Image

ജാനകി നാദം: ജാനകിയമ്മയുടെ ഓർമ്മയിൽ ഒരു സംഗീതസ്മരണ!

Published on 16 August, 2026
ജാനകി നാദം: ജാനകിയമ്മയുടെ ഓർമ്മയിൽ ഒരു സംഗീതസ്മരണ!

മലയാള സിനിമാസംഗീതത്തിന് തന്റെ സ്വരമാധുരിയിലൂടെ അനശ്വരമായ സംഭാവനകൾ നൽകിയ ഗായിക, എസ്. ജാനകിയമ്മയുടെ ഓർമ്മകൾക്ക് സംഗീതത്തിലൂടെ ആദരമർപ്പിക്കുകയാണ് “ജാനകി നാദം” എന്ന പരിപാടിയിലൂടെ സാധക സ്കൂൾ ഓഫ് മ്യൂസിക്, യു.എസ്.എ. 2026
ആഗസ്റ്റ് 16 ഞായറാഴ്ച, ന്യൂജേഴ്സിയിലെ ഗോദാവരി റെസ്റ്റോറന്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5 മണി മുതൽ 8.30 വരെയാണ് പരിപാടി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികളും ഇതോടൊപ്പം നടക്കും.

മലയാള സിനിമാസംഗീതത്തിന്റെ വളർച്ചയിൽ ജാനകിയമ്മ നൽകിയ അതുല്യമായ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് “ജാനകി നാദം” ഒരുക്കുന്നത്. ജാനകിയമ്മയുടെ എണ്ണമറ്റ ഗാനങ്ങളിൽനിന്ന് ഏതാനും തിരഞ്ഞെടുത്ത ഗാനങ്ങൾ മാത്രമാണ് പരിപാടിയിൽ ആലപിക്കുന്നത്. ആ ഗാനങ്ങളിലൂടെ അവരുടെ സ്വരവൈവിധ്യവും ഭാവസാന്ദ്രതയും മലയാള സിനിമാഗാനരംഗത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളും വീണ്ടുമൊരിക്കൽ കൂടി ഓർമ്മയിൽ കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇത് ഒരു വിപുലമായ സംഗീതപരിപാടി എന്നതിലുപരി, പ്രിയപ്പെട്ട ഗായികയുടെ ഓർമ്മകൾക്ക് സംഗീതത്തിലൂടെ സമർപ്പിക്കുന്ന ഒരു സ്നേഹാഞ്ജലിയായിരിക്കും.

സംഗീതവും ദേശസ്നേഹവും ഒത്തുചേരുന്ന ഈ സായാഹ്നം പ്രവാസി മലയാളികൾക്ക് ഒരു വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സാധക സ്കൂൾ ഓഫ് മ്യൂസിക്, യു.എസ്.എയുടെ ഡയറക്ടർ കെ. ഐ. അലക്സാണ്ടറുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് ഫിസിഷ്യനും സാധക മ്യൂസിക് ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഡോ. സന്തോഷ് അകവൂരാണ് പരിപാടിയിലെ വിശിഷ്ടാതിഥി. ഏഷ്യൻ പോപ്പുലർ അസോസിയേഷന്റെ പ്രസിഡന്റും പ്രിങ്സ്റ്റൺ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് സ്കോളറുമായ ജെയിംസ് കുരിയത്തും പരിപാടിയിൽ പങ്കെടുക്കും. ഡോ. പ്രസാദ് അകവൂർ, ജോർജി സാമുവൽ, രാജേഷ് രബീന്ദ്രൻ എന്നിവരാണ് പരിപാടിയുടെ കോഡിനേറ്റർമാർ. സംഗീതത്തിന്റെ മാധുര്യത്തോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കുന്നുണ്ട്. പ്രവേശനം പാസ് മുഖേനയായിരിക്കും.

ജാനകിയമ്മയുടെ സ്വരമാധുര്യത്തിൽ പിറന്ന ഏതാനും ചില ഗാനങ്ങൾ മാത്രമേ വേദിയിൽ അവതരിപ്പിക്കുന്നുള്ളുവെങ്കിലും, അവ മലയാളിപ്രേക്ഷകർക്ക് ഓർമ്മകളുടെ പഴയ വാതിലുകൾ തുറന്ന് ഒരു തലമുറയുടെ സംഗീതാനുഭവങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരമാകുമെന്നതിൽ സംശയിക്കാനില്ല. സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ജാനകിയമ്മയുടെ ഗാനങ്ങളിലൂടെ ഒരു സുന്ദരമായ കാലയാത്ര സമ്മാനിക്കുന്ന ഈ സംഗീതവിരുന്ന് ന്യൂജേഴ്സിയിൽ ഒരു ശ്രദ്ധേയമായ സായാഹ്നമായി മാറുമെന്നത് തീർച്ച! ഏവരെയും ഈ സംഗീതവിരുന്നിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക