Image

ആരായിരുന്നു രാവണൻ ? (രാമായണ കഥകൾ: സുധീർ പണിക്കവീട്ടിൽ)

Published on 14 August, 2026
ആരായിരുന്നു രാവണൻ ? (രാമായണ കഥകൾ: സുധീർ പണിക്കവീട്ടിൽ)

ഒരിക്കൽ ബ്രഹ്മാവിന്റെ  മാനസ പുത്രന്മാരായ സനത്കുമാരന്മാര്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കാനെത്തിയപ്പോൾ  ദ്വാരപാലകരായ ജയവിജയന്മാർ  ഇവരെ തടഞ്ഞു. ഇതിൽ കോപം പൂണ്ട സനത്കുമാരന്മാര്‍ അടുത്ത മൂന്നു ജന്മത്തിൽ ജയവിജയന്മാർ അസുരന്മാരായി ജനിക്കട്ടെയെന്ന് ശപിച്ചു. ഇങ്ങനെ രണ്ടാം ജന്മത്തിലാണ് ജയവിജയന്മാർ രാവണനും കുംഭകർണ്ണനും ആയി പിറന്നത്. ഭൂമിയിൽ വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിക്കുന്നത്.

രാവണനെ  ചിത്രീകരിച്ചിരിക്കുന്നത് പത്തുതലകളോടെയാണ്  പത്തുതലകൾ രാവണന് "ദശമുഖൻ" ( പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" ( പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇതെല്ലാം  രാവണന്റെ അത്യാഗ്രഹത്തെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഹിന്ദു പുരാണങ്ങളിലെ ലങ്കാധിപതിയായ രാവണൻ, വില്ലനായും അതേസമയം അസാധാരണ പണ്ഡിതനും ശിവഭക്തനുമായി പല കൃതികളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രാവണന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ലേഖനങ്ങളും കവിതകളും മലയാളത്തിലും മറ്റ് ഭാഷകളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.

രാമായണത്തിലെ പ്രധാന എതിരാളിയാണെങ്കിലും അദ്ദേഹത്തിന്റെ അഹങ്കാരവും പ്രകൃതവും തകർച്ചയ്ക്ക് കാരണമായി.രാവണനെ ഒരു ദുഷ്ടനായി മാത്രം കാണാതെ അദ്ദേഹത്തിന്റെ കഴിവുകളെയും ദുരന്തങ്ങളെയും മുൻനിർത്തി ആധുനിക സാഹിത്യത്തിൽ നിരവധി ലേഖനങ്ങളും നോവലുകളും വന്നിട്ടുണ്ട്.
രാവണൻ പകുതി ബ്രാഹ്മണനും പകുതി രാക്ഷസനും ആയിരുന്നു. ചെറുപ്പം മുതൽ വിദ്യ അഭ്യസിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന മകന്റെ അഭിരുചി മനസ്സിലാക്കി പിതാവ് (വിശ്രവസ്സ് എന്ന ബ്രാഹ്മണ മുനി) അവനെ വേദങ്ങളും പുരാണങ്ങളും, കലകളും ക്ഷത്രിയരുടെ മാഗ്ഗങ്ങളും പഠിപ്പിച്ചു  വിദ്യാസമ്പന്നനായ രാവണൻ വലിയ ആയുർവേദവൈദ്യൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റേതായി മൂന്നു പുസ്തകങ്ങൾ ഉണ്ട്. ലോകത്തിലെ ആദ്യത്തെ വൈമാനികന്‍ രാവണനാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാർ‍. 5000 വര്‍ഷം മുന്‍പ് ആദ്യമായി വിമാനം പറത്തിയത് രാവണനാണെന്നും അഞ്ച് വര്‍ഷത്തിനുള്ളി ൽ  ഇത് തെളിയിക്കുമെന്നും സര്‍ക്കാർ  പറയുന്നു.
രാവണന്റെ പത്തുതലകൾ പത്ത് ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നുവെന്നു രാവണസംഹിതയിൽ പറയുന്നു. ഇങ്ങനെ ഇന്ദ്രിയതലത്തിൽ  ജീവിക്കുന്നവർ സ്വന്തം സുഖത്തിനും ഭോഗങ്ങൾക്കുവേണ്ടി ജീവിക്കുന്നവരാണ്. ഇങ്ങനെ ഇന്ദ്രിയങ്ങൾക്ക് അടിമകളായി ജീവിക്കുന്ന ഇവർക്ക്  ശരിയായ ചിന്താശേഷി ഇല്ലാതെ വരുന്നു. എന്നാലും പത്തുതലകൾ നാല് വേദങ്ങളും ആറു ശാസ്ത്രങ്ങളും സൂചിപ്പിക്കുന്നുവെന്നു പുരാണങ്ങളിൽ പറയുന്നുണ്ട്. രാവണന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ്  അസൂയ, കുശുമ്പ് തുടങ്ങിയ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളൊന്നും രാവണനിൽ ഇല്ലായിരുന്നു എന്നത്.

ശിവഭകതനാകുന്നതിനു മുമ്പ് രാവണൻ കൈലാസം ഇളക്കാൻ ശ്രമിച്ചു. ശിവൻ കാൽവിരൽ കൊണ്ട് അതിനെ തടുത്തു. ശിവൻ അങ്ങനെ അമർത്തിയപ്പോൾ രാവണന്റെ കൈത്തണ്ടക്ക് മേൽ പർവതം അമരുകയും കൈത്തണ്ടയിൽ നിന്നും രക്തം വാർന്നൊലിക്കുകയും ചെയ്തതു. അതിന്റെ വേദനയിൽ രാവണൻ നിലവിളിക്കുകയും ചെയ്തു. അലറിയവൻ എന്നർത്ഥത്തിലാണ്  രാവണൻ എന്ന പേര് വന്നത്. പിന്നീട് രാവണൻ ശിവതാണ്ഡവ സ്തോത്രം എഴുതി ശിവന്റെ ഭക്തനായി.

വീണനൈപുണ്യം, വേദജ്ഞാനം, കായികശക്തി, ബ്രാഹ്മണപരമ്പര്യം, രാജകീയ  അധികാരം, ലൗകികവിജയം, ബുദ്ധി എന്നിവ ഉണ്ടായിരുന്നെങ്കിലും അഹങ്കാരം നിമിത്തമുള്ള വിവേകശൂന്യത അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിച്ചു. കാമം, ക്രോധം, മോഹം, ലോഭം, മദം എന്നീ നിർഗുണങ്ങൾ രാവണനിൽ  ധാരാളമായുണ്ടായിരുന്നു. ഇവയെ ഹൈന്ദവദർശനങ്ങളിലും തത്വചിന്തയിലും മനസ്സിനെ നശിപ്പിക്കുന്ന ദുർഗുണങ്ങളായി  കണക്കാക്കുന്നു. അതേ പോലെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ  ആന്തരിക ഉപകരണം അല്ലെങ്കിൽ മനസ്സിന്റെ നാല് ഭാഗങ്ങൾ  എന്ന് വിളിക്കുന്ന മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും തീരുമാനങ്ങളും രൂപപ്പെടുത്തുന്ന  ഇവയുടെ സംയുക്തമായ പ്രവർത്തനം രാവണൻ എപ്പോഴും തെറ്റായി പ്രയോഗിച്ചു. എല്ലാറ്റിലുമുപരിയായി അതിശക്തമായ കാമവും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയില്ലായ്മയും അദ്ദേഹത്തിന് നാശകരമായി ഭവിച്ചു. വരങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിരുന്നെങ്കിലും ധാരാളം ശാപങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. എട്ടു വളവുകൾ ഉണ്ടായിരുന്ന അഷ്ടാവക്ര എന്ന മുനിയെ ഹേ സുന്ദരാ, ഞാൻ നിന്റെ വളവുകൾ  നിവർത്താമെന്നു പരിഹസിച്ചു അദ്ദേഹത്തെ ചവുട്ടി. നിന്റെ തല മുതൽ കാലു വരെ കുരങ്ങന്മാർ ചവുട്ടും എന്ന ശാപം അദ്ദേഹം കൊടുത്തു. ഓം എന്ന വാക്കിന്റെ അർഥം പറഞ്ഞുകൊടുക്കാൻ നാരദൻ നിരസിച്ചപ്പോൾ അദ്ദേഹത്തിന്റെ നാവു അരിയുമെന്നു  രാവണൻ ഭീഷണിപ്പെടുത്തി. നിന്റെ പത്ത് തലയും അരിയപ്പെടും എന്ന നാരദന്റെ ശാപം.

സുന്ദരിമാരായ സ്ത്രീകളെ കണ്ടാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക ഒരു വൃതംപോലെയായിരുന്നു രാവണന്. മദനബാണാന്ധനായി നടക്കുന്ന രാവണൻ സ്ത്രീകളെ ബഹുമാനിച്ചില്ല. അദ്ദേഹം ബഹുമാനിച്ചത് ഭാര്യ മണ്ഡോദരിയെയും അമ്മ കൈകസിയെയും മാത്രമാണ്. അതീവസുന്ദരിയായ ഭാര്യ മണ്ഡോദരി കൊട്ടാരത്തിൽ ഉണ്ടായിട്ടും പരസ്ത്രീകളുടെ പുറകെ നടന്നു കാമപൂരണത്തിനായി നില മറന്നു നടന്നു.  സീതയോടുള്ള ശക്തമായ ആഗ്രഹവും ബലപ്രയോഗത്തിലൂടെ അവളെ കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പും കാരണം രാവണന് തന്റെ ബഹുമാനവും ശക്തിയും നഷ്ടപ്പെട്ടു. ഈ പ്രവൃത്തി വിശുദ്ധ നിയമങ്ങൾ ലംഘിക്കുകയും അവന്റെ രാജ്യം നശിപ്പിച്ച ഒരു വിനാശകരമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.

ലക്ഷ്മണൻ അംഗവിച്ഛേദം ചെയ്യ്ത സ്വന്തം സഹോദരി ശൂർപ്പണഖയെ സ്വാന്ത്വനിപ്പിക്കാനും സീതാദേവിയെ കാമശമനത്തിനുപയോഗിക്കാനും  രാവണൻ ഇറങ്ങി പുറപ്പെട്ടു.  കാമാസക്തിയുടെ മുന്നിൽ പ്രതിബന്ധങ്ങൾ രാവണന് പ്രശ്നമേയല്ല. അദ്ദേഹം പഞ്ചവടിയിൽ പോയി സീതയെ അപഹരിച്ചു. വാൽമീകി ഇങ്ങനെ രേഖപെടുത്തുന്നു
രാവണൻ, താമരക്കണ്ണുള്ള സീതയെ ഇടതുകൈ കഴുത്തിലെ മുടിയിഴകളിൽ പിടിച്ചും വലതുകൈ തുടകളിൽ പിടിച്ചും ഉയർത്തി. മൂർച്ചയേറിയ കോമ്പല്ലുകളുള്ളവനും കരുത്തുറ്റ കൈകളുള്ളവനും പർവ്വതശിഖരം പോലെ ശോഭിക്കുന്നവനും സാക്ഷാൽ മൃത്യുതുല്യനുമായ, സീതയെ അപഹരിച്ച ആ രാക്ഷസനെ കണ്ടപ്പോൾ, അവന്റെ ഭീകരതയിൽ ഭയചകിതരായ വനദേവതകൾ വേഗത്തിൽ പലായനം ചെയ്തു. (വാൽമീകി രാമായണം പരിഭാഷ). രഥത്തിലേക്ക് സീത ദേവിയെ പൊക്കിയെടുത്ത് കയറ്റിയപ്പോൾ രാവണൻ സീതയെ സ്പർശിച്ചല്ലോ? അദ്ദേഹത്തിന്റെ തല പിളർന്നില്ലല്ലോ എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. ലൈംഗികബന്ധനത്തിനായി നിർബന്ധപൂർവം ബലം പ്രയോഗിക്കുമ്പോഴാണ് ശാപം ഫലിക്കുക.

രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചതല്ലാതെ നായക്ക് മുഴുവൻ നാളികേരം കിട്ടിയപോലെ, അവിടെ ചുറ്റിപ്പറ്റി നടക്കുന്നതല്ലാതെ കൊട്ടാരവാസികൾ പ്രതീക്ഷിച്ചത് ഒന്നും നടക്കുന്നില്ല. അപ്പോഴാണ് ലങ്കാധിപതിയായ രാവണന്റെ സേനയിലെ ശക്തനായ ഒരു രാക്ഷസയോദ്ധാവ്  മഹാപാർശ്വ (ലങ്കാ കവാടങ്ങളുടെ കാവൽക്കാരിലൊരാൾ). രാവണനോട് പറയുന്നത്.. “ഒരു മനുഷ്യൻ ഒരു പാനീയം കണ്ടെത്തിയിട്ടും അത് കുടിക്കുന്നില്ലെങ്കിൽ അവൻ ഒരു വിഡ്ഢിയാണ്. ശത്രുനിഗ്രഹാ ! പൂവൻ കോഴി പിടയെ ബലമായി കീഴ്പെടുത്തുന്നപോലെ സീതയെ പിടിക്കൂ. അവളെ വീണ്ടും വീണ്ടും ആക്രമിക്കൂ! അവളെ വിഴുങ്ങൂ, ആസ്വദിക്കൂ.”
രാവണനെ കോഴിയോട് ഉപമിച്ച വാൽമീകിയുടെ നിരീക്ഷണം നർമ്മം കവിയുന്നതാണ്. രാവണൻ കാമദേവന്റെ ആയിരം വില്ലുമായി ചുറ്റിയടിക്കുന്നു. കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ ആരായാലും അവളെ തന്റെ കാമപൂർത്തിക്ക് ഉപയോഗിക്കുന്നു. ആ രാവണൻ തന്റെ കൂടെ കഴിയാൻ സീത ദേവിയുടെ സമ്മതവും കാത്ത് കഴിയുന്നത് മഹാപാർശ്വ എന്ന യോദ്ധാവിനു മനസ്സിലായില്ല. അദ്ദേഹത്തിന്റെ ചോദ്യം കേട്ട് രാവണൻ വളരെ ദുഖത്തോടെ തന്റെ നിസ്സഹായത വിവരിക്കുന്നു.

ഒരിക്കൽ, അഗ്നിജ്വാല പോലെ പ്രകാശിച്ചുകൊണ്ട് ആകാശമാർഗ്ഗേണ ബ്രഹ്മാവിന്റെ വാസസ്ഥലത്തേക്ക് പോവുകയായിരുന്ന പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ ഞാൻ കണ്ടു. ഞാൻ അവളെ വസ്ത്രവിഹീനയാക്കി ബലാൽക്കാരമായി ഭോഗിച്ചു. അതിനുശേഷം,"കൊമ്പനിറങ്ങി കലക്കിയ സരസ്സ് പോലെ,  വാടിയ താമരപ്പൂവ് പോലെയായിത്തീർന്ന അവൾ ബ്രഹ്മാവിന്റെ വാസസ്ഥലത്തേക്ക് പോയി. ഈ വിവരം ബ്രഹ്മാവ് അറിഞ്ഞിരിക്കണം; അതുകൊണ്ട് കോപിഷ്ഠനായ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: "ഇനിമുതൽ നീ ഏതെങ്കിലും സ്ത്രീയുമായി ബലാൽക്കാരമായി രമിച്ചാൽ, നിന്റെ തല നൂറായി പിളർന്നുപോകും എന്നതിൽ സംശയമില്ല." ബ്രഹ്മാവ് നൽകിയ ആ ശാപത്തെ ഭയന്നാണ്, വിദേഹരാജപുത്രിയായ സീതയെ ഞാൻ ബലം പ്രയോഗിച്ച് എന്റെ മനോഹരമായ ശയനത്തിൽ കയറ്റാത്തത്. 

ഇതുകൂടാതെ രാവണന് പിന്നെയും ഒരു ശാപം കിട്ടിയിട്ടുണ്ട്. സ്വന്തം സഹോദരപുത്രനായ നളകുബേരന്റെ പ്രതിശ്രുത വധുവായ രംഭയെ കണ്ടുമുട്ടിയ രാവണൻ അവളെ ബലാൽസംഗം ചെയ്തു. അതറിഞ്ഞു കുപിതനായ നളകുബേരനും രാവണനെ ശപിച്ചു. രാവണൻ ഏതെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ അവളിൽ ബലമായി എന്തെങ്കിലും പ്രവർത്തിക്കാൻ മുതിർന്നാൽ, അയാളുടെ തല ഏഴ് കഷ്ണങ്ങളായി പിളരും.ഈ  ശാപങ്ങൾ ലങ്കയിലെ തടവുകാലത്ത് സീതയെ ശാരീരികമായി ഉപദ്രവിക്കുന്നതിൽ നിന്ന് രാവണനെ തടഞ്ഞു.

ബലാത്സംഗം രാക്ഷസ സംസ്കാരത്തിന്റെ ഭാഗമാണ്, “ബലാത്സംഗത്തിലൂടെയുള്ള വിവാഹം” ഹിന്ദുക്കൾക്കിടയിൽ 'രാക്ഷസ വിവാഹം' എന്നാണ് അറിയപ്പെടുന്നത്. രാവണന്റെ നാശത്തിന്റെ കഥ പറയുന്ന രാമായണം, മനുഷ്യസംസ്കാരത്തിൽ ബലാത്സംഗത്തിന് ഒരിടവുമില്ലെന്നും, ബലാത്സംഗം ചെയ്യുന്നവരുടെ സംസ്കാരം ദൈവികശക്തികളാൽ നശിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടതാണെന്നും ഉള്ള കാര്യത്തിന്റെ ശാശ്വതമായ ഓർമ്മപ്പെടുത്തലാണ്.

ശാപം മൂലം  സീതയുമായി ബലമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനാൽ, അവളുമായി ലൈംഗികബന്ധം സ്ഥാപിക്കാനായി രാമന്റെ രൂപം സ്വീകരിക്കാൻ പോലും രാവണൻ ശ്രമിച്ചു. എന്നാൽ അങ്ങനെ ചെയ്യുന്നതിന്, താൻ ഏത് വ്യക്തിയുടെ രൂപമാണോ സ്വീകരിക്കുന്നത് ആ വ്യക്തിയുടെ പേര് ഉച്ചരിക്കേണ്ടതുണ്ടായിരുന്നു; അങ്ങനെ "രാമൻ" എന്ന പേര് ഉച്ചരിക്കുമ്പോഴെല്ലാം, ആ നാമത്തിനുള്ള ശക്തിയാൽ അവന്റെ ദുഷ്ടചിന്തകൾ ഇല്ലാതാകുമായിരുന്നു.

രാവണൻ പ്രധാനമായും ഒരു പ്രതിനായകനായും തിന്മയുടെ പ്രതീകമായുമാണ് ചിത്രീകരിക്കപ്പെടുന്നത്. കാരണം ഹിന്ദു പുരാണങ്ങളിലും രാമായണം എന്ന ഇതിഹാസത്തിലും, അധാർമ്മികമായ പ്രവൃത്തികൾ, അഹങ്കാരം, സീതാപഹരണം എന്നിവ   അദ്ദേഹം ചെയ്തതായി രേഖപ്പെടുത്തുന്നു. അതേസമയം  അഗാധമായ അറിവും മികച്ച പണ്ഡിതപാണ്ഡിത്യവും, ശിവഭക്തിയും, ഭരണപാടവവും തീവ്രമായ ഭക്തിയുമുള്ള സങ്കീർണ്ണമായ ഒരു വ്യക്തിത്വം കൂടിയാണ് അദ്ദേഹം.
ശുഭം

 

 

Join WhatsApp News
Samuel 2026-08-14 17:12:33
A very special article. It penetrates into the inner core of epics. Samgeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക