Image

'സംസ്‌കാര ശൂന്യന്‍, മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷ് കുമാർ രാജിവയ്ക്കണം; കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

Published on 15 August, 2026
'സംസ്‌കാര ശൂന്യന്‍,  മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷ് കുമാർ രാജിവയ്ക്കണം; കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എന്‍എസ്എസിന്റെ പിന്തുണയും തണലുമാണ് എല്ലാറ്റിനും സഹായിച്ചതെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുകുമാരന്‍ നായരാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.

ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനായും സംസ്‌കാര ശൂന്യനായും പ്രവര്‍ത്തിച്ചുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ മൂന്ന് വര്‍ഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നുകൊണ്ട് സനാതന ധര്‍മത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത്തരം മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്ന് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

സംഘടനയുടെ ദൈവീകത കൊണ്ടാണ് അദ്ദേഹം ഉന്നതാധികാര സമിതിയില്‍നിന്ന് പുറത്തായതെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. പത്തനാപുരം താലൂക്ക് യൂണിയന്‍ ഭരണം എന്‍എസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാര്‍ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയന്‍ ആരോപിച്ചു.

സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എന്‍എസ്എസ് കരയോഗത്തില്‍ അംഗമായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എന്‍എസ്എസ് നേതൃത്വത്തിനും ജി സുകുമാരന്‍ നായര്‍ക്കും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. ഗണേഷ് കുമാറിനെപ്പോലെയുള്ളവര്‍ എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും താലൂക്ക് യൂണിയന്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക