Image

നാഥുലാ ചുരത്തിലെ കയ്യാലപ്പുറത്ത് (സിക്കിം യാത്ര 9: സുഭാഷ് വലവൂർ)

Published on 14 August, 2026
നാഥുലാ ചുരത്തിലെ കയ്യാലപ്പുറത്ത് (സിക്കിം യാത്ര 9: സുഭാഷ് വലവൂർ)

സിക്കിമിൽ വന്നാൽ നാഥുലാ കാണുക ഒഴിവാക്കാനാവാത്ത ഒന്നാണ്.  ഭാരതത്തിന്റെ വടക്കുകിഴക്കേ ഭാഗത്ത് പ്രാചീന കാലം മുതൽ ഉപയോഗത്തിലിരുന്ന മലമ്പാതയാണ് നാഥുലാ വഴിയുള്ളത്.  ചൈനയുമായുള്ള സൈനിക വിഷയങ്ങളിലും സുപ്രധാന സ്ഥാനമാണ് നാഥുലാ ചുരത്തിനുള്ളത്. ഇന്ത്യയും ടിബറ്റും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളിൽ ഈ അതിർത്തി പ്രദേശത്തിന് സുപ്രധാനമായ പങ്കുണ്ട്. 1962 ലെ ഇൻഡ്യാ ചൈനാ യുദ്ധത്തെത്തുടർന്ന് നാഥുലാ പാസ് അടച്ചിരുന്നു. പിൽക്കാലത്ത് ഇത് വീണ്ടും തുറക്കുകയും കൈലാസയാത്രികർക്ക് അനുമതി നൽകുകയും ചെയ്‌തു. പതിനാലായിരത്തിലധികം അടി ഉയരത്തിലാണ് നാഥുലാ ചുരം സ്ഥിതിചെയ്യുന്നത്.

ഗാങ്ടോക്കിൽ നിന്ന് രാവിലെ നേരത്തെതന്നെ യാത്രതിരിച്ചു. താമസിച്ചാൽ ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ യാത്ര ബുദ്ധിമുട്ടാകും എന്ന് ഡ്രൈവർ പറഞ്ഞു. നാഥുലയിലേക്ക്  വലിയ വണ്ടികളേ അനുവദിക്കുകയുള്ളൂ എന്നതുകൊണ്ട് റോബിന്ദ്രയല്ല വന്നത്. നാഥുലയിൽ തിരക്കു വരുന്നതിനുമുമ്പ് പോയി വരുന്നതാണ് ഉത്തമം. സോങ്‌മോ തടാകവും ബാബാ മന്ദിറും തിരിച്ചുവരുമ്പോൾ കാണാം എന്നു പറഞ്ഞു. ബാബാ മന്ദിർ രണ്ടെണ്ണമുണ്ട് പ്രധാനവഴിയിലുള്ള പുതിയതും,  അൽപ്പം അകത്തുള്ള പഴയ മന്ദിറും.

വഴിയിൽ കാഞ്ചൻ ജംഗാ വ്യൂ പോയിന്റ് ഉണ്ടായിരുന്നെങ്കിലും മൂടൽമഞ്ഞിന്റെ ആധിക്യം കാരണം ഒന്നും കാണാനുണ്ടായിരുന്നില്ല. എങ്കിലും താഴ്‌വരയുടെ ഭംഗി ആഹ്ലാദദായകമാണ്. ക്യാങ് നോസ്‌ല എന്ന സ്ഥലത്ത് കാറ് നിർത്തി. അവിടെനിന്നായിരുന്നു പ്രഭാത ഭക്ഷണം. നല്ല ആതിഥ്യമര്യാദയുള്ള ആൾക്കാർ. കണ്ടാൽ മലയാളിത്തം തോന്നുന്ന ഒരു കുട്ടിയാണ് എനിക്ക് ഭക്ഷണം കൊണ്ടുവന്നത്. അവിടെ നിന്ന് ഏതാണ്ട് ഇരുപത്തിയാറു കിലോമീറ്റർ കൂടി സഞ്ചരിച്ച് നാഥുലാ തടാകത്തിന്റെ അടുത്തെത്തി. വലതുവശത്തു താഴേയ്‌ക്ക്‌ നോക്കിയാൽ 'സാരതാങ് ലേക് ' എന്നൊരു തടാകം ആദ്യം  ഉണ്ട്. എന്നാൽ അതിനപ്പുറമാണ്  മൂന്നിരട്ടിയോളം വലിപ്പമുള്ള നാഥുലാ തടാകം. മുകളിൽ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. ദീപൻ കാറ് ഒതുക്കി നിർത്തി. അതൊരു ഫോട്ടോ പോയിന്റ് കൂടിയാണെന്നു തോന്നുന്നു. എന്തായാലും ദീപൻ എന്റെ ഫോട്ടോയെടുത്തു തന്നു.

അവിടെനിന്ന് നാഥുലാ പാസിന്റെ ചുവട്ടിൽ നേരത്തേ എത്തിയെങ്കിലും തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. കുത്തനെയുള്ള ഒരു കയറ്റത്തിന്റെ ചുവട്ടിൽ എന്നെയിറക്കി കാറ് അൽപ്പം അകലെ പാർക്കുചെയ്യാൻ പോയി. മുകളിലേയ്ക്ക് പടികെട്ടിയിട്ടുണ്ട്. നടപ്പന്തലുമുണ്ട്. ആരോഗ്യപ്രശ്നമുള്ളവർ കയറരുത് എന്ന് പട്ടാളക്കാർ മുന്നറിയിപ്പ് നൽകി. നടന്നുതുടങ്ങുമ്പോൾ പ്രാണവായുവിന്റെ കുറവ് മനസ്സിലാകും. ശ്വാസതടസ്സം അനുഭവപ്പെടുന്നുവെങ്കിൽ ഓക്സിജൻ സിലിണ്ടറുകൾ കൈയിൽ കരുതണമെന്ന് സൈനികോദ്യോഗസ്ഥർ നിഷ്കർഷിക്കുന്നുണ്ട്. മഞ്ഞുകാലത്താണെങ്കിൽ സൺഗ്ലാസുൾപ്പെടെ വേണ്ട സാമഗ്രികളോടെ മാത്രമേ കയറാൻ അനുവാദമുള്ളൂ.

പടികൾ കയറി മുകളിൽ ചെല്ലുമ്പോൾ ഒരു തുറന്ന ടെറസ്സിലേക്കാണ് എത്തിയത്. ചെറിയ ചങ്ങലകൾ കൊണ്ട് വേർതിരിച്ച ഭാഗത്തിന്റെ തൊട്ടടുത്ത് ടിബറ്റ് തുടങ്ങുന്നു. അഥവാ കൈനീട്ടിയാൽ ചൈനയായി. ഞാൻ നിന്നതിന്റെ ഒരു വശത്ത് തലേന്ന് പെയ്ത മഞ്ഞ് കട്ടപിടിച്ച് കിടക്കുന്നുണ്ടായിരുന്നു. മുകളിലെത്തിയപ്പോൾത്തന്നെ മൊബൈൽ ഫോണിൽ ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കുകളുടെ സ്വാഗത സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഞങ്ങൾ നിന്നതിന്റെ ഒരു വശത്തു താഴെയായി കണ്ട കമാനത്തിലൂടെയാണ് മാനസസരോവർ കൈലാസ യാത്രികർ ടിബറ്റിലേയ്ക്ക് പ്രവേശിക്കുന്നതെന്ന് ഒരു പട്ടാളക്കാരൻ പറഞ്ഞു. ദൂരത്തേയ്‌ക്ക് കാഴ്ചയുണ്ട്‌. അങ്ങകലെ ടിബറ്റിലെ മലകളും താഴ്‌വാരവും കാണാം. അധികം സമയം അവിടെ തങ്ങരുതെന്ന് ഒരപേക്ഷയായിട്ടാണ് താഴെനിന്ന് കയറുമ്പോൾ ഒരുദ്യോഗസ്ഥൻ നിർദ്ദേശം നൽകിയത്. അതുകൊണ്ട് അൽപ്പനേരം ചാഞ്ഞും ചെരിഞ്ഞും നിന്ന് ഫോട്ടോയെടുത്ത് എളുപ്പം മടങ്ങി. മരണമടഞ്ഞ പട്ടാളക്കാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ഉപാധിയെന്ന നിലയിൽ വിവിധ സാധനങ്ങൾ വിൽക്കുന്ന ചെറിയ കടകൾ നടപ്പന്തലിൽ ഉണ്ടായിരുന്നു. അവിടെനിന്നും അവർക്കൊരു സഹായമെന്നനിലയിൽ തൊപ്പിയും സ്കാർഫുമൊക്കെ വാങ്ങി.

നാഥുലയ്‌ക്കടുത്ത് പ്രധാന വഴിയിൽ നിന്ന് അൽപ്പം മാറി കുറച്ച് ചെറിയ കെട്ടിടങ്ങൾ കണ്ടു. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമില്ലാത്തപ്പോൾ അവിടെ കച്ചവടം നടന്നിരുന്നു എന്നാണ് അറിഞ്ഞത്. കൈമാറ്റ വ്യവസ്ഥയിലും കച്ചവടങ്ങൾ നടന്നിരുന്നുവത്രെ.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷങ്ങൾ പതിവാണ്. എങ്കിലും രണ്ടു രാജ്യങ്ങളിലേയും സൈനികോദ്യോഗസ്ഥർ അതിർത്തിയിൽ വെച്ചുതന്നെ സംഭാഷണങ്ങൾ നടത്തുന്ന പതിവുമുണ്ട്. ലഡാക്കിലും അരുണാചൽ പ്രദേശിലും രണ്ടും സിക്കിമിൽ ഒന്നും വീതം അഞ്ചു സ്ഥലങ്ങളിലാണ് ഇത്തരം സംഭാഷണങ്ങൾ നടത്താറുള്ളത്. അതിൽ സിക്കിമിലെ സംഭാഷണ കേന്ദ്രമാണ് നാഥുലാ.  BPM അഥവാ Border Personnel Meeting എന്നാണ് ഇവയറിയപ്പെടുന്നത്. ഇത് നയതന്ത്ര ചർച്ചയല്ല. പട്രോളിംഗും തീർത്തും പ്രാദേശിക സാഹചര്യവും മാത്രമേ സംഭാഷണങ്ങളുടെ വിഷയങ്ങളാകാറുള്ളൂ.

അവിടെനിന്നു വീണ്ടും താഴേയ്ക്കുവരുമ്പോൾ വലതുവശത്തായി ഒരു യുദ്ധസ്മാരകം കാണാം.  ഹിമാലയത്തിൽ പലയിടങ്ങളിലും പല പേരുകളിൽ ചെറിയ യുദ്ധസ്മാരകങ്ങൾ കാണാം. യുദ്ധചിത്രങ്ങളും യുദ്ധോപകരണങ്ങളും ചരിത്രരേഖകളും സൂക്ഷിച്ചിട്ടുള്ള ഈ സ്മാരകങ്ങൾ ഇന്ത്യയുടെ യുദ്ധചരിത്രത്തെ സജീവമാക്കി നിലനിർത്തുന്നു. മലയാളിക്ക് ഇത് വലിയ കാര്യമായി തോന്നാറില്ല എന്നതാണ് കണ്ടുവരുന്നത്. യുദ്ധക്കെടുതികളും പട്ടാളത്തിലെ ബന്ധുക്കളുടെ മരണവും യുദ്ധഭീതിയും ഒക്കെ ചേർന്ന മാനസികാവസ്ഥയിൽ ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളിൽ പെട്ട ജനങ്ങൾ സൈനികരെയും സൈന്യത്തെയും സ്നേഹബഹുമാനങ്ങളോടെയാണ് കാണുന്നത്.  അവർക്ക് ഈ സ്മാരകങ്ങൾ ക്ഷേത്രങ്ങൾ പോലെയാണ്.

ചെറിയ മഴയുടെ ലക്ഷണം കണ്ടെങ്കിലും പഴയ ബാബാ മന്ദിർ കാണുക എന്നുള്ളത് നേരത്തെ നിശ്ചയിച്ച കാര്യമായിരുന്നതുകൊണ്ട് ദീപനോട് അങ്ങോട്ടേയ്ക്ക് വണ്ടിവിടാൻ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക