Image

വഴിയമ്പലം രാജു : ജാസ്മിൻ ജോയ്

Published on 14 August, 2026
വഴിയമ്പലം രാജു : ജാസ്മിൻ ജോയ്

വഴിയമ്പലത്തിൻ്റെ പ്രിയങ്കരനാണ് രാജു.
വഴിയമ്പലത്തുമാത്രമല്ല, സമീപപ്രദേശങ്ങളിലും രാജു പരിചിതനാണ്.
കടയുടമകളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ചങ്ങാതിയാണ് രാജു. ബസ് കയറാൻ വരുന്ന കോളേജ് വിദ്യാർത്ഥികളും അവനെ പ്രത്യേകം പരിഗണിച്ചു. 
മനുഷ്യൻ്റെ ക്രൂരത അവനെ തെരുവിലേക്ക് തള്ളി.
പക്ഷെ, ചുറ്റിലും ഇനിയും അവശേഷിക്കുന്ന മാനുഷികത അവനെ വഴിയമ്പലം രാജുവാക്കി മാറ്റി.

രാജു ആരാണന്നല്ലേ? രാജു ഒരു നായയാണ്. കൊടകരയിലെ തിരക്കേറിയ വഴിയമ്പലം ജംഗ്ഷൻ്റെ കാവൽക്കാരൻ. അവൻ സാധാരണ നായയല്ല. ഉന്നതകുലജാതനാണ്. നായ്ക്കളിലെ ജീനിയസ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാബ്രഡോർ വംശജനാണ് രാജു.


ഏതോ സമ്പന്ന കുടുംബത്തിലായിരിക്കാം ലാബ്രറഡോറായ  രാജു വളർന്നത്. തീർച്ചയായും അവൻ്റെ ബാല്യവും യൗവ്വനകാലവും സുഭിക്ഷതയുടേതായിരുന്നിരിക്കാം. പക്ഷെ,  പിന്നീട് , മറ്റെന്തോ കാരണങ്ങൾകൊണ്ട്  ഉടമകൾക്ക് അവൻ ഭാരവും ശല്യവുമായി.
അങ്ങനെയാണ് രാജു തെരുവിൽ ഉപേക്ഷിക്കപ്പെട്ടത്.
അരുമയായി വളർത്തിയ സഹജീവികളെ  പിന്നിട് റോഡിലേക്ക് തള്ളുന്നവരുടെ  മനോനിലയെന്താണ് ?
അവരുടെ മൃഗസ്നേഹം തന്നെ കാപട്യമാണല്ലോ .
വളർത്തുമൃഗങ്ങൾക്ക്
രോഗമോ, വാർധക്യമോ ,  മറ്റെന്തിങ്കിലും പ്രശ്‌നങ്ങളോ ബാധിച്ചാൽ ഇല്ലാതാകുന്ന, പൊങ്ങച്ചത്തിനുവേണ്ടി മാത്രം നിർമ്മിക്കപ്പെടുന്ന സഹജീവി സ്നേഹം.
ഒരു രാജ്യത്തിൻ്റെ സംസ്കാരം മനസ്സിലാക്കണമെങ്കിൽ ആ രാജ്യത്തിലെ മനുഷ്യർ സ്‌ത്രീകളോടും മൃഗങ്ങളോടും എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കിയാൽ മതിയെന്ന ഗാന്ധിവചനം ഓർത്തു പോകുന്നു.

രാത്രിയിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ട് വഴിയമ്പലം കവലയിൽ എത്തപ്പെട്ട വൃദ്ധനായ നായ ആദ്യ നാളുകളിൽ ദിക്കും ഗന്ധവുമറിയാതെ ആകെ പരിഭ്രാന്തനായിരുന്നു. റോഡുകളും തിരക്കും തെരുവുനായ്ക്കളെപ്പോലെ അവന് പരിചിതമായിരുന്നില്ലല്ലോ . വഴിയമ്പലം ജംഗ്ഷനിലൂടെ സ്കൂളിലേക്ക് എന്നും കടന്നുപോകുന്ന ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ജോയി അവൻ്റെ കഥകൾ പറയാറുണ്ടായിരുന്നു.
ഒരു നായസ്‌നേഹിയായതുകൊണ്ടാണ് അവനോട് പ്രത്യേകതാത്പര്യം തോന്നിത്തുടങ്ങിയത് .
ഷോപ്പുടമകളും ഡ്രൈവർമാരും അവന് ഭക്ഷണം കൊടുത്തു തുടങ്ങി .   എവിടെയും എപ്പോഴും സ്വീകാര്യമായ രാജു എന്ന പേര് ഡ്രൈവർമാർ അവന് നൽകി . താമസിയാതെ അവൻ വഴിയമ്പലം രാജുവായി മാറി.


വിശപ്പിനു ഭക്ഷണം ലഭിച്ചുതുടങ്ങിയപ്പോൾ രാജുവിൻ്റെ പരിഭ്രാന്തി മാറിത്തുടങ്ങി . രാജുവിൻ്റെ അന്നദാതാക്കളിൽ ഒരാൾ ജോയിയാണ്. ബൈക്കിൽ കവലയിലൂടെ കടന്നുപോകുമ്പോൾ രാജു ജോയിയെ പിന്തുടരുന്നത്  പതിവു കാഴ്ചയാണ് .

അധികം വൈകാതെ രാജു സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിച്ചു.
സ്വന്തം വംശഗുണങ്ങൾ അവനെ അതിന് സഹായിച്ചു.
ലാബ്രഡോർ എന്ന ഉന്നതപദവിയിൽ  വിരാജിച്ചിരുന്ന അവൻ , ജീവിത പരിണാമത്തിൽ പൂർവജീവിതത്തിലെ പേരുപോലും  മറന്ന് തെരുവിൻ്റെ രാജുവായി മാറി. മനുഷ്യജീവിതത്തിൻ്റെ പ്രതീകമായി രാജു മാറുന്നുണ്ട്.
ഉന്നതകുലജാതൻ്റെ പ്രൗഡി അവനിൽ നിന്നും മാഞ്ഞുപോയി. വിഷാദവും നിസ്സാഹായതയുമാണ് രാജുവിൻ്റെ സ്‌ഥിര ഭാവം.

നാടൻ നായ്ക്കളുടെ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ട് രാജുവിന് പലപ്പോഴും അസുഖങ്ങൾ വന്നു. രോമം പൊഴിഞ്ഞു, ശരീരത്തിൽ വ്രണങ്ങൾ വന്നു. അപ്പോഴെല്ലാം അവനെ പരിചരിച്ചതും ചികിൽസിച്ചതും വഴിയമ്പലത്തെ ദയയുള്ള മനുഷ്യരാണ്.
രാജുവിന് ഭക്ഷണത്തിന് പ്രയാസമില്ല. ശാന്തനായ രാജുവിന് ഭക്ഷണം കൊടുക്കാൻ ജംഗ്ഷനിലുള്ളവരും വിദ്യാർത്ഥികളുമുണ്ട്. ഇതിന് പുറമെ സമീപഗൃഹങ്ങളിലും അവൻ സന്ദർശകനാണ്.
അവരുടെ കാവൽക്കാരനായി രാജു മാറി.

കവലയിൽ രാജു  ഒരു ടെറിട്ടറി സൃഷ്ടിച്ചു. അവൻ്റെ ദേശത്തേക്ക് കടന്നുവരുന്ന നായ്ക്കളെ ശക്തിയും ബുദ്ധിയും ഉപയോഗിച്ചു അവൻ അകറ്റിനിർത്തി. ഇതിനിടയിൽ രാജുവിന് കൂട്ടുകാരികളും ഉണ്ടായി . സ്വഭാവികം.
തെരുവു നായകൾ മിക്കതും രാജുവിനെ പോലെയല്ല. അലഞ്ഞുനടക്കുന്ന അക്രമികളായ തെരുവ് നായ്ക്കൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ഗുരതരപ്രശ്നം തന്നെയാണ്. 
( നായ്ക്കളെ ഉപേക്ഷിക്കുന്നതും തെരുവിൽ ഭക്ഷണം കൊടുക്കുന്നതും ഇപ്പോൾ കുറ്റകരമാണ്).

നായ്ക്കളും മനുഷ്യരും  തമ്മിലുള്ള ബന്ധം മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ സഹജീവിത ബന്ധങ്ങളിലൊന്നാണ്.
15000 വർഷം ദൈർഘ്യമുണ്ട് ആ സവിശേഷ ബന്ധത്തിന്. മനുഷ്യനോട് ഇണങ്ങിയ ആക്രമണ സ്വഭാവം കുറഞ്ഞ ചെന്നായ്ക്കളാണ് കാലക്രമേണ നായ്ക്കളായി പരിണമിച്ചത്. മനുഷ്യൻ്റെ അതിജീവനകഥയിൽ നായ്ക്കളും പ്രധാന പങ്കു വഹിച്ചു. മനുഷ്യൻ്റെ വേട്ടയ്ക്കും  കാവലിനും കാലിവളർത്തലിനും  ദീർഘസഞ്ചാരങ്ങൾക്കും കൂട്ടായി നായയുണ്ടായിരുന്നു.
ഹോമോസാപ്പിയൻസ് എന്ന മനുഷ്യവർഗം നായയോടും കടപ്പെട്ടിരിക്കുന്നു.

യഥാർത്ഥത്തിൽ, നിരുപാധികമായ സ്‌നേഹം ഈ ഭൂമിയിൽ നായയുടേത് മാത്രമാണ്.
അതുകൊണ്ടാണ് നായയുടെ സ്‌നേഹം അറിയാത്തവർ യഥാർത്ഥ സ്നേഹം എന്തെന്ന് അറിയില്ലെന്ന് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക