
ന്യു യോർക്ക്: ന്യു യോർക്ക് സിറ്റിയുടെ ഭാഗമായ ക്വീൻസിൽ നടന്ന പതിനൊന്നാമത് ഇന്ത്യ ദിന പരേഡിൽ ഇന്ത്യാക്കാരനായ മേയർ സൊഹ്‌റാൻ മാംദാനി പങ്കെടുത്തത് ഇന്ത്യൻ സമൂഹത്തിനു ലഭിച്ച അപൂർവ അംഗീകാരമായി. ന്യു യോർക്ക് നഗരത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യാക്കാരനാണ് താനെന്നും അതിൽ അഭിമാനമുണ്ടെന്നും മാംദാനി വ്യക്തമാക്കുകയും ചെയ്തു.

മേയറാകും വരെ ക്വീൻസിൽ താമസിച്ചിരുന്ന മാംദാനി ഫ്ലോറൽ പാർക്കിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. പരേഡ് സംഘടിപ്പിച്ച ഫ്ലോറൽ പാർക്ക്-ബെൽറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ ചെയർ കോശി തോമസ്, പരേഡ് കമ്മിറ്റി ചെയർ ഡിൻസിൽ ജോർജ്, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ഉഷാ ജോർജ് എന്നിവരെ അഭിനന്ദിച്ചു കൊണ്ടാണ് മാംദാനി പ്രസംഗം തുടങ്ങിയത്. സിറ്റി കൗൺസിൽ സ്‌പീക്കർ അഡ്രിയൻ ആഡംസ്, കോൺഗ്രസംഗം ടോം സുവോസി എന്നിവരുടെസാന്നിധ്യം എടുത്തു പറഞ്ഞ മേയർ ഇന്ത്യാക്കാരനായ സിറ്റി കൗൺസിലർ ശേഖർ കൃഷ്നനെയും പരിചയപ്പെടുത്തി.

ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമായതിൽ താൻ അഭിമാനിക്കുന്നുവെന്ന് മാംദാനി പറഞ്ഞു. മുൻ മേയർ ഡേവിഡ് ഡിങ്കിൻസ് പറഞ്ഞത് ന്യു യോർക്ക് സിറ്റി വ്യത്യസ്‌തകൾ എല്ലാം കൂടി ചേർന്ന് ഒരു മൊസൈക്ക് ആണെന്നാണ്. ഇന്ത്യൻ സമൂഹത്തെപ്പറ്റിയും താൻ അത് പറയും. പല സ്ഥലങ്ങളിൽ നിന്നും പല സഹാചര്യങ്ങളിൽ നിന്നും വന്നവരാണ് ഇന്ത്യാക്കാർ.
ന്യു യോർക്ക് സിറ്റിക്കും സിറ്റേറ്റിനും ഇന്ത്യാക്കാർ നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ഈ നാടിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഇന്ത്യാക്കാരുടെ അർപ്പണബോധത്തിനും മേയർ മാംദാനി നന്ദി പറഞ്ഞു.

തന്നെ ഇന്നത്തെ സ്ഥിതിയിലെത്തിക്കാൻ സഹായിച്ച ഒട്ടേറെ മുഖങ്ങൾ താൻ ജനക്കൂട്ടത്തിനിടയിൽ കാണുന്നുവെന്നും അവർക്കെല്ലാം പ്രത്യേകം നന്ദി പറയുന്നുവെന്നും മേയർ വ്യക്തമാക്കി.
കഴിഞ്ഞ വര്ഷം മേയർ സ്ഥാനാർഥി എന്ന നിലയിൽ മാംദാനി പരേഡിനെത്തിയിരുന്നു. അന്ന് അദ്ദേഹത്തെ പരേഡിൽ പങ്കെടുപ്പിക്കുന്നതിൽ പലർക്കും എതിരഭിപ്രായവുമുണ്ടായിരുന്നു.

മുൻ വർഷങ്ങളെക്കാൾ ഊർജസ്വലമായ പരേഡാണ് ഇത്തവണ നടന്നത്. ഹിൽസൈഡ് അവന്യുവിൽ 268-മത് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച പരേഡ് 249-മത് സ്ട്രീറ്റിൽ സമാപിക്കുമ്പോൾ വൻപിച്ച ജനാവലി അവിടെ സന്നിഹിതരായിരുന്നു. . പതിവിൽ കൂടുതൽ സ്റ്റാളുകൾ ഇത്തവണ ഉണ്ടായിരുന്നു. കമനീയമായ സ്റ്റേജിൽ ജനപ്രതിനിധികളുടെയും നേതാക്കളുടെയും ആശംസകൾ കഴിഞ്ഞതോടെ കലാപരിപാടികൾ അരങ്ങേറുകയായി .

പരേഡിൽ ഇത്തവണ ന്യു യോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ബാൻഡ്, പോലിസ് ഓഫീസേഴ്‌സിന്റെ മാർച്ച്, പൊലീസിലെ സൗത്ത് ഏഷ്യാക്കാരുടെ സംഘടനയായ ദേശി സൊസിറ്റിയുടെ വലിയ പ്രാതിനിധ്യം , മലയാളി പോലീസ് ഓഫിസർമാരുടെ സംഘടന എ.എം.എൽ. ഐ. യുവിന്റെ സാന്നിധ്യം എന്നിവക്ക് പുറമെ കറക്ഷൻ ഓഫീസർമാരും അണി നിരന്നു. പോലീസ്, ഫയർ ഫോഴ്സ്, കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ വാഹനങ്ങളും പങ്കെടുത്തു.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ഫ്‌ലോട്ടുമായി രംഗത്തു വന്നു. ഫോമായുടെ ഫ്ലോട്ടിൽ പുതിയ ജനറൽ സെക്രട്ടറി പോൾ പി. ജോസ്, ട്രഷറർ പ്രദീപ് നായർ, നിലവിലെ ആർ.വി.പി. മാത്യു ജോഷ്വ, മുൻ ട്രഷറർ തോമസ് ടി ഉമ്മൻ, ലാലി കളപ്പുരക്കൽ, തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യൻ നഴ്‌സസ് അസോസിയേഷനും ഫ്‌ലോട്ടുമായി രംഗത്ത് ഉണ്ടായിരുന്നു.
ഗുരുജി ദിലീപ്ജി, ചാക്കോ വെള്ളരിങ്ങാട്, കോശി ജോർജ്, അലക്സ് എസ്തപ്പാൻ, തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു .
ന്യു യോർക്ക് സിറ്റിയിൽ മാത്രമാണ് രണ്ടു പരേഡുകൾ നടക്കുന്നത്. മൻഹാട്ടനിൽ ഇന്ന് (ഞായർ) നടക്കുന്ന പരേഡിൽ ന്യു യോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോക്കലും പങ്കെടുക്കും. നാല് പതിറ്റാണ്ടിനിടയിൽ ഒരു ഗവർണർ പങ്കെടുക്കുന്നത് ഇതാദ്യമാണ്.