Image

കൂത്താണ്ടവർ (നോവൽ) വേണുഗോപാലൻ കോക്കോടൻ (പുസ്തക പരിചയം - 23- ബാജി ഓടംവേലി, ഡാലസ്)

Published on 14 August, 2026
കൂത്താണ്ടവർ (നോവൽ) വേണുഗോപാലൻ കോക്കോടൻ (പുസ്തക പരിചയം - 23- ബാജി ഓടംവേലി, ഡാലസ്)

അമേരിക്കൻ മലയാളി എഴുത്തുകാരനും ചിന്തകനുമാണ്  വേണുഗോപാലൻ കോക്കോടൻ. ഇദ്ദേഹത്തിന്റെ 'കൂത്താണ്ടവർ' എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ട അസാധാരണമായ ഒരു പ്രണയത്തിന്റെ കഥ പറയുന്നു. വികാരങ്ങൾ നിറഞ്ഞതും വ്യത്യസ്തവുമായ ഒരു പ്രണയ ആഖ്യാനമാണിത്. കഥയിൽ അന്തർലീനമായിട്ടുള്ള കാമ്പിൻ്റെ കഴമ്പിനെ തേടുവാൻ ശ്രമിച്ചാൽ ഇത് എല്ലാവർക്കും ഇഷ്ടപ്പെടും.
ജന്മംകൊണ്ടും കർമ്മംകൊണ്ടും അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത ഒരു ജനതയെക്കുറിച്ചുള്ള ദീപ്തമായ ബോധവൽക്കരണം ഇതിലുണ്ട്. ഈ നോവലിലെ പ്രമേയം വായനക്കാരെ ചിരിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്, കരയിച്ചിട്ടുണ്ട് അതിലുപരി സൂക്ഷമമായ വിലപ്പെട്ട അറിവുകൾ നൽകി വായന തുടരുന്നു.   
ഉത്തര കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുവാൻ, മുംബൈയിലെത്തിയ, ആദർശവാദിയായ, ഗോപനെന്ന യുവാവിന്റെ ജീവിതത്തിലെ ഒരു ഏടാണ് ഈ നോവലിൽ പറയുന്നത്. ഒരു മനുഷ്യജന്മത്തിൻ്റെ അധികം അറിയപ്പെടാത്ത മേഖലകളും, ജീവിതത്തിലെ വിഭിന്നങ്ങളായ വിചാര സംഘർഷങ്ങളും ഉൾക്കൊള്ളുന്നൊരു കഥാതന്തു, ഇതുവരെ ആരും പറയാത്ത രീതിയിൽ ഇതുവരെ ആരും  കേൾക്കാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

"എൻ്റെ ജീവിതം വലിയൊരു സമസ്യയാണ് " എന്നാണ് കോയമ്പത്തൂരുകാരി സുന്ദരിയായ ഇരുപത്തിരണ്ടുകാരി സുമതി തൊണ്ടയിടറി പറഞ്ഞത്. ആ സമസ്യയുടെ ചുരുളഴിയുകയാണ് ഈ നോവലിൽ. 
"ഞാനൊരു പെണ്ണല്ല... ഒരാണുമല്ല... ഞാനൊരു ഹിജഡയാണെന്ന്... എല്ലാവരും അവജ്ഞയോടെ നോക്കുന്ന ഹിജഡ..." എന്ന് ആ സുന്ദരി പറയുന്നു. അവളുടെ ശബ്ദവും രൂപവും ഒരൊത്ത പെണ്ണിൻ്റേതുതന്നെയാണ്. ആണാവട്ടെ.. പെണ്ണാവട്ടെ... അല്ലെങ്കിൽ ഹിജഡയാവട്ടെ... പക്ഷേ ഒരു മനുഷ്യനാണെന്ന് ഉറപ്പുണ്ട്, അതുമതി. ആ ഉറപ്പിൽ ഗോപനും സുമതിയും ചങ്ങാതിമാരാകുന്നു. മനുഷ്യനെ മനുഷ്യനായി കാണാനാവുന്നതാണ് പുരോഗമന ചിന്ത.  
എല്ലാം തികഞ്ഞ ഒരു ആൺകുട്ടിയായി ജനിച്ച സോമു എങ്ങനെ ഇന്നു കാണുന്ന സുന്ദരിയായ സുമതിയായെന്ന ജീവിതം പലദിവസങ്ങളിലായി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലും അവരുടെ സൗഹൃദം വളരുകയായിരുന്നു. ഗോപനും സുമതിയും ഒരുമിച്ച് നടക്കുന്നത് കാണാൻ നല്ല ചേലാണ്, കമിതാക്കൾ നടക്കുന്നതു പോലെയെ ആർക്കും തോന്നുകയുള്ളൂ.
സൗഹൃദം ഹൃദയത്തിൽ ചാലിച്ച് സുമതി സഹോദരിയേപ്പോലെ കാണുന്ന സുനന്ദയും, ഇരുവരും അച്ഛനേയും അമ്മയേയും പോലെ കാണുന്ന പെരുമാളും വായനക്കാരുടെ മനസ്സിൽ വിങ്ങലോടെ നിറഞ്ഞു നിൽക്കും. 
തമിഴ്‌നാട്ടിലൊരു കൂത്താണ്ടവർ കോവിലുണ്ട്. വില്ലുപുരം ജില്ലയിലെ കൂവഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ജെൻഡർ സംഗമം വർഷത്തിലൊരിക്കൽ അവിടെ നടക്കാറുണ്ട്. ഹിജഡകളുടെ ആരാധന മൂർത്തിയായ അറവാൻ ഇവിടെ കുടി കൊള്ളുന്നു. വധുവായെത്തി വിധവയായി മടങ്ങുന്നതാണ് അവിടുത്തെ ചടങ്ങുകൾ.
അവിടുത്തെ ആചാരാങ്ങളും അഷ്ഠാനങ്ങളും മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. അർജുനന്റെ നാലുമക്കളിൽ ഒരുവനാണ് അറവാൻ എന്ന കൂത്താണ്ടവർ. അറവാൻ തനിക്ക് കുരുക്ഷേത്രത്തിൽ പോകും മുൻപ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽപ്പെട്ട് മരണം വരിക്കാനുള്ള സാധ്യതയുള്ളതിനാൽ ആരും വിവാഹത്തിനു തയ്യാറായില്ല. യുദ്ധത്തിനു പുറപ്പെട്ട അറവാൻ എട്ടാം ദിവസം മരിച്ചുവീണു. ആരും വിവാഹം കഴിക്കാൻ ഒരുക്കമല്ലാതിരുന്ന അറവാനെ വിവാഹം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നാണ് ക്ഷേത്രത്തിലെത്തി മംഗല്യസൂത്രം അണിയുന്നതിലൂടെ ഹിജഡകൾ വ്യക്തമാക്കുന്നത്.  
സുമതിയ്‌ക്ക് ഒരു കാര്യം ആരും അറിയാതെ ചെയ്തു കൊടുക്കാനായി ഗോപനോട് ആവശ്യപ്പെടുന്നുണ്ട്. അത് മറ്റൊന്നുമല്ല കേരളത്തിൽ പോകുമ്പോൾ കോയമ്പത്തൂരുവഴി പോയി സുമതി വർഷങ്ങൾക്ക് മുൻപേ വിട്ടുപോന്ന സെഗുഡന്തലിയിൽ അവളുടെ വീട്ടിലൊന്ന് പോയി, വീട്ടിലെ എല്ലാവരുടേയും ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു വരണമെന്ന്. 
സുമതിയുടെ വീട്ടിലേക്കുള്ള യാത്രയും കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനുള്ളിൽ അവിടെയുണ്ടായ മാറ്റങ്ങളും ആ വീടിൻ്റെയും വീട്ടുകാരുടെയും ഇന്നത്തെ അവസ്ഥയും ആകാംഷയോടെ ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാവൂ. സത്യത്തിൽ അതൊന്നും നാം വായിക്കുകയല്ല, നേരിൽ കണ്ട് അനുഭവിക്കുന്നതു പോലെ തോന്നും.  
നോവലിൽ ഉടനീളം സംഭവങ്ങളുടെ ആണ്ടും തീയതിയും ഒക്കെ കൃത്യമായി പറഞ്ഞിരിക്കുന്നത് കഥയിൽ ആത്മാശം അത്രയധികം ഉള്ളതുകൊണ്ടാവും. ആത്മാശം കലർന്ന സന്ദർഭങ്ങളും സംഭവഗതികളും കൊണ്ട് വൈകാരികത മുറ്റി നില്ക്കുന്ന ഭാവാന്തരീക്ഷമാണ് നോവലിൽ ഉടനീളം. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന ഭാഷാവിഷ്‌കാരം. പൊതുസമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധത്തിൻ്റെ വിവരണം. ദുരന്തപര്യവസാനിയെങ്കിലും വായനയെ ഊഷ്മളമാക്കുന്ന കഥാഗതി. നോവൽ വായിച്ചു കഴിഞ്ഞാലും കഥയും കഥാപാത്രങ്ങളും നമ്മെ പിന്തുടരും.
നോവലിൻ്റെ ഒഴുക്കിൽ കഥാസന്ദർഭത്തിനനുസരിച്ച് മലയാളത്തിനു പുറമേ, ഇംഗ്ളീഷും ഹിന്ദിയും തമിഴും ഉപയോഗിച്ചിട്ടുണ്ട്. ഒരു നോവലിന് ഒരു സാമൂഹ്യ കടമ നിറവേറ്റാൻ സാധിക്കുമെങ്കിൽ അത് നൂറ് ശതമാനം വിജയിച്ച ഒരു സൃഷ്ടിയാണെന്ന് ഉറപ്പായും പറയാനാകും. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച 284 പേജുകളുള്ള ഈ നോവലിൻ്റെ വില 350 രൂപയാണ്.

വേണുഗോപാലൻ കോക്കോടൻ

1972 ൽ കണ്ണൂർ ജില്ലയിലെ മാലൂരിനടുത്തുള്ള കാഞ്ഞിലേരിയിൽ ജനിച്ച്, തലശ്ശേരിക്കും കൂത്തുപറമ്പിനുമിടയിലുള്ള എരുവട്ടിയിൽ വളർന്നു. അച്ഛൻ തേവാരത്തിൽ കുഞ്ഞിക്കണ്ണൻ, അമ്മ മംഗലാട്ട് കാഞ്ചനവല്ലി. പൊന്ന്യം ചുണ്ടങ്ങപ്പൊയിലും കൂത്തുപറമ്പും കണ്ണൂരും, മുംബൈയിലും വിദ്യാഭ്യാസം. മിഡിൽ ഈസ്റ്റിലെയും ലണ്ടനിലെയും ജോലികൾക്കു ശേഷം 2004 മുതൽ അമേരിക്കയിലെ വിർജീനിയയിൽ താമസിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 
ആനുകാരികങ്ങളിൽ കഥ, ലേഖനം തൂടങ്ങിയവ പഠനകാലം മുതലേ എഴുതാറുണ്ട്. വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളിൽ സജീവമാണ്. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 
കുത്താണ്ടവർ എന്ന ആദ്യ നോവൽ ഡി. സി. ബുക്സ് 2022 ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചു. അഞ്ചാം പതിപ്പ് വില്പനയ്‌ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.
ഭാര്യ :- ജിഷ, മക്കൾ :- പാർവ്വതി, ദേവകി 
email :- vkokkodan@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക