Image

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: വിവിധ ഏജന്‍സികള്‍ അന്വേഷിച്ചേക്കും (സനില്‍ പി. തോമസ്)

Published on 14 August, 2026
അര്‍ജന്റീന  ഫുട്‌ബോള്‍  ടീമിന്റെ കേരള സന്ദര്‍ശനം: വിവിധ ഏജന്‍സികള്‍ അന്വേഷിച്ചേക്കും (സനില്‍ പി. തോമസ്)

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദു റഹ്‌മാനാണ്. സംസ്ഥാനത്തെ സ്വര്‍ണ്ണം, വെള്ളി വ്യാപാരികള്‍ പ്രായോജകരായെത്തുമെന്നാണ് ആദ്യം കേട്ടത്. അവര്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ രംഗത്തുവന്നു. ആദ്യപ്രഖ്യാപനം വന്ന 2023 ജൂണ്‍ 29 മുതല്‍, ടീം വരില്ല എന്നു വ്യക്തമാക്കപ്പെട്ട 2025 ഓഗസ്റ്റ് നാലു വരെ പല തവണ മന്ത്രി അര്‍ജന്റീനയും മെസിയും വരുമെന്ന് ആവര്‍ത്തിച്ചു.

മത്സരവേദി തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് കലൂര്‍ ജവാഹര്‍ലാല്‍  നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റി. സ്റ്റേഡിയം നവീകരണവും റിപ്പോര്‍ട്ടര്‍ ഉടമകളുടെ മേല്‍ നോട്ടത്തില്‍ തുടങ്ങി. ഇതിനിടെ മന്ത്രിയും കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും 2024 സെപ്റ്റംബറില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച് അര്‍ജന്റീന അധികൃതരെ കണ്ടെന്നു വ്യക്തമാക്കി. അതിന് മുമ്പ് 2024 ജനുവരിയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഇ-മെയില്‍ ലഭിച്ചതായി മന്ത്രി പറഞ്ഞിരുന്നു.
അര്‍ജന്റീന ടീം കേരളത്തില്‍ വന്നില്ല. പക്ഷേ, ലിയണല്‍ മെസി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയിലും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ന്യൂഡല്‍ഹിയിലും വന്നുപോയി. കേരളത്തില്‍ വന്നു കളിക്കാതെ മെസിയെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു റിപ്പോര്‍ട്ടര്‍ ഉടമകള്‍ ഭീഷണിമുഴക്കി. പക്ഷേ, ഒന്നും സംഭവിച്ചില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കരാര്‍  ലംഘിച്ചെന്നും നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ സ്‌പോണ്‍സര്‍മാര്‍ പറയുന്നു.

മെയിലുകള്‍ അയച്ചത് എ.എഫ്.എയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ഡിയാസിനും മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സനും ആയിരുന്നത്രെ. എന്നാല്‍ കരാര്‍ ഒപ്പുവച്ചത് റിപ്പോര്‍ട്ടര്‍ ഉടമയും എ.എഫ്.എ. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആണത്രെ. ഇതിലൊന്നും സര്‍ക്കാരിനു പങ്കില്ലെന്നു പറയുമ്പോഴും ആദ്യഘട്ട ആശയവിനിമയങ്ങളെല്ലാം നടന്നത് മന്ത്രിയുടെ ഓഫിസ് വഴിയാണ് എന്നു തെളിയുന്നു. സ്‌പെയിന്‍ യാത്രയ്ക്ക് 13 ലക്ഷത്തിലേറെ രൂപ ചെലവിട്ടിട്ടുണ്ട്. ഇത് സംസ്ഥാന സ്‌പോര്‍ട്‌സ് വികസന ഫണ്ടില്‍ നിന്നാണത്രെ എടുത്തത്. എന്നാല്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നു മന്ത്രി പറയുന്നു.

ലൊസാന്‍ ആസ്ഥാനമായ കോര്‍ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ടില്‍ കേസ് നടക്കുന്നെന്നു പറയുമ്പോഴും സംശയങ്ങള്‍ പലതും ബാക്കി. ഏത് ആര്‍ബിട്രേറ്റര്‍ മുഖേനയാണ് കേസ് നടത്തുന്നത്? കരാര്‍ അനുസരിച്ച് ഈ സംഭവം സി.എ.എസിന്റെ പരിധിയില്‍ വന്നിട്ടുണ്ടോ? ഇന്ത്യയിലെ കോടതിയില്‍ കേസ് തോല്‍ക്കാതെയെങ്ങനെ സി.എ.എസിനെ സമീപിക്കും? ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിലുപരി ഫിഫ മാച്ച് വിന്‍ഡോ കണക്കിലെടുത്താല്‍ 2025 ലോ 2026 ആദ്യമോ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ സാധ്യതയില്ല എന്നും വ്യക്തമായിരുന്നു. വിവിധ ഏജന്‍സികളുടെ അന്വേഷണം വരാനാണു സാധ്യത. ഗുരുതര ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ്. സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക