
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പിന് (FIFA World Cup) പിന്നിൽ പ്രവർത്തിക്കുന്ന ഒരു മലയാളിയുണ്ട്, ലോകതാരങ്ങളുടെയും വിഐപികളുടെയും താമസ സൗകര്യങ്ങളും വിരുന്നുകളും ഏകോപിപ്പിക്കുന്നതിൽ മുൻനിരയിലുള്ള, തൃശൂർ മാള സ്വദേശിയായ വർഗീസ് എടാട്ടുകാരൻ .
"വലിയ സ്വപ്നങ്ങൾ കാണാനും അതിലേക്കായി കഠിനാധ്വാനം ചെയ്യാനും അതിരുകൾ കടന്ന് ചിന്തിക്കാനും ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും മാതൃകയാണ് വർഗീസ് എടാട്ടുകാരന്റെ ഈ വിജയഗാഥ."
കോടിക്കണക്കിന് ആളുകൾ നെഞ്ചിലേറ്റുന്ന ഫിഫ ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കം നടക്കുമ്പോൾ ആളുകളുടെ കണ്ണിൽ പെടുന്നത് ബൃഹത്തായ സ്റ്റേഡിയങ്ങളും, പ്രഗത്ഭരായ കായികതാരങ്ങളും, മൈതാനത്തെ ആവേശവും വർണ്ണാഭമായ ആഘോഷങ്ങളും, ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹര നിമിഷങ്ങളുമാണ്. എന്നാൽ, ആ നിമിഷങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ ക്യാമറക്കണ്ണുകൾക്ക് അപ്പുറത്ത് നടക്കുന്നത് ലോകോത്തര ആസൂത്രണങ്ങളും, ആയിരക്കണക്കിന് തീരുമാനങ്ങളും, സങ്കീർണ്ണമായ ലോജിസ്റ്റിക്കൽ കോർഡിനേഷനുകളുമാണ്.
അതുകൊണ്ടുതന്നെ സൂറിച്ചിലെ ഫിഫ ആസ്ഥാനത്തിരുന്ന് ഗ്ലോബൽ അക്കോമഡേഷൻ മാനേജർ എന്ന വലിയ ഉത്തരവാദിത്തം തോളിലേറ്റുന്ന വർഗീസ് എടാട്ടുകാരൻ ഏതൊരു മലയാളിക്കും അഭിമാനവും പ്രചോദനവുമാണ്.
മീരാ ശങ്കറുമായി നടത്തിയ "Beyond Borders with Meera Shankar" എന്ന പോഡ്കാസ്റ്റ് അഭിമുഖത്തിൽ വർഗീസ് എടാട്ടുകാരൻ താൻ വന്ന വഴികളും ഫിഫയിലെ പ്രവർത്തനങ്ങളും പങ്കുവെക്കുന്നു.
തൃശൂരിലെ മാളയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക്
തൃശൂർ ജില്ലയിലെ മാളയിലെ ലളിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും നിശ്ചയദാർഢ്യവും വഴി അന്താരാഷ്ട്ര കായിക രംഗത്തെ മുൻനിര പ്രസ്ഥാനമായ ഫിഫയുടെ അക്കോമഡേഷൻ ചുമതലയിലേക്ക് എത്തിയ കഥയാണ് വർഗീസ് എടാട്ടുകാരന്റേത് .
മാളയിലെ സെന്റ് ആന്റണീസ് മലയാളം മീഡിയം സ്കൂളിലായിരുന്നു വർഗീസിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ഫിഫ പോലൊരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴും പഠിക്കുന്ന കാലത്ത് താനൊരു ആവറേജ് വിദ്യാർത്ഥി മാത്രമായിരുന്നുവെന്ന് വിനയത്തോടെ പറയുന്നു അദ്ദേഹം. സ്‌കൂളിൽ പഠിക്കുമ്പോൾ സ്പോർട്സ് ആൻഡ് ആർട്സ് ചാമ്പ്യനായിരുന്നു .
സെന്റ് തെരേസാസ് കോളജ് കോട്ടയ്ക്കലിൽ നിന്നായിരുന്നു ബിരുദം.
തുടർന്ന് ദുബായിലെ ആഡംബര ഹോട്ടലുകളിൽ ഫ്രണ്ട് ഓഫിസ് സ്പെഷലിസ്റ്റായി ഹോസ്പിറ്റാലിറ്റി രംഗത്ത് കരിയർ ആരംഭിച്ചു . അതിനുശേഷം സ്വിറ്റ്സർലൻഡിൽ നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ വിദഗ്ദ്ധ പരിശീലനം നേടി. സ്വിറ്റ്സർലണ്ടിൽ ചെന്ന് ആദ്യകാലത്ത് ഒരു ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയിലും പ്രവർത്തിച്ചു . മികച്ച സേവന പാതയിലൂടെ ഉയർന്ന വർഗീസ് 2019-ൽ അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫയിൽ (FIFA) പ്രവേശിച്ചു. 2022-ലെ ഖത്തർ ലോകകപ്പ്, ഫിഫ വനിതാ ലോകകപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ വൻകിട ടൂർണമെന്റുകളുടെ അക്കമഡേഷൻ വിഭാഗത്തിന് വിജയകരമായി നേതൃത്വം നൽകി.
ഫിഫയുടെ നേതൃത്വത്തിൽ യൂത്തിനെ പ്രൊമോട്ട് ചെയ്യാൻ അസർബൈജാനിൽ ഒക്ടോബറിൽ നടക്കുന്ന അണ്ടർ 15 വേൾഡ് കപ്പ് ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്നതിലും അതിൽ പങ്കെടുക്കാനാവുന്നതിലും അദ്ദേഹം സന്തോഷം പങ്കുവെച്ചു.
നിലവിൽ സ്വിസ് പൗരത്വം സ്വീകരിച്ച് സൂറിച്ചിലാണ് താമസം.
സ്വിറ്റ്‌സർലണ്ട് സ്വദേശി സൂസനാണ് ഭാര്യ. മക്കൾ: ജാസ്മിന, മെലിന.
ആയിരക്കണക്കിന് കളിക്കാർ, വിഐപികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുടെ താമസം, ഭക്ഷണം, യാത്ര എന്നിവ തടസ്സമില്ലാതെ നടപ്പിലാക്കുക വലിയൊരു പ്രയത്നം തന്നെയാണെന്ന് അദ്ദേഹം മനസ് തുറക്കുന്നു. വർഷങ്ങൾ നീളുന്ന ആസൂത്രണത്തിലൂടെയാണ് ഇത്തരം ഇവന്റുകൾ വിജയകരമായി ക്രമീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ താമസസൗകര്യങ്ങൾ തടസമില്ലാതെ ഏകോപിപ്പിക്കൽ, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും എത്തുന്ന പ്രൊഫഷണലുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുക തുടങ്ങിയവയൊക്കെ ഉത്തരവാദിത്വങ്ങളിൽപെടുന്നു.
ഏതൊരു മത്സരവും യാതൊരു തടസവുമില്ലാതെ പൂർത്തിയാകുമ്പോൾ, ലോകം കളിക്കളത്തിലെ വിജയം ആഘോഷിക്കുന്നു. എന്നാൽ ആ വിജയത്തിന് പിന്നിൽ അണിയറപ്രവർത്തകരുടെ മാസങ്ങളോളം നീണ്ട അശ്രാന്തപരിശ്രമവും തടസമില്ലാത്ത കൃത്യതയുമുണ്ടെന്ന് വർഗീസ് എടാട്ടുകാരന്റെ ജീവിതം പറയുന്നു.
''നമ്മൾ തീക്ഷ്ണമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ സ്വപ്നം കാണുന്നത് നേടാൻ കഴിയും, ഹാർഡ് വർക് ചെയ്യുക, ഉയരങ്ങളിലെത്തിയാലും വന്ന വഴി മറക്കാതിരിക്കുക''- ഗ്ലോബൽ സ്റ്റേജിൽ എത്തിയിട്ടും ലാളിത്യം വിടാതെ അദ്ദേഹം പറയുന്നു.
വീഡിയോ : https://youtu.be/KRMPZZVVsfs