Image

രണ്ട് പേരുടെ സ്വാതന്ത്ര്യസമരങ്ങൾ (രമാ പിഷാരടി)

Published on 15 August, 2026
രണ്ട് പേരുടെ സ്വാതന്ത്ര്യസമരങ്ങൾ (രമാ പിഷാരടി)

യുദ്ധമുണ്ടെന്നും ഉള്ളിൽ

രണ്ട് പേർ തമ്മിൽ

സ്ഥിരം ഇത്രയും

ദയ വേണ്ടൊന്നുള്ളിലായൊരാൾ

പക്ഷെ മറ്റെയാൾ

മൗനം പൂണ്ട് ധ്യാനമാർന്നിരിപ്പുണ്ട്

മിണ്ടിയാൽ, മൗനം പൂണ്ടാൽ

ഒക്കെയും ഭാരം തന്നെ

രണ്ടിടനാഴിക്കുള്ളിൽ

മനനം സമരങ്ങൾ..

യുദ്ധകാലങ്ങൾ

മനസ്സൊതുക്കും

സംഘർഷങ്ങൾ

എത്രയോ സങ്കീർണ്ണ-

മാണതിൻ്റെ മഹായാത്ര

നിൽക്കുകന്നൊരാൾ

നേരെ തടസ്സം സൃഷ്ടിച്ചിടും

മുന്നോട്ട് മുന്നോട്ടെന്ന്

തിടുക്കം എതിർമൊഴി

വേലിയിൽ മുള്ളും പൂവും

സമമായ് വിരിഞ്ഞിടും

കോടമഞ്ഞതിൽ വീണ്

ഹിമപാതങ്ങൾ തീർക്കും

വേനൽ പോലുച്ചഭ്രാന്ത്

മഴ പോൽ വിലാപങ്ങൾ

പൂവ് പോൽ വസന്തത്തിൽ

വിടരും പ്രതീക്ഷകൾ..

ഏത് സ്വാതന്ത്ര്യം

ഏത്  വിലങ്ങെന്നറിയാതെ

മൂടിനിൽക്കുമീ മേഘ-

വാനത്തെ നോക്കീടുമ്പോൾ

ഒരു ത്രാസ്സുലഞ്ഞിടും

വാക്ക് പെയ്തിടും

കടലിരമ്പം ഇടിമിന്നലടരിൻ

പ്രകമ്പനം

വേണ്ടെന്ന്, വേണ്ടെന്നൊരു

പിൻവിളിയുണ്ടെങ്കിലും

വേണമൊന്നൊരാൾ

മറ്റേ പാതിയിൽ ഗർജ്ജിച്ചിടും

ചതിയ്ക്ക് ചതി തന്നെയെന്നൊരാൾ

പിന്നോട്ടേയ്ക്ക് പിടിച്ച് കെട്ടും

മറ്റേപാതിയിൽ ത്യാഗോജ്വല!


രണ്ട് പേരെന്നും ഉള്ളിൽ

പോരിലാണതേ, സത്യം..

രണ്ട് പേർ ചെയ്യുന്നതും

ന്യായമാണെങ്കിൽ പോലും

രണ്ടിൽ നിന്നകന്നൊരു

തുരുത്തിൽ ഭൂമിക്കുള്ളിൽ

ഇന്നുമുണ്ടാകാം തേടും

സ്വാതന്ത്ര്യ പതാകകൾ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക