Image

'ഷോലെ' സിനിമ ; ഇന്ന് 51 വയസ്സ് : ആർ. ഗോപാലകൃഷ്ണൻ

Published on 15 August, 2026
'ഷോലെ' സിനിമ ; ഇന്ന് 51 വയസ്സ് : ആർ. ഗോപാലകൃഷ്ണൻ

ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഷോലെ' അര നൂറ്റാണ്ട് പൂർത്തിയാക്കുന്നു.1975 ഓഗസ്റ്റ് 15-ന്, 28-ാം സ്വാതന്ത്ര്യദിനത്തില്‍, വെള്ളിത്തിരയില്‍ എത്തിയ ഈ ഹിന്ദിചിത്രം ഭാഷാഭേദമില്ലാതെ പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നതാണ്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഷോലെയുടെ മാറ്റ് ഒട്ടും കുറയുന്നേയില്ല.

ഇന്ത്യൻ ഭാഷകളിലെ ആദ്യ 70mm സിനിമയും 'ഷോലെ' ആണ്. (മലയാളത്തിൽ 'പടയോട്ടം') ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് 'ഷോലെ'. 'ഷോലെ'യുടെ സം‌വിധായകൻ എന്ന നിലയിലാണ്‌ രമേശ് സിപ്പി ഇന്നും കൂടുതലായും അറിയപ്പെടുന്നത്. അംജദ് ഖാൻ പ്രശസ്തിയിലേക്കുയർന്നതു തന്റെ മൂന്നാം ചിത്രമായ 'ഷോലെ'യിലെ 'ഗബ്ബർസിംഗ്' എന്ന വില്ലൻ കഥാപാത്രത്തോടെയാണ്. ബോക്‌സ് ഓഫിസില്‍ 135 കോടിയാണ് 'ഷോലെ' നേടിയത്; അന്നത്തെ മൂല്യം വെച്ച് ഇത് എത്രയോ വലിയ തുകയാണ്....

തിരക്കഥാകൃത്തുക്കളായ സലിംഖാന്റെയും ജാവേദ് അക്തറിന്റെയും തൂലികയില്‍ പിറന്ന ഒരു കൊച്ചു കഥ സിനിമാ സങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതിയ കാഴ്ചയാണ് ഇന്ത്യന്‍ സിനിമാലോകം കണ്ടത്. ചലച്ചിത്ര പ്രേമികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന 'ഷോലെ'യിലെ പ്രധാന കഥാപാത്രങ്ങളായ വീരുവിനേയും ജയ്നെയും അനശ്വരമാക്കിയത് അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയുമാണ്.

അംജത് ഖാന്‍, സഞ്ജീവ് കുമാർ, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച 'ഷോലെ'യുടെ സംവിധായകന്‍ രമേഷ് സിപ്പിയാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ.

സിനിമ തീയറ്ററുകളിൽ എത്തിയപ്പോള്‍ ആദ്യ ആഴ്ച തണുത്ത പ്രതികരണം. പതിയെ 'ഷോലെ'യെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീടുള്ളത് ചരിത്രം. തുടർച്ചയായി 286 ആഴ്ചകൾ (അഞ്ചര വർഷത്തിലധികം) ഈ ചിത്രം മുംബെയിലെ 'മിനർവ' സിനിമാശാലയിൽ ഇതു പ്രദർശിപ്പിക്കപ്പെട്ടു, 'ഷോലെ' ചരിത്രമെഴുതി.

എട്ടു വർഷം മുമ്പ് ത്രീഡിയില്‍ ഷോലെ റിലീസ് ചെയ്തപ്പോഴും പഴയ ആവേശമുണ്ടായില്ലങ്കിലും, പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക