Image

ഏഷ്യാനെറ്റില്‍ ' OG ONAM ' : പത്ത് ദിവസത്തെ ഓണാഘോഷവുമായി ഏഷ്യാനെറ്റ്

റെജു ചന്ദ്രന്‍ ആര്‍ Published on 14 August, 2026
ഏഷ്യാനെറ്റില്‍ ' OG ONAM ' : പത്ത് ദിവസത്തെ ഓണാഘോഷവുമായി ഏഷ്യാനെറ്റ്

ഈ ഓണക്കാലത്ത്, കേരളം തലമുറകളായി പരിചയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്ത അതേ തനിമയോടെ ഓണത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഏഷ്യാനെറ്റ്. അതിന്റെ ഭാഗമായി ശ്രദ്ധേയമായ 'OG Onam' ക്യാമ്പയിന് തുടക്കമിടുകയാണ്. യഥാര്‍ത്ഥ ഓണത്തിന്റെ തനിമ നിര്‍വചിക്കുന്ന കാലാതീതമായ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആദ്യത്തെ പൂക്കളം ഒരുക്കുന്നതു മുതല്‍ മഹാബലിയുടെ വരവേല്‍പ്പ് വരെ, പ്രിയപ്പെട്ടവരോടൊപ്പമുള്ള ഓണസദ്യ മുതല്‍ കുടുംബം ഒന്നിച്ചിരുന്ന് ടെലിവിഷന്‍ കാണുന്ന നിമിഷങ്ങള്‍ വരെ, കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന്റെ തനിമയും ഊഷ്മളതയും പ്രൗഢിയും പകര്‍ത്തുന്ന വ്യത്യസ്ത പ്രമേയങ്ങളുമായി ഓരോ ദിവസവും അണിയിച്ചൊരുക്കുന്ന  10 ദിവസത്തെ അതിഗംഭീര ആഘോഷത്തിനാണ് ഏഷ്യാനെറ്റ് ഒരുങ്ങുന്നത്.


100 ശതമാനം തനിമയാര്‍ന്ന പാരമ്പര്യങ്ങളോടെ ഓണം ആഘോഷിക്കുമെന്ന വാഗ്ദാനത്തിന് അനുസൃതമായി, ബ്ലോക്ക്ബസ്റ്റര്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറുകള്‍, ശ്രദ്ധേയമായ നോണ്‍-ഫിക്ഷന്‍ പരിപാടികള്‍, താരനിബിഡമായ ഇവന്റുകള്‍, പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളുടെ പ്രത്യേക എപ്പിസോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന, ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ആഘോഷ പരിപാടികളാണ് 'OG Onam' പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറുകളുടെ ശക്തമായ നിരയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. ' പ്രതിച്ഛായ ' യോടെയാണ് പ്രീമിയര്‍ നിര ആരംഭിക്കുന്നത്. തുടര്‍ന്ന് 2026-ലെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചലചിത്രം മോളിവുഡ് ടൈംസ് എത്തുന്നു. ഏറെ ആസ്വാദ്യകരവും വൈകാരികമായി പ്രേക്ഷകരോട് ചേര്‍ന്നുനില്‍ക്കുന്നതുമായ കോമഡി ഡ്രാമയായ വാഴ 2 ഉം, കേരളം മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച കോമഡി സീക്വലായ മോഹിനിയാട്ടവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പ്രേക്ഷകര്‍ വളരെ ആവേശത്തോടുകൂടി ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 യാണ് പ്രീമിയര്‍ നിരയ്ക്ക് മാറ്റുകൂട്ടുന്നത്.


ഏഷ്യാനെറ്റ്  ശ്രദ്ധേയമായ നോണ്‍-ഫിക്ഷന്‍ പരിപാടികളിലൂടെ ഈ ഉത്സവ ആവേശം തുടരും. ആവേശം നിറഞ്ഞ ബിഗ് ബോസ് അഗ്‌നിപരീക്ഷ സീസണിലുടനീളം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. അതേസമയം, ഓണരുചിമേളവും ഓണക്കലവറയും ഓണത്തിന്റെ പ്രിയപ്പെട്ട പാചക വിഭവങ്ങളും രുചികളും പ്രേക്ഷകരിലേക്ക് എത്തിക്കും. ഓണത്തിന്റെ തനതായ രുചികള്‍ പകര്‍ത്തുന്നതിനൊപ്പം, പ്രധാന ആഘോഷ ദിവസങ്ങളിലേക്കുള്ള കേരളീയരുടെ ആവേശം നിലനിര്‍ത്താനും ഈ പരിപാടികള്‍ സഹായിക്കും.
ഏഷ്യാനെറ്റിന്റെ ഏറ്റവും പ്രിയപ്പെട്ട ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ പരിപാടികളുടെ പ്രത്യേക ഉത്സവ എപ്പിസോഡുകളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഓഗസ്റ്റ് 30ന് അരങ്ങേറുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 ഗ്രാന്‍ഡ് ഫിനാലെയാണ് ഈ ആഘോഷനിരയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ, ഷെഫ് പിള്ളയ്ക്കൊപ്പം പൃഥ്വിരാജും 'ഖലീഫ'യുടെ ടീമും പങ്കെടുക്കുന്ന പ്രത്യേക ചാറ്റ് ഷോയും പരിപാടികളുടെ ഭാഗമാകും. ജനപ്രിയ സിനിമാ താരങ്ങളെയും പാചക വിനോദത്തെയും ഒരേ വേദിയില്‍ എത്തിക്കുന്ന ഈ പ്രത്യേക പരിപാടിക്കൊപ്പം ചെമ്പനീര്‍പ്പൂവ്, പത്തരമാറ്റ്, മഴത്തോരും മുന്‍പേ എന്നീ പരമ്പരകളുടെ പ്രത്യേക എപ്പിസോഡുകളും സംപ്രേക്ഷണം ചെയ്യും.

ക്യാമ്പയിനെക്കുറിച്ച് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍, എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് വിഭാഗം മേധാവി കൃഷ്ണന്‍ കുട്ടി പറഞ്ഞു: ''തലമുറകളായി മലയാളി വീടുകളില്‍ ഓണവും ഏഷ്യാനെറ്റും വേര്‍പിരിയാനാകാത്ത ബന്ധമാണ്. ഈ വര്‍ഷം 'OG Onam' അവതരിപ്പിക്കുന്നതിലൂടെ ആ പാരമ്പര്യത്തെ ആദരിക്കുകയാണ് ഞങ്ങള്‍. കൂടുതല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മീഡിയാ ലോകത്ത്, ഒരുമിച്ചുള്ള വിനോദാനുഭവങ്ങളിലൂടെ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന അപൂര്‍വ അവസരങ്ങളിലൊന്നാണ് ഉത്സവങ്ങള്‍. അതാണ് ഞങ്ങള്‍ക്ക് ഓണത്തെ ഇത്രയും പ്രത്യേകമാക്കുന്നത്. കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളെ അവയുടെ വേരുകളോട് ചേര്‍ന്നുനില്‍ക്കുന്ന ആധികാരികമായ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സാംസ്‌കാരിക നിമിഷങ്ങളിലൂടെയും ആഘോഷിക്കാനുള്ള അവസരമാണിത്. അതോടൊപ്പം, സമാനതകളില്ലാത്ത വ്യാപ്തിയും ആഴത്തിലുള്ള വൈകാരിക ബന്ധവും ഉറപ്പുനല്‍കുന്ന ഒരു വേദി പരസ്യദാതാക്കള്‍ക്ക് ഒരുക്കാനും ഇതിലൂടെ സാധിക്കും.''
OG Onam എന്ന ക്യാമ്പയിനിലൂടെ, പങ്കുവെക്കുന്ന നിമിഷങ്ങളിലൂടെയും കാലാതീതമായ പാരമ്പര്യങ്ങളിലൂടെയും മറക്കാനാവാത്ത വിനോദങ്ങളിലൂടെയും കേരളത്തിലെയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിലെയും പ്രേക്ഷകരെ ഓണം അതിന്റെ തനിമയോടെ ആഘോഷിക്കാന്‍ ഏഷ്യാനെറ്റ് ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു.

 

ഏഷ്യാനെറ്റില്‍ ' OG ONAM ' : പത്ത് ദിവസത്തെ ഓണാഘോഷവുമായി ഏഷ്യാനെറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക