരാണെന്നല്ല ഇതിനർത്ഥം. ശബ്ദവിന്യാസത്തിന്റെ ക്രമീകരണത്തിൽ സ്റ്റുഡിയോയിലെ കൃത്യത വേദിയിൽ സാധ്യമല്ലെന്നത് വസ്തുത തന്നെ. വേദിയിൽ സംഭവിക്കുന്ന അത്തരം ചെറിയ ന്യൂനതകൾ തിരിച്ചറിയാത്തവരല്ലല്ലോ ആസ്വാദകർ. അതുകൊണ്ടുതന്നെ സംഗീത കലാകാരന്മാർ ബോധപൂർവ്വം ആരാധകരെ വഞ്ചിക്കുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ല. ശ്രുതി ശുദ്ധമായി പാടാൻ കഴിയാത്ത സംഗീത സംവിധായകനാവും വേദിയിലെ നായകൻ. ആസ്വാദകരെ അമ്പരപ്പിക്കുന്ന കൃത്യതയോടെ വേദിയിൽ സംഗീത സംവിധായകൻ പാടുമ്പോൾ കമ്പ്യൂട്ടർ സഹായത്തോടെ കൃത്യത ഉറപ്പാക്കിയ സ്റ്റുഡിയോ ട്രാക്കാണ് വേദിയിൽ പ്രകടമാകുന്നതെന്ന വസ്തുത ആരും തിരിച്ചറിയുന്നില്ല.
പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് മുംബൈ ആസ്ഥാനമായുള്ള ഒരു സാംസ്കാരിക സംഘടന നൽകിയ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സംഗീതാരാധകരെ വേദനിപ്പിക്കുന്ന ഇത്തരം യാഥാർത്ഥ്യങ്ങൾ പരാമർശവിധേയമായി. വേദനയോടെയും നിരാശയോടെയും ഈ പ്രവണതയെ വിമർശിച്ച അദ്ദേഹം രസകരമായ ഒരനുഭവം കൂടി പങ്കുവെച്ചു. ഒരു പ്രശസ്ത സംഗീത സംവിധായകന്റെ പരിപാടി നടക്കുകയാണ്. വാദ്യോപകരണ വിഭാഗത്തിൽ ലോകപ്രശസ്ത ഡ്രംസ് വാദകൻ ശിവമണിയുടെ വായനയ്ക്കിടയിൽ കയ്യിൽ നിന്ന് സ്റ്റിക്ക് തെറിച്ചുപോയി. പക്ഷേ അപ്പോഴും ഓഡിറ്റോറിയത്തിലെ സ്പീക്കറിൽ ഡ്രംസ് വാദനം നിലയ്ക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. വർണ്ണോജ്ജ്വലമായ ലൈറ്റിംഗ് സംവിധാനത്തിനും പുകപടലത്തിനും ആസ്വാദകരുടെ ആവേശത്തിമിർപ്പിനും ഇടയിൽ ശിവമണിയുടെ കയ്യിൽ നിന്ന് ഡ്രം സ്റ്റിക്ക് തെറിച്ചുപോയത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. നൂറിലധികം ഗായകരെയും വാദ്യകലാകാരന്മാരെയും അണിനിരത്തി സ്റ്റുഡിയോ ട്രാക്കിന്റെ സഹായമില്ലാതെ അതിമനോഹരമായി ക്വയർ സംഘടിപ്പിച്ചു വരുന്ന ജെറി അമൽദേവിന്റെ ധാർമ്മികരോഷം തികച്ചും സ്വാഭാവികം.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലാലിസം എന്ന പരിപാടിയിൽ സംഭവിച്ചതും മറ്റൊന്നല്ല. വേദിയിൽ പാടിക്കൊണ്ടിരുന്ന മോഹൻലാലിന് മൈക്കിന്റെ തകരാറ് മൂലം ഒരവസരത്തിൽ പാട്ട് നിർത്തേണ്ടി വന്നു. പക്ഷേ ഉച്ചഭാഷണിയിൽ ലാലിന്റെ പാട്ട് അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. വസ്തുത മനസ്സിലാക്കി സദസ്യർ പ്രതിഷേധിച്ചപ്പോൾ പരിപാടി അവസാനിപ്പിച്ചു. അതുപോലെ നൂറ് ഗായകരെ പങ്കെടുപ്പിച്ച് ഒരു ശാസ്ത്രീയ സംഗീത പരിപാടി അവതരിപ്പിക്കാൻ തിരുവനന്തപുരത്തെ ഒരു പ്രശസ്ത സംഗീത വിദുഷി ഒരുക്കങ്ങൾ ആരംഭിച്ചു. ആറേഴു പേരെ വെച്ച് കീർത്തനങ്ങൾ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ശേഷം നൂറു പേരെ വേദിയിൽ അണിനിരത്താനായിരുന്നു പരിപാടി. ലാലിസത്തിന്റെ പരാജയത്തോടെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. മോഹൻലാലിനോട് നമുക്ക് പൊറുക്കാം. പാട്ടുകൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്ന നടനാണ് അദ്ദേഹം. എന്നാൽ വേദിയിൽ ഈ അബദ്ധത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ. എന്നാൽ സമർത്ഥരായ ഗായകർ സ്വന്തം ഗാനങ്ങൾ വേദിയിൽ നേരിട്ട് പാടാതെ മൈക്കിന് മുന്നിൽ ചുണ്ടനക്കുന്നതിനെക്കുറിച്ച് എന്തു പറയാൻ? അതിമഹത്തായ ഒരു സംഗീത പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് അവർ ചെയ്യുന്നത്. ആസ്വാദകരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകാത്തതിനാൽ ഈ സംഗീത ‘നാടകം’ അരങ്ങ് തകർക്കുന്നു.
മൈനസ് ട്രാക്ക് എന്നൊരു സമ്പ്രദായമാണ് ഈ രംഗത്ത് ആദ്യം പരീക്ഷിച്ചത്. ഗാനത്തിന്റെ പശ്ചാത്തല സംഗീതം മാത്രം റെക്കോർഡ് ചെയ്തിട്ട് അത് വേദിയിൽ കേൾപ്പിച്ച് ഗായകർ ഒപ്പം പാടുന്ന രീതിയാണിത്. വാദ്യോപകരണക്കാർ വേദിയിൽ വായിക്കാതെ അഭിനയിച്ചാൽ മതിയാകും. (വാദ്യക്കാരില്ലാതെ ട്രാക്ക് മാത്രം കേൾപ്പിച്ച് ഗായകർ പാടുന്ന കരോക്കെ സംഗീതം ഇന്ന് സാധാരണമാണ്.) ഗായകർക്ക് വേദിയിൽ ശ്രുതി ശുദ്ധമായി പാടാൻ ബുദ്ധിമുട്ടായതും പാടാനറിയാത്ത സംഗീത സംവിധായകർ ഗായകരായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും പ്ലസ് ട്രാക്കിന്റെ ഉപയോഗത്തിന് വഴിയൊരുക്കി. പശ്ചാത്തല സംഗീതത്തോടൊപ്പം ഗാനവും ചേർത്ത് റെക്കോർഡ് ചെയ്തെടുക്കുന്ന സ്റ്റുഡിയോ ട്രാക്കാണ് പ്ലസ് ട്രാക്ക്. ഇതോടെ വാദ്യോപകരണക്കാരും ഗായകരും വേദിയിൽ ഒരുപോലെ അഭിനേതാക്കളായി. മികച്ച സൗണ്ട് എൻജിനീയർ കൂടിയായ എ.ആർ റഹ്മാനാണ് ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവെന്ന് ഗായകനും (വൈശാലി) സൗണ്ട് ഡിസൈനറുമായ ദിനേഷ് സാക്ഷ്യപ്പെടുത്തുന്നു. ‘വന്ദേമാതരം’ എന്ന ഗാനം എ.ആർ റഹ്മാൻ വേദിയിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ സന്തോഷഭരിതരായ ആസ്വാദകർ പ്ലസ് ട്രാക്കാണ് റഹ്മാൻ വേദിയിൽ പ്രയോഗിച്ചതെന്ന് തിരിച്ചറിഞ്ഞില്ല. ഇപ്പോൾ മിക്ക ഗായകരും സംഗീത സംവിധായകരും ഭാഷാഭേദമന്യേ ഈ പതിവ് തുടരുന്നു. പാടിക്കൊണ്ടിരിക്കുമ്പോൾ ഗായകന്റെ കയ്യിൽ നിന്ന് മൈക്ക് താഴെ വീണാലല്ലാതെ ആസ്വാദകർക്ക് ഈ തട്ടിപ്പ് മനസ്സിലാകില്ല.
അടുത്തകാലത്ത് ഒരു ചാനലിൽ ചില പിന്നണി ഗായകരെക്കൊണ്ട് അവരുടെ ഗാനങ്ങൾ വീണ്ടും പാടിച്ച് അവതരിപ്പിക്കുകയുണ്ടായി. അതിൽ തന്റെ അനുഭവം ഗായിക ലതിക പങ്കുവെച്ചത് ഇങ്ങനെയാണ് - “റിഹേഴ്സലിനു ശേഷം മറ്റൊരു ദിവസം റെക്കോർഡിംഗിനും ഷൂട്ടിംഗിനുമായി ചെന്നപ്പോൾ പാടുന്നതായി അഭിനയിച്ചാൽ മതിയെന്നും പാട്ടുകളുടെ ഒറിജിനൽ റെക്കോർഡ് പശ്ചാത്തലത്തിൽ കേൾപ്പിക്കാമെന്നുമുള്ള നിർദ്ദേശമാണ് ബന്ധപ്പെട്ടവരിൽ നിന്നുണ്ടായത്. പൂ വേണം പൂപ്പട വേണം, താരും തളിരും, നിലാവിന്റെ പൂങ്കാവിൽ, കണ്മണിയേ ആരിരാരോ, കാതോട് കാതോരം തുടങ്ങി എന്റെ പാട്ടുകളുടെ ഒറിജിനൽ അവർ കരുതിയിട്ടുണ്ടായിരുന്നു. പാട്ടിനനുസരിച്ച് ചുണ്ടനക്കാൻ ഞാൻ തയ്യാറായില്ല. എന്നാൽ മറ്റ് ഗായകർ പുതിയ സംവിധാനത്തിന് സമ്മതം മൂളിയിരുന്നു. എന്തൊക്കെ തെറ്റുകുറ്റങ്ങൾ സംഭവിച്ചാലും ലൈവ് ആയി മാത്രമേ പാടുകയുള്ളൂ എന്ന എന്റെ നിലപാട് ഒടുവിൽ ചാനലിന് അംഗീകരിക്കേണ്ടി വന്നു.”

സംഗീതരംഗത്തെ മറ്റൊരു അവസ്ഥാന്തരമാണ് റീ മിക്സ്. പ്രഗത്ഭരായ ഗായകർ പാടിവെച്ച മനോഹര ഗാനങ്ങളുടെ ആലാപനത്തിലും പശ്ചാത്തല സംഗീതത്തിലും ചില്ലറ മാറ്റങ്ങൾ വരുത്തി പുതിയതായി റെക്കോർഡ് ചെയ്യുകയാണ് ഇതിന്റെ രീതി. ഒരു ചിത്രത്തിന്റെ കഥാസന്ദർഭത്തിന് അനുയോജ്യമായി സംഗീത നിർവ്വഹണം നടത്തുമ്പോഴാണ് ഒരു ഗാനം നിത്യഹരിതമായി നമുക്ക് അനുഭവപ്പെടുന്നത്. എല്ലാവരും ചൊല്ലണ് (നീലക്കുയിൽ), ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം (സ്കൂൾ മാസ്റ്റർ), കാറ്റിൽ ഇളംകാറ്റിൽ (ഓടയിൽ നിന്ന്), തളിരിട്ട കിനാക്കൾ തൻ (മൂടുപടം), പ്രാണസഖീ ഞാൻ വെറുമൊരു (പരീക്ഷ), സന്യാസിനീ (രാജഹംസം) തുടങ്ങിയ ഗാനങ്ങളുടെ ഭാവസാന്ദ്രത ഒന്നോർക്കുക. അത്തരം ഗാനങ്ങളുടെ ആലാപനവും പശ്ചാത്തല സംഗീതവും യാതൊരു നീതീകരണവുമില്ലാതെ പുനഃക്രമീകരിച്ച് അവതരിപ്പിക്കുന്നതിലൂടെ ആ ഗാനത്തിന്റെ സൃഷ്ടിപരമായ ഉദ്ദേശശുദ്ധിയും കെട്ടുറപ്പും ആത്മാവും ഒക്കെ നഷ്ടമാവുകയാണ്. “പ്രശസ്ത ഗാനങ്ങളെ ഉപജീവിക്കാതെ പുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തി ഇഷ്ടാനുസരണം അവതരിപ്പിക്കാമല്ലോ. ഗസൽ എന്നൊരു പ്ലാറ്റ്ഫോം തന്നെ അതിനായുണ്ട്. ഗായകന്റെ മികവിനൊത്ത് ഏതറ്റം വരെയും ആലങ്കാരികമായി ആലപിക്കാൻ ഈ വേദി അവസരമൊരുക്കുന്നു. ഗസലിന്റെ ചട്ടക്കൂട് ഭാഷാഭേദമന്യേ ഉപയോഗിക്കാവുന്നതാണ്,” ദിനേഷ് അഭിപ്രായപ്പെടുന്നു. “ഒരു പാട്ടിൽ ഉള്ളതിലേറെ സംഗതികൾ പാടിയാലോ, പാട്ടിന്റെ ഉച്ചസ്ഥായിയിലുള്ള ഒരു സ്വരം ശ്വാസം നിൽക്കുന്നതു വരെ നീട്ടിപ്പാടിയാലോ ഗായകൻ കേമനായി എന്ന ശ്രോതാവിന്റെ തെറ്റിദ്ധാരണയാണ് ഗാനത്തിന്റെ ഭാവഗാനത്തിന്റെ ഭാവസാന്ദ്രതയെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്ന് പലരും ചിന്തിക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട ഗായകർ സ്റ്റേജിൽ വന്ന് പാടുമ്പോൾ അവർക്ക് തെറ്റുപറ്റരുതേ എന്ന് പ്രാർത്ഥിക്കുന്ന ആസ്വാദകരുണ്ട്. അങ്ങനെയുള്ള ആരാധകരെ വഞ്ചിക്കുന്ന തരത്തിലാണ് ഇന്നത്തെ പല സ്റ്റേജ് ഷോകളും അരങ്ങേറുന്നത്.
ഇത്തരമൊരു അവസ്ഥയിൽ നിന്നും നമ്മുടെ സംഗീത ശാഖയെ രക്ഷിച്ചെടുക്കേണ്ടതുണ്ട്. അതിനായി ആസ്വാദകരും കലാകാരന്മാരും ഒരുപോലെ ബോധവാന്മാരാകണം. കൃത്രിമത്വമില്ലാത്ത, ശുദ്ധമായ തത്സമയ (Live) സംഗീതാവതരണങ്ങളെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ നമ്മുടെ മഹത്തായ സംഗീത പാരമ്പര്യം വരുംതലമുറയ്ക്കായി ശുദ്ധിയോടെ നിലനിർത്താൻ കഴിയൂ. പ്ലസ് ട്രാക്കുകളുടെയും റീമിക്സുകളുടെയും അതിപ്രസരമില്ലാത്ത, യഥാർത്ഥ പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദികളാണ് ഇനി നമുക്ക് ഉണ്ടാകേണ്ടത്. സംഗീതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന ആസ്വാദകർ ഈ ‘നാടകങ്ങൾ’ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.