Image

സ്വകാര്യ വ്യക്തിക്ക് കാശുണ്ടാക്കാന്‍ പിണറായി സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടല്‍; മെസ്സി വിവാദം കത്തുന്നു (എ.എസ് ശ്രീകുമാര്‍)

Published on 15 August, 2026
സ്വകാര്യ വ്യക്തിക്ക് കാശുണ്ടാക്കാന്‍ പിണറായി സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടല്‍; മെസ്സി വിവാദം കത്തുന്നു (എ.എസ് ശ്രീകുമാര്‍)

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന ഇടപാടുകളില്‍ ഗുരുതര ക്രമക്കേടുകളും നികുതി വെട്ടിപ്പും ഉണ്ടായെന്ന പരാതിയില്‍ അന്വേഷണം വ്യാപകമാകുന്നു. മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍, വിദേശത്തേക്ക് പണം കൈമാറിയതിലെ ചട്ടലംഘനങ്ങള്‍, ജി.എസ്.ടി തട്ടിപ്പ്, പിണറായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ച നടപടികളിലെ വീഴ്ചകള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധിക്കുന്നത്. മെസ്സി വിവാദത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം നടത്താനുള്ള നടപടികളിലാണ്. കായികവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടി.വി ഉടമകള്‍ക്കെതിരെ ധനവകുപ്പും ജി.എസ്.ടി വകുപ്പും അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് സംസ്ഥാന വിജിലന്‍സിനെയും അന്വേഷണത്തിന്റെ ഭാഗമാക്കാനുള്ള നീക്കം.

ഇതിനിടെ, ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കാമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദമായ മാങ്കോ ഫോണ്‍, മുട്ടില്‍ മരം മുറി ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് ആന്റോ. എന്നാല്‍ ഉയര്‍ന്നുവന്ന കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചുകളി നടത്തുകയാണ് ആന്റോയും സംഘവും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍.ബി.സി) കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന ആന്റോ, ആ കരാറിന്റെ സ്വഭാവമെന്തെന്നോ അതിലെ സുതാര്യതയെക്കുറിച്ചോ പ്രതികരിക്കുന്നുമില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കിയതായി പറയപ്പെടുന്ന 126 കോടി രൂപയുടെ ഉറവിടെ എവിടെയാണെന്നതാണ് പ്രസക്തമായ ചോദ്യം. ഇത് ദേശവിരുദ്ധമായ കള്ളപ്പണം വെളുപ്പിക്കലിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍.ബി.സി) വിദേശത്തേക്ക് വന്‍തുക കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ പരിശോധിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടലംഘനം ( കള്ളപ്പണം വെളുപ്പിക്കല്‍, മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഇ.ഡിയുടെ പരിശോധനയുടെ പരിധിയിലുണ്ട്. 2025 ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലായി ഏകദേശം 126 കോടി രൂപ യു.എസ് ഏജന്‍സിക്ക് കൈമാറിയെന്ന വിവരവും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പണം കൈമാറിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എസ്.ബി.ഐ അക്കൗണ്ട് വഴിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും രേഖകളും ഇ.ഡി. പരിശോധിച്ചേക്കും.

അതേസമയം, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 22.68 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ അടയ്ക്കാനുണ്ടെന്ന് 2025 ജൂണില്‍ കണ്ടെത്തിയിരുന്നുവെന്ന വിവരവും അന്വേഷണത്തില്‍ നിര്‍ണായകമാകും. കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസ് കമ്പനിക്ക് പലതവണ നോട്ടീസ് നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ലെന്ന പരാതിയിലാണ് ഇപ്പോള്‍ പ്രത്യേക പരിശോധന. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണസംഘം കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കും. കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടും നടപടി വൈകിയതിന്റെ കാരണം സംഘം അന്വേഷിക്കും. ബന്ധപ്പെട്ട ഫയലുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ-വേ ബില്ലുകള്‍, നികുതി രേഖകള്‍ എന്നിവയും പരിശോധിക്കും.

നികുതി കുടിശ്ശിക കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലംമാറ്റിയതും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനു പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടായിരുന്നോയെന്നും സംഘം പരിശോധിക്കും. സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതിലെ നടപടിക്രമങ്ങള്‍, സ്‌പോണ്‍സറെ തിരഞ്ഞെടുത്ത രീതി, ടെന്‍ഡര്‍ നടപടികള്‍ പാലിച്ചോയെന്നത്, പദ്ധതിക്കായി ഫണ്ട് സമാഹരിച്ച രീതി എന്നിവയാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുക.മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ ഉറപ്പുകളില്ലാതെയാണ് ചില നടപടികള്‍ സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയം കൈമാറിയതിലും സ്‌പോണ്‍സറെ കണ്ടെത്തിയതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന പരാതികളും അന്വേഷണവിധേയമാകും.

സര്‍ക്കാര്‍ അധീനതയിലുള്ള സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍, സ്‌പോണ്‍സര്‍ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, പദ്ധതിക്കായി ഫണ്ട് സമാഹരിച്ച രീതി എന്നിവയും വിജിലന്‍സ് പരിശോധിക്കും. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി എ.എഫ്.ഐയുമായി ബന്ധപ്പെട്ട് കരാറുകള്‍ ഉണ്ടായിരുന്നുവെന്ന അവകാശവാദത്തിന്റെ യാഥാര്‍ഥ്യവും അന്വേഷണസംഘം പരിശോധിക്കും. ഫണ്ട് സമാഹരണം, കരാറുകളുടെ സാധുത, സര്‍ക്കാര്‍ ഉത്തരവുകള്‍, ബന്ധപ്പെട്ട വകുപ്പുകളുടെ നടപടിക്രമങ്ങള്‍ എന്നിവയും പരിശോധിക്കാനാണ് തീരുമാനം.

പ്രാഥമിക പരിശോധനയില്‍ തന്നെ നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് സര്‍ക്കാര്‍ നീക്കം. അന്വേഷണത്തിന്റെ പരിധി നിശ്ചയിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജി.എസ്.ടി തട്ടിപ്പ് സംബന്ധിച്ച പരിശോധന വൈകിയതിലും തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതിലും ഏതെങ്കിലും ഉന്നതതല ഇടപെടല്‍ ഉണ്ടായിരുന്നോയെന്നതും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സംഭവവും വിശദമായി പരിശോധിക്കും.

മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ മുതല്‍ സര്‍ക്കാര്‍ സ്റ്റേഡിയം കൈമാറിയ നടപടി വരെ വിവിധ ഘട്ടങ്ങളില്‍ ക്രമക്കേടുണ്ടായെന്ന പരാതികളാണ് ഇപ്പോള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. കായികവകുപ്പ്, ജി.എസ്.ടി, ധനവകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം സമഗ്രമായ അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരിക്കും അറിയിക്കുക.

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവരികയാണ് അന്വേഷണങ്ങളുടെ പ്രധാന ലക്ഷ്യം. പണം എവിടെനിന്ന് സമാഹരിച്ചു, എവിടേക്ക് കൈമാറി, ഇടപാടുകളില്‍ നികുതി നിയമങ്ങളും വിദേശനാണ്യ ചട്ടങ്ങളും പാലിച്ചോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് വീഴ്ചയോ ഇടപെടലോ ഉണ്ടായോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇനി അന്വേഷണത്തിലൂടെ പുറത്തുവരേണ്ടത്. സ്വകാര്യവ്യക്തിക്ക്, അതു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തിന് കൂട്ടു നിന്നു എന്നതാണ് അറിയേണ്ടത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക