Image

മഹത്വം ! (സാഹിത്യം: പി എസ് ജോസഫ്‌)

Published on 17 August, 2026
മഹത്വം ! (സാഹിത്യം: പി എസ് ജോസഫ്‌)

പ്രശസ്തിയുടെ സ്വഭാവം നാള്‍തോറും മാറിമറിയും . കാലമാണ്  ക്രൂരമായ വിധി നടത്തുന്നത് .

ബ്രിണ്ട ലീയുടെ “Rockin’ Around the Christmas Tree.”( റോക്കിംഗ് എറൗണ്ട് ദി ക്രിസ്മസ് ട്രീ )യാണ് അത്ഭുതകരമായി കുറെ നാള്‍ മുന്‍പ്   ബില്‍ ബോര്‍ഡ്‌ ചാര്‍ട്ടുകളില്‍ ഒന്നാം  സ്ഥാനത്തു എത്തിയത് . മരിയ കാരിയുടെ  “All I Want for Christmas Is You,” (1994), വിനെ പുറത്താക്കിയാണ് ഈ  ക്രിസ്മസ് ഗാനം ഒന്നാം സ്ഥാനത്ത് എത്തുന്നത് .തന്‍റെ പതിമൂന്നാം വയസ്സില്‍ പാടിയ ആ പാട്ട് ഇന്നിന്‍റെ പാട്ടായി മാറിയത് 65  വര്‍ഷത്തിനു ശേഷം ബ്രിണ്ട  ലീ കാണുന്നു .1958 ലാണ് ബ്രിണ്ട ലീ ഈ ആല്‍ബം റെക്കോര്‍ഡ്‌ ചെയ്തു ഇറക്കിയത് .കാലഹിതം അങ്ങനെയാണ് .ജ്ഞാനപ്പാനയില്‍ പറയും പോലെ രണ്ടു നാലുദിനം കൊണ്ടു  ഒരാളെ തണ്ടില്‍ ഇരുത്തുന്നതും മാളികപ്പുറമേറിയ മന്നന്റെ മേല്‍ മാറാപ് കെട്ടുന്നതും  വിധിയാണ് .പ്രശസ്തിയുടെ സ്വഭാവം നാള്‍തോറും മാറിമറിയും . കാലമാണ്  ക്രൂരമായ വിധി നടത്തുന്നത് .

അത് കാലത്തിന്റെ ചുവരെഴുത്തുകള്‍ .സമകാലിന ലോകത്ത് മഹത്വം അറിഞ്ഞു കൊണ്ടു അവഗണിക്കപ്പെടുന്നത് വേദനാജനകമായ കാഴ്ചയാണ് .ഇതെഴുതുമ്പോള്‍ സാമ്പത്തിക കാര്യ വിദഗ്ദനായ ഡോ .എം  കുഞ്ഞാമനോട്  കേരളത്തിലെ പരിഷ്കൃത സമൂഹം കാണിച്ച അവഗണനയാണ് ചര്‍ച്ച.അതിനു അദ്ദേഹം മരിക്കുന്നതിനു കാത്തിരിക്കണമായിരുന്നോ എന്നത് മറ്റൊരു ചോദ്യം .മരണം പൊതുവേ കേരളത്തില്‍ എല്ലാവരെയും വിശുദ്ധരാക്കുന്നു .അതിനു ഒരു പ്രത്യേക വകുപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുമായിരിക്കും! സാമ്പത്തിക ശാസ്ത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വിദഗ്ദനെ ഉള്‍ക്കൊള്ളാന്‍ എന്ത് കൊണ്ടായിരിക്കും നമ്മുടെ സമൂഹം മടിച്ചത് ?.പ്രധാനമായും അതിനു കാരണം  മാധ്യമ വിവേചനമാണ് .അവര്‍ക്ക് സെലിബ്രിറ്റി പദം കിട്ടിയവരെ മതി .അവര്‍ ആഗ്രഹിക്കുന്നത് പറയുന്നവരാണെങ്കില്‍ അത്യുഗ്രന്‍ .സ്വയം പ്രഭാവലയം അണിഞ്ഞവര്‍ ആണെങ്കില്‍ മറ്റൊന്നും പറയാനില്ല അവരുടെ കൂതറ വര്‍ത്തമാനം പോലും മുത്താണ് .അവര്‍ ചെയ്യുന്ന നടപടികളെ വിമര്‍ശിക്കാന്‍ ,അവരുടെ രചനകളെ തൂക്കിനോക്കാന്‍ ആര്‍ക്കും അവകാശമില്ല .മഹത്വാരോപണത്തിന്റെ  മഹനീയ ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് .സാഹിത്യവും സിനിമയും ഒഴിച്ചു മറ്റൊന്നും സെലിബ്രിറ്റി പദവിക്ക്  അര്‍ഹമല്ലെന്നുണ്ടോ ?

അടുത്തയിടെ പ്രഗല്‍ഭനായ ഒരു കലാകാരന്‍ ഒരു നോവല്‍ എഴുതി .അതിനു ലഭിച്ച അംഗീകാരവും കയ്യടിയും ദശകങ്ങള്‍ ആയ അദ്ദേഹത്തിന്‍റെ കലസപര്യക്ക്‌ ലഭിക്കാത്തതായിരുന്നു.തന്‍റേതായ ആരാധകവൃന്ദവും താന്‍ നിയമിച്ച വൈതാളികന്മാരും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ അംഗീകാരം ലഭിക്കൂ എന്നതാണ് സ്ഥിതി . .വേണ്ടി വന്നാല്‍ അതിനു വേണ്ടി കാശ് മുടക്കാനും പലരും തയ്യാറാകുന്നു .അതിനു തീര്‍ച്ചയായും ഫലമുണ്ട് .വമ്പന്മാരുടെ ഷെല്‍ഫില്‍ അവ സ്ഥലം പിടിക്കുന്നു .ചര്‍ച്ചകളില്‍ നിറയുന്നു .സാമൂഹിക മാധ്യമങ്ങളില്‍ പോലും എതിര് കാണാനാവില്ല .പുതിയ ഒരു കള്‍ട്ട് സ്ഥാപിതമാകുന്നു .ആള്ദൈവങ്ങളെക്കാള്‍ അപകടകാരികളാണ് ആശയ ലോകത്തെ ഈ സാര്‍ ചക്രവര്‍ത്തിമാര്‍ .

സാഹിത്യകാരന്‍ ആയതു കൊണ്ടായില്ല .നന്നായി മാര്‍ക്കറ്റ്‌ ചെയ്യണം .ആരാധകരെ സൃഷ്ടിക്കണം .അല്ലെങ്കില്‍ അവഗണനയുടെ തീരാക്കയങ്ങളില്‍ മുങ്ങാനായിരിക്കും വിധി .അടുത്തയിടെ നോവലിസ്റ്റും ബ്യൂറോക്രാറ്റും ആയ ബി എം സി മോഹനചന്ദ്രന്റെകലികയെപറ്റി പ്രശസ്ത എഴുത്തുകാരി ജിസ ജോസ് എഴുതിയ മുഖപുസ്തകത്തിലെ കുറിപ്പാണ് ഇതെഴുതാന്‍  കാരണം .കലിക എന്ന നോവല്‍ ചെറുപ്പത്തില്‍ വായിക്കാന്‍ അനുവദിക്കാതിരുന്നതിനെ പറ്റി അവര്‍ എഴ്തുന്നു .പിന്നിട് കോളേജില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന കൃതി .അതവര്‍ ആര്‍ത്തിയോടെ വായിക്കുന്നു ഇന്നും അതെ പറ്റി അവര്‍ ഓര്‍മ്മിക്കണമെങ്കില്‍ അതിന്റെ വശ്യത ചെറുതായിരിക്കില്ലല്ലോ .തീര്‍ച്ചയായും ആരുടെ എഴുത്തിനെയും സ്വാധീനിക്കാവുന്നഅപൂര്‍വ രചനയാണ് കലിക.ചെന്നെയില്‍  നയന്തന്ത്ര ലോകത്തെ ഉന്നതപദവികളില്‍ നിന്ന് വിരമിച്ചു കഴിഞ്ഞ അദ്ദേഹത്തെ ഞാന്‍ ഓര്‍ക്കുന്നു .മലയാള സാഹിത്യത്തിലെ എല്ലാ കൃതികളും  ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിനു. .

തന്‍റെ നാട്ടിലെ കുടുബക്ഷേത്രത്തിന്റെ ഐതിഹ്യം ഉപയോഗിച്ചു രചിച്ച കലിക മാന്ത്രിക നോവല്‍ തലത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത ഔന്നത്യത്തില്‍ നില്‍ക്കുന്നു .മാന്ത്രിക നോവലുകള്‍ക്കും പ്രേത കഥകള്‍ക്കും അതിന്റേതായ ഒരു ചട്ടവട്ടമുണ്ട് .ആ വേലിക്കെട്ടുകള്‍  മറികടന്നു അതിലെ കഥാപാത്രങ്ങള്‍ക്ക്  സംസാരിക്കാനാവില്ല ദേവിയെ പോലും  മാന്ത്രികന് അടിമയാക്കാം പാശ്ചാത്യവും പൌരസ്ത്യവുമായ  എല്ലാ അന്ധവിശ്വാസങ്ങളെ കുറിച്ചും  നല്ല അറിവുള്ള  എഴുത്തുകാരനായിരുന്നു അദ്ദേഹം .എന്തുകൊണ്ടോ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം  അത്ര ശ്രദ്ധിക്കപ്പെട്ടില്ല .അതിലും എത്രയോ താഴെക്കിടയിലുള്ള  രചനകള്‍ കൊണ്ടാടപ്പെട്ടപ്പോള്‍ തന്‍റെ നിസ്തൂലമായ ഒരു കൃതി അവഗണിക്കപ്പെടുന്നത് അദ്ദേഹത്തിനു കാണേണ്ടി വന്നു .അദ്ദേഹത്തിന്റെ രചനയുടെ സവിശേഷതയെ കുറിച്ചു അറിയാഞ്ഞിട്ടല്ല, അതിനെ മനപൂര്‍വം അവഗണിക്കുന്ന ഒരു ക്ലിക്ക്  ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി .തറവേലകള്‍ ചെയ്യാന്‍ തയ്യാറില്ലാതതിനാല്‍ തന്‍റെ മുതുകു സ്വയം തടവി കാലം കഴിച്ചു കൂട്ടി അദ്ദേഹം .ഒളപ്പമണ്ണ പോലും  പുനര്‍ വിലയിരുത്തപ്പെടുന്ന ഈ കാലത്ത് നമുക്ക് കലിക എന്താകണമായിരുന്നു .!

കേരളത്തിനു രാഷ്ട്രീയം , സിനിമ, സാഹിത്യം എന്നിവയോടു വല്ലാത്ത ഒബ്സെഷന്‍ ഉണ്ട് .അത് ഒരര്‍ത്ഥത്തില്‍ നന്നാണ് .പക്ഷെ അവ എല്ലായ്പ്പോഴും പൊളിറ്റിക്കലി കറക്റ്റ് കൂടി ആകണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട് ഇടതുപക്ഷ ഇമ്പ്രിമാറ്റര്‍ ഉണ്ടെങ്കിലെ ഇവിടെ ഏതു സിദ്ധാന്തവും വാഴൂ .ദളിതര്‍ക്കും അരികുവല്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പാടുന്ന നാം അവരുടെ സംഭാവനകളെ കണ്ടില്ലെന്ന്  നടിച്ചു കളയും .അല്ലെങ്കില്‍ അവരെ ശ്രേണിവല്ക്കരിക്കും .അവര്‍ക്ക് അവസരം കൊടുക്കില്ല ഇന്നും ഉച്ചകഞ്ഞിക്കു മാത്രം വരുന്നവരാണ് അവരെന്നാണ് നമ്മുടെ മനസിലിരിപ്പ്  .മധ്യപ്രദേശില്‍ ബെതുളില്‍ ഒരു ആദിവാസി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു അത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രാദേശിക ലേഖകന്‍ അതിശയിച്ചു പോയി.അവര്‍ ആദിവാസിയല്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. അവിടെ നമുക്ക് കുഞ്ഞാമന്‍ ദളിത്‌ ചിന്തകനാകുന്നു  . .അവിടെയാണ് പ്രശ്നം നമ്മുടെ വരേണ്യ സങ്കല്പ്പങ്ങള്‍ക്ക്  അനുസൃതമായി നാം എല്ലാം മാറ്റിയെഴുതുന്നു  റബര്‍ കൃഷിയിലും വള്ളുവനാടന്‍ ഭാഷയാണ് നമുക്ക് പഥ്യം .അങ്ങനെ  വരുമ്പോള്‍ കുഞ്ഞാമനെ  പോലുള്ളവര്‍ അവഗണനയുടെ കയ്പ്പ് നീര്‍ അനുഭവിക്കുന്നതില്‍ അതിശയമില്ല .എന്നാണു നാം നമ്മുടെ മുടുപടം അഴിച്ചു മാറ്റുക  ?

(മൂന്നു വര്‍ഷം മുന്‍പ് എഴുതിയത് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക