
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ വാര്‍ഷിക ദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് വന്ദേ മാതരത്തെ ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ വിവാദം കേരളത്തില്‍ ചൂടുപിടിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേ മാതരം ആദ്യാവസാനം പാടണമെന്ന് ആവശ്യപ്പെടുകയും, അതിന് തയ്യാറാകാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബി.ജെ.പി ഭീഷണി മുഴക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഷയല്ല.
''സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേ മാതരം ആദ്യാവസാനം പാടാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ തയ്യാറാകണം, അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വി.ഡി സതീശനെ ഓര്‍മിപ്പിക്കുന്നു...'' എന്നാണ് ബി.ജെ.പി കേരള ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷിന്റെ ഭീഷണി. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ വന്ദേ മാതരം പാടണമെന്ന് ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ നിലപാടായിരിക്കാം. അതിനെ പിന്തുണയ്ക്കാനും എതിര്‍ക്കാനും ഓരോ പൗരനും അവകാശമുണ്ട്.
പക്ഷേ ''പാടിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം...'' എന്ന ഭീഷണിയുടെ ഭാഷ ജനാധിപത്യപരമല്ല. ദേശസ്‌നേഹം ഭീഷണിപ്പെടുത്തി അടിച്ചേല്‍പ്പിക്കേണ്ട വികാരമല്ല. ഒരു പൗരനെ രാജ്യത്തെ സ്‌നേഹിക്കാന്‍ നിര്‍ബന്ധിക്കാനാകില്ല. അതുപോലെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കാനും നിര്‍ബന്ധിക്കാനാകില്ല. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തം ജനങ്ങളെ ഭയപ്പെടുത്തുക എന്നതല്ല; നിയമവും ഭരണഘടനയും തമ്മിലുള്ള അതിരുകള്‍ വ്യക്തമായി വിശദീകരിക്കുക എന്നതാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നത് എല്ലാവരും ഒരേ ശബ്ദത്തില്‍ പാടുന്നതല്ല; വ്യത്യസ്ത ശബ്ദങ്ങള്‍ക്കും ഭയമില്ലാതെ നിലനില്‍ക്കാന്‍ കഴിയുന്നതാണ്.
അതേസമയം, വന്ദേ മാതരത്തിന്റെ ആറു ചരണങ്ങളും പൂര്‍ണമായി പാടണമെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയെന്ന തരത്തില്‍ ഭരണാധികാരികളില്‍നിന്ന് തന്നെ പ്രസ്താവനകള്‍ വരുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം, ഇവിടെ തര്‍ക്കം ഒരു ഗാനത്തെക്കുറിച്ചുള്ളതല്ല. നിയമം എന്താണ് പറയുന്നത്, ഭരണഘടന എന്താണ് ഉറപ്പുനല്‍കുന്നത്, ഭരണകൂടത്തിന് ഒരു പൗരന്റെ മനസ്സാക്ഷിയിലേക്ക് എത്രത്തോളം കടന്നുകയറാം എന്നതാണ് യഥാര്‍ത്ഥ ചോദ്യം. വന്ദേ മാതരം ഇന്ത്യയുടെ ദേശീയഗീതമാണ്. ജനഗണമന ദേശീയഗാനവും. വന്ദേ മാതരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ അതീവ പ്രധാനപ്പെട്ട ഗാനമാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗാനം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വലിയ ആവേശവും ഊര്‍ജവും നല്‍കി. അതിന്റെ ചരിത്രപ്രാധാന്യത്തെ ചോദ്യം ചെയ്യേണ്ട യാതൊരു കാരണവുമില്ല.
എന്നാല്‍ ചരിത്രപ്രാധാന്യമുള്ള ഒരു ദേശീയഗീതത്തെ ആദരിക്കുന്നത് ഒന്നാണ്; അതിലെ ഓരോ വരിയും എല്ലാ പൗരന്മാരും നിര്‍ബന്ധമായും ആലപിക്കണമെന്ന് നിയമപരമായി നിര്‍ദേശിക്കുന്നത് മറ്റൊന്നാണ്. 2026 ജൂലൈ 24-ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ അവതരിപ്പിച്ച 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (അമന്‍ഡ്‌മെന്റ്) ബില്‍, 2026' സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ദേശീയഗാനത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നതും അവയുടെ ആലാപനം തടസ്സപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതാണ്: വന്ദേ മാതരത്തിന്റെ ആറു ചരണങ്ങളും നിര്‍ബന്ധമായും പാടണമെന്ന് ഈ ബില്ലില്‍ പറയുന്നില്ല. അതിനാല്‍ ഒരു ബില്‍ അവതരിപ്പിച്ചതിനെ തന്നെ ''നിയമം നിലവില്‍ വന്നു'' എന്ന് വിശേഷിപ്പിക്കുന്നതും, അതിലുള്ള വ്യവസ്ഥകളില്ലാത്ത ഒരു നിര്‍ബന്ധം അതിന്റെ പേരില്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും നിയമപരമായി ശരിയായ സമീപനമല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വന്ദേ മാതരത്തിന്റെ ഔദ്യോഗിക പൂര്‍ണ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് ഭരണനിര്‍വഹണപരമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു ഭരണനിര്‍ദേശവും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് തുല്യമല്ല.
ഈ അടിസ്ഥാന വ്യത്യാസം മറച്ചുവെച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് നല്ലതല്ല. ദേശസ്‌നേഹത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് ആരും ക്ലാസ് എടുക്കേണ്ടതില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തന്നെ അതിന് തെളിവാണ്. പക്ഷേ ദേശസ്‌നേഹത്തിന്റെ പേരില്‍ ഒരു പൗരന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നിടത്ത് ജനാധിപത്യം അപകടത്തിലാകും. ഒരു വ്യക്തി ഒരു ഗാനം പാടുന്നുണ്ടോ ഇല്ലയോ എന്നത് മാത്രം നോക്കി അയാളുടെ ദേശസ്‌നേഹം അളക്കാനാകുമോ..? ദേശീയപതാകയെ ആദരിക്കുന്നതും രാജ്യത്തെ സ്‌നേഹിക്കുന്നതും ഭരണഘടനയെ ബഹുമാനിക്കുന്നതും ഒരു പാട്ടിന്റെ മുഴുവന്‍ വരികളും നിര്‍ബന്ധമായി ആലപിക്കുന്നതുമായി തുല്യമാക്കാനാകുമോ..? ഇന്ത്യന്‍ ഭരണഘടനയുടെ ശക്തി തന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിലാണ്.
വന്ദേ മാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങള്‍ മാതൃഭൂമിയുടെ പ്രകൃതിസൗന്ദര്യത്തെയും സമൃദ്ധിയെയും വാഴ്ത്തുന്നവയാണ്. എന്നാല്‍ പിന്നീട് വരുന്ന ചരണങ്ങളില്‍ മാതൃഭൂമിയെ ദുര്‍ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവതാരൂപങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന വരികളുണ്ട്. ഏകദൈവവിശ്വാസം പിന്തുടരുന്ന ചില മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇത്തരം വരികള്‍ മതവിശ്വാസവുമായി പൊരുത്തപ്പെടണമെന്നില്ല. അവര്‍ രാജ്യത്തെ സ്‌നേഹിക്കുന്നില്ല എന്നല്ല അതിന്റെ അര്‍ത്ഥം. അവര്‍ ദേശീയഗീതത്തെ അപമാനിക്കണമെന്നുമല്ല. രാജ്യത്തെ ആദരിക്കുമ്പോഴും സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായ ആരാധനാരൂപം സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് അവര്‍ ഉന്നയിക്കുന്നത്. ഇതാണ് ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ചോദ്യമായി മാറുന്നത്.
1986-ലെ ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീം കോടതി നല്‍കിയ ചരിത്രപ്രധാനമായ വിധി ഈ സാഹചര്യത്തില്‍ മറക്കാനാവില്ല. ദേശീയഗാനം ആലപിക്കാന്‍ മതവിശ്വാസത്തിന്റെ പേരില്‍ വിസമ്മതിച്ച കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയ നടപടിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. ദേശീയഗാനം ആലപിക്കാതിരുന്നാലും ആദരവോടെ എഴുന്നേറ്റുനില്‍ക്കുന്നത് ദേശീയഗാനത്തോടുള്ള അനാദരവല്ലെന്ന് കോടതി വ്യക്തമാക്കി. മനസ്സാക്ഷിക്കും മതവിശ്വാസത്തിനും വിരുദ്ധമായി ഒരാളെ നിര്‍ബന്ധിച്ച് ഒരു ഗാനം പാടിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പരിധിയില്‍ പരിശോധിക്കേണ്ട വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ വന്ദേ മാതരം വിവാദത്തില്‍ ഈ വിധിയെ സൗകര്യപൂര്‍വം മറക്കാന്‍ കഴിയില്ല.