Image

പുസ്തക മോഷണം (നീണ്ട കഥ:ബാബു ഇരുമല)

Published on 16 August, 2026
പുസ്തക മോഷണം (നീണ്ട കഥ:ബാബു ഇരുമല)

1. ഒരു ദേശത്തിൻ്റെ കഥ


'വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും'

നമ്മുടെ 'ദി പീപ്പിൾസ്  ലൈബ്രറി'യിലെ പുസ്തകസ്റ്റോക്ക് എടുത്തപ്പോൾ 1847 പുസ്തകങ്ങൾ കാണുവാനില്ല. പുസ്തകങ്ങൾ എങ്ങനെയും വീണ്ടെടുക്കുവാനും, അതിനുശേഷം മാത്രം ലൈബ്രറി തുറന്നാൽ മതിയെന്നുമാണ്  ഇന്നു വൈകിട്ട് ചേർന്ന പൊതുയോഗം തീരുമാനിച്ചത്. കണ്ടെത്തേണ്ട പുസ്തകങ്ങളിൽ വളരെ കുറച്ചെണ്ണം ഒരു 50ഓളം വരും, ഏതെന്നു മനസിലാക്കാനാവാത്ത വിധം ഒരു മൂലയിലുണ്ട്.

തുടർന്നു ചേർന്ന അഡ്ഹോക്ക് കമ്മറ്റിയിൽ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന കൂട്ടായശ്രമം ഇക്കാര്യത്തിൽ  നടത്തണമെന്നും, മുൻഅംഗങ്ങളുടെ ഉൾപ്പെടെ വീടുകളിൽ   സംഘമായി പോയി  പുസ്തകങ്ങൾ വീണ്ടെടുക്കുന്നതിന് പരിശ്രമിക്കണമെന്നും ഉള്ള നിലവിലെ ലൈബ്രേറിയനായ എൻ്റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. 'വേണുച്ചേട്ട, ഞങ്ങളുണ്ട് ഒപ്പം, നമുക്ക് നാളെത്തന്നെ തുടങ്ങാം', എന്നുപറഞ്ഞ് കമ്മറ്റിഅംഗം ബാപ്പുട്ടി പിന്താങ്ങിയതോടെ എൻ്റെ അഭിപ്രായം എതിരില്ലാതെ സ്വീകരിക്കപ്പെടുകയായിരുന്നു.

 1928ൽ വായനശാലയായി തുടങ്ങി, 1959ൽ ലൈബ്രറിയായി മാറി. രേഖകൾ പ്രകാരം 2316 റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 12545 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയാണ് നമ്മുടേത്. ഒരുപാട് ചരിത്രമുള്ള ലൈബ്രറി അടഞ്ഞുകിടക്കുവാൻ തുടങ്ങിയിട്ട് രണ്ടു വർഷമായിരിക്കുന്നു. ഒരു നൂറ്റാണ്ടിനടുത്ത് നാട്ടിൽ തലയെടുപ്പോടെ നിന്ന സ്ഥാപനത്തിൻ്റെ ഇപ്പോഴത്തെ  അവസ്ഥ അറിഞ്ഞിട്ടും 'എന്താ ലൈബ്രറി തുറക്കാത്തെ?', എന്നുപോലും ആരും പ്രതികരിക്കുകയുണ്ടായില്ല.

അഫിലിയേഷൻ നഷ്ടപ്പെട്ടുവെന്ന്  അറിഞ്ഞതോടെയാണ് ഒരു മാസം  മുൻപ് പൊതുയോഗം   വിളിക്കുവാനുള്ള ധാരണയായത്.  അങ്ങനെ പൊതുയോഗം കൂടി പഴയ ഭരണസമിതിയെ തന്നെ അഡ്ഹോക്ക് കമ്മറ്റിയായി തെരഞ്ഞെടുക്കുകയും, ഒരു മാസക്കാലം ലൈബ്രറി തുറന്ന് പുസ്തകങ്ങളുടെ കണക്കെടുപ്പും, അംഗത്വലിസ്റ്റിൻ്റെ പുതുക്കലും പൂർത്തീകരിക്കുവാനും, ഒപ്പം പുസ്തക വിതരണം സജീവമാക്കുവാനും  തീരുമാനിച്ചതോടെയാണ് നാട്ടിലെ ലൈബ്രറിയിലെ പ്രശ്നങ്ങൾ  കുറച്ചു പേരെങ്കിലും അറിയുവാൻ തുടങ്ങിയത്.

ഗോപിച്ചേട്ടനായിരുന്നു കുറെ കാലമായുള്ള ലൈബ്രേറിയൻ. നാട്ടിലോ, വീട്ടിലോ എന്തുതന്നെ സംഭവിച്ചാലും ഭൂലോകം തകിടം മറിഞ്ഞാലും വൈകിട്ട് നാലുമുതൽ രാത്രി ഏഴുവരെ ലൈബ്രറി തുറന്നിരിപ്പുണ്ടാകും.  രണ്ടര വർഷം മുൻപ് പ്രായാധിക്യത്താൽ ഗോപി ചേട്ടൻ  'വരവ് നിറുത്തുകയാണ്', എന്നറിയിച്ചതോടെയാണ് കാര്യങ്ങൾ താളം തെറ്റി തുടങ്ങിയത്. പ്രസിഡൻ്റോ സെക്രട്ടറിയോ വന്നെങ്കിൽ അവർ ലൈബ്രറി തുറക്കുമെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. പുസ്തകവിതരണവും അവതാളത്തിലായി.

കമ്മറ്റി ചേർന്ന് ചർച്ച ചെയ്ത്  പുതിയ ലൈബ്രേറിയനെ വയ്ക്കുവാൻ  തീരുമാനം എടുത്തെങ്കിലും, കുറഞ്ഞ ആനുകൂല്യം ആയതിനാൽ താൽപ്പര്യമുള്ള, അനുയോജ്യനായ ഒരാളെ കണ്ടെത്തുവാൻ സാധിച്ചില്ല. പ്രസിഡൻ്റോ, സെക്രട്ടറിയോ വൈകിയാണെങ്കിലും വന്ന് ലൈബ്രറി തുറന്നിരുന്നുവെങ്കിലും പുസ്തകവിതരണമൊക്കെ നിലച്ചു. അങ്ങനെ രണ്ടുമാസം പിന്നിട്ടപ്പോൾ  ലൈബ്രറി ഒരു ദിവസം പോലും തുറക്കാതെയായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ലൈബ്രറിയുടെ അഫിലിയേഷൻ നഷ്ടപ്പെട്ടതായ അറിയിപ്പും വന്നു.

എങ്ങനെയും അഫിലിയേഷൻ പുതുക്കണം, ലൈബ്രറി തുറക്കണം, എന്ന വിഷയം  നിൽക്കെ ആയിരുന്നു  വിരമിച്ച ശേഷം, വർഷങ്ങളായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം ആറു മാസം മുൻപ്  നാട്ടിലേക്ക് തിരിച്ചെത്തിയ എൻ്റെ കാര്യം ലൈബ്രറി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടതത്രെ. ഞാനാകട്ടെ, ലൈബ്രറിയുടെ ചില പഴയകാല പ്രവർത്തനങ്ങളെ ശക്തിയുക്തം എതിർത്ത് അംഗത്വം പോലും രാജിവെച്ച് പോന്ന, പിന്നീട് ഒരിക്കലും പഴയതോ, വിപുലീകരിച്ചതോ ആയ ലൈബ്രറിയുടെ കെട്ടിടം ഇരിക്കുന്ന ഭാഗത്തേക്ക് പോലും തിരിഞ്ഞു നോക്കുവാൻ താൽപ്പര്യം കാണിക്കാത്ത വ്യക്തിയായിരുന്നു.

ഒൻപതാം വയസു മുതൽ നമ്മുടെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കുവാൻ തുടങ്ങിയ ആളാണ് ഞാനെന്നത് എല്ലാ കമ്മറ്റിക്കാർക്കും അറിയാമായിരുന്നു. 1980 കാലഘട്ടത്തിൽ ഞാൻ സെക്രട്ടറി ആയിരിക്കെയാണ് കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻ്റെ പിതാമഹനായ പി.എൻ. പണിക്കർ സാർ നമ്മുടെ ലൈബ്രറി സന്ദർശിച്ചത് എന്ന കാര്യവും ഞാൻ പറഞ്ഞ് ഇപ്പോഴത്തെ പല ഭാരവാഹികൾക്കും അറിയാം.

'പേഴയ്ക്കാപ്പിള്ളിയിൽ വരുന്നുണ്ട്, ദി പീപ്പിൾസ് ലൈബ്രറിയിലും, തൃക്കാരിയൂർ ലൈബ്രറിയിലും വരണമെന്നുണ്ട്, എല്ലാവരും ഉണ്ടാകില്ലെ,' എന്നു പറഞ്ഞൊരു പോസ്റ്റൽ കാർഡിൽ അയച്ച കത്തായിരുന്നു ലഭിച്ചത്. പി.എൻ. പണിക്കർ സാറ് പേഴയ്ക്കാപ്പിള്ളി വരെ ട്രാൻസ്പോർട്ട് ബസിൽ വന്ന്  ലൈബ്രറി സന്ദർശിച്ച ശേഷം, അവിടത്തെ പ്രസിഡൻ്റിൻ്റെ ലാമ്പ്രട്ട സ്കൂട്ടറിൽ നമ്മുടെ ലൈബ്രറിയിൽ വന്ന് കമ്മറ്റിക്കാരോട് സംസാരിച്ച് തൃക്കാരിയൂർക്ക് പോയതിൻ്റെ ഓർമ്മ മനസിൽ ഇന്നുമുണ്ട്.

'വേണുച്ചേട്ടനാകുമ്പോ, നല്ലൊരു വായനക്കാരൻ  മാത്രമല്ലല്ലൊ.  സത്യസന്ധത, എളിമ, ലാളിത്യം എല്ലാം കൂടപ്പിറപ്പല്ലെ.  പാലും വെള്ളമല്ലാതെ ഒരു ചായ പോലും ജീവിതത്തിൽ കഴിക്കാത്ത നിർമ്മലനായ മനുഷ്യനല്ലെ', എന്നൊക്കെ വാക്കുകളാൽ അമീർ എന്നെ അമിതമായി പുകഴ്ത്തിക്കൊണ്ടിരുന്നു. വീട്ടിലെത്തിയ അഡ്ഹോക്ക് കമ്മറ്റിക്കാർ എല്ലാവരും ഇപ്രകാരം ആവർത്തിക്കവെ ഞാനെപ്പോഴോ അറിയാതെ 'ഓകെ', പറഞ്ഞു പോയി.

അങ്ങനെ  വീണ്ടും നമ്മുടെ ലൈബ്രറിയിൽ ഞാൻ പോകുവാൻ തുടങ്ങി. നാലുമണി മുതൽ എട്ടുമണി വരെ അവധി ദിനങ്ങളിൽ ഉൾപ്പെടെ ഒരു ദിവസം പോലും മുടക്കമില്ലാതെ ലൈബ്രറിയിൽ പോയി. പുറത്തു നിന്ന് നോക്കിയാൽ അറിയാനാവില്ലെങ്കിലും, ലൈബ്രറി തുറക്കുന്നുണ്ടെന്ന് അറിഞ്ഞ ചിലരൊക്കെ ഇടക്ക്  പത്രമാസികകൾ വായിക്കുവാനായി വന്നു പോയി. എന്നാൽ പുസ്തകം എടുക്കുവാൻ ആരും വരുന്നുണ്ടായിരുന്നില്ല. ലൈബ്രറി തുറന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ ഗോവണി കയറി നോക്കണമായിരുന്നു എന്നതിനാൽ 'തുറന്നിരിക്കുന്നു' എന്നും, ഒന്നും എഴുതാത്തതുമായ രണ്ടു പുറമുള്ളൊരു ബോർഡ് താഴെ ഭിത്തിയിൽ  തൂക്കുകയും ചെയ്തു.

ഗോവണി കയറി ചെല്ലുന്നത്  പിൻഭാഗത്തുള്ള പഴയ ലൈബ്രറി കെട്ടിടത്തിലേക്കാണ്. അതിപ്പോൾ ഹാളാണ്. അവിടെ കസേരകളും മേശകളുമുണ്ട്. പ്രസിദ്ധീകരണങ്ങൾ വായിക്കുവാനുള്ള സൗകര്യമാണ് അവിടെ ഒരുക്കിയിട്ടുള്ളത്. വീണ്ടും കുറച്ചു സ്റ്റെപ്പു കൂടി കയറിയാൽ പുതിയ കെട്ടിടത്തിൻ്റെ രണ്ടാം നിലയിലുള്ള പുസ്തക, റഫറൻസ് വിഭാഗത്തിൽ എത്താം. അഫിലിയേഷൻ വീണ്ടെടുക്കുവാൻ ഉള്ള പരിശ്രമം ഞാൻ തുടക്കത്തിലേ സ്വീകരിച്ചു. രജിസ്റ്ററുകളുടെ പൂർത്തീകരണം ഉൾപ്പെടെയുള്ള ശ്രമങ്ങളും തുടങ്ങി. പ്രസിഡൻറും, സെക്രട്ടറിയും ഇടയ്ക്കൊക്കെ വന്നു സഹായിച്ചു. സംശയങ്ങൾ വന്നപ്പോൾ അവരെയും, കൗൺസിലിലേക്കും ഫോൺ വിളിച്ച്   പ്രശ്നങ്ങൾ ദൂരീകരിച്ചു പോന്നു.

ആതിര എന്നൊരു റിസേർച്ച് സ്കോളർ മാത്രമാണ് വൈകിട്ട് അഞ്ച് മണിയോടെ എന്നുംതന്നെ ലൈബ്രറിയിൽ വരുകയും, ഒരുമണിക്കൂർ സമയം റഫറൻസ് വിഭാഗത്തിൽ ചെലവഴിക്കുകയും ചെയ്യുന്നതായി കണ്ടത്. പ്രസിഡൻ്റിൻ്റെ ബന്ധുകൂടിയായിരുന്നു ആതിര.  നാലുമാസം മുൻപ് സിബിൻ എന്ന മറ്റൊരു റിസേർച്ച് സ്കോളർ കൂടി ആതിരയുടെ ശുപാർശയിൽ പ്രസിഡൻ്റിൻ്റെ അനുവാദം വാങ്ങി റഫറൻസിനായി വരുവാൻ തുടങ്ങി. പതുക്കെ പതുക്കെ ദിവസേന നാലഞ്ചു പേരൊക്കെ പുസ്തകങ്ങൾ എടുക്കുവാൻ എത്തി.

പുതിയ കെട്ടിടത്തിൻ്റെ മെയിൻറോഡ് അരികിലെ താഴത്തെ നില മുഴുവനായി കഴിഞ്ഞ 15 വർഷത്തിലേറെയായി അപ്സര എന്നൊരു  നോൺവെജ് ഹോട്ടൽ പ്രവർത്തിച്ചു വരികയാണ്. ബിരിയാണിയും, ഇറച്ചിയും പൊറോട്ടയും  പാചകം ചെയ്യുന്നതിൻ്റെ മണം മുകൾ നിലയിലെ ലൈബ്രറി മുറിയിലേക്ക് സദാസമയവും വന്നു കൊണ്ടിരിക്കും. സസ്യഭുക്കാണെങ്കിലും പലവിധ മണങ്ങളുടെ സങ്കരം എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു.

2. ബിരിയാണി

പുസ്തകങ്ങൾക്ക്  പുറംമണത്തെ ആവാഹിക്കേണ്ടി വരുന്നതായാൽ, സ്വാഭാവിക മണം നഷ്ടപ്പെടുന്ന അവയുടെ അവസ്ഥ ഉണക്കമീൻ പൊതിഞ്ഞ കടലാസു പോലെയാകും

താഴെ ഹോട്ടലിൽ നിന്നുള്ള ചൂടുപൊറോട്ടയുടെയും, ഇറച്ചിയുടെയും, ചിക്കൻ ബിരിയാണിയുടെയും മണം തുറന്നിട്ട ജനാലയിലൂടെ ലൈബ്രറിയുടെ അകത്തേക്ക് ആരും ക്ഷണിക്കാതെ കയറി വന്നു. അഞ്ചര മണി കഴിഞ്ഞതോടെ കപ്പബിരിയാണി ഉണ്ടാക്കുന്നതിൻ്റെ ഗന്ധമടിച്ചു തുടങ്ങി. റഫറൻസിലുള്ള ഇരുവരും എന്തൊക്കെയോ കുണുങ്ങുന്നുണ്ട്. അവർ ശ്രദ്ധിക്കാത്തപ്പോൾ നാക്ക് പിന്നോട്ട് വലിച്ച് പലതവണ ഞാൻ ഉമിനീരിറക്കി. ഹോട്ടലിൽ നിന്നുള്ള സമ്മിശ്ര മണങ്ങൾ പുസ്തകങ്ങളുടെ ഉള്ളിലേക്കും കയറി ചെല്ലുന്നുണ്ടാകാമെന്ന് കുറെ സമയത്തേക്ക് ഞാൻ ആലോചിച്ചു പോയി.

അപ്പോഴാണ്, 'ഒരു ചായ കുടിച്ചാലോ മാഷേ', എന്ന സിബിൻ്റെ ക്ഷണമുണ്ടായത്. ഞാൻ മുൻപ് സൂചിപ്പിച്ച,  റഫറൻസ് വിഭാഗത്തിൽ അഞ്ചു മാസമായി വന്നു പോകുന്ന  സിബിൻ രായമംഗലം സ്വദേശിയാണ്.  'സത്യാനന്തര കാലവും ഗാന്ധിയൻ ദർശനങ്ങളും' എന്നതാണ് കാലടിയിൽ വിദ്യാർത്ഥിയായ സിബിൻ്റെ ഗവേഷണ വിഷയം. ഗാന്ധി സാഹിത്യം പൂർണമായും ലൈബ്രറിയിൽ ഉണ്ടെന്നത് സിബിന് പ്രയോജനകരമായി. ആതിര  കഴിഞ്ഞ  ആറുമാസമായി ലൈബ്രറിയിൽ വരുന്നുണ്ടെന്ന് പറഞ്ഞല്ലൊ. പ്രസിഡൻ്റിൻ്റെ ബന്ധുവും, നാട്ടുകാരിയും ആയതിനാൽ ലൈബ്രറി അടഞ്ഞുകിടന്നപ്പോഴും ഒരു സ്പെയർ താക്കോൽ  ഉണ്ടാക്കിക്കൊടുത്ത് ആ കുട്ടി ലൈബ്രറി തുറന്നിരുന്നുവത്രെ! ഇടക്കൊക്കെ സിബിനേയും കൂട്ടിയാണ് വന്നിരുന്നതെന്നും ചിലർ പറഞ്ഞ് ഞാനറിഞ്ഞു.

ഇതിനിടെ ചെറിയ റോമാന്‍സിന്‍റെ ഗന്ധം ചിലര്‍ മണക്കാതിരുന്നില്ല! ലൈബ്രറിയില്‍ ആയിരുന്നല്ലോ എന്‍റെ നഷ്ടപ്രണയവും തളിരിട്ടത് . അന്ന് ഞങ്ങള്‍ കൈമാറിയ പുസ്തകങ്ങള്‍ പലതും കാണാനില്ലാത്തവയുടെ  ലിസ്റ്റിലുണ്ട്. ചിലതിന്‍റെ പുറഞ്ചട്ട പോയി ഒരു മൂലക്കുണ്ട്.  ഇല പോയ വൃക്ഷം പോലെ  അവളെ ക്ഷേത്രത്തില്‍ കണ്ടത് ഒരു വിഷാദ ഓര്‍മ്മയായി. പക്ഷെ പുസ്തകങ്ങളുടെ ദുര്‍ഗതിയായിരുന്നു എന്നെ കുടുതല്‍ വേദനിപ്പിച്ചത്. പ്രണയത്തിന്റെ ആദ്യാക്ഷരം  പഠിപ്പിച്ച പുസ്തകങ്ങള്‍ !

സേതുവിൻ്റെ എല്ലാ പുസ്തകങ്ങളും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള നിരവധിയായ പഠന ഗ്രന്ഥങ്ങളും നമ്മുടെ ലൈബ്രറിയിൽ ഉണ്ടായിരുന്നത് 'പ്രാദേശികതയുടെ ആഖ്യാനം സേതുവിൻ്റെ കഥകളിൽ' എന്ന വിഷയത്തിൽ മഹാരാജാസ് കോളേജിൽ റിസേർച്ച് നടത്തുന്ന ആതിരക്കും കാര്യങ്ങൾ എളുപ്പമാക്കി. ഹൃദയത്തിലും നര കയറിയത് കൊണ്ടാകാം ദേവിയുടെ ഛായ അവളില്‍ ഉള്ളത് ഞാന്‍ കാണാതെ പോയത്. ഇപ്പോഴത്തെ കുട്ടികള്‍ ഉള്ളിൽ തീയുമായി കഴിയുന്ന ദേവിമാരാണ്, പക്ഷെ ...

ആതിരയെ നോക്കാനേൽപ്പിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഞാനും സിബിനും ഗോവണിയിറങ്ങി. ഹോട്ടലിലെത്തി കൈകഴുകി ഇരുന്നപ്പോൾ 'എനിക്കൊരു  പൊറോട്ടയും, ഉള്ളിക്കറിയും വെള്ളച്ചായയും മതി',യെന്നു പറഞ്ഞപ്പോഴാണ് ഞാൻ സസ്യാഹാരിയാണെന്ന് സിബിനും തിരിച്ചറിഞ്ഞത്. അങ്ങനെ, ചായ കുടിയും കഴിഞ്ഞ് ഞങ്ങൾ തിരിച്ച് എത്തുമ്പോൾ ആതിര പോയിക്കഴിഞ്ഞിരുന്നു.

മേശപ്പുറത്ത് 'പാണ്ടവപുര'ത്തിന്റെ ഭൂപടം ആതിര വരച്ചിട്ടിരിക്കുന്നു. 'വല്ലാത്ത പോക്കിലാണ്‌ നീ', എന്ന് സിബിനെ ഉപദേശിക്കാന്‍ തോന്നിയെങ്കിലും മനസ്സില്‍ ഞാന്‍  മാന്യനായി. ഇങ്ങനെയൊരു ദിവസം ആണല്ലോ എന്നെ ജനക്കൂട്ടം  വിചാരണ നടത്തിയത് !

പിറ്റേന്ന് ആതിരയാണ് 'ചായ കുടിക്കാം മാഷേ', എന്നു പറഞ്ഞതെങ്കിലും ആദ്യം ഞാൻ വഴങ്ങിയില്ല. നിർബന്ധിച്ചപ്പോൾ സിബിനെ കാവലിരുത്തി ഞങ്ങൾ താഴേക്കിറങ്ങി. അന്ന് ഞാനൊരു അപ്പവും, ഗ്രേവിയും വെള്ളച്ചായയും  മാത്രമാണ് കഴിച്ചത്. 'മാഷിന് ഭാഗ്യോണ്ട്, ബീഫിൻ്റെ ഒരു കഷണാണെന്ന് തോന്നണു', എന്ന് എൻ്റെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് ആതിര പറഞ്ഞ് പുഞ്ചിരിച്ചതോടെ ഞാൻ കഴിക്കൽ നിറുത്തി വെള്ളച്ചായ എടുത്തു കുടിക്കുവാൻ തുടങ്ങി. ബീഫ് കഴിക്കാത്ത ഒരാളെ ആദ്യം കാണുന്നതു പോലെ അവള്‍ എന്നെ നോക്കി. ശരിക്കും ദേവി തന്നെ, ഞാന്‍ സംശയിച്ചു .  ഒരു 10 മിനിറ്റിൽ കൂടുതലൊന്നും ചായ കുടിക്കുവാൻ എടുത്തുകാണില്ല. ഉള്ളിക്കറി എന്നു പറഞ്ഞ് ഇറച്ചിച്ചാറു തന്ന അപ്സരയിൽ  ഇനി കഴിവതും കയറില്ലെന്ന് മനസിൽ തീർച്ചപ്പെടുത്തിയാണ്  ഞാനിറങ്ങിയത്. ഞങ്ങൾ തിരികെ ഗോവണി കയറുമ്പോൾ പുറംസഞ്ചി തൂക്കി സിബിൻ ഇറങ്ങി  വരുന്നുണ്ടായിരുന്നു.

ഇപ്പോൾ ലൈബ്രറി ഇരിക്കുന്ന 20 സെൻ്റ് സ്ഥലം 80കളിൽ സംഭാവനയായി കിട്ടി, അതിൽ ഒരു നില കെട്ടിടത്തിനുള്ള ഫണ്ട് സർക്കാർ തന്ന് പണിതതാണ് നിലവിൽ റീഡിങ്ങ് റൂം കം ഹാളായി ഉപയോഗിക്കുന്ന ആദ്യ കെട്ടിടം. അതിനോട് ചേർന്ന് മുന്നിലായി, മണ്ണ് റോഡു ലെവലിൽ താഴ്ത്തിയെടുത്ത് പണിതതാണ് 2010 കാലത്തെ പുതിയ കെട്ടിടം. താഴത്തെ നില ഹോട്ടലിനു വാടകക്ക് കൊടുത്തതോടെ വരുമാനം അക്കൗണ്ടിൽ കുന്നുകൂടിയെങ്കിലും സ്ഥാപനത്തിൻ്റെ ലക്ഷ്യത്തിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്ന കാലത്തെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ഓർമ്മകൾ വീട്ടിൽ എത്തിയിട്ടും എന്നെ അലട്ടിക്കൊണ്ടിരുന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കുമ്പോൾ ഇപ്പോഴത്തെ ലൈബ്രറിയിൽ നിന്നും, 200 മീറ്റർ മാറി ഓടിട്ട ഇരുമുറി കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ചു വന്ന 1967 കാലം മുതൽ ഞാൻ കണ്ടുവന്ന ലൈബ്രറി എൻ്റെ മനസിലേക്ക് കയറി വന്നു. ദിനംപ്രതി 100നടുത്ത് പുസ്തകങ്ങൾ വായിക്കുവാനായി പുറത്തേക്ക് പോയിരുന്ന കാലം. മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മിക്കവാറും ക്ലാസിക്കുകൾ എല്ലാം തന്നെ ലഭിച്ചിരുന്ന ഇടം. ലൈബ്രറിയെ പൂർണമായും പ്രയോജനപ്പെടുത്തി വന്ന ഒരു നാട്.

3. സുന്ദരികളും സുന്ദരന്മാരും

പുസ്തകവായനക്ക് കീഴ്പ്പെട്ടൊരാൾ അതിലെ കഥാപാത്രങ്ങളെപ്പോലെ പെരുമാറുവാൻ തുടങ്ങിയാൽ നിശ്ചയമായും അവനെ/ളെ സൂക്ഷ്മനിരീക്ഷണത്തിൽ ആക്കേണ്ടതുണ്ട്‌

അഞ്ചാം ക്ലാസിൽ പഠിക്കവെ 1967ലാണ് എനിക്ക്  അസുഖം ബാധിച്ചത്. ആ വർഷം പഠനം മുടക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചു. അടുത്തൊരു വീട്ടിൽ എന്നും രാവിലെ പാൽ വാങ്ങിക്കുവാൻ പോകുമായിരുന്നു. ആ വീട്ടിലെ പ്രീ യൂണിവേഴ്സിറ്റി തോറ്റ ധാവണിക്കാരിയായിരുന്നു മറിയക്കുട്ടി ചേച്ചി. ചേച്ചിയാണ് ഞാൻ കണ്ട ആദ്യ പുസ്തക വായനക്കാരി.

അന്ന് ചേച്ചി വായിച്ചു കൊണ്ടിരുന്ന പുസ്തകം ചങ്ങമ്പുഴയുടെ 'രമണൻ' ആയിരുന്നു. വൈകിട്ട് ചേച്ചിക്ക് പുസ്തകം മാറി എടുക്കുവാൻ പോകേണ്ടതുണ്ട്. വൈകുന്നേരം മൂന്നു മണിക്കുള്ളിൽ വായിച്ച് തിരികെ കൊടുത്തു കൊള്ളാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്ന 'രമണൻ' ഒറ്റയിരുപ്പിൽ ഞാൻ തീർത്തു.

പിറ്റേന്ന് രാവിലെ പാൽ വാങ്ങുവാൻ ചില്ലുകുപ്പിയുമായി ചെല്ലുമ്പോൾ ലൈബ്രറിയിൽ നിന്നും കൊണ്ടുവന്ന മുട്ടത്തു വർക്കിയുടെ 'മയിലാടുംകുന്ന്' നോവലാണ് ചേച്ചി എനിക്ക് തന്നു വിട്ടത്.അന്നൊരു ഞായറാഴ്ച്ച ആയതിനാൽ പുസ്തകം പിറ്റേന്ന് കൊടുത്താൽ മതിയെന്ന് പറഞ്ഞതു പ്രകാരം രാത്രിയും രാവിലെയുമായി വായന മുഴുമിപ്പിച്ച് പുസ്തകം തിരികെ ഏൽപ്പിച്ചു.

'ഇണപ്രാവുകളും', 'പട്ടുതൂവാല'യും  കൂടി വായിച്ചു കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക്  ലൈബ്രറിയിലേക്കുള്ള യാത്രയിൽ ചേച്ചി എന്നെയും കൂട്ടി. ഒരു കിലോമീറ്റർ അകലെയുള്ള ലൈബ്രറിയിലേക്ക് അങ്ങനെ ആദ്യമായി ഞാൻ പോയി.

അന്നേ ദിവസം പ്രേംനസീറും, ഷീലയും, അടൂർ ഭാസിയും അഭിനയിച്ച 'സ്ഥാനാർത്ഥി സാറാമ്മ' സിനിമ ശബ്ദരേഖ പ്രക്ഷേപണം ഉണ്ടായിരുന്നു. ലൈബ്രറിയിലെ റേഡിയോയിൽ ശബ്ദരേഖ കേട്ടു വരുവാൻ രണ്ടര മണിക്കൂർ നേരമെങ്കിലും എടുക്കും എന്നതിനാലാണ് മറിയക്കുട്ടി ചേച്ചി കൂട്ടിനായി എന്നെയും വിളിച്ചത്.

ഞങ്ങൾ ലൈബ്രറിയുടെ മുന്നിലെത്തുമ്പോൾ രണ്ടു കടമുറി വലിപ്പമുള്ള ഓടിട്ട ആ പഴയ ഒറ്റനിലക്കെട്ടിടത്തിൻ്റെ വരാന്തയിലെ അരപ്പടികളിലും,  ചവിട്ടുപടികളിലും ആണും പെണ്ണുമായി 35-40 പേർ  അക്ഷമരായി ഇരിക്കുന്നുണ്ട്. ഓടിട്ട കെട്ടിടത്തിൻ്റെ മേൽക്കൂരയുടെ മുൻഭാഗത്ത് രണ്ടു വശങ്ങളിലായി ഉറപ്പിച്ചിരിക്കുന്ന കോളാമ്പി മൈക്കിലൂടെ ഉച്ചത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിയിട്ടുണ്ട്. 'കഴിഞ്ഞ തവണ 10 മിനിറ്റ് കഴിഞ്ഞാണ് സ്റ്റേഷൻ കിട്ടി ശബ്ദരേഖ കേൾക്കുവാൻ കഴിഞ്ഞത്', ഒരു ചേട്ടൻ പറയുന്നതു കേട്ടു .

'സിനിമ തുടക്കം മുതൽ കേട്ടില്ലെങ്കിൽ പിന്നെ ഒരു സുഖവുമില്ലെ'ന്ന് ഞങ്ങളുടെ അടുത്തിരുന്നവർ പറയുന്നുണ്ട്. ഭാഗ്യത്തിന് കൃത്യ സമയത്തു തന്നെ ശബ്ദരേഖ കേട്ടു തുടങ്ങി. സ്ഥാനാർത്ഥി സാറാമ്മ, സംവിധാനം - കെ.എസ്. സേതുമാധവൻ, കഥ - മുട്ടത്തു വർക്കി, നിർമ്മാണം - ടി.ഇ. വാസുദേവൻ എന്നിങ്ങനെ ടൈറ്റിൽ അനൗൺസുമെൻ്റ്, തുടന്ന് ശബ്ദരേഖ തുടങ്ങിയതോടെ എല്ലാവരും ശ്രദ്ധാപൂർവം കേൾവിയിൽ മുഴുകി.

പുസ്തതകം എടുത്ത് തിരിച്ചുപോരുമ്പോൾ താമരുകുടിയിലെ സ്റ്റീഫൻ ചേട്ടൻ്റെ വീടിൻ്റെ കടമ്പ കടന്ന് കള്ളുചെത്തി വരുന്ന രമണൻ ചേട്ടനെ കണ്ടു. മറിയക്കുട്ടി ചേച്ചിയുടെ ഒരിക്കലും കാണാത്ത  പുഞ്ചിരി ഞാനന്ന് ആദ്യമായി  കണ്ടു. ചേച്ചി രമണൻ ചേട്ടന് കൊടുത്ത മടക്കി മടക്കി ചെറുതാക്കിയ പുറത്തു കാണാവുന്ന വെളുത്ത കടലാസിൻ്റെ കാണാപ്പുറത്ത്  പ്രേമലേഖനം ആയിരുന്നുവെന്ന് മനസിലാക്കുവാനുള്ള ബോധം അന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.

ആറു മാസം കഴിഞ്ഞ് അമ്മമ്മക്ക് ആട്ടിൻ പാലുവാങ്ങാൻ രമണൻ ചേട്ടൻ്റെ വീട്ടിൽ  ചെന്ന ആദ്യ ദിവസം മുതൽ മറിയക്കുട്ടിച്ചേച്ചിയാണ് പാൽ അളന്ന് ഞാൻ കൊണ്ടു ചെന്നിരുന്ന ചില്ലു കുപ്പിയിലേക്ക് ഒഴിച്ചു തന്നിരുന്നത്. 'എൻ്റെ വീട്ടിൽ എന്തുണ്ട് വിശേഷം', എന്ന ചോദ്യത്തിന് 'ചേച്ചീ, ഞാനിപ്പെ അങ്ങോട്ട് പോകാറില്ല', എന്ന നുണ പറയുവാൻ അത്ര ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ച പുസ്തകവായനയെക്കുറിച്ച് ഒന്നും ചോദിച്ചില്ലെങ്കിലോ എന്നോർത്ത് 'ചേച്ചി, ഇപ്പം ലൈബ്രറീ പോവാറില്ലെ', എന്നതിന്  മറിയക്കുട്ടി ചേച്ചി മറുപടിയൊന്നും പറഞ്ഞതുമില്ല.

കാലം നീങ്ങവെ ഞാന്‍ പൈങ്കിളി വിട്ട് അഗാധ  പ്രണയത്തിലായി. ഗ്രാമീണ ശാലീനതയുടെ ഭംഗി, സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു. 'ഒന്ന് തൊടാന്‍' പോലെയുള്ള പദപ്രയോഗങ്ങള്‍ നാവില്‍ വന്നുവെങ്കിലും ഞാന്‍ എന്നെത്തന്നെ സ്വയം നിയന്ത്രിച്ചു. ഇന്നും എവിടെയാണ് എനിക്ക് പിഴച്ചതെന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഏതോ ഗള്‍ഫുകാരന്റെ ഭാര്യയായി അവള്‍ പോയപോള്‍ ഞാന്‍ പ്രതികാര ബുദ്ധിയോടെ     'ഡ്രാക്കുള', 'ചെമന്ന കൈപ്പത്തി ' തുടങ്ങിയ അപസർപ്പക നോവലുകളിലേക്ക് മാറി. വെറുപ്പോടെ  വീടും നാടും വിട്ട് നഗരത്തില്‍ പഠിക്കാന്‍ പോയ ഞാന്‍ അവളെ  മറന്നു.

ഒ. വി. വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ'വും, എം.ടി.യുടെ 'മഞ്ഞും' ഉൾപ്പെടെ ശാസ്ത്രി റോഡിലെ പബ്ളിക് ലൈബ്രറിയിൽ നിന്ന് ധാരാളമായി വായന തുടരവേ,  കോട്ടയം  ദീപികയിലെ ജോലിയും ആനന്ദിലെ ചായ കുടിയും കഴിഞ്ഞ്, വൈകുന്നേര സമയം തിരുനക്കര അമ്പല മൈതാനത്തെ സിമൻ്റു കെട്ടിൽ കറുത്ത ബാഗിൽ നിന്നും ചെല്ലമെടുത്ത്  വിസ്തരിച്ച് മുറുക്കാനിരിക്കുന്ന സാക്ഷാൽ മുട്ടത്തു വർക്കിയെ 1970 കളുടെ അവസാനം വിദ്യാർത്ഥിയായിരുന്ന ഞാൻ പല ദിവസങ്ങളിലും കണ്ടുവെങ്കിലും, ജുബ വേഷധാരിയും,  കണ്ണടക്കാരനുമായ ആ'പൈങ്കിളി എഴുത്തുകാര'നോട് എനിക്കന്ന് പുശ്ചമായിരുന്നു.

4. ആൾക്കൂട്ടം


തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് പുസ്തകങ്ങൾ കൈമാറുന്നതെങ്കിൽ നിരാശയായിരിക്കും നിങ്ങളെ കാത്തിരിക്കുക

നാട്ടിലെ ലൈബ്രറിയുമായി  പിന്നീട്  ബന്ധപ്പെടുന്നത് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വരുമ്പോഴാണ്. മെയിൻ റോഡരികിൽ സംഭാവനയായി ലഭിച്ച 20 സെൻ്റ് സ്ഥലത്ത് വായനമുറിയും, പുസ്തകമുറിയുമായി പുതിയ വാർക്കക്കെട്ടിടത്തിൽ  സജ്ജീകരണങ്ങളോടെ ലൈബ്രറി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

അച്ഛൻ്റെ പേരിൽ ആയുഷ്ക്കാല അംഗത്വം ഉണ്ടായിരുന്നെങ്കിലും എൻ്റെ പേരിൽ ഒരു 'സി' ക്ലാസ് അംഗത്വം എടുത്തു. അപ്പോൾ ദിവസം മൂന്ന് പുസ്തകം കൊണ്ടുവന്ന് വായിക്കാം.  പുസ്തക വായനാഭിരുചിയും, പത്രമാസികകളുടെ പാരായണവും, ലൈബ്രറിയിലെ നിത്യസന്ദർശനവും കണ്ടിട്ടാകണം ആവർഷത്തെ പൊതുയോഗം എന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

അങ്ങനെ ലൈബ്രറി എൻ്റെ രണ്ടാം വീടായി മാറി. രാവിലെ 11 മണിക്ക് പൊതിച്ചോറുമായി എത്തുന്ന ഞാൻ രാത്രി എട്ടുമണിക്ക്  ലൈബ്രറി അടക്കുംവരെ  ഓഫീസ് ജോലികൾ നിർവഹിച്ചും, വായിച്ചും അവിടെ ചെലവഴിച്ചു. അക്കാലത്ത് 70ൽ കുറയാതെ അംഗങ്ങൾ പുസ്തകം എടുക്കുവാനെത്തും. റഫറൻസ് ഗ്രന്ഥങ്ങളും, മലയാളത്തിൽ വർഷാവർഷം ഇറങ്ങുന്ന വിവിധ ശാഖകളിലെ മികച്ച പുസ്തകങ്ങളും കൊണ്ട് അലമാരകൾ പതുക്കെ നിറയുവാൻ തുടങ്ങിയിരുന്നു.

ഗ്രാൻ്റ് ലഭിക്കുന്നതിനു മുൻപേ, വാങ്ങേണ്ട വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുത്ത  മികച്ച പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. ക്യാരംസ് ബോർഡും, ചെസ് ബോർഡും, ലൂഡോ ബോർഡും കസേരകളും സംഭാവനയായി  ലഭിച്ചതോടെ മുൻവശത്തെ വരാന്തയുടെ ഭാഗവും സജീവമായി. ഐ ക്യാമ്പും, ക്യാൻസർ നിർണയ ക്യാമ്പും സംഘടിപ്പിച്ചതോടെ നാട്ടിലെ ജനങ്ങൾ ലൈബ്രറിയെ സ്നേഹപൂർവ്വം വീക്ഷിക്കുവാൻ തുടങ്ങിയിരുന്നു. ഇലക്ഷൻ പോളിങ്ങ്സ്റ്റേഷൻ ആയതോടെ ലൈബ്രറി ഒരു ലാൻ്റ്മാർക്കായി മാറി.

എൻ്റെ ലൈബ്രറി പ്രവർത്തനം പക്ഷെ പാതി വഴിയിൽ നിലച്ചുപോയി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ജോലി ലഭിച്ചതോടെ  സെക്രട്ടറി സ്ഥാനം ഞാൻ രാജിവെച്ചു. ആഴ്ച്ചയിൽ ഒരിക്കൽ വീട്ടിൽ വന്നു പോകുമെങ്കിലും വല്ല കാലത്തും മാത്രമേ ലൈബ്രറിയിലേക്ക് കടന്നു ചെല്ലാനായൊള്ളു. ഇതിനിടെ വായന ഇല്ലാതായി. പലര്‍ക്കുമായി കിട്ടുന്ന ഹാന്‍ഡ്ലിംഗ് ചാര്‍ജ് കൃത്യമായി കിട്ടാത്തപ്പോള്‍ വ്യഥ തോന്നി. അസ്തിത്വ വ്യഥയുടെ കാലത്ത് നിന്ന് ഞങ്ങള്‍ മാറിയിരുന്നുവല്ലോ!

വർഷങ്ങൾ കുറെ കഴിഞ്ഞു പോയി. ഒരു അവധി ദിവസം വീട്ടിലുണ്ടായിരുന്ന ഞാൻ വൈകിട്ട് അഞ്ചു മണിനേരം  റോഡിൽ നിന്ന് ലൈബ്രറിയുടെ നടക്കല്ലിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ഒരു കാഴ്ച്ച കണ്ടു. ലൈബ്രറിയുടെ വിശാലമായ മുറ്റത്ത് ഒരു കസേര ഇട്ടിരുന്ന് ചെറുപ്പക്കാരനായ ലൈബ്രേറിയൻ വളരെ നിശബ്ദനായി സസൂഷ്മം വിദേശ ബൈനോക്കുലറിലൂടെ റോഡിൻ്റെ മറുപുറമുള്ള അകലക്കാഴ്ച്ച കണ്ടു കൊണ്ടിരിക്കുകയാണ്.

വലിയ ബൈനോക്കുലർ ഇരുകൈകൾ കൊണ്ടും പിടിച്ച് റോഡിനപ്പുറമുള്ള പാടത്തിൻ്റെ മദ്ധ്യഭാഗത്തു കൂടി ഒഴുകുന്ന കൈതക്കാടുകൾ ഉള്ള തോട്ടു ഭാഗത്തെ കാഴ്ച്ചയാണ് അയാൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കിയ ഞാൻ ബൈനോക്കുലറിൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് നോക്കി.

തോട്ടിലെ നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ സുന്ദരിയായൊരു ചെറുപ്പക്കാരി മാറിടത്തിനു താഴെ മുണ്ട് വട്ടമുടുത്ത് റോഡിനും ലൈബ്രറിക്കും അഭിമുഖമായി നിന്ന് കുളിക്കുകയാണ്. പിന്നീട് കുറെ നേരം അവർ നീന്തിക്കുളിച്ചു. അനന്തരം  തോട്ടുവരമ്പിൽ  നിന്നു കൊണ്ട് ദേഹം തുടച്ചശേഷം  ബക്കറ്റിലെ അലക്കിയ വസ്ത്രങ്ങളുമായി അവൾ പാടത്തിൻ്റെ കരയിലുള്ള വീട്ടിലേക്ക് നടന്നു പോയി. മറ്റൊരാൾ ശ്രദ്ധിക്കുണ്ടെന്നതിന് യാതൊരു പ്രാധാന്യവും കൊടുക്കാതെ യുവതി പാടം കയറും വരെ, ബൈനോക്കുലറിലൂടെയുള്ള അയാളുടെ കാഴ്ച്ച കാണൽ തുടർന്നു.

ലൈബ്രറിയുടെ അകത്തേക്ക് ചെല്ലുമ്പോൾ പ്രസിഡൻ്റും, സെക്രട്ടറിയും, ചില കമ്മറ്റിക്കാരുമൊക്കെയായി  എട്ടു പേർ ഒരു മേശക്കു ചുറ്റുമുള്ള സ്റ്റൂളുകളിലിരുന്ന് 56 കളിക്കുന്നു. അടുത്തൊരു മേശയിൽ നാലുപേർ റമ്മി കളിക്കുന്നുണ്ട്. രണ്ടു മേശയുടെ ചുറ്റിലുമായി നാലഞ്ചു പേർ കളികൾ കണ്ട് നിശബ്ദരായി നിൽക്കുന്നു. ലൈബ്രേറിയൻ്റെ മേശപ്പുറത്ത് രജിസ്റ്ററുകളുടെ അടുത്തു വച്ചിരുന്ന വെള്ള പേപ്പറുകളിൽ ഒരെണ്ണവും പേനയുമെടുത്ത് ഞാനെൻ്റെ അംഗത്വ രാജിക്കത്ത് അവിടെ എഴുതി വച്ചിട്ട് പോന്നു.

തിരികെ പോരുമ്പോൾ പുസ്തകം മാറുവാൻ വന്ന രണ്ടു മൂന്നു പേരെ കണ്ടു. അവരാകട്ടെ, കളിയുടെ ഇടവേളയിലോ, കളി മതിയാക്കിയോ ഏതെങ്കിലും ഭാരവാഹി തങ്ങൾക്ക് പുതിയ പുസ്തകം എടുത്തു തരും എന്ന പ്രതീക്ഷയിൽ നിൽക്കുന്നവരാണ്. പുറത്ത് മുറ്റത്ത് ലൈബ്രേറിയൻ്റെ ബൈനോക്കുലർ കാഴ്ച്ച അവസാനിച്ചിരുന്നു. അയാൾ ചായ കുടിക്കുവാനോ മറ്റോ പോയെന്ന്  തോന്നുന്നു.  

അര മണിക്കൂറിനുള്ളിൽ എല്ലാ ദിവസത്തേയും പോലെ പുസ്തകം മാറുവാൻ ലൈബ്രേറിയൻ്റെ പരിചയക്കാരി  എത്തുമെന്ന കഥ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരാൾ പറഞ്ഞറിഞ്ഞു.  അതു കൊണ്ട്, അന്നു കണ്ട  കാര്യങ്ങളിലൊന്നും എനിക്ക് ആശ്ചര്യം തോന്നിയതേ ഇല്ല. പുസ്തകം മാറുവാൻ വരുന്ന നാലഞ്ചു പേർക്ക് അതെടുത്തു കൊടുത്ത് വിതരണ രജിസ്റ്ററിൽ എഴുതിക്കഴിഞ്ഞാൽ ഇരുട്ടു വരുന്നതോടെ കമ്മറ്റിക്കാർ ഉൾപ്പെടെ ചീട്ടുകളി മാത്രമല്ല കഴിക്കലും തുടങ്ങുമത്രെ.

അക്കാലത്ത് ഒരോവർഷത്തെയും ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങൾ ഒരു മാസമൊക്കെ നീളുന്നതായിരുന്നു. മറ്റു ലൈബ്രറികളിലേക്ക് മത്സരത്തിനായി ടീമുകൾ പോയി സമ്മാനങ്ങൾ നേടി വന്നു. ദി പീപ്പിൾസ് ലൈബ്രറിയിലും വലിയ മത്സരങ്ങൾ നടത്തി. പുസ്തകം എടുക്കുവാൻ ആരെങ്കിലും വന്നാലായി. ചുരുക്കത്തിൽ ലൈബ്രറി ഒരു ക്ലബ്ബായി മാറി.

ഈ അവസ്ഥയെ ചോദ്യം ചെയ്തവർ പുതിയ ഭാരവാഹികളായി. പുതിയ ലൈബ്രേറിയനേയും നിയമിച്ചു. അവർ ക്ലബ്ബിൻ്റെ ശൈലിയിലുള്ള വായനശാലയുടെ പ്രവർത്തനങ്ങൾ എല്ലാം അവസാനിപ്പിച്ചു. പി.എസ്.സി. കോച്ചിങ്ങ് ക്ലാസുകൾ തുടങ്ങി. കണ്ടമാനം റഫറൻസ് ഗ്രന്ഥങ്ങൾ വാങ്ങി. കുറെപ്പേർക്ക് അങ്ങനെ സർക്കാർ ജോലി ലഭിച്ചു. അപ്പോഴേക്കും, പുസ്തകങ്ങൾ എടുക്കുവാൻ ലൈബ്രറിയിൽ ദിവസേന വരുന്നവരുടെ എണ്ണം ഒന്നും രണ്ടും ഒക്കെയായി കുറഞ്ഞു കഴിഞ്ഞിരുന്നു.

മറ്റു ചില ലൈബ്രറികളെപ്പോലെ സ്വന്തമായി വരുമാനം ഉണ്ടാക്കണം എന്നതായിരുന്നു പുതിയ കമ്മറ്റിയുടെ അഭിപ്രായം. പൊതുയോഗം കൂടി മുൻ വശത്തെ മണ്ണ് എടുത്ത ശേഷം നിലവിലെ ഒറ്റനില കെട്ടിടം നിലനിറുത്തി അതിനോട് ചേർന്ന് മുന്നിലായി  രണ്ടു നിലക്കെട്ടിടം,  പണിയുവാനായിരുന്നു തീരുമാനം എടുത്തത്.  നിർമ്മാണം തുടങ്ങിയതോടെ ഒരു വർഷക്കാലത്തേക്ക് ലൈബ്രറിയുടെ പ്രവർത്തനം നിറുത്തിവച്ചു.

താലൂക്ക് കൗൺസിൽ പ്രതിനിധികൾ ചില ഭിന്നാഭിപ്രായങ്ങൾ അറിയിച്ചതോടെ കെട്ടിടം പണിതീർന്ന് വാടകക്ക് കടമുറികൾ പോയി വരുമാനം വന്നിട്ടും ഒരു പ്രവർത്തനങ്ങളും ഇല്ലാതെ ലൈബ്രറി മുന്നോട്ടു പോയി. അങ്ങനെ കുറച്ചു വർഷം പിന്നിട്ടതോടെ ലൈബ്രറിയുടെ അഫിലിയേഷനും നഷ്ടപ്പെട്ടു.

5. യുദ്ധവും സമാധാനവും

'വായിക്കാത്ത ഒരാളും പുസ്തകം മോഷ്ടിക്കില്ല. വായിക്കുന്നവന് ഒരിക്കലും ഒരു കള്ളനാവാൻ ആവില്ല’

പിറ്റേന്ന് അംഗങ്ങളുടെ വീടുകളിൽ ചെന്ന് വീണ്ടെടുക്കേണ്ടതായ പുസ്തകങ്ങളുടെ പൂർണ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.  അംഗങ്ങൾ കൊണ്ടുപോയ പുസ്തകങ്ങൾ ആണെങ്കിൽ  ഏൽപ്പിക്കാത്തവരുടെ പേരുകൾ, പുസ്തക ഫൈൻ വാങ്ങേണ്ടി വന്നാൽ എത്രയെന്നും, ഡെപ്പോസിറ്റ് വാങ്ങാത്തതിനാൽ പുസ്തകം നഷ്ടപ്പെട്ടുവെങ്കിൽ വാങ്ങേണ്ട തുക കൂട്ടിയെടുക്കുവാൻ മുഖവില, വരിസംഖ്യ കുടിശിക ഇവയും ആ ലിസ്റ്റിൽ ചേർത്തിരുന്നു. അതുപോലെ വർഷങ്ങളായി വരിസംഖ്യ മാത്രം തരാത്തവരുടെ ലിസ്റ്റും, തുകയും മറ്റൊരു ലിസ്റ്റായി തയ്യാറാക്കിയതും കരുതിയിരുന്നു. രണ്ടു ലിസ്റ്റുകളും കമ്മറ്റി ചർച്ച ചെയ്ത് അംഗീകരിച്ചവയായിരുന്നു.

ബാപ്പുട്ടിയുടെ കാറിൽ രാവിലെ 10 മണിക്ക് ഞങ്ങൾ നാലു ഭാരവാഹികൾ ഭവന സന്ദർശനം തുടങ്ങി. മുകളിൽ വിവരിച്ച രണ്ടു ലിസ്റ്റുകളും, രണ്ട് രസീത് ബുക്കുകളും, പുസ്തകം ലഭിക്കുന്നത് സൂക്ഷിക്കുവാൻ തുണി സഞ്ചികളും കരുതിയിരുന്നു. ലൈബ്രറിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവ് പരിധിയിലെ വീടുകൾ  ആയതിനാൽ അധിക ദൂരമൊന്നും യാത്ര ചെയ്യുവാൻ ഉണ്ടായിരുന്നില്ല. അതുപോലെ, ഞായറാഴ്ച്ച ആയിരുന്നതിനാൽ വീടുകളിൽ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു.

15 വീടുകൾ സന്ദർശിച്ചതോടെ ഞങ്ങൾക്ക് ആത്മവിശ്വാസമായി. വരിസംഖ്യ കുടിശിക ലിസ്റ്റ് പ്രകാരം രേഖപ്പെട്ടുത്തിയിരുന്ന തുക 15 പേരും തന്നു. രണ്ടു പേർ  അംഗത്വം വേണ്ടെന്ന് എഴുതി തന്നു. 17 പുസ്തകങ്ങളും ലഭിച്ചു.  നാട്ടിലെ ലൈബ്രറി നിലനിന്നു കാണണം എന്ന ആഗ്രഹമാണ് പ്രതികരണമായി കേട്ടത്. എന്നാൽ, വായന ഇഷ്ടപ്പെടുന്ന മിക്ക കുടുംബങ്ങളിലും ഹോം ലൈബ്രറി മികച്ച രീതിയിൽ ഉണ്ടെന്നതിനാൽ ഇനിയുള്ള കാലം പുസ്തകം എടുക്കുവാൻ അവരാരും ലൈബ്രറിയിലേക്ക് വരില്ലെന്നു തന്നെയാണ് മനസിലാക്കുവാനായത്.

പല വീടുകളിലും ഒന്നോ രണ്ടോ എഴുത്തുകാർ ഉണ്ട്. അവരുടെ പുസ്തകമാണ് കാഴ്ചവസ്തു. ചിലർ ലൈബ്രറിയിൽ നിന്നു മുക്കിയ പുസ്തകം കാമ്പോടു കാമ്പ് മോഷ്ടിച്ചു ചേർക്കുമത്രെ! എന്നിട്ട് അതൊക്കെ ആരാലും കണ്ടു പിടിക്കുവാൻ കഴിയാത്തവിധം  അതിവിദഗ്ദമായി എഴുത്തിൽ ഒളിപ്പിച്ചു വയ്ക്കും.

ഇതിനിടെ  മലയാളത്തിലെ എഴുത്തുകാർ ഉൾപ്പെടെയുള്ള പ്രഗത്ഭരെ ലൈബ്രറിയിൽ കൊണ്ടുവന്ന് അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്പ്പിക്കണമെന്നും,  സെമിനാറുകൾ, സാഹിത്യ സായാഹ്നങ്ങൾ, പുസ്തക പ്രകാശനം തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകളുടെ വേദിയായി ലൈബ്രറി മാറിയാൽ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും കുറച്ചു പേരെങ്കിലും അഭിപ്രായപ്പെട്ടു.

ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ആദ്യം പോയത് നാട്ടിലെ അറിയപ്പെടുന്ന സാഹിത്യകാരൻ്റെ വീട്ടിലേക്കാണ്. രജിസ്റ്റർ പ്രകാരം വർഷങ്ങൾക്കു മുൻപ് ഒരു പുസ്തകം കൊണ്ടുപോയതായിട്ടാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, മുൻ ലൈബ്രറി സെക്രട്ടറി ആയിരുന്നതിനാൽ കൂടുതൽ പുസ്തകം കൈവശമുണ്ടാകാമെന്ന അഭിപ്രായം ഇപ്പോഴത്തെ പ്രസിഡൻ്റ് പറഞ്ഞതിനെ ബാപ്പൂട്ടിയും പിന്താങ്ങി.

ലൈബ്രറിയിൽ നിന്ന് ഇന്ന ആവശ്യത്തിന് വന്നതാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളെ മുറ്റത്തു തന്നെ നിറുത്തിക്കൊണ്ട് അകത്തേക്കു പോയി. തിരിച്ചു വന്നപ്പോൾ 'അസുരവിത്തു'മായി വന്നു. ഞങ്ങൾ 'എൻ്റെ കഥ' എടുത്തിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അതും മറ്റ് എഴുപുസ്തകങ്ങളുമായി എഴുത്തുകാരൻ വന്നു.

'ഇനിയും പുസ്തകങ്ങളുണ്ടോ?', എന്ന് ചോദിച്ചപ്പോൾ ' ഉണ്ടാകാം, തിരയാൻ സമയമില്ല', എന്നായി. 'ഞങ്ങൾ തിരഞ്ഞു കൊള്ളാ', മെന്ന് പറഞ്ഞപ്പോൾ 'അതു വേണ്ട', എന്നായി. 'ലൈബ്രറിയിലെ റാക്കിൽ വെറുതെ ഇരുന്നിട്ട് എന്തു കാര്യം. ഇവിടെയാണെങ്കിൽ ഇത്തരം ക്ലാസിക്കുകൾ  ഇടക്കൊക്കെ ഞാൻ മറിച്ചു നോക്കും. ഇതൊന്നും കിട്ടാനുമില്ല. എൻ്റെ എഴുത്താവശ്യമെങ്കിലും നടക്കും. ഞാൻ അറിയപ്പെട്ടാൽ പെരുമ നാടിനാ', എന്ന മറുപടിയാണ് അറിയപ്പെടുന്ന എഴുത്തുകാരനിൽ നിന്നും തുടർന്ന് കേൾക്കേണ്ടിവന്നത്.

'കുടിശിക തരാനുണ്ട്, തരികയല്ലേ', എന്നു ഞാൻ പറഞ്ഞതിന്  'വാടക ഇഷ്ടം പോലെ കിട്ടുന്നില്ലെ?', എന്നായിരുന്നു മറുപടി. അങ്ങനെ ഒന്നുപറഞ്ഞ് രണ്ടുപറഞ്ഞ് ഞങ്ങൾക്കും അയാൾക്കും വാശിയായി. പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞതോടെ ദേഷ്യപ്പെട്ട് 'കൊടുക്ക്', എന്നു പറഞ്ഞ് കതകടച്ച് എഴുത്തുകാരൻ പോയി. അതോടെ ഞങ്ങളും തിരിച്ചു പോന്നു. തിരികെ കാറെടുക്കുമ്പോൾ 'ഊണുകഴിച്ചത് ദഹിച്ചു'വെന്ന് ബാപ്പുട്ടി കമൻ്റ് പറഞ്ഞു ചിരിച്ചു.

മറ്റൊരു വീട്ടിൽ ചെന്നപ്പോൾ വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്. അവിടത്തെ അമ്മ പറഞ്ഞത് 'മകൻ ഇവിടില്ല, നിങ്ങള് കേറി നോക്കിക്കോ', എന്നാണ്. പിന്നീട് ചീത്തയോടു ചീത്ത. 'നിങ്ങള്‍ എന്തൊക്കെ പുസ്തകങ്ങള്‍ ആണ് വാങ്ങി വെച്ചിരിക്കുന്നത്', എന്ന് ചോദിച്ചപ്പോള്‍ അറിയാതെ വല്ല പഴയകാല കൊച്ചു പുസ്തകവും അവരുടെ കയ്യില്‍ പെട്ടുകാണാം എന്ന് ഞങ്ങള്‍ സന്ദേഹിച്ചു. പലതരം ഇക്കിളി പുസ്തകങ്ങള്‍ അരങ്ങു തകര്‍ത്തിരുന്ന കാലത്തെ കോപ്പികൾ പഴയ പുസ്തകങ്ങൾക്കുള്ളിൽ ഉണ്ടാവില്ലെന്ന് പറയുവാനാകില്ല.  ഉത്തരവാദിത്തപ്പെട്ടവർ ഉൾപ്പെടെ പലരും മോശക്കാരല്ലെന്ന അഭിപ്രായം പുറമേക്ക് ഉണ്ടുതാനും.

പക്ഷെ 'മോൻ പുസ്തകങ്ങള്‍ വായിച്ച് തോറ്റു തൊപ്പിയിട്ടു', എന്നാണ്  ആ അമ്മക്ക് പറയാന്‍  ഉണ്ടായിരുന്നത്. 'തോറ്റവരുടെ ഒപ്പമാണ് ചരിത്രം അല്ലെ', എന്നവര്‍ പരിഹാസത്തോടെ ചോദിച്ചു. 'എന്തിനു ചോദ്യങ്ങള്‍', എന്ന് ചോദിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു.

'ചോദ്യങ്ങള്‍ ചോദിച്ച് എന്‍റെ കുഞ്ഞ് ജയിലില്‍ ആയി. 'ലൈബ്രറിയില്‍നിന്ന്' എന്ന് പറഞ്ഞിട്ടും പോലിസ് വകവെച്ചില്ല. മാവോയിസ്റ്റ് ആണോ നീ', എന്ന് ചോദിച്ച് അവരവനെ അറസ്റ്റ്‌ ചെയ്തു.  യു. എ. പി.എ. യും ചുമത്തി.'  കമ്മറ്റിക്കാരൻ ഷിജോ ആരും വായിക്കാത്ത ആ പുസ്തകം ചെക്കന് കൊടുത്തതാണ് വിനയായത്.

അതില്‍ ഇപ്പോള്‍ കാവി രാഷ്ട്രീയം പറയുന്ന മാധവൻ നായര്‍ കാമുകിക്ക് നല്‍കാന്‍  വെച്ച വിപ്ലവ ലേഖനം ഉണ്ടായിരുന്നുവത്രേ! കാമുകി വായന നിര്‍ത്തിയത്  മൂലം ആ പുസ്തകം അവിടെ കിടന്നു. പയ്യന്‍  ഭീകരന്‍ ആണെന്ന്  പോലിസ് ധരിച്ചതാണ്. ഇനി എന്ത് ചെയ്യാന്‍ ?  പുസ്തക അലമാര നോക്കിയപ്പോൾ ലൈബ്രറിയിലെ നാല് പുസ്തകങ്ങൾ കിട്ടി. അമ്മയുടെ ദേഷ്യം ആറി തണുത്തശേഷം നാരങ്ങ വെള്ളവും കുടിച്ചിട്ടാണ് ഞങ്ങൾ അവിടെ നിന്ന് പോന്നത്. മകൻ എത്തുമ്പോൾ ആ വീട്ടിൽ ഇപ്പോഴത്തെ സമാധാന അന്തരീക്ഷം  യുദ്ധാന്തരീക്ഷത്തിന് വഴിമാറുമോ  എന്നറിയില്ല.

അഞ്ചു മണിവരെ ഞങ്ങളുടെ സന്ദർശനം തുടർന്നു. ലൈബ്രറിയുടെ  സമീപത്തെ മറ്റൊരു ഹോട്ടലിൽ ചായ കുടിച്ചിരിക്കവെ ഒരു ദിവസത്തെ പ്രവർത്തനത്തിൻ്റെ മികവ് കണക്കുകൂട്ടി ഞാൻ മൂവരെയും അറിയിച്ചു. 126 പുസ്തകങ്ങളും, കുടിശിക ഇനത്തിൽ 2427 രൂപയും, പുസ്തക വിലയായി 320 രൂപയുമാണ്  38 വീടുകളിൽ ഞങ്ങൾ നടത്തിയ ഓട്ടപ്രദക്ഷിണത്തിലൂടെ തിരിച്ചുപിടിക്കുവാനായത്. ഏറെ പ്രതീക്ഷ നൽകുന്നതായി ഇന്നത്തെ ഫലമെന്ന് വിലയിരുത്തപ്പെട്ടു. പിറ്റേന്ന് തിങ്കൾ മുതൽ ശനിയാഴ്ച്ച വരെ വൈകുന്നേരങ്ങളിലും ഞായറാഴ്ച്ച മുഴുവൻ ദിവസവും വീണ്ടും ഭവന സന്ദർശനത്തിന് ഇറങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

പ്രസിഡൻ്റ് താലൂക്ക് കൗൺസിൽ സെക്രട്ടറിയെ വിളിച്ചപ്പോൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പുസ്തക എണ്ണത്തിൻ്റെ അഞ്ചു ശതമാനം വീതം ആകെ 15 ശതമാനം വായനക്ക് ഉപകരിക്കാത്ത പുസ്തകങ്ങൾ എഴുതി തള്ളുന്നതിന് അപേക്ഷിക്കുന്നതായാൽ അനുകൂല മറുപടി തരാമെന്ന് അറിയിച്ചത് ആശ്വാസമായി. ഉപയോഗയോഗ്യമല്ലാത്ത കുറെ പുസ്തകങ്ങൾ ഹാളിൻ്റെ മൂലയിലെ ഒരു പഴഞ്ചൻ മരക്കസേരയിൽ കുന്നുകൂട്ടി വച്ചിട്ടുണ്ട്. ഏതൊക്കെയാണ് പുസ്തകങ്ങൾ എന്ന് മനസിലാക്കാനാവാത്ത അവസ്ഥയിലാണ്. അത്തരം പുസ്തകങ്ങളും, രണ്ടാഴ്ച്ചകഴിഞ്ഞും   വീണ്ടെടുക്കാനാത്ത പുസ്തകങ്ങളും മിക്കവാറും തന്നെ എഴുതിതള്ളാമെന്ന തിരിച്ചറിവ് സന്തോഷം തരുന്നതായി.

ബില്ലുകൊടുക്കുന്ന നേരം ബാപ്പുട്ടിയാണ് പ്രസിഡൻ്റിൻ്റെ ചെവിയിൽ സ്വകാര്യമായി അക്കാര്യം പറഞ്ഞത്. ക്യാഷ്കൗണ്ടറിൽ ഇരിക്കുന്ന ഹോട്ടലുടമ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പുസ്തകത്തിൻ്റെ പുറം കവറിൻ്റെ താഴെയറ്റത്ത് ചെറിയൊരു ഭാഗം ഓവൽ ഷെയിപ്പിൽ വെട്ടിമാറ്റിയ വിധത്തിലായിരുന്നു. 'ഇക്ക, ഈ പുസ്തകം നിങ്ങള് വാങ്ങീതാണൊ?', എന്ന ബാപ്പുട്ടിയുടെ ചോദ്യത്തിന് ജമാലിക്ക 'അതെ'യെന്ന് തലയാട്ടി.

'ഒന്നുകണ്ടോട്ടെ, തരുമോ?', എന്നു സെക്രട്ടി ചോദിച്ചപാടെ അയാൾ 'ആനപ്പക' എടുത്തു കൊടുത്തു. കവർ പേജിൽ മാത്രമല്ല ഉള്ളിലെ ടൈറ്റിൽ പേജിലും, അവസാന പേജിലും ഓവൽ ഷെയിപ്പിൽ പേപ്പർ വെട്ടി മാറ്റപ്പെട്ടിട്ടുണ്ടായിരുന്നു. 'ഇക്ക, സത്യം പറയണേ, നിങ്ങക്കിത് എങ്ങനെ കിട്ടി. ഇത് ദി പീപ്പിൾസ് ലൈബ്രറീലെ പുസ്തകാണല്ലൊ.' 'അതൊന്നും എനിക്കറീല്ല. നന്നായി കവിത ചൊല്ലണ ഒരുകവി ഇടക്ക് ഇവിടന്ന് ഭക്ഷണം കഴിക്കണ ദിവസങ്ങളിൽ ബില്ലിനൊപ്പം വെലക്കു തരണത. കിട്ടാനില്ലാന്നു പറഞ്ഞ് എഴുതിയിരിക്കണതിൻ്റെ എരട്ടി വെലക്ക തരണത്‌. ബില്ല് കഴിച്ചുള്ള പൈസ അയാള് അപ്പത്തന്നെ വാങ്ങിക്കൊണ്ടു പോകും.'

' അപ്പ വേറെണ്ടൊ നിങ്ങടെ കയ്യില്', എന്ന് ചോദിച്ചപ്പോൾ ജമാലിക്ക പറയുന്നത് 'വീട്ടിലൊണ്ട്, 10-12 എണ്ണം കാണും. എല്ലാം നല്ല പുസ്തകങ്ങള. ഇങ്ങേര് തന്നെ എല്ലാം തന്നത്'. 'നമ്മടെ ലൈബ്രറീലെ പുസ്തകങ്ങള നിങ്ങള് വെല കൊടുത്തു വാങ്ങീത്. അതെല്ലാം നാളെത്തന്നെ തിരിച്ചു തരണം', എന്ന് പ്രസിഡൻ്റ് പറഞ്ഞപ്പോൾ 'തരാല്ലൊ. വെറതെ ഞാൻ തരൂല്ല. ഞാ കൊടുത്ത തുക തന്നാ മതി. എപ്പവേണേലും തിരിച്ചു തരാം' എന്നായി ജമാലിക്ക. പ്രസിഡൻ്റ് പുസ്തകം വില കൊടുത്ത് നാളെത്തന്നെ തിരികെ വാങ്ങുവാൻ എന്നെ ചുമതലപ്പെടുത്തി. തുക പ്രസിഡൻ്റ് സംഭാവനയായി തന്നു കൊള്ളാമെന്നും പറഞ്ഞു.

ഞങ്ങൾ ലൈബ്രറിയിലേക്ക് കയറി. അവിടെ സിബിനും, ആതിരയുമുണ്ടായിരുന്നു. സംസാരിച്ച് ഇരുന്നിരുന്ന ഇരുവരും ഞങ്ങൾ ചെന്നത് അറിഞ്ഞതേ ഇല്ല. പൊടുന്നനെ

മുൻപിൻ ആലോചിക്കാതെ ഞാൻ വെറുതെയൊരു തട്ടുതട്ടി. 'നിങ്ങള് രണ്ടാളും കൊണ്ടുപോയിരിക്കുന്ന പുസ്തകങ്ങള് നാളെത്തന്നെ എൻ്റടുത്ത് തിരിച്ചേൽപ്പിച്ചേക്കണം'. 'നാളെ കൊണ്ടു വരാം' എന്ന് സിബിനും, 'ശരിസാറേ' എന്ന് ആതിരയും ഒരു നിമിഷം പോലും വൈകാതെ എന്നോട് പറഞ്ഞു കഴിഞ്ഞിരുന്നു.

വായന മരിച്ചുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായിരിക്കുന്നു. എന്നിട്ടും ഇതെന്താണ് പുസ്തകങ്ങളോടും വായനയോടും എഴുത്തുകാരോടും അസാധാരണ  പ്രതിപത്തിയോടെ ഇപ്പോഴും ആളുകൾ  പെരുമാറുന്നതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായില്ല.  ബയൻ്റിങ്ങു നഷ്ടപ്പെട്ട്  കുത്തഴിഞ്ഞ്, വശങ്ങളിലാകെ കറുത്തപശപറ്റി നിറം മങ്ങിയ നൂലുകളുള്ള, പപ്പടം പോലെ പേജുകൾ പൊടിയുന്ന മൃതപ്രായമായ ഒരുപഴയ പുസ്തകം എൻ്റെ മേശമേൽ  കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റാക്കിലെ പുസ്തകങ്ങൾക്ക് ഇടയിൽ നിന്നു കിട്ടിയതാണ്.  ഈ പുസ്തകമാകട്ടെ, നമ്മുടെ ലൈബ്രറിയുടെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന സത്യം ഉൾക്കൊണ്ട്, ആരാലും മോഷ്ടിക്കപ്പെടാത്ത ആ പഴഞ്ചൻ പുസ്തകത്തെ  ഏറെ സ്നേഹത്തോടെ, ക്ഷമയോടെ, സൂഷ്മതയോടെ    നോക്കുവാനും, പ്രണയിക്കുവാനും, തലോടുവാനും തുടങ്ങി.
 

Join WhatsApp News
ബാബു പോൾ മാവേലി 2026-08-16 15:55:51
ഏത് ലൈബ്രറി പ്രവർത്തകരും ഇന്ന് അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു❤️♥️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക