
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തിലെ ഏറ്റവും ശ്രദ്ധേയവും എന്നാല്‍ വിവാദ മുഖങ്ങളിലൊന്നുമായ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുന്നു. രണ്ട് ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായാണ് രാജിയെന്നാണ് ഈ 28-കാരിയുടെ വിശദീകരണം. എന്നാല്‍ ലെവിറ്റിന്റെ പടിയിറക്കം ഒരു വ്യക്തിയുടെ തീരുമാനം മാത്രമല്ല, മറിച്ച് ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ ആശയവിനിമയ ശൈലിയുടെ ഒരു അധ്യായത്തിന്റെ അവസാനവുമാണ്. ലെവിറ്റിന്റെ പെട്ടെന്നുള്ള പിന്മാറ്റം പലരേയും അമ്പരപ്പിച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഏറ്റുമുട്ടല്‍ സ്വഭാവത്തില്‍ മറുപടി നല്‍കുകയും ചെയ്ത ലെവിറ്റ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ യുവ ശബ്ദങ്ങളിലൊന്നായി മാറി. അതേസമയം ട്രംപ് അവരെ തന്റെ ഏറ്റവും വിശ്വസ്തയായ സഹായികളിലൊരാളെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലെവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും അറിയിച്ചു.
ലെവിറ്റിന്റെ ഏറ്റവും പുതിയ വിവാദങ്ങളില്‍ ഒന്നായിരുന്നു ജെന്‍സിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍. ജൂലൈയില്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ജെസ്സി വാട്ടേഴ്‌സുമായി നടത്തിയ അഭിമുഖത്തില്‍, ജെന്‍സി തലമുറയിലും അതിന് താഴെയുള്ള പ്രായത്തിലുള്ള അമേരിക്കക്കാരിലും പലരും 'വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരെപ്പോലെ' വളര്‍ന്നവരാണെന്നും, എല്ലാം മറ്റുള്ളവര്‍ ഒരുക്കിക്കൊടുക്കുന്ന ജീവിതശൈലിയാണ് അവര്‍ക്ക് പരിചിതമായതെന്നും ലെവിറ്റ് പറഞ്ഞു. യുവതലമുറയുടെ ഈ മനോഭാവത്തിന് മടിയും ഒരു പരിധിവരെ കാരണമാണോ എന്ന് ചോദിച്ചപ്പോള്‍, ''അല്‍പ്പം'' എന്നായിരുന്നു അവരുടെ മറുപടി. വിദ്യാഭ്യാസ സംവിധാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് അവര്‍ വിശേഷിപ്പിച്ച ''ലിബറല്‍ ആശയങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍'' ആണ് യുവതലമുറയുടെ ഈ സമീപനത്തിന് മറ്റൊരു കാരണമെന്നുമാണ് ലെവിറ്റ് കുറ്റപ്പെടുത്തിയത്. ജെസ്സി വാട്ടേഴ്‌സ്, യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന ആശയം ഉന്നയിച്ചപ്പോള്‍ ലെവിറ്റ് നടത്തിയ ''ക്യൂബയിലേക്ക് വിടൂ, ഇറാനിലേക്ക് അയക്കൂ'' എന്ന പരാമര്‍ശം വിവാദം കൂടുതല്‍ ശക്തമാക്കി.
ജെന്‍സിയുടെ മടുപ്പിനെ വിമര്‍ശിച്ച വ്യക്തി തന്നെ ആ തലമുറയിലെ അംഗമാണെന്നതാണ് വിരോധാഭാസം. പിന്നീട് തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് വിശദീകരിച്ച ലെവിറ്റ്, കഠിനാധ്വാനികളും സംരംഭകരും ദേശാഭിമാനികളുമായ ജെന്‍സി അമേരിക്കക്കാരെ താന്‍ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി. ലെവിറ്റിന്റെ ആദ്യ വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനങ്ങളിലൊന്നില്‍ ഉയര്‍ന്ന മറ്റൊരു വിവാദം ട്രംപ് ഭരണകൂടത്തിന്റെ വിദേശസഹായം മരവിപ്പിക്കാനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഗാസയില്‍ കോണ്ടങ്ങള്‍ വാങ്ങുന്നതിനായി 50 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ നികുതിപ്പണം ചെലവഴിക്കാന്‍ പോകുകയായിരുന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. അതിനെ അവര്‍ ''അസംബന്ധമായ പാഴ് ചെലവ്'' എന്ന രീതിയില്‍ അവതരിപ്പിച്ചു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായപ്പോഴും ലെവിറ്റ് ട്രംപിനെ ശക്തമായി പ്രതിരോധിച്ചു. ട്രംപുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പുതിയ രേഖകള്‍ തെളിവാകുന്നില്ലെന്നും പുറത്തുവന്ന ഇ-മെയിലുകള്‍ പ്രസിഡന്റ് തെറ്റ് ചെയ്തതായി തെളിയിക്കുന്നില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയ എതിരാളികള്‍ ട്രംപിനെ ലക്ഷ്യമിടുന്നതിനായി വിഷയം ഉപയോഗിക്കുകയാണെന്നായിരുന്നു അവരുടെ നിലപാട്. ഇവിടെയും ലെവിറ്റിന്റെ രാഷ്ട്രീയ ദൗത്യം വ്യക്തമായിരുന്നു, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം അവതരിപ്പിക്കുന്ന പ്രസ് സെക്രട്ടറിയെന്നതിലുപരി, പ്രസിഡന്റിന്റെ രാഷ്ട്രീയ പ്രതിരോധ നിരയിലെ മുന്‍നിര ശബ്ദമാകുക.
ലെവിറ്റിന്റെ മറ്റൊരു സവിശേഷത മാധ്യമങ്ങളുമായുള്ള അവരുടെ ബന്ധമാണ്. പരമ്പരാഗത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാര്‍ സാധാരണയായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഭരണകൂടത്തിന്റെ നിലപാട് വിശദീകരിക്കുന്നവരായിരുന്നെങ്കില്‍, ലെവിറ്റ് പലപ്പോഴും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെയും രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമാക്കി. അവരുടെ അനുയായികള്‍ക്ക് ഇത് ശക്തമായ ആശയവിനിമയത്തിന്റെ ഉദാഹരണമായിരുന്നെങ്കില്‍ വിമര്‍ശകര്‍ക്ക് അത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയുടെ കാര്‍ഡായിരുന്നു.
ട്രംപ് അനുകൂല മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും പരമ്പരാഗത മാധ്യമസ്ഥാപനങ്ങളുടെ സ്വാധീനം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന വിമര്‍ശനങ്ങളും ഇതിനൊപ്പം ഉയര്‍ന്നു. അതിനാല്‍ ലെവിറ്റിന്റെ പ്രസ് സെക്രട്ടറിയായുള്ള കാലം വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുമെന്ന ആക്ഷേപമുയരുകയുണ്ടായി. ലെവിറ്റിന്റെ വ്യക്തിജീവിതവും സോഷ്യല്‍ മീഡിയയും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവായില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനു ശേഷമുള്ള സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ ലൂയി വിറ്റോണ്‍ ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മാഡിയ വിമര്‍ശനം ഉയര്‍ന്നു.
മദേഴ്‌സ് ഡേ അവസരത്തില്‍ ലഭിച്ച ലൂയി വിറ്റോണ്‍ സമ്മാനം പ്രദര്‍ശിപ്പിച്ചതും ചിലരുടെ വിമര്‍ശനത്തിന് കാരണമായി. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു ഭരണകൂടത്തിന്റെ പ്രമുഖ വക്താവ് ആഡംബര ജീവിതശൈലി പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നതാണ് വിമര്‍ശകരുടെ വാദം. ഇത് ചെറിയൊരു സോഷ്യല്‍ മീഡിയ വിവാദമായി തോന്നാമെങ്കിലും ഇന്നത്തെ രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ഇമേജും രാഷ്ട്രീയ വിശ്വാസ്യതയും തമ്മിലുള്ള അതിര്‍ത്തി എത്ര നേര്‍ത്തതാണെന്ന് ഇത് കാണിക്കുന്നു. വിവാദങ്ങള്‍ക്കപ്പുറം ലെവിറ്റിന്റെ ഉയര്‍ച്ച അമേരിക്കന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ തലമുറമാറ്റത്തിന്റെ സൂചനയുമാണ്.
വെറും 28-ാം വയസ്സില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ അവര്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ പദവിയിലെത്തി. ട്രംപിന്റെ കുടിയേറ്റം, വ്യാപാരനയം, വിദേശനയം, ഫെഡറല്‍ ചെലവ് തുടങ്ങിയ നയപരമായ വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. പ്രസവാവധിക്ക് ശേഷം വീണ്ടും വാര്‍ത്താസമ്മേളന വേദിയിലേക്ക് മടങ്ങിയതും അവരുടെ രാഷ്ട്രീയ യാത്രയിലെ ശ്രദ്ധേയമായ മറ്റൊരു ഘട്ടമായി.
ഇതിനിടെ ലെവിറ്റിന്റെ വിടവാങ്ങല്‍, രാഷ്ട്രീയ പരാജയമല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പോ എന്ന ചോദ്യത്തിലുടക്കി നില്‍ക്കുന്നു. രണ്ട് കുട്ടികള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന ലെവിറ്റിന്റെ തീരുമാനം അവരുടെ സ്ഥാനമൊഴിയലിനെ മറ്റൊരു രീതിയില്‍ വിലയിരുത്താവുന്നതാണ്. ട്രംപ് അവരെ പുറത്താക്കുകയോ രാഷ്ട്രീയ പരാജയത്തിന്റെ പേരില്‍ മാറ്റുകയോ ചെയ്തതല്ല. മറിച്ച്, പ്രസിഡന്റിന്റെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ വൈറ്റ് ഹൗസില്‍ നിന്ന് പിന്മാറുന്നത്. അതിനാല്‍ ഇത് രാഷ്ട്രീയ തകര്‍ച്ചയേക്കാള്‍ കുടുംബവും അധികാരവും തമ്മിലുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പായി കാണാം.
എന്നിരുന്നാലും അവരുടെ പിന്മാറ്റം ട്രംപ് ഭരണകൂടത്തിന് ഒരു ആശയവിനിമയ വെല്ലുവിളി സൃഷ്ടിക്കും. കാരണം ലെവിറ്റ് വെറും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിരുന്ന ഉദ്യോഗസ്ഥയല്ലായിരുന്നു. ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങളെ യുവതലമുറയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും എത്തിച്ച ഒരു പ്രധാന പാലമായിരുന്നു അവര്‍. ലെവിറ്റിന്റെ ഏകദേശം 20 മാസത്തെ വൈറ്റ് ഹൗസ് ജീവിതത്തെ ഒരു വാചകത്തില്‍ വിലയിരുത്തുക എളുപ്പമല്ല. അവര്‍ ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ പ്രതിരോധ ശബ്ദങ്ങളിലൊന്നായിരുന്നു; അതേസമയം ഭരണകൂടത്തിന്റെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട വക്താക്കളിലൊരാളും.
വൈറ്റ് ഹൗസില്‍ നിന്ന് ലെവിറ്റ് പടിയിറങ്ങുമ്പോള്‍ അവശേഷിക്കുന്ന വലിയ ചോദ്യം ഇതാണ്: ട്രംപിന്റെ ശബ്ദമായി മാറിയ ഒരു യുവ പ്രസ് സെക്രട്ടറി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമോ, അതോ ട്രംപ് കാലഘട്ടത്തിലെ മറ്റൊരു തീക്ഷ്ണമായ രാഷ്ട്രീയ വക്താവായി മാത്രം അറിയപ്പെടുമോ..? അതിന്റെ ഉത്തരം ഒരുപക്ഷേ ലെവിറ്റിന്റെ അടുത്ത രാഷ്ട്രീയ അധ്യായം തന്നെ നല്‍കും. കുടുംബത്തിനായി വൈറ്റ് ഹൗസ് വിട്ടാലും ട്രംപുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ സൂചന. അതുകൊണ്ട് തന്നെ ഇത് ഒരു വിടവാങ്ങലിനേക്കാള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മറ്റൊരു വേഷത്തിലേക്കുള്ള ലെവിറ്റിന്റെ ഡിപ്ലോമാറ്റിക്കായ മാറ്റം ആയിരിക്കാം.