
ന്യു യോർക്ക്: മൻഹാട്ടനിലെ മാഡിസൺ അവന്യു ത്രിവർണങ്ങളിൽ മുങ്ങിയ ഇന്ത്യ ഡേ പരേഡിൽ പതിനായിരങ്ങൾ ഭാരതാംബക്ക് ജയ് വിളികളുമായി അണിനിരന്നപ്പോൾ അഭിവാദ്യവുമായി ന്യു യോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോക്കലും എത്തിയത് ചരിത്രം കുറിച്ചു.

ഫെഡറഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്.ഐ.എ) ന്യു യോർക്ക്-ന്യുജേഴ്‌സി-കണക്ടിക്കട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പരേഡിന്റെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പരേഡിൽ പങ്കെടുക്കുന്നത്. എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയെ അഭിവാദ്യം ചെയ്ത ഗവർണർ ന്യു യോർക്കിനു ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ എടുത്തു പറഞ്ഞു. ഇന്ത്യൻ ഫുഡിനോടുള്ള തന്റെ താല്പര്യവും അവർ മറച്ചു വച്ചില്ല.

മാഡിസൺ അവന്യുവിൽ 38-മത് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച പരേഡിൽ ഗവർണറും ജനങ്ങൾക്കൊപ്പം നടക്കുകയും ആളുകളുമായി കുശലം പറയുകയും ചെയ്തു. ഗവർണറുള്ളതിനാൽ ന്യു യോർക്ക് സ്റ്റേറ്റ് സർവീസിലുള്ള ഒട്ടേറെ ഇന്ത്യാക്കാർ പരേഡിനെത്തി.
ഹാർമണി ഇൻ ഹെറിറ്റേജ് (പൈതൃകത്തിലെ ഏകത) എന്ന മുദ്രാവാക്യവുമായി നടത്തിയ പരേഡിൽ നടി പൂജ ഹെഗ്‌ഡെ, നടൻ അദിവി ശേഷ്, എന്നിവരായിരുന്നു പ്രധാന ആകർഷണം. ഹിന്ദി ഷോ താരക് മേത്ത ക ഉൾട്ടാ ചഷ്മാ താരങ്ങളും പങ്കെടുത്തു.

ന്യു യോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മാംദാനിയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം വെക്കേഷന് പോയി എന്ന് ചിലർ പറഞ്ഞു. അതല്ല അദ്ദേഹത്തെ ക്ഷണിച്ചില്ല എന്ന് മറ്റു ചിലരും. ഔദ്യോഗിക വിശദീകരണം അറിവായിട്ടില്ല. ഇന്ത്യാക്കാരനായ മാംദാനി തലേന്ന് ക്വീൻസിൽ നടന്ന പരേഡിൽ പങ്കെടുത്തതാണ്.
പരേഡ് മുൻ വർഷത്തെയത്ര ജനത്തെ ആകർഷിച്ചില്ല എന്ന് പലരും പറയുന്നു. വീട്ടിലിരുന്നു പരേഡിന്റെ സ്ട്രീമിംഗ് കാണാൻ പലരും താല്പര്യപ്പെടുമ്പോൾ ന്യു ജേഴ്‌സിയിലെ എഡിസൺ അടക്കം വിവിധ സ്ഥലങ്ങളിൽ പരേഡുള്ളതും പങ്കാളിത്തത്തെ കുറയാൻ കാരണമായി കരുതുന്നു .

പുതിയ തലമുറയുടെ മികച്ച പങ്കാളിത്തവും പരേഡിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഫ്ളോട്ടുകളുടെ എണ്ണം മുൻ വർഷത്തേതിൽ നിന്ന് കുറഞ്ഞതായി തോന്നി. ഫ്ളോട്ടുകൾ കൂടുതലും മതവുമായി ബന്ധപ്പെട്ടതുമായിരുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും ഫ്ളോട്ടുകളും ഉണ്ടായിരുന്നു. വേളാങ്കണ്ണി മാതാവിന്റെ രൂപം വഹിച്ചുള്ള സംഘം പതിവ് പോലെ ഇത്തവണയും ഉണ്ടായിരുന്നു.
ഇന്ത്യൻ അമേരിക്കൻ മുസ്ലിം അസോസിയേഷന്റെ ഫ്‌ഫ്ലോട്ടിൽ മുസ്ലിംകൾ ഇന്ത്യയുടെ അവിഭാജ്യ ഘടകം എന്ന് എഴുതിയിരുന്നു.

ഫ്ളോട്ടുകൾ 27-മത് സ്ട്രീറ്റിൽ എത്തിയതോടെ അവിടെ സ്റ്റാളുകളും മറ്റും സജീവമായി. 23-മത് സ്ട്രീറ്റിനോട് ചേർന്ന് തയ്യാറാക്കിയ സ്റ്റേജിൽ വിവിധ കലാപ്രകടനങ്ങളും നടന്നു.
ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, ഷൈമി ജേക്കബ്, എന്നിവർക്ക് പുറമെ ഗുരു ദിലീപ്‌ജി അടക്കം ഏതാനും മലയാളികളും പങ്കെടുത്തു.

ഗവർണർ പങ്കെടുത്തതിനാൽ വലിയ പോലീസ് സംഘവും മാർച്ചിൽ അണിനിരന്നു. അവരിൽ നല്ലൊരു പങ്ക് ഇന്ത്യാക്കാരായിരുന്നു എന്നതും അഭിമാനകരമായി.
ചൈനക്കാരുടെ വിമത മത വിഭാഗമായ ഫാലുൻ ഡാഫ മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് കമനീയമായി പരേഡിൽ അണിനിരന്നു. ചൈനീസ് നേതൃത്വത്താൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഇവർ.

വെള്ള വസ്ത്രമണിഞ്ഞ് ബ്രഹ്മ കുമാരിസ്, മഹാരാഷ്ട്രയുടെ തനതു കലയായ നൃത്തം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പരേഡ് എന്നാണ് FIA ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രതിവർഷം 150,000-ത്തിലധികം പേർ പങ്കെടുക്കുന്നു, കൂടാതെ പ്രക്ഷേപണ, മാധ്യമ കവറേജിലൂടെ ദശലക്ഷക്കണക്കിന് ആളുകളും കാണുന്നു.

പരേഡിന് മുന്നോടിയായി ഓഗസ്റ്റ് 15 ശനിയാഴ്ച രാത്രി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ത്രിവർണ്ണ നിറമണിഞ്ഞു. രാവിലെ ടൈംസ് സ്ക്വയറിൽ പതാക ഉയർത്തലും നടന്നു.