Image

കുടത്തിലെ ഭൂതം (ചെറുകഥ: സാംജീവ്)

Published on 15 August, 2026
കുടത്തിലെ ഭൂതം (ചെറുകഥ: സാംജീവ്)

 ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് ചാരുകസേരയിൽ അർദ്ധസുഷുപ്തിയിലായിരുന്ന ശമുവേൽ വാദ്ധ്യാരെ ഭാര്യ അച്ചാമ്മടീച്ചർ തട്ടിയുണർത്തി. അവരുടെ കൈയിൽ നീട്ടിപ്പിടിച്ച ദിനപ്പത്രവുമുണ്ടായിരുന്നു.
“നിങ്ങളിത് കണ്ടോ മനുഷ്യനേ?”
“എന്ത്?”
“ഗോപി ബിഷപ്പിന്റെ കല്പന. ഇനി ഗോപികമാർക്കും ആഭരണം ധരിക്കാമെന്ന്.”
“അങ്ങനെ അദ്ദേഹം കല്പിച്ചോ? അങ്ങനെ വരാൻ വഴിയില്ലല്ലോ. ഗോപിയുടെ അടിസ്ഥാനപ്രമാണമല്ലേ ആഭരണവർജ്ജനം?”
ആഭരണം ധരിക്കുന്നവരല്ല ഗോപി സമുദായക്കാർ. “God’s Own People in India” എന്ന ഇംഗ്ലിഷ് പദങ്ങളുടെ ചുരുക്കെഴുത്താണ് GOPI അഥവാ ഗോപി. ഗോപി സമുദായത്തിലെ പെൺകുട്ടികളെ ഗോപികമാർ എന്ന് നാട്ടുകാർ വിളിക്കുവാൻ തുടങ്ങി, തമാശരൂപേണ. ഗോപി ബിഷപ്പിന്റെ പുതിയ കല്പനയാണ് ഇവിടെ പരാമർശിക്കപ്പെട്ടത്.
“അതു മാറ്റിയെന്നാ ഇപ്പറേന്നെ. ഏതായാലും വലിയൊരു ഭാരം ഇറങ്ങിക്കിട്ടി.”
“ഭാരമോ? എന്തു ഭാരം?”
ശമുവേൽ വാദ്ധ്യാർ ചോദിച്ചു.
“മനോഭാരം, ഹൃദയഭാരം. മറ്റ് പെമ്പിള്ളാര് താലീം മാലേമിട്ട് വിലസുമ്പോൾ ഇവിടുത്തെ പെമ്പിള്ളാർക്ക് അതിനുള്ള യോഗമില്ലല്ലോ എന്ന ഹൃദയഭാരം.”
“അതൊരു ഭാരമാണോ? ആഭരണം വാങ്ങുന്നതും ധരിക്കുന്നതുമല്യോ ഭാരം? ആദ്യം അതിനുള്ള പണം കണ്ടുപിടിക്കണം. അതുതന്നെ ഭാരം.”
“മനുഷ്യൻ പണമുണ്ടാക്കുന്നത് അവന് ഉപയോഗിക്കാനാ. അല്ലാതെ കെട്ടിവച്ച് കണ്ടോണ്ടിരിക്കാനാണോ?”
തീർന്നില്ല, അച്ചാമ്മടീച്ചറിന്റെ അഭിപ്രായപ്രകടനം.
“അല്ല, ഞാൻ അറിയാണ്ട് ചോദിക്കുവാ. ഈ ഗോപിസമുദായം കേരളത്തിൽ മാത്രമേയുള്ളോ? നോർത്ത് ഇൻഡ്യയിൽ ഇല്ലേ? ദൈവത്തിന്റെ ആളുകൾ അമേരിക്കയിൽ ഇല്ലേ? അവിടെല്ലാം പെണ്ണുങ്ങൾ ആഭരണം ധരിക്കുമല്ലോ. അവരാരും സ്വർഗ്ഗത്തിൽ പോകത്തില്യോ? അല്ല ഞാൻ അറിയാണ്ട് ചോദിക്കുവാ, സ്വർഗ്ഗരാജ്യം മലയാളിക്ക് തീറെഴുതിക്കൊടുത്തിരിക്കയാണോ?”
“അമേരിക്കക്കാർ കഴുത്തിലും കാതിലും മാത്രമല്ല, ചുണ്ടിലും പുരികത്തും, എന്നുവേണ്ട, നാക്കിലും പൊക്കിളിനു വട്ടവും ആഭരണം ധരിക്കുന്നവരാ.”
കിറ്റി പറഞ്ഞു. അവൾ ആ വീട്ടിലെ മരുമകളാണ്. അവൾക്ക് ഗോപികളോട് പ്രതിപത്തിയൊന്നുമില്ല. ബാബുക്കുട്ടൻ അവളെ കല്യാണം കഴിക്കുന്നതിനുമുമ്പ് അവൾ മറ്റൊരു ‘സമുദായക്കാരി’ ആയിരുന്നു. ബാബുക്കുട്ടന് കനത്ത സ്ത്രീധനം കിട്ടി. അതുകൊണ്ടുമാത്രമാണ് ശമുവേൽ വാദ്ധ്യാർ അവരുടെ വിവാഹത്തിന് സമ്മതം മൂളിയത്. എന്നിട്ടും കിറ്റിക്ക് മാലയും കമ്മലും ഊരേണ്ടിവന്നു.
“ഇനി അതിന്റെ കുറവേയുള്ളു. നെനക്കും വേണമാരിക്കും നാക്കിലും പൊക്കിളിലുമൊക്കെ ആഭരണം?”
ബാബുക്കുട്ടനും സംഭാഷണത്തിൽ പങ്കുചേർന്നു.
“അല്ല, ഞാൻ അറിയാണ്ടു ചോദിക്കുവാ, ഈ നാക്കും പൊക്കിളുമൊക്കെ കുത്തിക്കിഴിക്കുമ്പോൾ നോവത്തില്യോ?“
ബാബുക്കുട്ടന്റെ ജിജ്ഞാസ കലർന്ന ആ ചോദ്യത്തിന് ആരും മറുപടി നല്കിയില്ല.
“പെണ്ണായാൽ ആഭരണം ഇടണം. അത് ഒരു പെൺകുട്ടിയുടെ മൌലികമായ ആഗ്രഹവും അവകാശവുമാണ്. എന്തിന്റെ പേരിലായാലും അത് നിഷേധിക്കുന്നത് ക്രൂരതയാണ്.”
കിറ്റിമോളുടെ നിരാശയും പ്രതിഷേധവും വാക്കുകളായി പുറത്തുവന്നു.


ശമുവേൽ വാദ്ധ്യാർ  ആദർശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല.
“പിതാക്കന്മാർ ഇട്ട അതിരുകൾ മാറ്റരുത്.”
അദ്ദേഹം ബൈബിൾ സൂക്തം ഉരുവിട്ടു. പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കണമെന്നാണ് ആ വാക്യത്തിന്റെ അർത്ഥം.
“കേരളീയ സഭാപിതാക്കന്മാരുടെ കണ്ടുപിടിത്തമൊന്നുമല്ല ആഭരണവർജ്ജനം. എ.ഡി. 1525ൽ ആരംഭിച്ച അനാബാപ്റ്റിസ്റ്റ് (Anabaptists) പ്രസ്ഥാനം  ആഭരണം ഉപേക്ഷിച്ചവരായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ക്വൈക്കേഴ്സ് (Quakers),  പത്തൊൻപതാം നൂറ്റാണ്ടിലെ പ്ലിമത്ത് ബ്രദറൺ (Plymouth Brethren );  ഇവരെല്ലാം ആഭരണം വർജ്ജിച്ചവരായിരുന്നു. ഈ അടുത്ത സമയത്ത് ഞാൻ ബ്രസീലിലെ ഉണർവിനെപ്പറ്റി വായിച്ചു. അവിടത്തെ കാരിസ്മാറ്റിക്ക് വിശ്വാസികൾ ആഭരണം ധരിക്കാത്തവരായിരുന്നു.”
ശമുവേൽ വാദ്ധ്യാർ ക്രൈസ്തവസഭാചരിത്രത്തിൽ തനിക്കുള്ള വിജ്ഞാനം വെളിപ്പെടുത്തി.
“എന്തിനേറെ പറയുന്നു, 1860ലെ ക്രിസ്ത്യൻപേട്ട ഉണർവെന്ന് നീ കേട്ടിട്ടില്ലേ, അരുളപ്പൻ ഉപദേശിയുടെ കാലത്ത്? അവിടെയും സ്ത്രീകൾ ആഭരണം ഉപേക്ഷിച്ചിരുന്നു.”
ശമുവേൽ വാദ്ധ്യാർ ഭാര്യയോടായി പറഞ്ഞു.
“നമ്മള് പോയിട്ടില്യോ ക്രിസ്ത്യൻ പേട്ടയിൽ?”
അച്ചാമ്മടീച്ചർ ചോദിച്ചു. അവൾ ഭർത്താവിനെ ചിലപ്പോൾ ‘നമ്മൾ’ എന്ന് അഭിസംബോധന ചെയ്യും. പൂജകബഹുവചനമാണ്.
“ഉണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു കല്യാണം കൂടാൻ പോയതാണ് എന്റെ ബാല്യകാലത്തിൽ.”
“നിങ്ങൾ കണ്ട ക്രിസ്ത്യൻ പേട്ടയിലെ സ്ത്രീകളെല്ലാം ആഭരണം ഉപേക്ഷിച്ചവരായിരുന്നോ? ഉണർവ് നടന്ന പള്ളിയിലെ കാര്യമാ ഞാൻ ചോദിച്ചത്.”
അച്ചാമ്മടീച്ചറുടെ കുറിക്കുകൊള്ളുന്ന ചോദ്യം.
“ആഭരണം ധരിക്കാത്ത ഒരു സ്ത്രീയെപ്പോലും ക്രിസ്ത്യൻ പേട്ടയിലെ ഗ്രാമത്തിലോ പള്ളിയിലോ ഞാൻ കണ്ടില്ല.”
ശമുവേൽ വാദ്ധ്യാർ കള്ളം പറയുന്ന ആളല്ല.
“ക്രിസ്ത്യൻ പേട്ടയിലെ പെൺകുട്ടികൾ ആടിപ്പാടാൻ മിടുക്കരായിരുന്നു. പള്ളിയിലെ കൂട്ടായ്മായോഗത്തിന്റെ കാര്യമാണേ ഞാൻ പറയുന്നത്. അവർ ആടിപ്പാടുമ്പോൾ അവരുടെ കാതുകളും പാട്ടിനൊത്ത് താളം പിടിക്കുമായിരുന്നു.”
ശമുവേൽ വാദ്ധ്യാർ ബാല്യകാലസ്മരണകൾ അയവിട്ടു.
“മനസ്സിലായില്ല.”
“കാതുകളിൽ തൂങ്ങിയാടുന്ന ആഭരണങ്ങളുടെ കാര്യമാ ഞാൻ പറഞ്ഞത്.”
ശമുവേൽ വാദ്ധ്യാരുടെ കലാബോധം അച്ചാമ്മടീച്ചർക്കില്ല.
“അരുളപ്പൻ സ്വാമിയുടെ കാലത്ത്, ഉണർവ്വിന്റെ കാലത്ത് ഉണ്ടായിരുന്ന ആദർശങ്ങളൊക്കെ പിന്നീട് മാറി.”
ശമുവേൽ വാദ്ധ്യാർ നെടുവീർപ്പിട്ടു.
“അതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. കാലത്തിനൊത്ത് കോലം മാറും. ഗോപിയും മാറും.” 
അച്ചാമ്മടീച്ചർ പറഞ്ഞു.
              2
പിന്നെ, നമ്മുടെ സാറാ വന്നിട്ടുണ്ട്. അവളുടെ മൂത്ത പെണ്ണും വന്നിട്ടുണ്ട്. അവൾക്ക് ഡാഡിയോട് ഏതാണ്ട് പറയണമെന്ന് പറഞ്ഞ് വന്നിരിക്കുവാ.
“ഹാ, സ്റ്റെപ്പിമോള് വന്നിട്ടുണ്ടോ? ഇങ്ങു വരാൻ പറ.”
ശമുവേൽ വാദ്ധ്യാരുടെയും അച്ചാമ്മടീച്ചറിന്റെയും ആദ്യത്തെ പേരക്കുട്ടിയാണ് സ്റ്റെപ്പിമോൾ. അതുകൊണ്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രത്യേക ലാളന അവൾക്ക് ലഭിച്ചിട്ടുണ്ട്.
“സ്റ്റെപ്പിമോളേ, ഇങ്ങു വന്നേ. നീ അപ്പച്ചന് ഒരു ഉമ്മ തന്നേ.”
കാളേജിൽ പഠിക്കുന്ന സ്റ്റെപ്പിമോൾ മുത്തച്ഛന് ചുംബനം കൊടുക്കാൻ മടിച്ചു.
“അത് ഹൈജീനിക്ക് അല്ല അപ്പച്ചാ.”
എല്ലാവരും ചിരിച്ചു.
“ഹാ, നീ അത്രയും പറയാനൊക്കെ വളർന്നല്ലോ.”
ശമുവേൽ വാദ്ധ്യാർ മനസ്സിൽ തോന്നിയ വൈക്ലബ്യം പുറത്തു കാണിക്കാതെ പറഞ്ഞു. 
മുത്തച്ഛൻ സ്റ്റെപ്പിമോളെ പണ്ടത്തെപ്പോലെ ആലിംഗനം ചെയ്തില്ല. ഇപ്പോൾ അവൾ ചെറിയ കുട്ടിയല്ല മടിയിലിരുത്തി ലാളിക്കാൻ. അവൾ സർവ്വകലാശാലയിൽ പഠിക്കുന്ന യുവതിയാണ്.
“നിനക്കെന്താടി എന്നോടു പറയാനുള്ളത്?”
ശമുവേൽ വാദ്ധ്യാർ സാറായോട് ചോദിച്ചു.
“ഡാഡി അറിഞ്ഞില്യോ നമ്മുടെ ബിഷപ്പിന്റെ പുതിയ കല്പന? പെണ്ണുങ്ങളെല്ലാം ആഭരണം ധരിച്ചോളാൻ പറഞ്ഞത്?”
“അങ്ങനെ അദ്ദേഹം പറഞ്ഞോ? സ്ത്രീകൾ ആഭരണം ധരിക്കുന്നതിൽ വചനവിരുദ്ധമായി ഒന്നുമില്ലെന്നല്ലേ അദ്ദേഹം പറഞ്ഞത്?”
“അതുതന്നെ ഞാനും പറഞ്ഞത്. ഞാൻ പറഞ്ഞത് പച്ചമലയാളം. ബിഷപ്പിനെപ്പോലെ വാചകക്കസർത്ത് എനിക്ക് ശീലമില്ലല്ലോ.”
“ഇപ്പോൾ നിനക്ക് എന്താണ് പറയാനുള്ളത്?”
ശമുവേൽ വാദ്ധ്യാർ ചോദിച്ചു.
“ഞങ്ങൾ പഠിച്ചപ്പോഴും വളർന്നപ്പോഴും ഡാഡി ഒരു മാല വാങ്ങി തന്നിട്ടില്ല. ചാങ്ങേലെ ഓമനയും മാങ്കൂട്ടത്തിലെ തങ്കമ്മയുമൊക്ക മാലയും കമ്മലുമൊക്കെ ധരിച്ച് പള്ളിക്കൂടത്തിൽ വന്നപ്പം ഈ വീട്ടിലെ പെമ്പിള്ളാര് മുഴുവൻകാളകളെപ്പോലാ നടന്നത്, നഗ്നമായ കഴുത്തും നീട്ടി. ഡാഡിയുടെ വിശ്വാസത്തിന് വില കൊടുത്തത് ഞങ്ങളാ. ഗോപികമാരെന്ന പേരും ഞങ്ങൾക്ക് കിട്ടി.”
“മുഴുവൻകാളയല്ല ചേച്ചി, മുഴുവൻപശു.”
ബാബുക്കുട്ടന്റെ തമാശ കലർന്ന കമന്റ്. പക്ഷേ ആരും ചിരിച്ചില്ല.
“അതിന് നിനക്ക് എന്തെങ്കിലും കുഴപ്പം പറ്റിയോ?”
“പറ്റിയോന്ന്. ഞങ്ങൾ അപമാനം സഹിച്ചു. ശമുവേൽസാറിന്റെ പെൺമക്കൾ മാത്രം സൌന്ദര്യമില്ലാത്തവരായി കാളേജിൽ പോയി.”
സാറായുടെ പരിവേദനം.
“സൌന്ദര്യം സ്വർണ്ണാഭരണത്തിലാണെന്ന് ആരാ പറഞ്ഞത്?
“നീ പഠിച്ചിട്ടില്ലേ, കാളിദാസന്റെ കവിത?
‘ഫുല്ലാബ്ജത്തിന് രമ്യതയ്ക്കു കുറവോ
പായൽ പതിഞ്ഞീടിലും?
ചൊല്ലാർന്നോരഴകല്ലയോ 
പനിമതിക്കങ്കം കറുത്തെങ്കിലും?’
വലിയ കോയിത്തമ്പുരാന്റെ പരിഭാഷയാണ്.”
ശമുവേൽ വാദ്ധ്യാർ പദ്യം ആസ്വദിച്ചു ചൊല്ലി. അദ്ദേഹം അനേക വർഷങ്ങൾ മലയാളം അദ്ധ്യാപകനായിരുന്ന ആളാണ്. ഇടയ്ക്കിടയ്ക്ക് സംഭാഷണത്തിനിടയിൽ പദ്യഭാഗങ്ങൾ തിരുകിക്കയറ്റുന്നത് അദ്ദേഹത്തിനറെ പ്രത്യേകതയാണ്.
“ഹേ മനുഷ്യാ, ആ കവിത ഇവിടെ പ്രസക്തമാകുന്നതെങ്ങനെയാണ്?”
അച്ചാമ്മടീച്ചർ ചോദിച്ചു. അവരും പല വർഷങ്ങൾ അദ്ധ്യാപികയായിരുന്ന ആളാണ്. നീരസം പ്രകടിപ്പിക്കാൻ അവർ ഭർത്താവിനെ ‘മനുഷ്യാ’ എന്ന് അഭിസംബോധന ചെയ്യാറുണ്ട്.
“ലാളിത്യവും ആഭരണത്തിന്റെ അഭാവവും എന്റെ പെൺമക്കളുടെ സൌന്ദര്യത്തിന് കുറവ് വരുത്തുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.”
ശമുവേൽ വാദ്ധ്യാർ വിശദീകരിച്ചു.
“ഓഹോ, നിങ്ങൾ അതുമിതും പറയാതെ കാര്യത്തിലേയ്ക്ക് വാ മനുഷ്യാ. സാറായ്ക്ക് പറയാനുള്ളത് മുഴുവൻ കേൾക്ക്. പദ്യപാരായണവും കവിതാവിളയാട്ടവുമൊക്കെ പിന്നീടാകാം.”
അച്ചാമ്മടീച്ചർ പറഞ്ഞു. 
“എന്താണവൾക്ക് പറയാനുള്ളത്? അവൾക്ക് ഒരു മാല വേണമെന്നാണോ?”
“അവൾക്ക് വേണ്ടായിരിക്കാം. പക്ഷേ അവളുടെ മകൾക്ക് വേണമായിരിക്കും.”
അച്ചാമ്മടീച്ചറുടെ അവ്യക്തമായ മറുപടി.
“എന്ത്? സ്റ്റെപ്പിക്ക് മാല വേണമെന്നാണോ? അവൾ മാനസാന്തരപ്പെട്ട പൈതലല്ലേ?”
“മാനസാന്തരവും ആഭരണധാരണവുമായി ബന്ധമൊന്നുമില്ലെന്നല്ലേ ബിഷപ്പിന്റെ കല്പന?”
“സ്റ്റെപ്പിമോൾക്ക് മാലയിടാൻ ആഗ്രഹമുണ്ടെങ്കിൽ അവളുടെ തന്ത വാങ്ങിച്ചുകൊടുക്കട്ടെ. അല്ലാതെ ഞാനെന്തു ചെയ്യാനാണ്? ഞാൻ മുത്തച്ഛനല്ലേ?”
ശമുവേൽ വാദ്ധ്യാർ ഈർഷ്യയോടെ പറഞ്ഞു.
“ഡാഡി, അത് പറയാൻ തന്നെയാണ് ഞാൻ വന്നത്. ഞങ്ങള് സ്കൂളിലും കാളേജിലുമൊക്ക പോയപ്പം കാൽ കാശിന്റെ ആഭരണം  ഡാഡി ഞങ്ങൾക്ക് വാങ്ങി തന്നിട്ടില്ല. ആഭരണം ധരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഡാഡിയുടെ വിശ്വാസം ഞങ്ങളുടെയും വിശ്വാസമാണെന്ന് ഞങ്ങൾ അഭിനയിച്ചു. ഡാഡിയുടെ കൂടെ ജോലിചെയ്ത കുറുപ്പുസാറിന്റെ മകൾ ഗീത എന്റെ ക്ലാസ്മേറ്റായിരുന്നല്ലോ. അവളുടെ കല്യാണത്തിന് കുറുപ്പുസാർ എന്താണ് കൊടുത്തതെന്ന് അറിയാമോ? സ്ത്രീധനവും അമ്പതു പവന്റെ ആഭരണവും.”
“പനന്തയ്യത്ത് കുറുപ്പിന്റെ സാമ്പത്തികസ്ഥിതി എനിക്കറിയാം. കിടപ്പാടം പണയം വച്ചാ അയാൾ പെണ്ണിനെ കെട്ടിച്ചുവിട്ടത്. അതോടെ അയാൾ കുത്തുപാള എടുത്തു. ഇനി ആ കടമെല്ലാം എന്നയാൾ കൊടുത്തുതീർക്കും? രണ്ട് പെൻഷൻകാശ് കിട്ടുന്നതുകൊണ്ട് അയാളും ഭാര്യയും കഞ്ഞികുടിച്ചു കിടക്കുന്നു.”
ശമുവേൽ വാദ്ധ്യാർ ആത്മഗതമെന്നോണം പറഞ്ഞു.
“എനിക്ക് കഴിവുള്ളതുപോലൊക്കെ ഞാൻ ചെയ്തു. നിനക്കും സ്ത്രീധനം തന്നല്യോ കെട്ടിച്ചുവിട്ടത്?”
അയാൾ മകളോട് ചോദിച്ചു.
“ഡാഡി, സ്ത്രീധനത്തിന്റെ കാര്യമൊന്നും പറയേണ്ട. പെൺമക്കൾക്ക് നാമമാത്രമായ സ്ത്രീധനം തന്നിട്ട് സ്വത്തെല്ലാം ആൺമക്കൾക്കുവേണ്ടി ചരതിച്ചുവച്ചു.”
“നീ അങ്ങനൊന്നും പറയേണ്ട. ആഭരണം തന്നില്ലേലും അതിന്റേം കൂടി കാശ് തന്നാ നിന്നെ കെട്ടിച്ചുവിട്ടത്. അല്ലാതെ ധർമ്മക്കല്യാണമൊന്നുമല്ല ഞങ്ങള് നടത്തിയത്.”
അച്ചാമ്മടീച്ചറും കാര്യത്തിൽ ഇടപെട്ടു.
“മമ്മീ, ഞങ്ങള് മൂന്നു പെമ്പിള്ളാർക്കു വേണ്ടി നിങ്ങൾ തന്നത് അമ്പതിനായിരം ഉലുവാ. നിങ്ങടെ മോന് സ്ത്രീധനം വാങ്ങിയത് രണ്ടുലക്ഷവും.”
“അതവന് അതിനൊള്ള യോഗ്യത ഉണ്ടായിട്ടാണെന്ന് കണ്ടോ. നിന്നെ കെട്ടിച്ചെടത്ത്, അവർക്ക് എന്തുണ്ടായിരുന്നു? കറന്റ് പോലുമില്ലായിരുന്നു ആ വീട്ടിൽ. വൈകുന്നേരം മണ്ണെണ്ണവിളക്ക് കത്തിക്കും. മണ്ണെണ്ണവിളക്കുമെടുത്തുകൊണ്ടാ ഒരു  മുറിയിൽ നിന്നും മറ്റേ മുറിയിലേയ്ക്കു പോകുന്നത്.”
അച്ചാമ്മടീച്ചർ അല്പം നീരസത്തോടെ പറഞ്ഞു.
“ദീപം ദീപം എന്നു പറഞ്ഞുകൊണ്ട്. അല്ലേ ചേച്ചി?
പിന്നെ ഞങ്ങടെ അളിയന് ഒരു കൊമ്പൻമീശ ഉണ്ടായിരുന്നു.”
അത് ബാബുക്കുട്ടന്റെ കമന്റായിരുന്നു. അവന് നല്ല നർമ്മബോധമുണ്ട്.
“അങ്ങനെയുള്ള വീട്ടിൽ എന്നെ കെട്ടിച്ചുവിട്ടത് എന്തിനാ? അപ്പോൾ കാശ് ലാഭിക്കാൻ.”
സാറാ പൊട്ടിത്തെറിച്ചു.
“അവളുടെ മോൾക്ക് ഇപ്പോൾ നമ്മളൊരു മാല വാങ്ങിച്ചുകൊടുക്കണം. അതിനുവേണ്ടിയാ അവൾ പെണ്ണിനെയും കൊണ്ട് വന്നത്. അവൾ പറയുന്നതിലും കാര്യമുണ്ടെന്നു കണ്ടോ? അവൾക്ക് മാലയിട്ടു നടക്കാനുള്ള ഭാഗ്യമുണ്ടായില്ല. ഇനി അവളുടെ മോളെങ്കിലും ഇട്ട് നടക്കട്ടെ.”
അച്ചാമ്മടീച്ചർ വീണ്ടും മകളുടെ പക്ഷം ചേർന്നു.
“എനിക്ക് പേരിന് ഒരു മാല മാത്രം പോരാ. എന്റെ കൂട്ടുകാരികൾക്ക് ഉള്ളതുപോലെയുള്ള ജുവൽറി എനിക്കും വേണം.“
സ്റ്റെപ്പിമോൾ അവളുടെ ആഗ്രഹം അറിയിച്ചു.
“എന്തൊക്കെയാ നിനക്കു വേണ്ടതെന്നൊക്കെ അങ്ങോട്ടു പറഞ്ഞുകൊട് മോളേ. പൂത്ത കാശ് കൈയിലൊണ്ട്.”
സാറാ മകളെ പ്രോത്സാഹിപ്പിച്ചു.
“ഒരു നാഗമ്പടത്താലി, മൾട്ടി ലെയർ, എന്റെ കൂട്ടുകാരി അമൃതയ്ക്കുള്ളതുപോലെയൊന്ന്. 
പിന്നെ ഇയർ റിംഗ്സ്, റൂബിസ്റ്റോൺ പതിച്ചത്.
പിന്നെ ഒരു മൂക്കുത്തി, ഡയമൺഡ് ഒട്ടിച്ചത്. എന്റെ കൂട്ടുകാരി മീനുവിന് അതുപോലെ ഒന്നുണ്ട്.
പിന്നെ സ്വർണ്ണ പാദസരം. എന്റെ ഫ്രണ്ട് വർഷയ്ക്ക് അവളുടെ ബർത്ത്ഡേയ്ക്ക് അവളുടെ മുത്തച്ഛൻ വാങ്ങിക്കൊടുത്തതുപോലെയുള്ള ഒന്ന് എനിക്കും വേണം. അവള് അതിട്ട് ഡാൻസ് ചെയ്യുന്നതു കാണാൻ എന്ത് ചന്തമാ.”
“അതിന് നിനക്ക് ഡാൻസ് അറിയാമോ?”
അച്ചാമ്മടീച്ചർ ചോദിച്ചു.
“അവള് പഠിക്കും. അവളും ഡാൻസ് ക്ലാസിൽ ചേർന്നിട്ടുണ്ട്. തിരുവാതിരയും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയുമൊക്കെ അവൾ ചെയ്യും. മോഹിനിയാട്ടത്തിന്റെ അരങ്ങേറ്റത്തിന് ഗ്രാന്റ് പേരൻസിനെ ക്ഷണിക്കണമെന്ന് പറയുന്നതു കേട്ടു.”
സാറാ മകളെ പിൻതാങ്ങി. മകളുടെ കലാനിപുണതയിൽ സാറാ അഭിമാനം കൊണ്ടു.
അച്ചാമ്മടീച്ചർ ശമുവേൽ വാദ്ധ്യാരെ ഇടങ്കണ്ണുകൊണ്ട് നോക്കി; അർത്ഥഗർഭമായ നോട്ടം.
“എന്റെ കർത്താവേ, ഞാനെന്താ ഈ കേൾക്കുന്നത്? നമ്മളും അവിശ്വാസികളും തമ്മിൽ പിന്നെന്താണ് വ്യത്യാസം?”
ശമുവേൽ വാദ്ധ്യാർ നിരുദ്ധകണ്ഠനായി ചോദിച്ചു.
“അതല്യോ മനുഷ്യനെ നമ്മടെ ബിഷപ്പ് കല്പിച്ചത്? നമ്മടെ പിള്ളേർക്കും ഇതൊക്കെയാകാമെന്നാ അദ്ദേഹം കല്പിച്ചത്.”
അച്ചാമ്മടീച്ചർ പ്രിയതമനോട് ഉപദേശരൂപത്തിൽ മൊഴിഞ്ഞു.
“എനിക്ക് ഡാഡി ആഭരണമൊന്നും വാങ്ങിത്തന്നിട്ടില്ലല്ലോ. ഇനി എന്റെ മോൾക്കെങ്കിലും വാങ്ങിക്കൊടുക്ക്. അവൾക്കും ദഹിക്കുന്ന ചോറാ ഈ വീട്ടിലുള്ളത്.”
സാറായുടെ അവകാശവാദം. എന്നാൽ ആ അവകാശവാദം ബാബുക്കുട്ടന് ഇഷ്ടപ്പെട്ടില്ല. അവൻ പറഞ്ഞു.
“ചേച്ചി ദഹിക്കുന്ന ചോറിന്റെ കാര്യമൊന്നും പറയണ്ടാ. ചേച്ചിക്കും അതുപോലെതന്നെ മറ്റ് രണ്ടു ചേച്ചിമാർക്കും തരേണ്ടതൊക്കെ തന്നാ കെട്ടിച്ചയച്ചത്. വിറ്റ പശുവിന് ആരെങ്കിലും പുല്ലു പറിക്കുമോ? പിന്നെ കേറിവന്നാൽ നല്ല പുളിശേരി കാച്ചി ചോറുവച്ചുതരും, ചിന്നക്കൊച്ചമ്മ. അതൊക്കെ ദഹിച്ചാൽ മതി.”
ചിന്നക്കൊച്ചമ്മ വേലക്കാരിയാണ്.
“നീ ശബ്ദമുയർത്തണ്ടാ. ക്രിസ്ത്യൻ കുടുംബങ്ങളിൽ ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്കും പിതൃസ്വത്തിൽ അവകാശമുണ്ടെന്നാ കോടതിവിധി. മേരിറോയി കേസ് അറിയാമല്ലോ. അതിന്റെ കണക്കൊന്നും പറയാൻ വന്നതല്ല ഞങ്ങൾ. എന്റെ മോൾക്ക് അവളുടെ മുത്തച്ഛനോട് ചിലതൊക്ക പറയാനുണ്ട്, ചോദിക്കാനുണ്ട്. അതിനു വന്നതാ ഞങ്ങൾ. പുന്നാര പേരക്കുട്ടിയല്യോ? കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയല്യോ സ്റ്റെപ്പിമോൾ? പക്ഷേ അണ്ടിയോടടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി.”
സാറാ പറഞ്ഞുനിറുത്തി. കുത്തുവാക്കുകൾ പ്രയോഗിക്കാൻ സാറയ്ക്ക് പ്രത്യേക കഴിവുണ്ട്.
“എന്റെ കൈയിലെവിടുന്നാ കാശ്, എന്റെ പൊന്നുമോളേ? ഞാൻ രണ്ട് പെൻഷൻകാശ് കൊണ്ട് ജീവിക്കുന്നവനാ.”
ശമുവേൽ വാദ്ധ്യാർ പതം പറഞ്ഞു.
അച്ചാമ്മടീച്ചർ ഇടപെട്ടു. അവർ പറഞ്ഞു.
“എന്നാൽ ഞാനൊരു പോംവഴി പറയട്ടെ. നമ്മുടെ പറങ്കിമാംവിളയിലെ ഒരേക്കർ സ്ഥലമുണ്ടല്ലോ. അത് നമ്മുടെ പേരിലാണല്ലോ. ആർക്കും ഭാഗം വച്ച് കൊടുത്തിട്ടില്ലല്ലോ. അതങ്ങ് വില്ക്കാം. എന്നിട്ട് മൂന്ന് പെൺപിള്ളാർക്കും കൂടി വീതിച്ചുനല്കാം. ഇപ്പോൾ സാറാ അവകാശം പറഞ്ഞു വന്നല്ലോ. ഇനി അന്നയും മറിയയും എപ്പഴാ വരുന്നതെന്ന് ആർക്കറിയാം? അവരുടെയും പെമ്പിള്ളാര് വളർന്നുവരികയല്യോ?”
“വസ്തു വിറ്റ് പെൺമക്കൾക്ക് കൊടുക്കാനോ? അത് നടക്കത്തില്ല. അതിനുള്ള വെള്ളമങ്ങ് വാങ്ങിവച്ചേര്.”
ബാബുക്കുട്ടൻ ക്ഷുഭിതനായി.
“നീ അത്ര ക്ഷോഭിക്കുകയൊന്നും വേണ്ട. നിന്റെ സ്ത്രീധനമൊന്നും ഇവിടാരും ചോദിച്ചില്ല. ഡാഡിയുടെ സ്വത്തിന് എല്ലാവർക്കും അവകാശമുണ്ട്.”
സാറായും ചൂടായി.
“എന്റെ ഈ വാർദ്ധക്യത്തിൽ ഭവനത്തിൽ സ്വസ്ഥത നഷ്ടപ്പെട്ടല്ലോ. ഞാൻ രാജുക്കുട്ടനോടൊന്ന് സംസാരിക്കട്ടെ.”
ശമുവേൽ വാദ്ധ്യാർ വിലപിക്കുന്നതുപോലെ പറഞ്ഞു. രാജുക്കുട്ടൻ ശമുവേൽ വാദ്ധ്യാരുടെയും അച്ചാമ്മടീച്ചറുടെയും മൂത്ത പുത്രനാണ്. അമേരിക്കയിൽ താമസിക്കുന്നു. 
രാജുക്കുട്ടന്റെ പ്രതികരണം പരുക്കനായിരുന്നു.
“അവളുമാരെ മൂന്നുപേരെയും പഠിപ്പിച്ചത് ഞാനാ. മൂന്ന് പേരെയും കല്യാണം കഴിപ്പിച്ചത് എന്റെ കാശു കൊണ്ടാ. പക്ഷേ ആ നന്ദി അവളുമാർക്കില്ല. അതും പോരാഞ്ഞിട്ട്, ഇപ്പം അവളുമാരുടെ പെൺമക്കൾക്ക് മാലയും കൊലുസും വാങ്ങാൻ എന്റെ വക വസ്തു എഴുതിക്കൊടുക്കണംപോലും. അത് നടക്കത്തില്ല.”
ടെലിഫോൺ സംഭാഷണം മുറിയിലുണ്ടായിരുന്ന എല്ലാവരും കേട്ടു. സാറാ രൂക്ഷമായി പ്രതികരിച്ചു.
“ഡാഡിയെ പറഞ്ഞാൽ മതി. ഞങ്ങളുടെ പേരിൽ അയാളുടെ കാശ് വാങ്ങിയിട്ട് ഡാഡി ഇളയ മോന്റെ പേരിൽ സമ്പാദിച്ചുകാണും.”
“ചേച്ചി, അനാവശ്യം പറയരുത്.”
ബാബുക്കുട്ടൻ ക്ഷുഭിതനായി എഴുനേറ്റു.
“എന്റെ കർത്താവേ, ഈ വാർദ്ധക്യത്തിൽ സമാധാനത്തോടെ കടന്നുപോകാൻ ഇവന്മാരും ഇവളുമാരും സമ്മതിക്കുകയില്ലല്ലോ. അയാൾക്ക് എന്തിന്റെ കേടായിരുന്നു?”
ശമുവേൽ വാദ്ധ്യാർ വിലപിച്ചു.
“ഏത് അയാൾ?”
അച്ചാമ്മടീച്ചറിന്റെ ചോദ്യം.
“ബിഷപ്പ്.”
ശമുവേൽ വാദ്ധ്യാർ ഒരിക്കലും ബിഷപ്പിനെ അയാളെന്ന് വിളിച്ചിട്ടില്ല. 
“അയാളല്യോ ഈ ഗുലുമാൽ എല്ലാം ഉണ്ടാക്കിവച്ചത്? അയാളല്യോ കുടത്തിൽ അടച്ചുവച്ചിരുന്ന ഭൂതത്തെ തുറന്നുവിട്ടത്?”
“ഇനി അവർ ശരീരം മുഴുവൻ പച്ചകുത്തും. റോമാലേഖനത്തിൽ പറഞ്ഞിരിക്കുന്ന പാപവും ചെയ്യും. ബിഷപ്പുമാർ അതിനൊക്കെ കുട പിടിക്കുകയും ചെയ്യും. നോഹയുടെ കാലം.”
ശമുവേൽ വാദ്ധ്യാർ ആലസ്യത്തോടെ ചാരുകസേരയിലേക്ക് ചാഞ്ഞു.
“ഈ ഭൂതം ഇനി കുടത്തിലേക്ക് തിരിച്ചു കയറുമെന്ന് തോന്നുന്നില്ല.”
അച്ചാമ്മടീച്ചർ പറഞ്ഞുനിറുത്തി.
“ഗോപിസമുദായം ഇനി ഗോപി വരച്ചതു തന്നെ.”
ആ അഭിപ്രായം കിറ്റി എന്ന മരുമകളുടേത് ആയിരുന്നു.

കുറിപ്പ്.
ഇതൊരു സങ്കല്പകഥ മാത്രമാണ്.

 

Join WhatsApp News
Sudhir Panikkaveetil 2026-08-15 20:06:06
സങ്കൽപ്പ കഥ എന്ന് കഥാകൃത്ത് അറിയിക്കുന്നെങ്കിലും ഈ കഥ മതത്തിന്റെ പേരിൽ ഓരോ കോലം കെട്ടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ് ദൈവത്തിന് അടുത്തുള്ളവരാണ് എന്നൊക്കെ പുറം പൂച്ചു കാട്ടി നടക്കുന്നവർക്ക് ഒരു സൂചനയാണ്. അവരുടെ കണ്ണ് തുറപ്പിക്കലാണ്. ദൈവത്തിന്റെ പേരും പറഞ്ഞു മനുഷ്യൻ ചെയ്യുന്ന ബുദ്ധിമോശങ്ങൾ അതിനെതിരെ സംജീവ് ജി അടി കൊടുക്കുന്നു. ചില മത നിയമങ്ങൾ കുടത്തിലെ ഭൂതം പോലെ തന്നെയാണ്. പുറത്ത് വിട്ടാൽ പിന്നെ അനന്തരഫലം ചിന്തിക്കാൻ പോലും എളുപ്പമല്ല. ഓരോ സഭകളും പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ഒരു സൂചനയാകാം ഈ കഥ.
George Neduvelil 2026-08-16 00:15:07
വിശ്വസിക്കുകയും പഠി പ്പിക്കുകയും ചെയ്തിരുന്നു. തന്മൂലമാകാം, മറിയത്തിനു, സഭാംഗങ്ങൾ യേശുവിനൊപ്പമോ, ഉപരിയായോ സ്ഥാനം കൽപ്പിച്ചു വണങ്ങിയിരുന്നത്/ ആരാധിച്ചിരുന്നത്. ആട്ടിൻപറ്റങ്ങളുടെ ഈ വിശ്വാസത്തെ രൂഡമൂലമായി വളർത്തുന്നതിലും നിലനിർത്തുന്നതിലും മാമ്മോനേ മനസ്സിൽ ആരാധിച്ചിരുന്ന പുരോഹിത പരിഷകൾ എന്നും അത്യന്തം ഉത്സാഹിച്ചിരുന്നു. ഫാത്തിമായിലും, ലൂർദിലും, വേളാങ്കണ്ണിയിലും, ആലപ്പുഴയിലും മറ്റനേകം ഇടങ്ങളിലും ഇതിന്റെ അതിപ്രസരം നാം കാണുന്നു. ചങ്ങനാശേരിയിലെ തോമസ് തറയിൽ തിരുമേനി പഴയ പാറേൽപള്ളിയുടെ സ്ഥാനത്തു്, വിധവയുടെ ചില്ലിക്കാശും, റബ്ബറുവെട്ടുന്നവൻറെ വിയർപ്പിൻറെ നാറ്റമുള്ള കാശും, വിയർപ്പിൻറെ ഗന്ധമില്ലാത്ത വിദേശക്കാശും നിർലോഭം ഒഴുക്കി, ഭാരതത്തിലെ പഞ്ചനക്ഷത്ര മരിയൻ തീർഥാടനസമുച്ചയം സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. യേശുവിൻറെ മാതാവായ മറിയത്തിനു, യേശുവിൻറെ രക്ഷാകരപ്രവർത്തിയിൽ പങ്കില്ലെന്ന ലിയോ മാർപാപ്പയുടെ പ്രഖ്യാപനത്തെ തമസ്ക്കരിക്കുന്നതിൽ തിരുമേനിമാരും, പുരോഹിതന്മാരും, കൃപാസനക്കാരും, സിൽബന്ധികളും വർദ്ധിച്ച ജാഗ്രതയോടെ വർദ്ധിക്കുന്നതായി നാം കാണുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-16 01:56:43
💥🔥ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്ന പാറേൽ പള്ളി. 2014-ൽ തുടങ്ങി, 11 കോടി രൂപാ കൊണ്ട് പണി പൂർത്തിയാകേണ്ടിയിരുന്ന കെട്ടിടം ഇപ്പോൾ 75 കോടി രൂപയിൽ എത്തി നിൽക്കുന്നു. ഈ ഡിസംബറിൽ പണി പൂർത്തിയാകുമ്പോൾ ഈ ബാബേൽ ഗോപുരത്തിന്റെ മൊത്തം ചിലവ് ഏകദേശം 93 കോടി രൂപയോട് അടുക്കുന്നു. 3000 പേർക്ക് ഒരു സമയത്ത് ആരാധന നടത്താൻ തക്ക വലിപ്പമുള്ള പള്ളിക്ക് പലേ anex- കൾ വേറെയും ഉണ്ട്. ഒരു വാസ്തു വിസ്മയം തന്നേ കോട്ടയത്തിനും വിശിഷ്യാ, ചങ്ങനാശ്ശേരിക്കും തിലകക്കുറിയാകുന്ന ഈ ആരാധനാലയം. പക്ഷേ സത്യ വേദ പുസ്തകത്തിൽ പറയുന്നു , "ഞാൻ സ്വർഗ്ഗത്തിനും ഭൂമിക്കും, നാഥനാക കൊണ്ട് മനുഷ്യന്റെ കൈപ്പണിയായ...........". റെജീസ് ✳️
Jayan Varghese 2026-08-16 02:21:30
കഥ സങ്കല്പമോ യാഥാർഥ്യമോ ആകട്ടെ സ്വർണ്ണം എന്ന മഞ്ഞ മണ്ണ് മനുഷ്യാവസ്ഥയിൽ ദുരന്തങ്ങൾ സൃഷ്ടിക്കുന്ന വില്ലനായി എക്കാലവും സമൂഹത്തിലുണ്ട്. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സാമൂഹ്യ വേർതിരിവുകൾ മനുഷ്യനെതിരെ മനുഷ്യനെ അണി നിരത്തുന്ന രാഷ്ട്രീയ വേലിക്കെട്ടുകൾ സൃഷ്ടിക്കുന്നു എന്നതിലുപരി നിർമ്മാണ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഇറിഡിയം, പൊട്ടാസ്യം സയനേഡ് മുതലായ മാരക വിഷങ്ങൾ മഹാരോഗങ്ങൾ സമ്മാനിച്ച്‌ മനുഷ്യനെ നേരത്തേ കാലപുരിക്കയക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുമുണ്ട്. ജയൻ വർഗീസ്.
ഫ്രീ അപ്പവും ഇറച്ചിയും: 2026-08-16 16:43:48
ഫ്രീ അപ്പവും ഇറച്ചിയും: കർത്താവിൽ പ്രിയരേ! ദൈവ പുരുഷനായ ഏലീയാവിൻറ്റെ കഥ നോക്കു ! 1 Kings 17:2-16 പ്രകാരം; ''4 തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു. 6 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; '' ദേശത്തു ഷാമവും വരൾച്ചയും ഉണ്ടെങ്കിലും; ദൈവ പുരുഷന് 2 നേരം അപ്പവും ഇറച്ചിയും ലഭിച്ചു. ഇന്ന് ജെയിലിൽ പോലും ഇത്രയും സുഖ ഭക്ഷണം കിട്ടുമോ?. നമ്മുടെ സഖാക്കൻമ്മാർക്കും പ്രചോദനം ലഭിച്ചത് ഏലീയാവിൽ നിന്നാണെന്നു തോന്നുന്നു. 3 & 9 വാക്യങ്ങൾ നോക്കു. കുറേനാൾ ഒളിച്ചു താമസിക്കുക, പിന്നെ വിധവയുടെ കൂടെ ഉണ്ടുതാമസിക്കുക!. അതല്ല വിഷയം, കാക്ക ഏതായലും അപ്പവും ഇറച്ചിയും പാചകം ചെയ്യില്ല. ആരോ നിർഭാഗ്യൻറ്റെ അപ്പവും ഇറച്ചിയും കാക്ക മോഷ്ടിച്ചു എന്ന് വ്യക്തം. അതും ദൈവം കൽപ്പിച്ചു, കാക്ക അനുസരിച്ചു. ആരോ അധ്വാനിച്ചു, അവൻറ്റെ കുടുംബത്തിൽ ഉള്ളവർ ഭക്ഷിക്കാനുള്ള അപ്പവും ഇറച്ചിയും കാക്ക കള്ളൻ കട്ടു, ദൈവ പുരുഷന് കൊടുത്തു. ഇതൊക്കെത്തന്നെയാണ് ഇന്നും. : ചങ്ങനാശേരി രൂപത 100 കോടിയുടെ പാറേൽ പള്ളി പണിതു. ഇതിനുള്ള പണം, ഭക്തർ ദൈവത്തിനു കൊടുത്തതുമാണ്‌. ഒരു ഭക്തനും ഇ പണം തിരികെ ചോദിക്കില്ല. ഇത് വലിയ ഒരു ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി ആണ്. ഇനിയും അത് തീർത്ഥാടന കേദ്രമായി പണം ഒഴുകി വരും, പള്ളിയിൽ വിവാഹത്തിന് ഒരു ലക്ഷമെങ്കിലും ഫീ വാങ്ങും, മാമോദീസ, ആദ്യ കുർബാന എന്നിവക്കും ആയിരങ്ങൾ ഫീ മേടിക്കും. അങ്ങനെ 3 വർഷത്തിനുള്ളിൽ മുടക്കിയ 100 കോടി തിരികെ കിട്ടും. പിന്നെ അങ്ങോട്ട് മുഴുവൻ ലാഭം. പാപമോചനത്തിന് ചീട്ട് വിറ്റു പണം ഉണ്ടാക്കിയ കത്തോലിക്ക സഭക്ക് പണം ഉണ്ടാക്കാൻ അറിയാം, -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക