
തിരുവനന്തപുരം: സംസ്കൃത സർവകലാശാല കാമ്പസ്സിൽ വൈസ് ചാൻസിലറെ പ്രതീകാത്മകമായി സംസ്കാരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തീരാകളങ്കമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു.
എന്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലായാലും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സംസ്ക്കാരം നടത്തിയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. വനിതാ വൈസ് ചാൻസിലറെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്ത നടപടി സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല.
കേരള സർവകലാശാലയിൽ ഒരു വനിതാ ഉന്നതോദ്യോഗസ്ഥയ്‌ക്കെതിരെ ഇത്തരമൊരു പ്രവർത്തി, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനം.
ഗുരുക്കന്മാരെ ആദരിക്കുക എന്ന സംസ്കാരം പേറുന്ന കേരളീയ സമൂഹത്തിൽ, അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ നടത്തുന്ന ഏത് പ്രവർത്തിയും അപലപിക്കപ്പെടേണ്ടതാണ്.
പഠിക്കുക എന്ന പ്രാഥമിക ലക്ഷ്യം കൈവിട്ട് അക്രമത്തിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനുമുള്ള കേന്ദ്രങ്ങളായി കലാശാല കാമ്പസ്സുകളെ മാറ്റിയെടുക്കാനുള്ള ശ്രമം, ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി എതിർക്കപ്പെടുകതന്നെ വേണം.
ഇത്തരം സാമൂഹ്യ വിരുദ്ധ - വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥി - യുവജന പ്രവർത്തകരെ മാറ്റി നിർത്തുവാനും, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, സമൂഹത്തോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറാവണം.