
കാഴ്ചകൾക്കൊപ്പം ചില സ്ഥലങ്ങൾ നമ്മളെ ചരിത്രങ്ങളിലെക്കും പഴയ കഥകളിലേക്കും കൂട്ടിക്കൊണ്ട് പോകാറുണ്ട്.
മഹാരാഷ്ട്രയുടെ മണ്ണിൽഗോദാവരിയുടെ തീരത്തുള്ള നാസികിൽ ചരിത്രത്തേക്കാൾ പഴക്കമുള്ളകഥകളും ഐതിഹ്യങ്ങളും ഇന്നും ജീവിക്കുന്നുണ്ട് .അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് രാമായണത്തിലെ കഥകളാണ് .
രാമായണകഥകളുടെ പാദമുദ്രകൾ തേടിയായിരുന്നു ഗോദാവരിയുടെ തീരത്തെ പഞ്ചവടിയിലേക്കുള്ള എൻ്റെ നാസിക് യാത്ര.

നവി മുംബൈ എയർപോർട്ടിൽ നിന്നും ബസ് മാർഗമാണ് നാസിക്കിൽ എത്തിയത് . മഴക്കാലമായതിനാൽ ഹൈവേയുടെ ഇരു വശങ്ങളും ഈറനണിഞ്ഞ പച്ചപ്പിൽ തളിർത്ത് പ്രകൃതി നയനമനോഹരിയായിരുന്നു .
ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിൻ്റെ ദിനങ്ങൾ പിന്നിട്ടത് ഈ ഭൂമിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു . നഗരത്തിൻ്റെ തിരക്കുകൾ നിറഞ്ഞു നിൽക്കുന്ന നാസിക്കിൻ്റെ ചില കോണുകളിൽ രാമായണത്തിലെ ആരണ്യകാണ്‌ഡത്തിൻ്റെ സ്മരണകൾ ഇന്നും ഐതിഹ്യങ്ങളായിജീവിക്കുന്നുണ്ട് .

ദണ്ഡകാരണ്യത്തിലെ പ്രദേശമായ പഞ്ചവടി , തപോവൻ ,സീതാ ഗുഹ , രാമകുണ്ഡ് , കാലാരാം ക്ഷേത്രം . ഇവയെല്ലാം നാസിക്കിൻ്റെ പുരാണ ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളാണ് . ഈ പുരാതന പുണ്യഭൂമി സന്ദർശിക്കുമ്പോൾ രാമായണത്തിൻ്റെ ഏടുകളിലൂടെ സഞ്ചരിക്കുന്ന സായൂജ്യമാണ് ലഭിക്കുന്നത്.
രാമായണത്തിൽ പഞ്ചവടിയിൽ താമസിക്കുവാൻ ശ്രീരാമന് നിർദ്ദേശം നൽകിയത് അഗസ്‌ത്യമുനിയാണ്.

മഴക്കാലം സമൃദ്ധമാക്കിയ ഗോദാവരി തീരത്തെ രാമ കുണ്‌ഡിൽ നിന്നു തന്നെ യാത്ര തുടങ്ങാം. ശ്രീരാമൻ വനവാസക്കാലത്ത് ഇവിടെ സ്‌നാനം ചെയ്തിരുന്നെന്നാണ് വിശ്വാസം .
പഞ്ചവടിയിലെ ഓരോ ഇടത്തിലും ഓരോ കഥകളുറങ്ങുന്നുണ്ട് . ശൂർപ്പണഖയുടെ വരവ്, രാവണൻ്റെ പദ്ധതി പ്രകാരം മാരീചൻ പൊന്മാനാകുന്നു .രാവണൻ്റെ വരവ് , തുടങ്ങി സീതാപഹരണം വരെയുള്ള കഥകൾ നടക്കുന്നത് പഞ്ചവടിയിലാണ്. പഞ്ചവടി എന്ന പേര് അഞ്ച് വടവൃക്ഷങ്ങളുമായി ബന്ധപ്പെട്ടതാണ് .
ശാന്തമായ പഞ്ചവടിയിൽ ഒരിയ്ക്കൽ ലങ്കാധിപതി രാവണസോദരി ശൂർപ്പണഖ എത്തുന്നതും തുടർന്നുള്ള വികാരനിർഭരമായ സംഭവങ്ങളുമാണ് രാമായണ കഥാഗതിയിലെ പ്രധാന വഴിത്തിരിവാകുന്നത് .

ശൂർപ്പണഖയുടെ നാസിക ലക്ഷ്‌മണൻ മുറിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇവിടുള്ള തപോവൻ . നാസിക എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് നാസിക് എന്ന സ്ഥലനാമം തന്നെ രൂപം
കൊണ്ടതെന്നാണ് വിശ്വാസം . ശൂർപ്പണഖയുടെ വരവിനെ തുടർന്നുണ്ടാകുന്ന അനിഷ്‌ട സംഭവങ്ങൾ സീതാപഹരണത്തിലേയ്ക്കും രാമരാവണ യുദ്ധത്തിലേക്കും നീളുന്ന സംഭവ പരമ്പരയ്ക്ക് വഴിയൊരുക്കിയ ഇടമെന്ന നിലയിൽ നാസിക് വിശ്വാസത്തിൻ്റെയും ചരിത്രത്തിൻ്റെയും കഥകളുടെയും സംഗമ വേദിയായി മാറുന്നു.
വർഷങ്ങൾ പഴക്കമുള്ള വടവൃക്ഷങ്ങൾ ഇപ്പോഴും പഞ്ചവടിയിൽ കഥകൾ പറയുവാൻ കാത്തു നിൽക്കുന്നുണ്ട് . കൊടികളും തോരണങ്ങളും കൊണ്ട് പ്രകൃതി ഭംഗി നശിപ്പിച്ച ഒരു കോൺക്രീറ്റ് വനമായി പഞ്ചവടി മാറിയെന്നത് ഏറെ ദുഃഖകരമാണ് .
പഞ്ചവടിയിലുള്ള പുരാതന ഗുഹാക്ഷേത്രമാണ് സീതാ ഗുഹ . സീത ഒരു ഗുഹയ്ക്കുള്ളിൽ ഒളിച്ചിരുന്ന സ്ഥലമാണ് സീതാ ഗുഹഎന്ന പേരിൽ അറിയപ്പെടുന്നതെന്ന് ഒരാൾ പറഞ്ഞു . പക്ഷേ എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണത്തിൽ അങ്ങനെ വായിച്ചതായി ഓർമ്മയില്ല .ഗുഹയുമായി ബന്ധപ്പെട്ട പല കഥകൾക്കും ചരിത്രപരമായ സംഭവങ്ങളെക്കാൾപ്രാദേശിക വിശ്വാസങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യംനൽകുന്നതെന്ന് തോന്നുന്നു . ഖര ദൂഷണ യുദ്ധ സമയത്ത് സീതയെ സുരക്ഷിതമായിഒളിപ്പിച്ച് വച്ച ഗുഹയാണ് സീതാ ഗുഹ എന്ന പേരിൽ അറിയപ്പെടുന്നത് എന്നും വിശ്വാസമുണ്ട്. ഒരാൾക്ക് നൂഴ്ന്ന് കയറി ഇറങ്ങുവാൻ സാധിക്കുന്ന ഗുഹയ്ക്കുള്ളിൽ സീതാരാമ ലക്ഷ്മണ ക്ഷേത്രവുമുണ്ട് . വെർട്ടിഗോയുടെ ഉപദ്രവമുള്ളവർ ഗുഹയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡ് വായിച്ചതിനാൽ ഗുഹാമുഖദർശനത്തിന് മാത്രമേ ഞാൻ മുതിർന്നുള്ളൂ .

സീതാ ഗുഹയ്ക്ക് പിന്നിലായി ഗോശാലയും കുറച്ച് മാറി സ്വയംഭൂ ഹനുമാൻ ക്ഷേത്രവും ഉണ്ട്.
നാസിക്കിൻ്റെ ആത്മീയ മുഖത്തിൻ്റെ പ്രധാന ഭാഗമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കാലാരാം ക്ഷേത്രം . കരിങ്കല്ലിലെ സവിശേഷമായ കൊത്തുപണികൾ എടുത്തു പറയേണ്ടതാണ് . ക്ഷേത്രത്തിൻ്റെ വാസ്‌തുശില്പവും ശാന്തമായ അന്തരീക്ഷവും നാസിക്കിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിൽ അനുഭവിക്കുവാൻ സാധിക്കുന്നു.
നിറഞ്ഞൊഴുകുന്ന ഗോദാവരിയുടെ തീരത്തോട് യാത്ര പറയാനൊരുങ്ങുമ്പോൾ നാസിക്കിൽ കണ്ടകാഴ്ചകളെക്കാൾ മനസ്സിൽ നിറഞ്ഞു നിന്നത് തലമുറകളായി കേട്ട് പഴകിപ്പതിഞ്ഞ ഇതിഹാസ കഥകളായിരുന്നു . രാമനും സീതയും ലക്ഷ്‌മണനും ഒരു കാലത്ത് വസിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിയിലൂടെ നടന്നപ്പോൾ നാലമ്പലദർശന സൗഭാഗ്യം തന്നെയാണ് കാലത്തിൻ്റെ ഓർമ്മകൾ പകർന്നു തന്നത്. ചില യാത്രകൾ ഒരു സ്ഥലത്തേക്കുള്ള സന്ദർശനമല്ല.

കാലത്തിലൂടെയും ഓർമ്മകളിലൂടെയും നടത്തുന്ന സഞ്ചാരമാണ് . ഈ കർക്കിടകമാസത്തിലെ എൻ്റെ നാസിക് യാത്രയും അത്തരമൊരു തീർത്ഥാടനമായിരുന്നു .