
അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകളുടെയും പ്രവാസി മലയാളികളുടെയും ഏറ്റവും വലിയ അംബ്രല്ല ഓർഗനൈസേഷൻ ആയ ഫൊക്കാന ഈരണ്ടാണ്ട് കൂടുമ്പോൾ നടത്താറുള്ള ആഘോഷം ഈ വർഷം പെൻസിൽവാനിയയിലെ കലഹാരിയിൽ വച്ച് ആഗസ്റ്റ് മാസം 6, 7 8 എന്നീ തിയ്യതികളിൽ അരങ്ങേറി. ഇതിൽ വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളികളും കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലകളിലെ വ്യക്തികളും പങ്കെടുത്തു.

പ്രവാസികളുടെ ഈ സംഘടനയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ് അമേരിക്കയിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് കേരളത്തിന്റെ തനത് കലകളും, ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുകയും അത് നില നിർത്തുകയും ചെയ്യുക എന്നത്. മുൻകൊല്ലങ്ങളെ അപേക്ഷിച്ച് ഈ വർഷം ഫൊക്കാന ഭാരവാഹികൾ അമേരിക്കൻ മലയാളികൾക്ക് അഭിമാനകരമായ ഒരു കാര്യം നിർവഹിച്ച വിവരം മാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഫൊക്കാന ദേശീയ കൺവെൻഷനിൽ, ഇന്ത്യൻ-അമേരിക്കൻ സമൂഹം ഒറ്റ ദിവസം കൊണ്ട് രണ്ട് വ്യത്യസ്ത ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടി ചരിത്രം സൃഷ്ടിച്ചു. ഈ സാക്ഷാത്കാരത്തിന്റെ പുറകിൽ നിരവധി യുവ ബാലതാരങ്ങളും വിദ്യാർത്ഥികളും ഗ്രൂപ്പ് സംഘങ്ങളായി പങ്കെടുത്തു. ഗിന്നസ് റെക്കോർഡിനായി ബാലതാരങ്ങളെ ഒറ്റക്കായി അവതരിപ്പിക്കുന്നതിനേക്കാൾ ഫൊക്കാനയുടെ വമ്പൻ ഗ്രൂപ്പുകളായി അവർ പങ്കെടുത്തു.

കേരളത്തിന്റെ പരമ്പരാഗത കലാസൃഷ്ടികളായ ചെണ്ടമേളവും മോഹിനിയാട്ടവുമാണ് ഈ അപൂർവ്വ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ മോഹിനിയാട്ട പാഠശാലാ കൂട്ടായ്മ (Largest Mohiniyattam Lesson Ensemble) എന്ന ഗിന്നസ് റെക്കോർഡാണ് നേടിയത്. അമേരിക്ക, കാനഡാ എന്നീ രാജ്യങ്ങൾ കൂടാതെ ലോകത്തിന്റെ വിവിധ ഭങ്ങളിൽ നിന്നും ആയിരത്തിലേറെ നർത്തികമാർ പങ്കെടുത്തു. പിന്നെ നേടിയത് ലോകത്തിലെ ഏറ്റവും വലിയ ചെണ്ടമേളം കൂട്ടായ്മ എന്ന റെക്കോർഡ്. ഇതിൽ പങ്കെടുത്തത് : അഞ്ഞൂറിലേറെ (500+) മേളക്കലാകാരന്മാർ.. ഈ മഹാമേളയിൽ പങ്കെടുത്ത് നേതൃത്വം നൽകിയത് പ്രശസ്ത വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ശിവദാസ്, കലാനിലയം കലാധരൻ തുടങ്ങിയ പ്രമുഖ ഗുരുക്കന്മാർ. ഈ പരിപാടിക്ക് നേതൃത്വം നൽകി വിജയം നേടിയെടുക്കുന്നതിൽ പങ്കു വഹിച്ചത് മേളത്തിന്റെ ചീഫ് കോർഡിനേറ്റർ ആയിരുന്ന ശ്രീ മനോജ് വട്ടപ്പള്ളിയായിരുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെയും ജനറൽ സെക്രട്ടറി ശ്രീ ശ്രീകുമാർ ഉണ്ണിത്താന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ ചരിത്രപരമായ ഗിന്നസ് ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്.
ഒരു സമൂഹ സംഘടന തന്റെ സമൂഹത്തെ നിരന്തരമായി സേവിക്കുകയും, വിജയകരമായ പൊതുസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുകയും, പ്രാദേശിക സാമൂഹിക-പൊതുപ്രവർത്തകരുമായി സഹകരിക്കുകയും, അതുപോലെ തന്നെ തങ്ങളുടെ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാധ്യമശ്രദ്ധ നേടുകയും ചെയ്യുമ്പോൾ വിശാലമായ അംഗീകാരവും പ്രശസ്തിയും കൈവരിക്കുന്നു.

നാൽപ്പത്തിമൂന്നു (43) വർഷങ്ങൾക്ക് മുമ്പ് രുപം കൊണ്ട് ഫൊക്കാന ഇന്ന് വിജയത്തിന്റെ പാതയിലൂടെ പ്രയാണം തുടരുന്നു. ഇതിന്റെ ശിൽപ്പികൾ വിഭാവനം ചെയ്ത സ്വപനങ്ങളുടെ സാക്ഷാത്കാരമാണ് രണ്ടു വർഷം കൂടുമ്പോൾ ആഘോഷമാകുന്നത്. ഇരട്ട ഗിന്നസ് റെക്കോർഡുകൾ നേടിയ ഫൊക്കാന അമേരിക്കൻ മലയാളികളുടെ അഭിമാനമായിനിലനിൽക്കട്ടെ എന്ന് ആശംസിക്കാം. കേരളത്തിന്റെ തനതായ ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം. അസുരന്മാരെ മോഹിപ്പിക്കാൻ വിഷ്ണു കെട്ടിയ മോഹനരൂപം. സ്വർണ്ണ കരയുള്ള വെള്ള കസവു സാരിയാണ് നർത്തകിമാർ ഉപയോഗിക്കുന്നത്..

കർണ്ണാടക സംഗീത ശൈലിയാണ് പാട്ടുകൾക്ക് ഉപയോഗിക്കുന്നത്. പാലാഴി കടൽ തീരത്ത് പ്രത്യക്ഷപ്പെട്ട സാക്ഷാൽ മോഹിനിയെപോലെ ഫൊക്കാന അവതരിപ്പിച്ച നർത്തകിമാർ കാണികളുടെ ഹൃദയം കവർന്നപ്പോൾ ഗിന്നസ് റെക്കോർഡും നേടി തന്നുവെന്നത് പ്രശംസാർഹം തന്നെ. ഫൊക്കാനയുടെ ആഘോഷത്തെ പൂരമെന്നു മലയാളികൾ വിശേഷിപ്പിക്കുന്നത് അന്വർത്ഥ മാക്കികൊണ്ട് അഞ്ഞൂറോളം കലാകാരന്മാർ ചെണ്ടമേളം മുഴക്കി. കേരളത്തിലെ പൂരം, ഉൽസവങ്ങൾ എന്നിവയുടെ പ്രധാന ആകർഷണമാണ് ചെണ്ടമേളം. ആ ദൃശ്യവിരുന്നു ഇവിടെ അമേരിക്കയിൽ ഒരുക്കാൻ ഫൊക്കാന ഭാരവാഹികൾക്ക് കഴിഞ്ഞതിൽ അവരെ അനുമോദിക്കുക. പങ്കെടുത്തവരോ അവരുടെ കഴിവ് പ്രകടിപ്പിച്ചുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയെടുത്തു.

ഫൊക്കാനയുടെ ഈ വർഷത്തെ ആഘോഷം ചരിത്രപ്രധാനമായ ഒന്നായി അറിയപ്പെടുമെന്നത് അഭിമാനകരം തന്നെ. മലയാളികളുടെ പൈതൃകവും സാംസ്കാരിക മുന്നേറ്റങ്ങളും ഓർമ്മിപ്പിച്ചുകൊണ്ട് ഫൊക്കാന നടത്തുന്ന ഇത്തരം പരിപാടികൾക്ക് എന്നും വിജയം നേരുക നമ്മൾ.
ശുഭം