Image

ഗുരു കൂവള്ളൂരിന്റെ ചില ബാല്യകാലസ്മരണകള്‍ (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല:ഭാഗം - 9)

Published on 16 August, 2026
ഗുരു കൂവള്ളൂരിന്റെ ചില ബാല്യകാലസ്മരണകള്‍ (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല:ഭാഗം - 9)

' പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ,
ദുഷ്ടാരൂപിയില്‍നിന്നും കാത്തുകൊള്ളണമേ'
(ബൈബിള്‍ - മത്തായി 6:9 -13)


ജീവിതത്തില്‍ ഒരു ആക്ടിവിസ്റ്റായി മാറിയ ജി.കെ.യുടെ മതങ്ങളിലുള്ള വിശ്വാസത്തെപ്പറ്റി ഞാന്‍ വിശദമായി അറിയാന്‍ ആഗ്രഹിച്ചിരുന്നു. കാരണം സാധാരണഗതിയില്‍ ആക്ടിവിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരിലധികംപേരും മതങ്ങള്‍ക്ക് എതിരും ഈശ്വരവിശ്വാസം തീരെയില്ലാത്തവരുമായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. കഴിഞ്ഞുപോയ 76ല്‍പരം സംവത്സരങ്ങളില്‍ പകുതിയിലധികം ഒറ്റയ്ക്ക് താമസിച്ച ഒരു മനുഷ്യന്‍, പലപ്പോഴും കാടുകളുടെ നടുക്ക് മാടങ്ങളില്‍ തനിച്ച്, ഒറ്റയ്ക്ക് നിലത്തുകിടന്നുറങ്ങുമ്പോള്‍ പാമ്പ്, തേള്, വിഷമുള്ള പഴുതാരകള്‍, മറ്റു വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്നും, ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നറിയാന്‍ ഒരു എഴുത്തുകാരനായ എനിക്ക് ജിജ്ഞാസ ഉണ്ടായി.

The Saintly Priest Kuttantharappel Ouseppachen

തന്റെ മാതാവിനെ ചെറുപ്പംമുതല്‍ തന്റെ കാണപ്പെട്ട ദൈവമായി താന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്നും 'ഈശോ, മറിയം, യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ, എന്നെ കൈവിടല്ലേ, എന്റെ അമ്മേ, എന്റെ ആശ്രയമേ' എന്ന് മനസ്സില്‍ ധ്യാനിച്ചിട്ടായിരുന്നു ഏതുകാട്ടിലും, പാമ്പുകളുടെയും, വന്യമൃഗങ്ങളുടെയും മധ്യേ താന്‍ കിടന്നുറങ്ങിയിരുന്നതെന്നും, പലപ്പോഴും താന്‍ കിടന്നുറങ്ങിയിട്ടുള്ള പുല്ലുമേഞ്ഞ കുടിലില്‍ മുകളിലേക്ക് നോക്കുമ്പോള്‍ ഏറ്റവും വിഷംകൂടിയ വളകൊഴുപ്പന്‍ പാമ്പുകളെ കാണാമായിരുന്നുവെന്നും പക്ഷേ അവയൊന്നും തന്നെ ഉപദ്രവിക്കാന്‍ മുതിര്‍ന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു. ഞാന്‍ ജീവചരിത്രകാരന്‍ എന്ന പ്രോട്ടോക്കോള്‍ തെറ്റിച്ച്, ജി.കെ.യുടെ ചെറുപ്പകാലത്തെ മറികടന്ന് വീടുവിട്ടുപോയകാലത്തിലേയ്ക്കു ചാടിക്കയറി.

ചെറുപ്പംമുതല്‍ തന്റെ മാതാവ് എന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ളവളായിരുന്നുവെന്നും ബൈബിളില്‍ യേശുക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന് വിശ്വാസികള്‍ കരുതുന്ന 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലേതുപോലെ ഭൂമിയിലും ആകേണമേ!

The Saintly Priest Kuttantharappel Ouseppachen

അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ, ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ, ദുഷ്ടാരൂപിയില്‍നിന്നും ഞങ്ങളെ കാത്തുരക്ഷിച്ചു കൊള്ളേണമേ!' എന്ന് രാവിലെ ഉണരുമ്പോഴും രാത്രി കിടക്കാന്‍ പോകുമ്പോഴും മനസ്സില്‍ ധ്യാനിച്ചിരുന്നു എന്ന സത്യം ജി.കെ. വെളിപ്പെടുത്തി.

കത്തോലിക്കാഭവനങ്ങളില്‍ ബൈബിള്‍ പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് കേട്ടുപഠിച്ച പ്രാര്‍ത്ഥനയാണ് മേലുദ്ധരിച്ചത്. ജി.കെ.യുടെ കുട്ടിക്കാലത്ത് ബൈബിള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് അപ്രാപ്യമായിരുന്നു. എന്നാല്‍ കാലംമാറി. ഇന്ന് വിശ്വാസികള്‍ക്കും, മറ്റുമതക്കാര്‍ക്കും, എന്നുവേണ്ട അവിശ്വാസികള്‍ക്കുവരെ ബൈബിള്‍ പ്രാപ്യമായിത്തീര്‍ന്നിരിക്കുന്നു. അക്കാരണത്താല്‍ത്തന്നെ വൈദികരോ, മേലദ്ധ്യക്ഷന്മാരോ ബൈബിളിനു നിരക്കാത്തതു പ്രവര്‍ത്തിച്ചാല്‍ അവരെ ക്രൂശിലേറ്റുകതന്നെ ചെയ്യും.

ജി.കെ.യുടെ കുട്ടിക്കാലത്ത് മരണത്തെ മുഖാമുഖം കണ്ടിട്ടുള്ള രണ്ടുസംഭവങ്ങള്‍ കൂവള്ളൂര്‍ കുളവുമായി ബന്ധപ്പെട്ടു നടക്കുകയുണ്ടായി. തന്റെ കുട്ടിക്കാലത്ത് മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം കുളിച്ചിരുന്നത് കൂവള്ളൂര്‍ കുളത്തിലും, അതിന്റെ തെക്കേകരയിലുള്ള കിണറ്റിലെ വെള്ളം രണ്ടാള്‍നീളമുള്ള കയറില്‍ ഒരു അലുമിനിയം ബക്കറ്റ് കെട്ടി കോരിയുമാണ്. പ്രസ്തുത കിണറിന് 15 അടിയോളം താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. ഒരുവര്‍ഷകാലത്ത് പതിവുപോലെ വൈകിട്ട് ജി.കെ. കുളിക്കാനിറങ്ങി. കിണറിന് ചുറ്റം രണ്ടടി ഉയരത്തില്‍ കല്ലുംകൊണ്ടുകെട്ടിയ ഒരു മതിലുമുണ്ട്. ചുറ്റുപാടും വിജനമായിരുന്നു. തൊട്ടു തെക്കുവശത്ത് കുഴിക്കാട്ടു തൊമ്മന്‍ചേട്ടന്റെ വക പുരയിടം. ജി.കെയുടെ പിതാവിന്റെ ജ്യേഷ്ഠന്‍ കൂവള്ളൂര്‍ കറിയാസാര്‍ വാങ്ങി അദ്ദേഹത്തിന്റെ അധീനത്തില്‍ ആയിരുന്നു. ആ കെട്ടിടത്തില്‍ കടപ്ലാമറ്റം നിവാസികളുടെ രക്ഷകനായി പാലായില്‍നിന്നും വന്ന് കുടുംബസമേതം താമസമാക്കിയ കുമാരന്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഒരു ഹോമിയോ ഡോക്ടര്‍ താമസിച്ചിരുന്നു. കടപ്ലാമറ്റത്ത് ഹോസ്പിറ്റല്‍ വരുന്നതിന് മുമ്പ് കടപ്ലാമറ്റം നിവാസികളുടെ ഏതുരോഗത്തിനും ചികിത്സിച്ചിരുന്നത് ഈ ഹോമിയോ ഡോക്ടര്‍ ആയിരുന്നു. പ്രായമായവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് ' ഓമ സാര്‍' എന്നാണ്. കുമാരന്‍ എന്ന് ആരും അദ്ദേഹത്തെ വിളിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. എട്ടുമക്കളും മാതാപിതാക്കളും അടങ്ങിയതാണ് ജി.കെ.യുടെ വീട് എന്നോര്‍ക്കണം. അവരില്‍ ഏറ്റവും മൂത്തത് ജി.കെയും.

Koovalloor Pond and surrounding area where Guru Koovalloor drowned in his childhood, but was saved.

അങ്ങിനെ അതു സംഭവിച്ചു. പതിവുപോലെ കുളിതുടങ്ങി. കിണര്‍ നിറഞ്ഞുകിടക്കുന്നസമയം. ബക്കറ്റ് കിണറ്റിലേക്കിട്ട് കോരുക, തലയിലേക്കു വെള്ളം ഒഴിക്കുക. ഒരു അഭ്യാസി ചെയ്യുന്നതുപോലെ, 'മുക്കുക, പൊക്കുക, ഒഴിക്കുക. വീണ്ടും അതു തുടരുക'. മതിലില്‍ ഒറ്റക്കാല്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളു. മറ്റേക്കാല്‍ വായുവില്‍ പൊങ്ങിനില്‍ക്കന്ന കാഴ്ച വായനക്കാര്‍ ഒന്നു സങ്കല്പിച്ചുനോക്കുക. അടുത്തെങ്ങും ആരുമില്ല. കിണറ്റിലേക്ക് കയറിന്റെ തുമ്പില്‍ പിടിച്ചുകൊണ്ട് ബക്കറ്റ് ഇടുന്ന ഒരു സീന്‍ ഒരുപക്ഷേ സിനിമകളില്‍പോലും കാണാന്‍ കഴിയുന്ന ഒന്നല്ല. അവസാനത്തെ ബക്കറ്റ് കിണറ്റിലേക്ക് ആഞ്ഞിട്ടതും തലകീഴായി ജി.കെ. നിലയില്ലാത്ത വെള്ളത്തിലേയ്ക്ക്. അത്യാവശ്യത്തിനു നീന്തല്‍ അറിയാമെങ്കില്‍പോലും ഏതു അഭ്യാസിക്കും ഈ ഗതികേടില്‍ നിന്നെങ്ങനെ രക്ഷപ്പെടാനാവും. ആകെ അടുത്തുള്ളത് ഹോമിയോ ഡോക്ടറുടെ ഭാര്യ അമ്മിണി ചേച്ചിയും.

തലകീഴായി നിലയില്ലാ വെള്ളത്തിലേക്ക് ആകസ്മികമായി വീഴുന്ന ഒരാളുടെ മാനസികാവസ്ഥ ഒന്നു ചിന്തിച്ചുനോക്കുക. പെട്ടെന്ന് ജി.കെയ്ക്ക് ഓര്‍മ്മവന്നു എങ്ങിനെയെങ്കിലും രക്ഷപ്പെടണം. വെള്ളത്തില്‍ നീര്‍ക്കാംകുഴി ഇടാന്‍ പഠിച്ചിരുന്ന ജി.കെ. നീര്‍ക്കാംകുഴിയിട്ട് ബക്കറ്റ് പൊക്കിയെടുത്തു. ഒരു ഉയര്‍ന്ന സ്ഥലമുണ്ട്. കിണറ്റിലെ പാറക്കഷണങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ഒരുസ്ഥലം. അവിടെ ബക്കറ്റു കമഴ്ത്തി വച്ചിട്ട് അതിന്റെ മുകളില്‍ കയറി നിന്നപ്പോള്‍ ശ്വസിക്കാമെന്ന അവസ്ഥവന്നു. പക്ഷേ കിണറ്റില്‍നിന്ന് എങ്ങിനെ രക്ഷപ്പെടും? ജി.കെ.യുടെ വീട് കൂവള്ളൂര്‍ കുളവും കഴിഞ്ഞ് കടപ്ലാമറ്റം - പാളയം റോഡും കടന്ന് വടക്കുവശത്തുള്ള രണ്ടര ഏക്കര്‍ പുരയിടത്തിന്റെ നടുക്കാണ്.

പെട്ടെന്ന് അമ്മയെ ഓര്‍ത്തു. 'ഈശോ, മറിയം, യൗസേപ്പേ, എന്നെ കൈവിടല്ലേ, എന്റെ അമ്മേ, എന്റെ ആശ്രയമേ' എന്നു മനസ്സില്‍ ധ്യാനിച്ചു. തൊട്ടടുത്തുള്ള ഹോമിയോ ഡോക്ടറുടെ ചെറുപ്പക്കാരിയായ ഭാര്യ അമ്മിണി ചേച്ചിയെ ഓര്‍ത്തു. 'അമ്മിണി ചേച്ചിയേ, ഓടിവായോ' എന്ന് പല ആവര്‍ത്തി വിളിച്ചു. ഒടുവില്‍ എന്റെ വിളി അവരുടെ കര്‍ണ്ണപുടങ്ങളിലെത്തി. ആ ചെറുപ്പക്കാരി വീട്ടില്‍നിന്നും ഇറങ്ങി കിണറ്റിന്‍കരയില്‍ വന്നുനോക്കുമ്പോള്‍ ചെറുപ്പക്കാരനായ ജി.കെ. കിണറ്റില്‍ വീണുകിടക്കുന്നത് കാണുന്നു. അവര്‍ ഉടനെ ജി.കെയുടെ വീട്ടിലേക്ക് ഓടി, വല്ലാത്ത ഒരു ഓട്ടം ആയിരിക്കണം അത് എന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ.

താമസിയാതെ ജി.കെയുടെ സഹോദരങ്ങളും, അമ്മയും ഒരു മുളകൊണ്ടുള്ള ഏണിയുമായി എത്തി. ജി.കെയ്ക്ക് സമാധാനമായി. ഈ സംഭവത്തെപ്പറ്റി ഒരു എഴുത്തുകാരനായ എനിക്ക് ഭാവനയിലൂടെ നൂറുനൂറുകാര്യങ്ങള്‍ എഴുതാന്‍ കഴിയുമെങ്കിലും ജി.കെയുടെ ജീവചരിത്രം എഴുതിതീര്‍ക്കണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹത്തില്‍ ഈ സംഭവം ഇവിടെ നിര്‍ത്തുന്നു.

Guru Koovalloor's Childhood mentors from Left to right: Late Sr. Charles CMC, Rev. Joseph Koovalloor ( Youngest Brother's son) , and Sr. Camilla CMC. 

മരണത്തെ മുഖാമുഖം കണ്ട മറ്റൊരു അനുഭവം

ഈ അനുഭവം കൂവള്ളൂര്‍ കുളത്തില്‍ നടന്നതാണ്. ഒരു വര്‍ഷകാലം. കൂവള്ളൂര്‍ കുളം നിറഞ്ഞു കിടക്കുന്ന സമയം. ശരിക്കും നീന്തല്‍ വശമാകാത്ത ജി.കെ. വീട്ടില്‍ ആരോടും പറയാതെ ഒറ്റയ്ക്ക് കൂവള്ളൂര്‍ കുളത്തില്‍ കുളിക്കാന്‍പോയി. വയസ് 10ല്‍ താഴെ. കുളത്തിന്റെ വടക്കുവശത്ത് കല്‍പ്പടവുകള്‍ ഉള്ള കുളം. ഓരോ പടവും ശ്രദ്ധയോടെ കാല്‍വച്ച് കുളത്തിലേയ്ക്കിറങ്ങി. ഒടുവില്‍ നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന സമയം. മരണത്തെ മുഖാമുഖംകണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. രക്ഷിക്കാന്‍ അടുത്ത് ആരുമില്ല പതുക്കെ താഴ്ന്നു തുടങ്ങിയപ്പോള്‍ 'ഈശോ, മറിയം, യൗസേപ്പേ, എന്നെ കൈവെടിയല്ലേ, എന്റെ അമ്മേ, എന്റെ ആശ്രയമേ' എന്നു മനസ്സില്‍ ധ്യാനിച്ചു പ്രതീക്ഷമങ്ങിയ നിമിഷം ദൈവദൂതനെപ്പോലെ ഞങ്ങളുടെ വീടിനുതൊട്ടുതാഴെ ഇലഞ്ഞിക്കുളത്തില്‍ എന്ന വീട്ടുകാര്‍ അവരുടെ പറമ്പ് വിറ്റ് കാസര്‍കോഡിനു പോയപ്പോള്‍ ആ വീടുവാങ്ങിയ പള്ളത്തുകുഴി കുഞ്ഞേപ്പു ചേട്ടന്റെ ഇളയ സഹോദരന്‍ മത്തച്ചന്‍ ആ വീടും പുരയിടവും വാങ്ങി. വീട് ഉറുമ്പിന്‍ മാണിച്ചേട്ടന്‍ എന്നയാള്‍ക്ക് താമസിക്കാന്‍ കൊടുത്തിരുന്നു. മാണിച്ചേട്ടന്റെ വീട്ടിലെ പ്രായമായ ഒരു ചെറുപ്പക്കാരന്‍ പതിവുപോലെ കുളത്തില്‍ നീന്താന്‍ വരുന്നത് ആ സമയത്ത് ആയിരുന്നു. എന്റെ അവസാനത്തെ മുങ്ങിത്താഴല്‍ സമയത്ത് അദ്ദേഹത്തിന്റെ പേര് എനിക്കറിഞ്ഞുകൂടാ. അങ്ങിനെ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ജീ.കെ.യുടെ ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ടിട്ടുള്ള നിരവധി രംഗങ്ങളുണ്ട്. അവ പിന്നീട് അവസരോചിതമായി വിവരിക്കുന്നതായിരിക്കും.

ഇനി ജി.കെയുടെ ബാല്യകാലത്തിലേയ്ക്കു തന്നെ തിരിച്ചുപോകാം. നിരവധി വൈദികരും കന്യാസ്ത്രീകളും ഉള്ള ഒരു കുടുംബമായിരുന്നു ജി.കെയുടേത് എന്നു മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. വൈദികരുടെ കണക്കെടുത്തുനോക്കിയാല്‍ തുരുത്തി, കൂവള്ളൂര്‍, കളപ്പുരയ്ക്കല്‍, വടാന, കൈപ്പള്ളി, പറമ്പേട്ട്, പള്ളിപ്പുറത്തുകുന്നേല്‍ തുടങ്ങി നിരവധി കുടുംബങ്ങള്‍ അടങ്ങിയ ഒരു കൂട്ടുകുടുംബമാണ് കൂവള്ളൂര്‍ തറവാട്. പിതാവിന്റെ നാലു സഹോദരിമാരില്‍ രണ്ടുപേര്‍ കടപ്ലാമറ്റത്തു സ്ഥാപിതമായ കര്‍മ്മലീത്തമഠത്തിലെ ആദ്യകാല കന്യാസ്ത്രീകളാണ്. അവരില്‍ മൂത്തയാള്‍ സിസ്റ്റര്‍ കമീല (കമീലാമ്മ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്നു) കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് സ്‌കൂളിലും, കുറവിലങ്ങാട്, കാളിക്കാവ്, മുത്തോലി, കരൂര്‍ തുടങ്ങി നിരവധി കര്‍മ്മലീത്താമഠങ്ങളില്‍ മദര്‍ ആയും പാലാ ചെറുപുഷ്പം ആശുപത്രിയുടെ ചുമതലയും വഹിച്ചിട്ടുള്ള അറിയപ്പെടുന്ന ഒരു കന്യാസ്ത്രീ ആയിരുന്നു.

പുണ്യശ്ലോകനായ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്‍ മുന്‍കൈ എടുത്തു കടപ്ലാമറ്റത്തു സ്ഥാപിച്ച കര്‍മ്മലീത്താമഠത്തില്‍ ആദ്യമായി ചേര്‍ന്ന ഗ്രൂപ്പില്‍പ്പെട്ടതായിരുന്നു ജി.കെ.യുടെ പിതാവിന്റെ മൂത്തസഹോദരി കമീലാമ്മ. അവര്‍ ഇരുന്നിട്ടുള്ള മഠങ്ങളിലെല്ലാം ഒരുപ്രകാശമായി പരിശോഭിച്ച കന്യാസ്ത്രീയാണ് എങ്കില്‍പോലും അവരുടെ പേര് ചരിത്രത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. കൂവള്ളൂര്‍ കുടുംബത്തിന്റെയും വിളക്കായിരുന്നു അവര്‍ ജീവിച്ചിരുന്നപ്പോള്‍.

Guru Koovalloor ( wearing Black Pants) with few of the Priests and Nuns related to him. 

കമീലാമ്മയുടെ ഇളയ സഹോദരി സിസ്റ്റര്‍ ചാള്‍സിനെ അറിയാത്തവര്‍ കടപ്ലാമറ്റത്തു വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം സിസ്റ്റര്‍ ചാള്‍സ് മഠത്തില്‍ചേര്‍ന്ന് കന്യാസ്ത്രീ ആയി കടപ്ലാമറ്റത്തു വന്നശേഷം ഒരുവലിയ കാറ്റുണ്ടായി. ആ കാറ്റില്‍ വലിയൊരുതെങ്ങ് കന്യാസ്ത്രീമഠത്തിന്റെ മുകളിലേക്കു വീണു. മേല്‍ക്കൂര തകര്‍ത്തു വീണ തെങ്ങിന്റെ അടിയില്‍പ്പെട്ട സിസ്റ്റര്‍ ചാള്‍സ് ഈശ്വരാനുഗ്രഹംകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ്. പണ്ട് നാട്ടുകാര്‍ക്ക് ആശ്രയമായിരുന്ന കാരിത്താസ് ഹോസ്പിറ്റലില്‍ ദീര്‍ഘനാള്‍ കിടന്ന് ചികിത്സകള്‍ക്കുശേഷം ആള്‍ രക്ഷപ്പെട്ടു. പിന്നീട് ആയുഷ്‌ക്കാലം മുഴുവന്‍, 50 വര്‍ഷത്തിലേറെ കടപ്ലാമറ്റം മഠം കേന്ദ്രീകരിച്ചുള്ള തയ്യല്‍ പരിശീലനകേന്ദ്രത്തിനും കുട്ടികളെ ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കുന്നതും, ആരെങ്കിലും കടപ്ലാമറ്റത്തു മരിച്ചാല്‍ അവര്‍ക്കുവേണ്ടിയുള്ള കിരീടം (മുടി) ഉണ്ടാക്കുന്നതും, കടപ്ലാമറ്റം സെയ്ന്റ് മേരീസ് ചര്‍ച്ചിന്റെ അള്‍ത്താര അലങ്കാരവുമെല്ലാം നടത്തിയിരുന്നത് തെയ്യാമ്മ കുഞ്ഞമ്മ എന്ന് വീട്ടുകാര്‍ വിളിച്ചിരുന്ന സിസ്റ്റര്‍ ചാള്‍സ് കൂവള്ളൂര്‍ ആയിരുന്നു എന്നുള്ളത് ചിലരെങ്കിലും ഇന്നും ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു.

വാസ്തവത്തില്‍ എന്റെ പിതാവിന്റെ സഹോദരിമാരായിരുന്നു സിസ്റ്റര്‍ കമീലായും സിസ്റ്റര്‍ ചാള്‍സും. കടപ്ലാമറ്റംകാര്‍ക്കുവേണ്ടിയും പാലാ രൂപതയ്ക്കുവേണ്ടിയും ജീവിച്ചു മരിച്ച രണ്ടു പുണ്യാത്മാക്കള്‍ ആയിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല എന്ന് ജി.കെ തുറന്നുപറയുകയുണ്ടായി. ഒരുകാലത്ത് മഠത്തിനെ ആശ്രയിച്ചു ജീവിച്ചിരുന്ന പല ജീവനക്കാര്‍ക്കും ആശ്രയം കൂവള്ളൂര്‍ കുടുംബം ആയിരുന്നു. മഠത്തിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങളെല്ലാം തറവാട്ടില്‍നിന്നും ജി.കെ.യുടെ പിതാവും കൊടുത്തുവിടുമായിരുന്നു. ജി.കെ. അമേരിക്കയിലേക്കു കുടിയേറിയശേഷം കമീലാമ്മ മാസത്തില്‍ ഒരുകത്തുവച്ച് കേരളത്തില്‍നിന്നും അമേരിക്കയ്ക്ക് അയയ്ക്കുമായിരുന്നു. അവയില്‍ ചിലത് ആര്‍ക്കെങ്കിലും സാമ്പത്തികസഹായം ചോദിച്ചുകൊണ്ടും ആയിരുന്നു. അര്‍ഹതയുള്ളവര്‍ക്കേ സഹായം ചെയ്യാവൂ എന്ന് കമീലാമ്മ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നുവത്രേ.

ജി.കെ.യെ ചെറുപ്പത്തില്‍ എടുത്തുകൊണ്ടു നടന്നിട്ടുള്ളയാളാണ് തെയ്യാമ്മ കുഞ്ഞമ്മ എന്ന സിസ്റ്റര്‍ ചാള്‍സ് സി.എം.സി. 2011 സെപ്തംബര്‍ 3ന് അവര്‍ ഇഹലോകവാസം വെടിഞ്ഞു. 50 വര്‍ഷത്തിലധികം കടപ്ലാമറ്റത്തെ ജനങ്ങളെ സേവിച്ചശേഷം കമീലാമ്മ (സിസ്റ്റര്‍ കമീല സി.എം.സി) 2019 സെപ്തംബര്‍ 19ന് ഇഹലോകവാസം വെടിഞ്ഞു. രണ്ടുപേരെയും കടപ്ലാമറ്റം സെയ്ന്റ് മേരീസ് ഫൊറോന പള്ളിയുടെ വക സെമിത്തേരിയില്‍ കര്‍മ്മലീത്താ സന്യാസിനികള്‍ക്കുവേണ്ടി തയാറാക്കിയിരിക്കുന്ന കല്ലറകളിലാണ് സംസ്‌കരിച്ചിരിക്കുന്നത്.

കൂവള്ളൂര്‍ കുടുംബത്തിലെ കന്യാസ്ത്രീകളും വൈദീകരും ജി.കെ.യുടെ സ്വഭാവത്തെ രൂപാന്തരപ്പെടുത്താന്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സഹായിച്ചിട്ടുണ്ട്. മുതിര്‍ന്നവരോടും, സമൂഹത്തിലുള്ളവരോടും പരമാവധി പൊരുത്തപ്പെട്ടുപോകാന്‍ ഭയ- ഭക്തി- ബഹുമാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുന്നവര്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ജി.കെ.യുടെ അഭിപ്രായം. പിതാവ് തന്നെ ചെറുപ്പത്തില്‍ വളരെ കര്‍ക്കശത്തോടെ വളര്‍ത്തിയിരുന്നില്ലെങ്കില്‍ താന്‍ ലൗ ജിഹാദില്‍പ്പെട്ട് ഒരു മുസ്ലീം യുവതിയെത്തന്നെ വിവാഹം കഴിച്ചേനേ എന്ന് ജി.കെ. പറയുകയുണ്ടായി. പില്‍ക്കാലത്ത് നക്‌സല്‍ നേതാവായിരുന്ന കെ.എം. കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ സഹോദരിയോടും ഉമ്മയോടുമൊത്ത് അന്തിയുറങ്ങിയ നാളുകള്‍ ഓര്‍മ്മിച്ചുകൊണ്ട് ജി.കെ. പറയുകയുണ്ടായി. പ്രസ്തുത സംഭവങ്ങള്‍ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വായനക്കാര്‍ക്കു കാണുവാന്‍ കഴിയും. ഒരുകാലത്ത് ജി.കെയെപ്പോലുള്ള ഒരു ചെറുപ്പക്കാരനെ സ്വന്തമാക്കാന്‍ നാനാജാതിമതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ ആഗ്രഹിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ അവയെ അതിജീവിക്കാന്‍ ജി.കെയ്ക്കു കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മാത്രം തനതായ വ്യക്തിത്വം.

ജി.കെ.യുടെ മാതാപിതാക്കള്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസികള്‍ ആയിരുന്നു. റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യന്‍ എന്നാണ് ജി.കെ.യുടെ എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഴയകാല നസ്രാണികളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന പാലാ രൂപതയില്‍പ്പെട്ട ക്രിസ്ത്യാനികള്‍. ജി.കെ.യുടെ കുട്ടിക്കാലത്ത് പുണ്യശ്ലോകനായ ബ.കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്‍ പിതാവിനെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. കുട്ടന്‍ തറപ്പേല്‍ അച്ചന്റെ സഹോദരപുത്രന്‍ കുട്ടന്‍ തറപ്പേല്‍ ജോര്‍ജ്ജ് തോമസ് സാര്‍ കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് ഇലയ്ക്കാട്ടു പഞ്ചായത്തു പ്രസിഡന്റുകൂടിയായിരുന്നു. പഞ്ചായത്തുകാര്യങ്ങളും, നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതുകൈകാര്യം ചെയ്തുകൊണ്ടിരുന്നത് കെ.എം. മാണിയുടെ വലംകൈകൂടിയായിരുന്ന എന്റെ പിതാവായിരുന്നു. കുട്ടന്‍ തറപ്പേല്‍ നിന്നും കടപ്ലാമറ്റത്തേക്കു പോകണമെങ്കില്‍ കൂവള്ളൂര്‍ കുന്നുവഴി വേണം പോകാന്‍. എന്റെ വീട് വഴിയരുകില്‍ ആയതിനാലും വര്‍ക്കിസാറിന്റെ (ജോര്‍ജ്ജ് തോമസ് സാര്‍) അടുത്ത ആളും ആയതിനാല്‍ എന്റെ പിതാവിനെ മറ്റാരെയുംകാള്‍ കുട്ടന്‍ തറപ്പേലച്ചന് കാര്യമായിരുന്നു. കുട്ടന്‍ തറപ്പേലച്ചന്‍ നവവൈദീകനായി കടപ്ലാമറ്റം സെയ്ന്റ് മേരീസ് ചര്‍ച്ചില്‍ വരുന്നകാലത്ത് ചെറുപ്പത്തില്‍ ഊര്‍ജ്ജസ്വലനായിരുന്ന ജി.കെ.യുടെ വല്ല്യപ്പന്‍ തൊമ്മന്‍ ലൂക്കാ കൂവള്ളൂര്‍ കടപ്ലാമറ്റം കുമ്മണ്ണൂര്‍ വഴി വെട്ടുന്നതിനും അതുപോലെ തന്നെ കടപ്ലാമറ്റത്തുനിന്നും വലിയ മരുതു വഴി മരങ്ങാട്ടുപിള്ളിയിലേയ്ക്കുള്ള വഴിവെട്ടിനും മുന്‍പന്തിയില്‍നിന്ന ആളാണെങ്കിലും കടപ്ലാമറ്റത്തെ ചരിത്രത്തില്‍ ആരും അത് രേഖപ്പെടുത്തിയിട്ടില്ല. 'കുട്ടന്‍ തറപ്പേല്‍ ബ.യൗസേപ്പച്ചന്‍' എന്ന പേരില്‍ വര്‍ഗ്ഗീസ് കാഞ്ഞിരത്തുങ്കല്‍ എന്ന ഗ്രന്ഥകാരന്‍ എഴുതിയ കുട്ടന്‍ തറപ്പേല്‍ അച്ചന്റെ ജീവചരിത്രത്തില്‍ പലതും ഒഴിവാക്കിയിരിക്കുന്നതുകാണാന്‍ കഴിഞ്ഞു. അതില്‍ സാക്ഷ്യങ്ങള്‍, സമീക്ഷണങ്ങള്‍ എന്ന അധ്യായത്തില്‍ കൊടുത്തിരിക്കുന്ന റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോസഫ് കൂവള്ളൂര്‍ വാസ്തവത്തില്‍ ജി.കെ.യുടെ അങ്കിള്‍ (വല്ല്യപ്പന്റെ ജ്യേഷ്ഠന്റെ മകന്‍) ആണ്. ഫാ. ജോസഫ് കൂവള്ളൂര്‍ പാലാരൂപതയുടെ കീഴിലുള്ള പല സ്‌കൂളുകളിലും ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ച അദ്ദേഹം നല്ല സേവനത്തിന് കേരളാ സ്റ്റേറ്റ് അവാര്‍ഡ് നേടിയ ആളും, പാലാ രൂപതയില്‍ കോര്‍പ്പറേറ്റ് സെക്രട്ടറി പദവികൂടി അലങ്കരിച്ച ഒരു വൈദികനുമാണ്.

കൂടാതെ സാക്ഷ്യങ്ങള്‍ സമീക്ഷണങ്ങള്‍ എന്ന അധ്യായത്തില്‍ രണ്ടാമതു പറഞ്ഞിരിക്കുന്ന ' കടപ്ലാമറ്റം സ്വദേശിയും വെല്ലൂര്‍ രൂപതാംഗവുമായ ഫാ. തോമസ് കൈപ്പള്ളിയും ജി.കെ.യുടെ അങ്കിള്‍ ആണ്. അദ്ദേഹത്തിന്റെ വല്ല്യമ്മയുടെ അനുജത്തിയുടെ മകനാണ് ബഹു. അച്ചന്‍ (കുട്ടന്‍ തറപ്പേല്‍ അച്ചന്‍). എന്ന് എഴുതിക്കണ്ടു. ഇത്രയും എഴുതാന്‍ കാരണം വര്‍ഷങ്ങള്‍ക്കുശേഷം ചരിത്രം രേഖപ്പെടുത്തുമ്പോള്‍ മിക്കപ്പോഴും പറ്റാറുള്ള ഒരുപോരായ്മ ചൂണ്ടിക്കാണിച്ചു എന്നുമാത്രം. ഒരു ചരിത്രപുസ്തകം എഴുതണമെങ്കില്‍ വളരെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇവിടെ ജി.കെയുടെ ജീവചരിത്രം എഴുതാന്‍ തുടങ്ങിയപ്പോഴാണ് വാസ്തവം എനിക്കു ശരിക്കുമനസ്സിലാക്കാന്‍ കഴിഞ്ഞത്. എഴുത്തുകാരന്‍ വര്‍ഗീസ് കാഞ്ഞിരത്തുങ്കല്‍ സാര്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.

പുണ്യശ്ലോകനായ ബഹുമാനപ്പെട്ട കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചനെ പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ജി.കെ. ജി.കെയ്ക്ക് ഏഴുവയസ്സുള്ളപ്പോഴാണ് കുട്ടന്‍ തറപ്പേല്‍ അച്ചന്‍ മരിക്കുന്നത്. മരിച്ചശേഷം ആദ്യകാലങ്ങളില്‍ ഇടവകക്കാര്‍ മുഴുവനുംകൂടി നടത്താറുണ്ടായിരുന്ന ശ്രാത്തത്തിന് നേതൃത്വം നല്‍കിയത് ജി.കെ.യുടെ പിതാവ് കെ.റ്റി ജോസഫ് കൂവള്ളൂര്‍ ആയിരുന്നു. അതിനു പ്രധാനകാരണം അദ്ദേഹം അക്കാലത്ത് കടപ്ലാമറ്റത്തും സമീപപ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന പാചകക്കാരന്‍ ആയിരുന്നു എന്നുള്ളതാണ്. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ കാറ്ററിംങ്ങ് സര്‍വീസ് ഇല്ലാത്തകാലം. 500ലധികം വീടുകളില്‍ പാചകത്തിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള ഒരു നല്ല പാചകക്കാരന്‍ ആയിരുന്നു കെ.റ്റി.ജോസഫ് കൂവള്ളൂര്‍. ഒരുപക്ഷേ അതുകൊണ്ടുതന്നെയാവാം അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ പില്‍ക്കാലത്ത് ബോംബെ (മുംബൈ) കാറ്ററിംങ്ങ് കോളജില്‍ ചേര്‍ന്നതും അതിനെ തുടര്‍ന്ന് മുംബൈയിലെ വിശ്വവിഖ്യാതമായ താജ്മഹല്‍ ഹോട്ടലില്‍ വരെ വെയ്റ്ററായി ജോലി ചെയ്യാനുണ്ടായ കാരണം.

ചുരുക്കത്തില്‍ കടപ്ലാമറ്റത്ത് 50 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കുടുംബങ്ങള്‍ പരസ്പരം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബന്ധമുള്ളവരായിരുന്നു. അന്നത്തെ കുടുംബങ്ങള്‍ പരസ്പരം ബന്ധപ്പെടാറുമുണ്ടായിരുന്നു. പക്ഷേ, ഇന്ന് തൊട്ടയല്‍വാസികള്‍വരെ ആരാണെന്ന് നോക്കാന്‍ ശ്രമിക്കാത്ത ഒരു സമൂഹമാണ് നമുക്കുചുറ്റും ഉള്ളത്. ആധുനിക വീടുകള്‍വന്നതോടെ എല്ലാവരും വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി എന്നുപറയാം..


തുടരും...

Read More: https://www.emalayalee.com/writer/114

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക