
ക്ഷേത്രകലാ പാരമ്പര്യങ്ങൾ വേരൂന്നിയ അമ്പലപ്പുഴയുടെ മണ്ണിൽ ജനിച്ച്, പരമ്പരാഗത സംഗീതത്തോട് ആഴമായ ആദരവുള്ള കുടുംബപശ്ചാത്തലത്തിൽ വളർന്ന്, ലോകമറിയുന്ന മൃദംഗസംഗീതജ്ഞനായി ഉയർന്ന കലാ നിപുണനാണ് ഗുരു ടി. എസ്. നന്ദകുമാർ. ഇന്ത്യാ ഗവണ്മെന്റിന്റെ സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായ പെർഫോമിംഗ് ആർട്ടിസ്റ്റ്, അധ്യാപകൻ, സാംസ്കാരിക അംബാസഡർ എന്നീ നിലകളിലെല്ലാം പുകളറിഞ്ഞ വ്യക്തിത്വമാണ്.
കർണാടക സംഗീതകലകളുടെ സമ്പന്നമായ പാരമ്പര്യങ്ങൾ ആഗോളതലത്തിൽ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അഞ്ചിലേറെ പതിറ്റാണ്ടുകളാണ് അദ്ദേഹം കർമ്മനിരതമാക്കിയത്. ന്യൂജേഴ്സി ആസ്ഥാനമായുള്ള “ടി. എസ്. എൻ. പെർക്കസീവ് ആർട്‌സ് സെന്ററിന്റെ” സ്ഥാപകനായും ഗുരുവായും പ്രവർത്തിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് പുറത്ത് ക്ലാസിക്കൽ ഇന്ത്യൻ താളവാദ്യങ്ങൾ പഠിപ്പിക്കുന്ന ശൈലികളിൽ അദ്ദേഹം വലിയ വിപ്ലവം സൃഷ്ടിച്ചു. ദേശാതിർത്തികൾ കടന്ന് എണ്ണമറ്റ വിദ്യാർത്ഥികളെയാണ് അദ്ദേഹം കലോപാസനയിൽ വ്യാപൃതരാക്കിയത്.

ആത്മാർത്ഥമായ ലയവും സമർത്ഥമായ പ്രകടനവും ഗുരു ടി.എസ്. നന്ദകുമാറിനെ ഇതിഹാസ കർണാടക വയലിൻ ത്രിമൂർത്തികൾ, പ്രശസ്ത ഗായകർ എന്നിവരോടൊപ്പമുള്ള സഹയാത്രികനാക്കി മാറ്റി. മൃദംഗത്തിന്റെ ആധികാരികവും സങ്കീർണ്ണവുമായ ഭാഷ പാശ്ചാത്യലോകത്തുപോലും തലമുറകളിലുടനീളം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിബദ്ധത ഉറപ്പാക്കുന്നു. കരിയറിന്റെ പ്രധാന ഭാഗം മുംബൈയിൽ ചെലവഴിച്ച അദ്ദേഹം, തുടർന്ന് അമേരിക്കയിലേക്കും യുണൈറ്റഡ് കിംഗ്ഡത്തിലേക്കും തന്റെ അദ്ധ്യാപനം വ്യാപിപ്പിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ തൊട്ടടുത്ത നിമിഷത്തിൽ, ഡൽഹിയിലെ അശോകാ ഹോട്ടലിലിരുന്ന് അദ്ദേഹം സംസാരിക്കുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞത് കേവലമൊരു അവാർഡ് നേട്ടത്തിന്റെ പ്രൗഢിയല്ല, മറിച്ച് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സമർപ്പണത്തിന്റെയും അചഞ്ചലമായ ഗുരുഭക്തിയുടെയും നിർവൃതിയായിരുന്നു. 'ഇ-മലയാളി'ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ സംഗീതയാത്രയെക്കുറിച്ചും ലയസങ്കൽപ്പങ്ങളെക്കുറിച്ചും ഗുരു നന്ദകുമാർ മനസുതുറക്കുന്നു...
അവാർഡ് നേട്ടം: തപസ്സിന് മുന്നിലെ പ്രണാമം
"സംഗീതം എന്നത് ഒരറ്റമില്ലാത്ത ചക്രവാളമാണ്. നാം സമുദ്രത്തെ വിമാനത്തിൽ കടന്നേക്കാം, എന്നാൽ ചക്രവാളത്തെ ആർക്കും തൊടാനാകില്ല. ഈ വിജ്ഞാനസാഗരത്തിന് മുന്നിൽ നാമെല്ലാം കേവലം കടുകുമണികളാണ്."
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ഏറ്റുവാങ്ങിയ ആ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ തികഞ്ഞ വിനയത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. "ഇതൊരു പൂർണ്ണതയാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. എന്റെ വർഷങ്ങളായുള്ള തപസ്സിനും, ഭാരതീയ സംഗീത സംസ്കാരത്തെ ലോകമെമ്പാടും പ്രചരിപ്പിച്ചതിനും കിട്ടിയ അംഗീകാരമായി ഇതിനെ കാണുന്നു."

ബാല്യത്തിലെ താളവാസനയും ഗുരുഭക്തിയും
കേരളത്തിലെ അമ്പലപ്പുഴയുടെ പുണ്യഭൂമിയിലാണ് കുഞ്ഞു നന്ദകുമാറിന്റെ സംഗീത ചിറകുകൾ മുളപൊട്ടിയത്. പ്രസിദ്ധ നാദസ്വരം വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ കുടുംബപശ്ചാത്തലത്തിൽ ജനിച്ച അദ്ദേഹത്തിന് താളവാദ്യകല രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. അമ്മയുടെ ഗാനാലാപനവും അമ്മാവന്മാരുടെ സംഗീത താല്പര്യങ്ങളും താളലോകത്തേക്കുള്ള വാതിൽ തുറന്നു.
നാലാം വയസ്സിൽ കൈതവന മാധവദാസിനു കീഴിൽ ഗുരുകുല സമ്പ്രദായത്തിൽ മൃദംഗ പഠനം ആരംഭിച്ചു. ഗുരുവിനോടുള്ള ആദരവിനെക്കുറിച്ച് പറയുമ്പോൾ ആ ശബ്ദത്തിൽ പവിത്രത നിഴലിച്ചു:
"എനിക്ക് ഗുരുക്കന്മാർ പലരില്ല, ഒരേയൊരു ഗുരു മാത്രം—കൈതവന മാധവദാസ് ! അദ്ദേഹം തന്നെയാണ് എന്റെ ദൈവവും സർവ്വവും. എന്റെ ഏത് പുസ്തകത്തിലും കച്ചേരി വേദിയിലും സാറിന്റെ ചിത്രം ഉണ്ടായിരിക്കും. അമേരിക്കയിൽ വച്ച് നടന്ന ഒരു കച്ചേരി വേദിയിൽ ഗുരുവിന്റെ ചിത്രം കണ്ടില്ലെന്ന കാരണത്താൽ ഞാൻ കച്ചേരി നിർത്തിവെക്കുകയും, ഫോട്ടോ കൊണ്ടുവന്ന് പൂജിച്ച ശേഷം മാത്രം കച്ചേരി തുടങ്ങുകയും ചെയ്ത സംഭവം എനിക്കൊരിക്കലും മറക്കാനാവില്ല."
മഹാരഥന്മാർക്കൊപ്പം അരനൂറ്റാണ്ടിന്റെ അരങ്ങ്
അമ്പലപ്പുഴയിൽ നിന്ന് മുംബൈയിലേക്ക് (ബോംബെ) ചേക്കേറിയതോടെയാണ് 'ബോംബെ നന്ദകുമാർ' എന്ന പേരിൽ അദ്ദേഹം സംഗീതലോകത്ത് പ്രശസ്തനാകുന്നത്. മുംബൈയിലെ ഷൺമുഖാനന്ദ ഫൈൻ ആർട്സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ അധ്യാപകനായും ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, ചെമ്പൈ സംഗീതോത്സവം ഉൾപ്പെടെയുള്ള പ്രശസ്ത വേദികളിൽ മൃദംഗം മീട്ടി.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം. ഡി. രാമനാഥൻ, ഡോ. എം. ബാലമുരളീകൃഷ്ണ, പണ്ഡിറ്റ് ഭീംസെൻ ജോഷി, ഡോ. എൽ. സുബ്രഹ്മണ്യം, ടി. എൻ. കൃഷ്ണൻ, എ. കന്യാകുമാരി, ഡോ. കെ. ജെ. യേശുദാസ് തുടങ്ങിയ സംഗീത ലോകത്തെ ഇതിഹാസ തുല്യർക്കൊപ്പം താളവാദ്യം മീട്ടിയ അനുഭവം അദ്ദേഹം പങ്കുവെച്ചു:

"എം. ഡി. രാമനാഥൻ സാറിന്റെ കൂടെയുള്ള കച്ചേരി ഒരവിസ്മരണീയ അനുഭവമാണ്. 'വാതാപി ഗണപതിം' എന്ന ഒരൊറ്റ കീർത്തനം മാത്രം ഒരു മണിക്കൂർ 45 മിനിറ്റോളമാണ് അദ്ദേഹം അന്ന് എലാബറേറ്റ് ചെയ്ത് പാടിയത്. അരക്കട്ട ശ്രുതിയിലുള്ള ആ കച്ചേരി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു."
സാങ്കേതികവിദ്യയും കർണാടക സംഗീതത്തിന്റെ ഭാവിയും
ടെക്നോളജിയുടെ കടന്നുവരവ് പുതിയ തലമുറയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയെങ്കിലും, പഴയകാല സാധകത്തിന്റെ മാഹാത്മ്യം അത് നൽകുന്നുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
"പണ്ടൊക്കെ മൈക്ക് ഇല്ലാതെ പോലും നാല് കട്ടയിലും അഞ്ച് കട്ടയിലും പാടുന്ന മഹാരഥന്മാരുണ്ടായിരുന്നു. മണിക്കൂറുകളോളം നീളുന്ന കഠിന സാധകത്തിലൂടെയാണ് അവർ ആ സിദ്ധി നേടിയെടുത്തത്. മരത്തിൽ നിന്ന് തന്നെ പഴുത്തുപാകമായ മാങ്ങയുടെ രുചിയും, കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങയുടെ രുചിയും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ സംഗീതത്തിലുമുണ്ട്. എങ്കിലും എ.ഐ പോലുള്ള സാങ്കേതികവിദ്യകൾ ജോലി സാധ്യതകളെ ബാധിക്കുന്ന ഈ കാലഘട്ടത്തിലും, കലയെ ഗൗരവമായി സമീപിക്കുന്നവർക്ക് അതൊരു വലിയ survival മാർഗ്ഗമായി നിലനിൽക്കും."
അമേരിക്കയിലെ 'ടി.എസ്.എൻ പെർക്കസീവ് ആർട്ട് സെന്ററും' വിപ്ലവാത്മകമായ താളവാദ്യ പരീക്ഷണങ്ങളും
മുംബൈയിൽ തുടക്കമിട്ട് പിന്നീട് അമേരിക്കയിലേക്ക് (ന്യൂജേഴ്സി) വ്യാപിപ്പിച്ച TSN's പെർക്കസീവ് ആർട്ട് സെന്റർ (TSNPAC) ഇന്ന് ലോകമെമ്പാടുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. 4 വയസ്സുള്ള കുരുന്നുകൾ മുതൽ 90 വയസ്സുള്ള മുതിർന്നവർ വരെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലുണ്ട്.
മൃദംഗത്തിന് പുറമെ ഗഞ്ചിറ, ഘടം, തകിൽ, മോർസിങ്, കൊന്നക്കോൽ എന്നിവ കോർത്തിണക്കിയുള്ള താളവാദ്യ വൃന്ദങ്ങളും (Talavadya Ensembles) 'ഗുരു-ശിഷ്യ താളവാദ്യ കച്ചേരി'കളും അദ്ദേഹം ജനകീയമാക്കി. ഷൺമുഖാനന്ദ ഹാളിൽ 80-ലധികം വിദ്യാർത്ഥികളെ അണിനിരത്തി നടത്തിയ പെർക്കഷൻ എൻസംബിളും, ക്ലീവ്‌ലാൻഡ് ത്യാഗരാജ സംഗീതോത്സവത്തിൽ 108 കുട്ടികളെ പങ്കാളികളാക്കിയ പ്രകടനവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. വിദ്യാർത്ഥികൾക്കായി 'ജുവൽസ് ഓഫ് റിഥം' എന്ന സംഗീത ആൽബം പരമ്പരയും, 'റൂട്സ് ഓഫ് മൃദംഗം', 'ഇൻട്രിക്കസീസ് ഓഫ് മൃദംഗം' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കുടുംബം: തപസ്സിന് താങ്ങാവുന്ന തണൽ
തന്റെ ഈ അവിരാമമായ സംഗീത സപര്യയ്ക്ക് പിന്നിൽ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ടെന്ന് അദ്ദേഹം സ്മരിക്കുന്നു. ഭാര്യ ഷൈല നല്ലൊരു ആസ്വാദകയായി എപ്പോഴും കൂടെയുണ്ട്. മകൾ ലക്ഷ്മി കാനഡയിലെ ടൊറന്റോയിലും, മകൻ അഖിൽ (സോഫ്റ്റ്‌വെയർ എഞ്ചിനീയറും കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും) ബോസ്റ്റണിലും സ്ഥിരതാമസക്കാരാണ്.
യാത്ര തുടരുന്നു...
ഭാരത് രത്ന ഡോ. എം. എസ്. സുബ്ബുലക്ഷ്മി സംഗീത പ്രാചാര്യ അവാർഡും, അമേരിക്കയിലെ ബ്രൂക്ക്ഡെയ്ൽ കമ്മ്യൂണിറ്റി കോളജിന്റെ (ന്യൂജേഴ്‌സി) ഓണററി ബിരുദവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ മഹാഗുരു, ഡൽഹിയിലെ അക്കാദമി അവാർഡ് ചടങ്ങുകൾക്ക് ശേഷം നാട്ടിലെ അഭിനന്ദന യോഗങ്ങളിലും പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് മടങ്ങുകയാണ്. പ്രോഗ്രാമുകൾക്കായും ഓൾ ഇന്ത്യ റേഡിയോ റെക്കോർഡിംഗുകൾക്കുമായി വീണ്ടും ഭാരതത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹത്തിന്റെ സംഗീതയാത്ര വിശ്രമമില്ലാതെ തുടരുന്നു.
തയ്യാറാക്കിയത്: മീട്ടു റഹ്മത്ത് കലാം