Image

അത്തം പിറന്നു; മലയാളി ഓണാവേശത്തിലേക്ക്

Published on 16 August, 2026
അത്തം പിറന്നു; മലയാളി ഓണാവേശത്തിലേക്ക്

കൊച്ചി:  അത്തം പിറന്നു. പൂവിളികളുമായി മലയാളി വീണ്ടുമൊരു ഓണക്കാലത്തേക്ക്  കടന്നു. പൂ പറിച്ചും പൂക്കളം തീർത്തും പുതുവസ്ത്രങ്ങളണിഞ്ഞും രുചിയറിഞ്ഞുമുള്ള ഓണനാളുകളായിരിക്കും ഇനി വരാനിരിക്കുന്നത് . അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം. 

തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ പൂക്കളങ്ങൾ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണർന്നുകഴിഞ്ഞു. വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് പൂക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. 

ഇക്കൊല്ലം ഓഗസ്റ്റ് 26 ചിങ്ങം 10 നാണ് തിരുവോണം. ഇതിന് തൊട്ടുമുന്‍പു വരുന്ന അത്തം കര്‍ക്കടകം 31നാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം പിറക്കുന്നത്.  

അത്തം പിറന്നതിനാൽ തന്നെ വീടുകളിൽ പൂക്കളമിടീലും തുടങ്ങിയിട്ടുണ്ട്. ചിട്ടയോടെ 10 നാൾ പൂക്കളുമിടുകയാണ് പതിവ്. എന്നാലിത്തവണ വീടുകളിൽ 11 ദിവസം പൂക്കളമിടും.

 കേരളത്തിൽ പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയത്തോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക