Image

സിനിമ /സംഗീതം എന്റെ സംഗീത വഴികള്‍ -15 ;ഹിസ് ഹൈനസ് സമ്പത്ത് (എസ് രാജേന്ദ്രബാബു)

എസ് രാജേന്ദ്രബാബു) Published on 14 August, 2026
  സിനിമ /സംഗീതം  എന്റെ  സംഗീത വഴികള്‍ -15 ;ഹിസ് ഹൈനസ് സമ്പത്ത് (എസ് രാജേന്ദ്രബാബു)

മദിരാശിയിലെ കോടമ്പാക്കം ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞ് വടപഴനിയിലേക്കു പോകുമ്പോള്‍ രണ്ടാമത്തെ ജംഗ്ഷനാണ് പവര്‍ഹൗസ്. അവിടെ നിന്ന് ഇടത്തോട്ടു പോയാല്‍ കാമരാജ് കോളനി - ഒരുകാലത്ത് കോടമ്പാക്കത്തിന് കുപ്രസിദ്ധി
നേടിക്കൊടുത്ത സ്ഥലം. വഴിപോക്കരെപ്പോലും പിന്തുടര്‍ന്ന് വ്യഭിചാരത്തിനു പ്രേരിപ്പിക്കുന്ന ഒരു കറുത്തകാലം കാമരാജ് കോളനിക്കുണ്ടായിരുന്നു. അടുത്ത ജംഗ്ഷന്‍ സ്വാമിയാര്‍ മഠമാണ്. അവിടെയാണ് പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ വീടും സ്റ്റുഡിയോയും. നമുക്ക് പവര്‍ ഹൗസിലേക്കു തന്നെ മടങ്ങാം.
പവര്‍ഹൗസ് ജംഗ്ഷനില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കെട്ടിടമുണ്ടായിരുന്നു - പാര്‍വതീ മന്ദിരം. സിനിമയിലെ ഭാഗ്യാന്വേഷികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ഒറ്റ മുറികളും ഇടനാഴികളുമുള്ള വലിയ വീട്. ഏതോ തെലുങ്ക് നിര്‍മ്മാതാവുമായുള്ള ബന്ധമാണ്കെ ട്ടിടം പാര്‍വതിക്ക് സ്വന്തമാകാന്‍ കാരണമെന്നു പറയപ്പെടുന്നു. ആദ്യകാല
മലയാള, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന പാര്‍വതി ആറടിപ്പൊക്കവും അതിനൊത്ത ശരീരവടിവും ഉള്ള ആജാനബാഹുവായിരുന്നു. എല്ലാ വര്‍ഷവും പതിവായി ശബരിമല സന്ദര്‍ശിച്ചിരുന്ന
പാര്‍വതിയെ എപ്പോഴും ശരീരമാസകലം സിന്ദൂരവും ഭസ്മവും ചാര്‍ത്തി ശ്യാമവസ്ത്രധാരിയായി മാത്രമേ കാണാന്‍ കഴിയൂ. മിക്ക ഇന്ത്യന്‍ ഭാഷകളും അനായാസമായി സംസാരിക്കുന്ന പാര്‍വതിയുടെ ജന്മസ്ഥലം  ഏതാണെന്ന്
അന്വേഷിക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. സ്ഥിരമായി വാടക കൊടുക്കാതെ താമസിക്കുന്നവരോട് പാര്‍വതി കുറേയൊക്കെ ക്ഷമിക്കും. കാലാവധി അതിരു വിട്ടാല്‍ ഉഗ്രതാണ്ഡവമാടി ജംഗമവസ്തുക്കളെല്ലാം വാരി
റോഡിലെറിഞ്ഞ് മുറി വേറെ താഴിട്ടുപൂട്ടാന്‍ പാര്‍വതിക്ക് യാതൊരു മടിയുമില്ല. 

പാര്‍വതീ മന്ദിരത്തിന്റെ പ്രധാന ഇടനാഴിയുടെ ഇടതുവശത്ത് കാണുന്ന വിശാലമായ മുറി ഫിലിം ജേര്‍ണലിസ്റ്റ് ഹരി നീണ്ടകരയുടെ ഓഫീസാണ്. ഇവിടെ നിന്നാണ് എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെകോടമ്പാക്കത്തെ ചൂടുള്ള സിനിമാ  വാര്‍ത്തകളും ഫോട്ടോകളും കേരളത്തിലെ വിവിധ സിനിമാ മാസികകളില്‍ അച്ചടിച്ചു വന്നിരുന്നത്. പില്‍ക്കാലത്തെ പല പ്രശസ്തരായ തിരക്കഥാകൃത്തുക്കളും സംവിധായകരുമൊക്കെ അന്ന് ഹരി നീണ്ടകരയുടെ ഓഫീസില്‍ കൂലിയെഴുത്തുകാരായിരുന്നു. ചില വൈകുന്നരങ്ങളില്‍ അവിടംസന്ദര്‍ശിച്ചിരുന്ന ഞാന്‍ അവിടത്തെ കൂലിയെഴുത്തുകാരില്‍ ഒരാളാകാന്‍ കൊതിച്ചിരുന്നുവെന്നത് ഇതുവരെ പുറത്തു പറയാത്ത രഹസ്യം.

മൊബൈല്‍ പോസ്റ്റ് ഓഫീസ് 


എല്ലാ ദിവസവും വൈകുന്നരം ഏഴു മണിക്ക് പവര്‍ ഹൗസില്‍ എത്തുന്ന മൊബൈല്‍ പോസ്റ്റ് ഓഫീസില്‍ നാട്ടിലെ പത്രമാഫീസുകളിലേക്കുള്ള എല്ലാ കത്തുകളും കവറുകളും ഹരി നീണ്ടകര പോസ്റ്റ് ചെയ്യും. ഓഫീസ് ജീവനക്കാരും മറ്റ് സംവിധാനങ്ങളും ഉള്ള, മണി ഓര്‍ഡറും രജിസ്റ്റേര്‍ഡ് കത്തും പാര്‍സലും ഒക്കെ അയക്കാവുന്ന ചുവപ്പ് നിറത്തിലുള്ള
വലിയ വാന്‍ ആണ് മൊബൈല്‍ പോസ്റ്റ് ഓഫീസ്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ അര മണിക്കൂര്‍ വീതം കാത്തു കിടന്ന ശേഷം രാത്രി പത്ത്മണിയോടെ വാന്‍ മെയ്ന്‍ പോസ്റ്റ് ഓഫീസിലെത്തും. കോടമ്പാക്കത്തെ മലയാളികളില്‍ ഭൂരിഭാഗവും അക്കാലത്ത് ആശ്രയിച്ചിരുന്നത് ഈ മൊബൈല്‍ പോസ്റ്റ് ഓഫീസാണ്.  നമ്മുടെ കാമ്പസുകളിലും വായനശാലകളിലും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളിലും നടന്നിരുന്ന ചൂടേറിയ ചലച്ചിത്ര സംവാദങ്ങളെല്ലാം ഈ വാര്‍ത്തകളെ അടിസ്ഥാനമാക്കിയായിരുന്നു. ദൃശ്യമാധ്യമങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ.
ഇന്നത്തെ പല വലിയ താരങ്ങളും ഹരി നീണ്ടകരയുടെ ഓഫീസിലെ നിത്യസന്ദര്‍ശകരായിരുന്നു. കൈയില്‍ അവര്‍ അഭിനയിച്ച ചിത്രത്തിലെ ഒരു ഫോട്ടോയുണ്ടാകും. നാട്ടിലെ ഏതെങ്കിലും സിനിമാ വാരികണ്യില്‍ അത് അച്ചടിച്ചു
വരണം. ഹരി നീണ്ടകര വിചാരിച്ചാലേ അതു നടക്കൂ.

ഹരി നീണ്ടകര 

പാര്‍വതീ മന്ദിരത്തിനടുത്തായി നാഷണല്‍ ടെക്‌സ്‌റ്റൈല്‍സ് എന്നൊരു തുണിക്കടയുണ്ടായിരുന്നു. ചുവന്നു തുടുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കാഷ്കൗ ണ്ടറില്‍ എപ്പോഴുമുണ്ടാകും. കടയുടമയും അദ്ദേഹം തന്നെ. സിനിമാ മോഹമാണ്ഉ ള്ളിലിരുപ്പെന്ന് മുഖഭാവം കണ്ടാലറിയാം. ഒരിക്കല്‍ എന്റെ ഗുരുനാഥന്‍ കണ്ണൂര്‍
രാജന്‍ എന്നെയും കൂട്ടി കടയിലേക്കു കയറി. കടയുടമയ്ക്ക് ഒരു നാടകട്രൂപ്പ് ഉണ്ട്. പ്രധാന നടനും അദ്ദേഹം തന്നെ. പുതിയ നാടകത്തിന്റെ സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജനാണ്. അതില്‍ ഒരു പാട്ട് പാടാനായി നാട്ടില്‍ നിന്ന് ലതികയെ കൂട്ടിക്കൊണ്ടു വരാന്‍ കണ്ണൂര്‍ രാജന്‍ എന്നോടു നിര്‍ദ്ദേശിച്ചു. കേരളത്തില്‍ ചില നാടകങ്ങള്‍ക്ക് കണ്ണൂര്‍ രാജന്റെ ചില പാട്ടുകള്‍ ലതിക പാടിക്കഴിഞ്ഞിരുന്നു. ഞാന്‍ ലതികയുമായി മദിരാശിയില്‍ തിരികെയെത്തിയപ്പോഴേക്കും കണ്ണൂര്‍ രാജന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. എന്റെ അഭാവത്തില്‍ ഹാര്‍മോണിസ്റ്റായി സമ്പത്ത് എന്ന ചെറുപ്പക്കാരന്‍ സഹകരിച്ചു. വെളുത്ത് മെലിഞ്ഞ് പൊക്കം കുറഞ്ഞ സമ്പത്ത്
സംസാരിക്കുമ്പോള്‍ എന്തോ രഹസ്യം പറയുകയാണെന്നേ തോന്നൂ. അത്ര  പതിയെയാണ് അദ്ദേഹം സംസാരിക്കുന്നത്. പാട്ടുകള്‍ക്ക് മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കാന്‍ മിടുമിടുക്കനാണ് സമ്പത്ത്. ഹാര്‍മോണിയം, ഗിറ്റാര്‍, മാന്‍ഡ്വലിന്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു.

സമ്പത്ത് ,സെല്‍വ 
ഏന്‍ ഇന്ത വിളയാട്ട് മുരുകാ
എനക്കൊരു വഴികാട്ട് ...
ലതിക പാടിയ ഈ പാട്ടും രംഗവും നാടകത്തില്‍ മികച്ചു നിന്നു. ലതികയുടെ  ആലാപനവും തമിഴ് ഉച്ചാരണവും മികച്ചതാണെന്ന് സമ്പത്ത് അഭിപ്രായപ്പെട്ടു. തമിഴ് സിനിമയില്‍ ഒരുകാലത്ത് വളരെ പ്രശസ്തനായിരുന്ന കുലദൈവം രാജഗോപാല്‍ എന്ന നടന്റെ മകനാണ് സമ്പത്ത്. 'കുലദൈവം' എന്ന ചിത്രത്തില്‍ എംജിആറിനൊപ്പം
തുല്യപ്രാധാന്യത്തോടെ അഭിനയിച്ചതിനാലാണ് അദ്ദേഹം അങ്ങനെ അറിയപ്പെട്ടിരുന്നത്. എംഎസ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരും അപ്രശസ്തരുമായ പല സംഗീത സംവിധായകര്‍ക്കും സമ്പത്ത് സംഗീതോപകരണം
വായിച്ചിരുന്നു. സമ്പത്തിന്റെ ഇളയ സഹോദരന്‍ സെല്‍വ എംഎസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയിലെ സമര്‍ത്ഥനായ മാന്‍ഡ്വലിന്‍ വാദകനാണ്. നാടകം കഴിഞ്ഞതോടെ സമ്പത്ത് എന്റെ അടുത്ത സുഹൃത്തായി. ഒരു പുതിയ നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു: 'തമിഴ്‌നാട്ടില്‍ ധാരാളമായി കച്ചേരികള്‍ (ഗാനമേള) നടക്കാറുണ്ട്.
കല്യാണത്തിനും ഉത്സവത്തിനും മറ്റേതു ചടങ്ങിനും ഗാനമേളയുണ്ടാകും. പക്ഷേ നന്നായി പാടുന്ന പെണ്‍കുട്ടികള്‍ തീരെ കുറവ്. ലതിക ഇവിടെ നിന്നാല്‍  ധാരാളം പ്രോഗ്രാം കിട്ടും. ലതികയ്ക്ക് തമിഴ് നന്നായി വഴങ്ങുന്നുമുണ്ടല്ലോ.?

 

രോഗി ഇച്ഛിച്ചതും വൈദ്യന്‍ വിധിച്ചതും... എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. മദിരാശിയില്‍ പിന്നണിഗാന രംഗത്ത് ഒന്നു ശ്രമിച്ചാലോ എന്നു വീട്ടിലെല്ലാവരും ചിന്തിച്ചിരുന്ന സമയത്താണ് സമ്പത്തിന്റെ നിര്‍ദ്ദേശം വന്നത്. അച്ഛനും അമ്മയും സമ്മതം മൂളി. ബന്ധുക്കളില്‍ ചിലര്‍ പുരികം ചുളിച്ചു - കോടമ്പാക്കം അത്ര നല്ല സ്ഥലമല്ല. എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കിയിരുന്ന എന്റെ പൊടിയന്‍ മാമന്‍ ധൈര്യം പകര്‍ന്നു. അങ്ങനെ കുറച്ചുകാലം മദിരാശിയില്‍ താമസിക്കാമെന്ന തീരുമാനത്തോടെ ഞാന്‍ അമ്മയും ലതികയുമായി മദിരാശിയിലെത്തി. അഡയാറിലെ ഞങ്ങളുടെ ബന്ധുവായ തമ്പിയണ്ണന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് ഞാന്‍ കോടമ്പാക്കത്ത് വീട് അന്വേഷിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്ത് തബല ബാലന്‍ അതിന് എന്നെ വളരെയധികം സഹായിച്ചു. ഗായകന്‍ ജയചന്ദ്രന്‍ ബാലനു സമ്മാനിച്ച റാലി സ്‌പോര്‍ട്ട്‌സ് സൈക്കളില്‍ ഞങ്ങള്‍ കോടമ്പാക്കത്തെ തെരുവുകളില്‍ ചുറ്റി
നടന്നു. ഓരോ തെരുവിനെക്കുറിച്ചും തബല ബാലനു പറയാന്‍ കഥകളേറെയുണ്ടായിരുന്നു.
അങ്ങനെ ബാലന്റെ വീടിനടുത്ത് വണ്ണിയര്‍ തെരുവില്‍ 175 രൂപ വാടകയ്ക്ക് ഒരു
മുറിയും അടുക്കളയുമുള്ള ഒരു വീട് സംഘടിപ്പിച്ച് താമസം തുടങ്ങി.

 

 

 

തബല ബാലന്‍ 

ദിവസങ്ങള്‍ക്കുള്ളില്‍ സമ്പത്ത് ഗാനമേളക്കു ക്ഷണിക്കാനെത്തി. കൂടെ കറുത്തു മെലിഞ്ഞ് പൊക്കം കൂടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. കടുംനിറത്തില്‍ ചിത്രങ്ങളുള്ള വലിയ ഷര്‍ട്ടും ജീന്‍സുമാണ് വേഷം. സമൃദ്ധമായ മുടിക്കുതീപിടിച്ചപോലെ ഒരു നീഗ്രോരൂപം. ആള് മലയാളിയാണെന്നറിഞ്ഞപ്പോള്‍ അതിലേറെ
ആശ്ചര്യം! സമ്പത്ത് ആളെ പരിചയപ്പെടുത്തി - മണി. മണിയുടെ അച്ഛന്‍ മലയാളത്തിലെ വലിയ മ്യൂസിക് ഡയറക്ടറാണ് - ചിദംബരനാഥ്. ഞാന്‍ ഞെട്ടി. രാജാമണിയാണ് നീഗ്രോരൂപത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പച്ചക്കറി വാങ്ങി തിരികെയെത്തിയ അമ്മ രാജാമണിയുടെ മലയാളം കേട്ട് അന്തംവിട്ടു! 'ങ്ആ ഹാ,  ഇയാള്‍ നന്നായി മലയാളം പറയുന്നല്ലോ.?'അമ്മയുടെ കമന്റ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ഏതോ ഒരു നീഗ്രോ എന്നാണ് അമ്മ ധരിച്ചത്. പില്‍ക്കാലത്ത് പല സുഹൃദ്‌സദസ്സുകളിലും ഈ അനുഭവം രാജാമണി പങ്കുവയ്ക്കുമായിരുന്നു. ഗിറ്റാറും
ഹാര്‍മ്മോണിയവും ഒക്കെ വായിക്കുമെങ്കിലും രാജാമണി അപ്പോള്‍ ചലച്ചിത്ര രംഗത്ത് കടന്നിരുന്നില്ല. ദുബായില്‍ സംഗീതോപകരണം വില്‍ക്കുന്ന ഒരു കടയിലെ ഡെമോണ്‍ണ്‍സ്‌ട്രേറ്റര്‍ ജോലി ഉപേക്ഷിച്ച് തിരികെ മദിരാശിയില്‍
എത്തിയിരിക്കുകയാണ്. സമ്പണ്ത്തിനൊപ്പം ചുറ്റിനടക്കലാണ് അക്കാലത്തെ രാജാമണിയുടെ പ്രധാന ജോലി.

ലതികയും മലേഷ്യ വാസുദേവനും

 

മലേഷ്യാ വാസുദേവന്റെ ഗാനമേളകളില്‍ പാടാന്‍ സമ്പത്ത് വഴിയൊരുക്കിയതോടെ ലതിക തിരക്കിലായി. ആദ്യത്തെ തമിഴ് പിന്നണിഗായകനായ ത്രിച്ചി ലോകനാഥ്, ടിഎം സൗന്ദരരാജന്‍, പിബി ശ്രീനിവാസ്, എംഎസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ്, എല്‍ആര്‍ ഈശ്വരി തുടങ്ങിയവരുടെ ഗാനമേളകളില്‍ ലതിക ഗായികയായി. രാജാമണി
ജോണ്‍സന്റെ ഓര്‍ക്കസ്ട്രയില്‍ സഹായിയായി ചേര്‍ന്നു. പില്‍ക്കാലത്ത്ജോ ണ്‍സന്റെ വിദഗ്ധ ശിക്ഷണത്തില്‍ രാജാമണി മികച്ച മ്യൂസിക് കണ്ടക്ടറായും അസിസ്റ്റന്റായും ക്രമേണ സംഗീത സംവിധായകനായും വളര്‍ന്നു. സമ്പത്ത് തമിഴില്‍ പല സംഗീത സംവിധായകര്‍ക്കും ഉപകരണങ്ങള്‍ വായിക്കുകയും അസിസ്റ്റന്റാവുകയും ചില ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കുകയും ചെയ്തു. സമ്പത്തിനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍ ഒരൊറ്റ ഗാനം മതി -
'പ്രമദവനം വീണ്ടും...'രവീന്ദ്രന്റെ 'ഹിസ് ഹൈനസ് അബ്ദുള്ള?യിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സമ്പത്താണ്. 

 

പക്ഷേ പിന്നീട് സംഗീതരംഗത്തു നിന്ന് അദ്ദേഹം അകന്നകന്നു പോകുന്ന കാഴ്ചയാണ് കണ്ടത്. ആ മേഖലയില്‍ അര്‍ഹിക്കുന്ന സ്ഥാനം അദ്ദേഹത്തിനു ലഭിച്ചില്ല. സഹോദരന്‍ സെല്‍വയും ഭാര്യയും ഒരു വിപത്തില്‍ പെട്ട് അകാല ചരമമടഞ്ഞതോടെ അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണവും സമ്പത്തിന് ഏറ്റെടുക്കേണ്ടി വന്നു. അവരെയൊക്കെ വിദ്യാഭ്യാസം ചെയ്യിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും സമ്പത്ത് നന്നായി അദ്ധ്വാനിച്ചു. നഗരത്തില്‍ നിന്നൊഴിഞ്ഞ ഒരു സ്‌കൂളില്‍ സംഗീതം അഭ്യസിപ്പിക്കുകയായിരുന്നു ഒടുവില്‍ അദ്ദേഹം. തൊഴിലില്ലായ്മയും ജീവിതഭാരവും തളര്‍ത്തിയ സമ്പത്ത് അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രനായിത്തീര്‍ന്നു. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. സംഗീതം എന്നും അദ്ദേഹത്തിന് ഒരു തീര്‍ത്ഥയാത്രയായിരുന്നു. പക്ഷേ മോക്ഷം വളരെ അകലെയും!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക